ഹലോ മിസ്റ്റര്‍ പുജ്യം!

0-10Troll

ഹലോ മിസ്റ്റര്‍ പുജ്യം! അഭിനന്ദനങ്ങള്‍!അങ്ങനെ അങ്ങേയ്ക്കും ഒരു നിലയും വിലയുമൊക്കെയായി. വട്ടപ്പൂജ്യം വട്ടപ്പൂജ്യം എന്നു പറഞ്ഞ് മഹാനവര്‍കളെ ഇനി ആരും കളിയാക്കുകയില്ല. കണക്കില്‍ നമ്മുടെ രാജ്യം കണ്ടു പിടിച്ച് സംഭാവന നല്‍കിയ സംഖ്യയാകയാല്‍ പണ്ടേ തന്നെ അങ്ങ് നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. ഇപ്പോള്‍ ഇതാ പൂജ്യം വാങ്ങുന്നവര്‍ക്ക് വമ്പിച്ച ആദായവില്പന.

പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ ഇനി എങ്ങനെയെങ്കിലും പ്‌ളസ് ടൂ ഒന്നു ജയിച്ചെന്ന് വരുത്തുക. പിന്നെ ആ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഒന്ന് അപേക്ഷിച്ചെന്നു വരുത്തുക. പിന്നെ ആ പരീക്ഷയ്ക്ക് വിളിയ്ക്കുമ്പോള്‍ ആ പരീക്ഷാ ഹാളില്‍ ചെന്ന് ഒന്ന് ഇരുന്നെന്ന് വരുത്തുക. പേപ്പറില്‍ എന്തെങ്കിലും എഴുതിയെന്നു വരുത്തുക. ഇവയില്‍ എഴുതിയെന്നു വരുത്തുക അത്ര നിര്‍ബന്ധമല്ല. പൂജ്യം വാങ്ങാന്‍ വല്ലതും എഴുതണം എന്ന് നിര്‍ബന്ധമില്ലല്ലോ. പേപ്പര്‍ മാത്രം അവിടെ വയ്ക്കാന്‍ മറക്കരുത്. കാരണം നിങ്ങള്‍ ‘സമ്പൂജ്യ’രായെന്നതിന് എന്തെങ്കിലും ഒരു തെളിവു വേണമല്ലോ.

ഈ പൂര്‍ണ്ണവട്ടവും പൊക്കിക്കാണിച്ചുകൊണ്ട് കേരളത്തില്‍ ഏത് സ്വാശ്രയ കോളേജുകളിലും നിങ്ങള്‍ക്കു ചെന്നു കയറാം. വമ്പിച്ച വരവേല്പ് ലഭിക്കും. പൂജ്യം വാങ്ങാനും പരീക്ഷയോ? നല്ല കഥ! എന്‍ട്രന്‍സിനു പൂജ്യം വാങ്ങിയാല്‍ മതിയെങ്കില്‍ പിന്നെ പ്ലസ്ടൂ ജയിച്ചാല്‍ പോരേ, എന്തിന് അങ്ങനെയൊരു മെനക്കെടുത്ത് എന്‍ട്രന്‍സ് എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ലാത്തതുപോലെ. യുക്തിയ്ക്ക് ഇവിടെ യാതൊരു റോലും ഇല്ല.

മുമ്പേ തന്നെ ഒരു എന്‍ട്രന്‍സിന്റെയും പിന്‍ബലമില്ലാതെ കേരളത്തിലെ പ്ലസ്ടൂ ജസ്റ്റു പാസ്സുകാര്‍ തമിഴ്‌നാട്ടിലും മറ്റും പോയി എഞ്ചിനീയറിംഗും മറ്റും എടുത്ത് കേമന്മാരായി വരുന്നു. പക്ഷെ കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ എന്‍ട്രന്‍സ് എഴുതി പൂജ്യം വാങ്ങി നിലവാരം തെളിയിക്കുക തന്നെ വേണം!

ഇവിടെ അഭിരുചിയ്ക്കനുസരിച്ചല്ല എന്‍ട്രന്‍സ് എഴുതിയും അല്ലാതെയും ആരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകുന്നത്. വീട്ടുകാരുടെ നിര്‍ബന്ധം. സത്യത്തില്‍ എല്ലാ കോഴ്‌സുകള്‍ക്കും ഇന്നത്തെ മാതിരി എന്‍ട്രന്‍സ് പരീക്ഷയല്ല നടത്തേണ്ടത്. അഭിരുചി പരീക്ഷയാണ്. അതിന് ഇപ്പോഴത്തെ മാതിരി എന്‍ട്രന്‍സ് ടെസ്റ്റ് പറ്റില്ല. അഭിരുചിയുള്ളവര്‍ക്ക് മാര്‍ക്ക് ഒരു പ്രശ്‌നമല്ല. വലിയ വലിയ കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ള പലരും പള്ളിക്കൂടത്തിലേ പഠിട്ടില്ല. സംഗീതം പഠിച്ചവരേക്കാള്‍ നന്നായി അത് പഠിക്കാത്തവര്‍ പാടും. അതുപോലെ തന്നെ!