Featured
ഹാജിയാരുടെ പിഴ
ഗ്യാസും, അസിഡിറ്റിയും, മൂലക്കുരുവും കാരണം പ്രയാസപ്പെടുകയാണ് ഹുസൈന് ഹാജി. ദിവസവും അതിരാവിലെ കട്ടന്‍ചായയോടൊപ്പം ഓരോ താറാവ്മുട്ട ഹാജിയാര് പതിവാക്കി. രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു ഹാജിയാര് വീട്ടിലെത്തുമ്പോള്‍ ചായയും, മുട്ടയും കൊലായിയില്‍ റെഡിയായിരിക്കും. ഹാജിയാരുടെ ഭാര്യ ആമിനുമ്മ ഈ താറാവ് മുട്ടയുടെ കാര്യത്തില്‍ മുറ തെറ്റാതെ അതീവശ്രദ്ധ തന്നെ പുലര്‍ത്തിപ്പോന്നു. പലപ്പോഴും താറാവ് മുട്ട സംഘടിപ്പിക്കാനാണ് ആമിനുമ്മ പ്രയാസപ്പെട്ടത്. താറാവിനെ വളര്‍ത്തുന്ന അയമ്മദ് ഹാജിയുടെ വീട്ടിലേക്കു ആളെ വിടാറാണ് പതിവും.
100 total views
ഗ്യാസും, അസിഡിറ്റിയും, മൂലക്കുരുവും കാരണം പ്രയാസപ്പെടുകയാണ് ഹുസൈന് ഹാജി. ദിവസവും അതിരാവിലെ കട്ടന്‍ചായയോടൊപ്പം ഓരോ താറാവ്മുട്ട ഹാജിയാര് പതിവാക്കി. രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു ഹാജിയാര് വീട്ടിലെത്തുമ്പോള്‍ ചായയും, മുട്ടയും കൊലായിയില്‍ റെഡിയായിരിക്കും. ഹാജിയാരുടെ ഭാര്യ ആമിനുമ്മ ഈ താറാവ് മുട്ടയുടെ കാര്യത്തില്‍ മുറ തെറ്റാതെ അതീവശ്രദ്ധ തന്നെ പുലര്‍ത്തിപ്പോന്നു. പലപ്പോഴും താറാവ് മുട്ട സംഘടിപ്പിക്കാനാണ് ആമിനുമ്മ പ്രയാസപ്പെട്ടത്. താറാവിനെ വളര്‍ത്തുന്ന അയമ്മദ് ഹാജിയുടെ വീട്ടിലേക്കു ആളെ വിടാറാണ് പതിവും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഹാജിയാര് പതിവ് പോലെ സുബഹിക്ക് പള്ളിയിലേക്ക് പോയിട്ടുണ്ട്.. ആമിനുമ്മ അടുക്കളയില്‍ താറാവ് മുട്ടക്കു വേണ്ടി നട്ടം തിരിയുകയാണ്. പത്തായത്തിലെ മുഴുവന്‍ അറകളിലും ആമിനുമ്മ പരതി നോക്കി, ഒരൊറ്റ താറാവ് മുട്ട പോലും സ്റ്റോക്കില്ല.. ആകെ കുഴങ്ങി. ഹാജിയാര് തിരിച്ചു വരുമ്പോഴേക്കും ചായയും, താറാവ് മുട്ടയും റെഡിയാക്കണം, ഇല്ലെങ്കില്‍ മൂലക്കുരു പുറത്തേക്കു വന്നു തനിരൂപം കാണിക്കാന്‍ തുടങ്ങും, ആമിനുമ്മാക്ക് ബേജാറ് കൂടിക്കൂടി വന്നു. രണ്ടും കല്പ്പിച്ചു ഓരോട്ടമായിരുന്നു പിന്നെ, നേരെ അയമ്മദ് ഹാജിയുടെ വീട്ടിലേക്കു..
സൂര്യന് ഉദിച്ചിട്ടില്ല, വെളിച്ചം കണ്ണ് കീറിയിട്ടില്ല, ഇരുട്ടില്‍ തപ്പിത്തടഞ്ഞു പാടവരമ്പിലൂടെ നടന്നു ആമിനുമ്മ അയമ്മദ് ഹാജിയുടെ വീട്ടിന്റെ മുന്നിലെത്തി. ഓടിക്കിതച്ചു നില്ക്കുന്ന ആമിനുമ്മ അപ്പോഴാണ് ശ്വാസം നേരെ വിട്ടത്. മുന്‍ഭാഗത്ത് കണ്ട ബെല്ലില്‍ ഒന്നല്ല, രണ്ടല്ല, മൂന്നു വട്ടം അമര്‍ത്തിയപ്പോഴാണ് ഒരു ജനവാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്.
ആരാ ന്നൊരു ചോദ്യമായിരുന്നു പിന്നെ,
ഞാനാ ആമിനു..ഒന്ന് ബെക്കം ബാതില് തോറക്കി..ആമിനുമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ആമിനുമ്മയുടെ വരവില്‍ പന്തികേട് തോന്നിയ അയമ്മദ് ഹാജിയുടെ മൂത്ത മകന് അഷ്റഫ് മെല്ലെ വന്നു ഓടാംപില തുറന്നു. ഉറക്കചടവില്‍ മൂരിയും വലിഞ്ഞു, കണ്ണുകള്‍ തിരുമ്മി അഷ്റഫ് പുറത്തേക്ക് വന്നു.
അഷ്റഫിനെ കണ്ട പാടെ ആമിനുമ്മ ധൃതിയില്‍ ചോദിച്ചു ,
മോനെ താറാമുട്ടണ്ടോ..കൊറച്ച് എടുക്കാന്‍…
ആമിനുതാത്തയെ അതിരാവിലെ കണി കണ്ട അന്താളിപ്പിലാണ് അഷ്റഫ്. അതിനു പുറമേ ആമിനുതാത്തയുടെ ചോദ്യം കൂടി കേട്ടതോടെ അഷ്റഫിനു പിരി കയറി.
അഞ്ചു മിന്ട്ടു മുമ്പ് വര്ണ്ടേ താത്താ..താറാമുട്ട പ്പം തീര്‍ന്നെ ള്ളൂ..
പരിഹാസം കലര്‍ന്ന അഷ്റഫിന്റെ മറുപടി കേട്ടപ്പോള്‍ മാത്രമാണ് ആമിനുമ്മ സമയത്തെ കുറിച്ച് ചിന്തിച്ചത്. നേരെ തിരിച്ചു നടന്നു, വീട്ടിലേക്കു..
നല്ല വലുപ്പമുള്ള ഒരു കോഴിമുട്ടയെടുത്തു പുഴുങ്ങി…ഹാജിയാര് വന്നപ്പോള്‍ ടീപോയിയില്‍ ചായയും മുട്ടയും റെഡി..
തല്കാലത്തേക്ക് ആമിനുമ്മ മൂലക്കുരുവിന്റെ ശറില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു.
മഹല്ല് കാരണവരും, സ്ഥലത്തെ പ്രധാനിയും, ജന്മിയും ഒക്കെയാണ് ഹാജിയാര്.. നാട്ടിലെ ഭൂസ്വത്തിന്റെ പകുതി ഭാഗവും ഈ ഹാജിയാരുടെ കൈവശമാണ്. എങ്കിലും അതിന്റെ അഹങ്കാരമൊന്നും ഹുസൈന് ഹാജി ആരോടും കാണിക്കാറില്ല. നാട്ടിലെ പാവപ്പെട്ടവരെ കണ്ടറിഞ്ഞു സഹായിക്കുന്നതിലും , ദാനധര്‍മ്മങ്ങള്‍ നല്‍കുന്നതിലും ഒന്നും ഹാജിയാര്‍ക്ക് ഒരു പിശുക്കുമില്ല. കോലായിലെ ചാരുകസേരയില്‍ കാലും നീട്ടി ഇരുന്നു തേങ്ങയുടെയും, അടക്കയുടെയും, കുരുമുളകിന്റെയും ഒക്കെ കണക്കുകള്‍ കൂട്ടി അങ്ങനെ കഴിഞ്ഞു കൂടും. പാടത്തെയും, പറമ്പിലെയും ഒക്കെ കാര്യങ്ങള്‍ നോക്കി നടത്താന്‍ കാര്യസ്ഥന് അയമുവുണ്ടായതിനാല് ഹാജിയാര്‍ക്ക് നല്ല സുഖവുമാണ്. ഈ സുഖത്തിനിടയിലാണ് ഹാജിയാര്‍ക്ക് ഈ രോഗങ്ങളൊക്കെ വന്നു അലട്ടിയത്. മെയ്യനങ്ങാതെ തിന്നു ചീര്‍ത്ത ഹാജിയാരുടെ വയര്‍ ബലൂണ്‍ പോലെ വീര്‍ക്കാന്‍ തുടങ്ങി. അന്തരാളങ്ങളില്‍ സുനാമിത്തിരകള്‍ പോലെ അലയടിക്കുന്ന ഗ്യാസ് ഇടയ്ക്കിടയ്ക്ക് ന്യുനമര്‍ദം പ്രാപിച്ചു പിറകിലൂടെ ഒരു കൊടുങ്കാറ്റായി രൂപാന്തരപ്പെടാനും തുടങ്ങി.
കോലായിയിലെ ചാരുകസേരയില്‍ ഇരുന്നു കട്ടന്‍ചായയും കുടിച്ചു ഹാജിയാര് ദുര്‍മേദസ്സ് അങ്ങനെ പുറത്തേക്കു വിട്ടു കൊണ്ടേയിരിക്കും, വീര്‍ത്ത വയറില്‍ നിന്നും ഗ്യാസ് ഒഴിഞ്ഞു പോകുമ്പോഴൊക്കെ ഹാജിയാര് മെല്ലെ വയറൊന്ന് തടവും. അപ്പോഴാണ് തെല്ലൊരു ആശ്വാസം തോന്നുക. ഹാജിയാരുടെ ഈ അസുഖത്തെ കുറിച്ച് നാട്ടില്‍ പാട്ടാണ്.പറമ്പിലെ തൊഴിലാളികള്‍ക്കും, നാട്ടുകാര്‍ക്കും, ഹാജിയാരുടെ കൂട്ടുകുടുംബക്കാര്ക്കും വരെ ഹാജിയാര് തന്റെ പിറകിലൂടെയുള്ള സംഗീതത്തിന്റെ ശബ്ദസൗകുമാര്യം പകര്‍ന്നു നല്‍കിയിട്ടുണ്ട്. പലപ്പോഴും മള്‍ട്ടി കളറില്‍ വരെ ഇത് പുറത്തേക്ക് വന്നാലും ഹാജിയാര്‍ക്ക് അതൊരു കൂസലുമില്ലാതായി, അറിഞ്ഞും, അറിയാതെയും ഒക്കെ അതങ്ങിനെ പോയ്ക്കൊണ്ടിരിക്കും, ഹാജിയാര്‍ക്ക് എന്നല്ല ആര്‍ക്കും അതിനെ ഒരു പരിധി വരെയല്ലേ പിടിച്ചു നിര്‍ത്താന്‍ പറ്റൂ.
മറ്റുള്ളവര്‍ അറിയുന്നതില്‍ ഹാജിയാര്‍ക്ക് യാതൊരു കൂസലുമില്ല, എങ്കിലും അറിയിക്കാതിരിക്കാന്‍ പല തരം അടവുകള്‍ പയറ്റുകയും ചെയ്യും, തൊഴുത്തില്‍ വെച്ചാണെങ്കില്‍ പശുവിന്റെ വാല് പിടിച്ചു ഒന്ന് ചുരുട്ടും, വേദനയില്‍ പുളഞ്ഞു പശു നിലവിളിക്കുമ്പോള്‍ ഹാജിയാര് സംഗതിയൊപ്പിക്കും, പാടത്ത് പണിക്കാരോടൊപ്പം ആണെങ്കില്‍ കൈ കൊട്ടി കൊക്കിനെയും മറ്റും ആട്ടുന്ന പോലെ നടിക്കും. കൊലായിയില്‍ ഇരിക്കുമ്പോഴാണ് സംഗതി പുറപ്പെടുന്നതെങ്കില്‍ ചാരുകസേരയുടെ ചുവട്ടിലെ വട്ടപ്പാത്രം ഒന്ന് സിമന്റ് തറയിലിട്ടു ഞെരക്കും. അതല്ലെങ്കില്‍ ഏതെന്കിലും തുണി എടുത്തു കീറും. ഇതിനായി തുണിപ്പീടികയില്‍ നിന്നും നല്ല കോട്ടന്‍ തുണിക്കെട്ടുകള്‍ തന്നെ ഹാജിയാര് സ്റ്റോക്ക് വെക്കാന്‍ തുടങ്ങി. വന്‍ ശബ്ദത്തോടെ ഗ്യാസ് പുറത്തേക്ക് പോകുമ്പോഴൊക്കെ ഓരോ മീറ്റര്‍ വെച്ച് ഹാജിയാര് മുറിക്കും, അപ്പോള്‍ അവിടെ കാണുന്നവര്‍ക്ക് ആ തുണി ദാനം ചെയ്യുകയാണ് പതിവ്. കയ്യിലുള്ള സ്വത്തും, സമ്പാദ്യവും ഒക്കെ ദാനം ചെയ്യുന്ന പോലെ ഗ്യാസും ഹാജിയാര് ദാനം ചെയ്തു തുടങ്ങി. ശബ്ദവും ഗന്ധവും സഹിച്ചിട്ടാണെങ്കിലും കാര്യസ്ഥന് അയമുവിനാണ് പലപ്പോഴും ഈ ‘ഗിഫ്റ്റ് വൗച്ചര്‍ ‘ ലഭിക്കാറുള്ളത്. വീട്ടിലെയും, പറമ്പിലെയും മറ്റു തൊഴിലാളികളും ഹാജിയാരുടെ ഈ ഉദാരമാനസ്കതയില് തുണിയും വാങ്ങി മൂക്കും പൊത്തി പോയിട്ടുണ്ട്..
ഒരുച്ചയുറക്കത്തിനിടയിലാണ് ഹാജിയാര് പതിവ് ശബ്ദവിന്യാസം നടത്തിയത്. ഭാര്യ ആമിന അപ്പോള്‍ അടുക്കളയിലാണ്. കൊലായിയില്‍ നിന്നാണ് ശബ്ദം എന്ന് കരുതി ആമിനത്താത്ത പുറത്തേക്ക് വന്നു, കാലിത്തൊഴുത്തില്‍ തലയും പുറത്തേക്ക് കാട്ടി നില്ക്കുന്ന സീമപ്പശുവിനെ കണ്ടപ്പോള്‍ ആമിനത്താത്ത കരുതി ‘ പാവം വിശന്നു നില വിളിച്ചതാവും’ അലിവ് തോന്നി രണ്ടു കറ്റ വൈക്കൊലെടുത്തു പശുവിന്റെ തോഴുത്തിലിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ വീണ്ടും അകത്ത് നിന്നും അതെ ശബ്ദം..അപ്പോളാണ് ആമിനതാതാക്ക് അമളി മനസ്സിലായത് ..’മന്സനെ മെനക്കെടുത്താന്‍..ഒര്ങ്ങുംപോഴും സോയ്ര്യല്ല്യല്ലോ ന്റെ റബ്ബേ .’ന്നും പറഞ്ഞു കൊണ്ട് ആമിനത്താത്ത വേഗം അടുക്കളയിലേക്കു തന്നെ പോയി.
ആമിനത്താത്തയുടെ ചങ്കേലസ്സ് വിളക്കിയെടുക്കാന്‍ വേണ്ടി അങ്ങാടിയിലേക്ക് ഇറങ്ങിയതാണ് ഹാജിയാര് , തട്ടാന്‍ രാഘവന്റെ സ്വര്ണ്ണക്കടയിലെത്തിയ ഹാജിയാര് അവിടെയുണ്ടായിരുന്ന ഇരുമ്പ് കസേരയില്‍ ആസനസ്ഥനായി, രാഘവന് തട്ടാനോട് ചങ്കേലസ്സിന്റെ കാര്യങ്ങള്‍ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് വയറ്റിനുള്ളില്‍ തിരയിളക്കം രൂപപ്പെട്ടത്. എന്ത് ചെയ്യും.. ഹാജിയാര് ആകെ കുഴങ്ങി, ഒരു നിവൃത്തിയുമില്ല, വന്‍ ശബ്ദത്തോടെ ഇപ്പോള്‍ പുറത്തേക്ക് വരും എന്ന വല്ലാത്തൊരു നിസ്സഹായാവസ്ഥ, ഹാജിയാര് ആ ഇരുമ്പ് കസേര നല്ല ഒച്ചയോടെ ഒന്നിളക്കി … അതിനിടയില്‍ പിറകിലൂടെ മെല്ലെ മെല്ലെ തിരയുമിളക്കി സംഗതി പുറത്തേക്കും പോയി. പിന്നെ ഒന്നുമറിയാത്ത പോലെ ഇരുന്നു.. വീണ്ടും രാഘവന് തട്ടാനോടായി സംസാരം തുടര്‍ന്നു.. പക്ഷെ തൊട്ടപ്പുറത്ത് കസേരയില്‍ ഇരുന്നു കൊണ്ട് പാത്തുമ്മു ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു, ഒന്നുമറിയാത്ത മട്ടില്‍ ഇരിക്കുന്ന ഹാജിയാരോടായി പാത്തുമ്മു പറഞ്ഞു ‘ഹാജ്യാരെ രണ്ടു ഒച്ചിം ബെവ്വേറയാ ബന്നത്, ട്ടാ ‘ പാത്തുമ്മുവിന്റെ കമന്റ് കേട്ട് ഹാജിയാരുടെ തല അറിയാതെ താഴ്ന്നു പോയി .
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടു വന്ന സമെന്‍സ് കൈപ്പറ്റി കോടതിയില്‍ ഹാജരായതാണ് ഹാജിയാര്. കേസില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്. എതിര് ഭാഗം വക്കീല്‍ ഹാജിയാരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്, വക്കീലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല, അതിനിടയിലാണ് ഹാജിയാര് പെട്ടത്, വയറ്റില്‍ നിന്നും കുമിഞ്ഞു കൂടി രൂപാന്തരം പ്രാപിച്ച ഗ്യാസ് തെക്ക് വടക്ക് ഭാഗത്ത് ന്യുനമര്‍ദം സൃഷ്ട്ടിച്ചു. ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാന്‍ പോകുന്ന ഗ്യാസ് പുറത്തേക്കുള്ള വഴി അന്വേഷിച്ചു വാതില്ക്കല് എത്തി നില്‍ക്കുകയാണ്, എന്ത് ചെയ്യും.. നിലത്ത് ഇട്ടുരക്കാന് ഒരു കസേരയോ, കീറിമുറിക്കാന്‍ ഒരു കോറത്തുണിയോ ഇല്ല. അസമയത്ത് പുറപ്പെടുന്ന ഈ ന്യുനമര്ദ്ദത്തിനു എന്ത് കോടതി.. അത്യുഗ്രന്‍ ശബ്ദത്തോടെ ന്യുനമര്‍ദ്ദം വീണ്ടും കൊടുങ്കാറ്റായി അലയടിച്ചു. കോടതിയും പരിസരവും ആകെ സ്തബ്ദമായിപ്പോയി. കോടതിയില്‍ ഹാജരായിരുന്ന എല്ലാവരും ആ അസാധാരണ ശബ്ദത്തിന്റെ ഉറവിടം എളുപ്പത്തില്‍ തിരിച്ചറിഞ്ഞു, പലരും ഹാജിയാരുടെ മുഖത്തേക്ക് ജാള്യതയോടെ നോക്കി, ചിലര്‍ ഊറി ചിരിക്കുന്നുണ്ടായിരുന്നു.
കോടതി നടപടികള്‍ ഒന്ന് രണ്ടു നിമിഷത്തേക്ക് തടസ്സപ്പെട്ടു. ഹാജിയാരുടെ നടപടിയില്‍ മജിസ്ട്രേറ്റ് അസ്വസ്ഥനായി…കോടതിയെ അപമാനിച്ചതിന്, കോടതി നടപടികള്‍ തടസ്സപ്പെടുത്തിയതിന്..പത്തു രൂപ പിഴയടക്കാന്‍ വിധിച്ചു.. പിഴയടച്ച ശേഷമേ ഇനി വാദം തുടരൂ.. മജിസ്ട്രെറ്റ് ഇത് പറഞ്ഞപ്പോള്‍ കോടതി നടപടികളില്‍ പരിചയമില്ലാത്ത ഹാജിയാര് ആകെ ഭയന്നു, അരയിലെ പാക്കെട്ടില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത് കൊണ്ട് കോടതി ഗുമസ്തന്റെ അടുത്തേക്ക് ഓരോട്ടമായിരുന്നു പിന്നെ. ഹാജിയാര് നീട്ടിയ നൂറിന്റെ നോട്ടു കണ്ടപ്പോള്‍ തന്നെ ഗുമസ്തന് കലി കയറി ‘ ഇവിടെ ചില്ലറയില്ല..’ ഗുമസ്തന്റെ മറുപടിയില്‍ ഹാജിയാരുടെ ബേജാറ് കൂടിക്കൂടി വന്നു. കോടതി ഹാളിനകത്തുള്ള വക്കീലുമാരോടും എല്ലാവരോടും നൂറു രൂപയ്ക്കു ചില്ലറയും അന്വേഷിച്ച് ഹാജിയാര് അലഞ്ഞു.. അവസാനം നിരാശനായ ഹാജിയാര് മനസ്സില്‍ കണക്കു കൂട്ടി, ഒന്നിന് പത്തു വെച്ചു കൊടുത്താല്‍ ഇനി ബാക്കി ഒമ്പതെണ്ണം കൂടി വിട്ടു തീര്‍ത്താല്‍ മതിയല്ലോ..ഗുമസ്തന്റെ മേശപ്പുറത്ത് നൂറിന്റെ നോട്ടു വെച്ച് ഹാജിയാര് ഉറക്കെ ചോദിച്ചു ..’ ഈ നൂറവുടെ ബച്ചോളീ ..ബാക്കി ഒമ്പതെണ്ണം ഞമ്മള് ബ്ട്ട് തീര്‍ത്താല്‍ മത്യോ?…’ ഹാജിയാരുടെ രസകരമായ ചോദ്യം കേട്ടു കോടതിയാകെ കൂട്ടച്ചിരി പരന്നു.
101 total views, 1 views today