ഹാജി
ബാവക്കുട്ടിയെ പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളെയാണ് ഓര്മ വരിക.ഉയരം കുറഞ്ഞു മെലിഞ്ഞു നെഞ്ചുന്തിയ ശരീര പ്രകൃതി കൊണ്ടും, കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്റെ പ്രത്യേകത കൊണ്ടും തോന്നുന്ന സാദൃശ്യം മാത്രമായിരുന്നില്ല അത്. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആ വാര്‍ത്ത പരക്കുന്നത്.
‘ബാവക്കുട്ടി മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നു.’
65 total views
ബാവക്കുട്ടിയെ പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളെയാണ് ഓര്മ വരിക. ഉയരം കുറഞ്ഞു മെലിഞ്ഞു നെഞ്ചുന്തിയ ശരീര പ്രകൃതി കൊണ്ടും, കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്റെ പ്രത്യേകത കൊണ്ടും തോന്നുന്ന സാദൃശ്യം മാത്രമായിരുന്നില്ല അത്. ഞങ്ങള്‍ക്ക് ബാവക്കുട്ടി ഒരു ദേശാടനക്കിളി തന്നെ ആയിരുന്നു.
കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന മൂന്നു കൊല്ലവും കൃത്യമായ ഇടവേളകളില്‍ ബാവക്കുട്ടി വന്നു കൊണ്ടിരുന്നു. കിട്ടാനുള്ള പേപ്പറുകള്‍ എഴുതാനുള്ള വരവാണ്. സത്യത്തില്‍ ബാവക്കുട്ടി ഞങ്ങളെക്കാള്‍ എത്ര കൊല്ലം സീനിയര്‍ ആണെന്നോ, എത്ര പേപ്പറുകള്‍ എഴുതിയെടുക്കാനുണ്ടെന്നോ ആരും അന്വേഷിച്ചില്ല. പരീക്ഷാസീസണ്‍ അടുത്തെത്തിയാല്‍ തോളിലൊരു എയര്‍ബാഗുമായി ബാവക്കുട്ടി ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് ഒരു സുഹൃത്ത് ബാവക്കുട്ടിക്ക് അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ചങ്ങാതിക്ക് ഒരിടം ഇല്ലാത്ത മുറികള്‍ ആ ഹോസ്റ്റലില്‍ കുറവായിരുന്നു. കുട്ടികളുടെതിനേക്കാള്‍ നിഷ്കളങ്കമായ ചിരിയേയും, കലര്‍പ്പില്ലാത്ത സ്നേഹത്തെയും ആര്‍ക്കാണ് വേണ്ടെന്നു പറയാനാവുക?
ബാവക്കുട്ടി ഹോസ്റ്റല്‍ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നു എന്നതിനേക്കാള്‍, ഹോസ്റ്റല്‍ ബാവക്കുട്ടിയെ കൊണ്ട് നിറഞ്ഞു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. പച്ചവെള്ളം നിറച്ച ഗ്ലാസില്‍ ഒരു തുള്ളി ചോര അലിയുന്നത് പോലെ ഊഷ്മളമായിരുന്നു ആ ലയനം. ഈയാമ്പാറ്റകളെ പോലെ കൂട്ടുകാര്‍ അയാളെ എപ്പോഴും പൊതിഞ്ഞു. എങ്കിലും, മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ദൃഡമായ ഒരു ആത്മബന്ധം ഞാനും ബാവക്കുട്ടിയും തമ്മില്‍ നില നിന്നിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. ഇങ്ങനെ വിചാരിക്കുന്ന മറ്റു ചിലരെയും എനിക്കറിയാം.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആ വാര്‍ത്ത പരക്കുന്നത്.
‘ബാവക്കുട്ടി മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നു.’
അതെ. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും മനസ്സില്‍ വിചാരിക്കാം. ബാവക്കുട്ടി അത് വെളിപ്പെടുത്തും. പക്ഷെ, വിചാരിക്കുന്നത് വ്യക്തതയോടെ ആവണം. മനസ്സ് വായിക്കുന്നവരെ പോലും കുഴയ്ക്കുന്ന തരത്തില്‍ ചിന്തിക്കുന്ന ഭീകരന്മാര് വരണമെന്നില്ല. ഒരൊറ്റ ദിവസം കൊണ്ട് ബാവക്കുട്ടി അഞ്ചു പേരുടെ മനസ്സ് വായിച്ചു. അഞ്ചും കിറുകൃത്യം. ബാവക്കുട്ടി ഒരു കറക്കുകമ്പനി നടത്തുകയാണെങ്കില്‍ അതിനു നിന്ന് കൊടുക്കാന്‍ സാധ്യതയില്ലാത്തത് ഇക്കൂട്ടത്തില്‍ ഷിറാസ് മാത്രം.
ഈ ആളെ പറ്റിക്കുന്ന ഇടപാടില്‍ അവന്റെ താല്പര്യം എന്താണെന്ന് ഞാന്‍ ഷിറാസിനോട് ചോദിച്ചു.
‘മിണ്ടാതെ പോടേ. ഇവിടെ ഒരുത്തന്റെ തല കറങ്ങുന്നു…അപ്പോഴല്ലേ അവന്റെ…’
ഇത്രയൊന്നും ഭംഗിയായി ഷിറാസിനു അഭിനയിക്കാന്‍ കഴിയില്ല. എന്തോ കാര്യമുണ്ട്.
ഒരു തമാശ പോലെയാണ് ഷിറാസ് ആദ്യം എടുത്തത്….’. ‘ഞാന്‍ നിന്റെ മനസ്സ് വായിക്കട്ടെ’ എന്ന് പറഞ്ഞു മെസ്സ് ഹാളില്‍ വെച്ച് ബാവക്കുട്ടി കൂടെക്കൂടി. വിശ്വാസം ഇല്ലെങ്കിലും ഒരു രസത്തിനു ഷിറാസ് മനസ്സില്‍ ഒരു കാര്യം വിചാരിച്ചു. വള്ളി പുള്ളി വിടാതെ ബാവക്കുട്ടി അത് പറയുകയും ചെയ്തു.
‘അതവിടെ നിക്കട്ടെ. നീയെന്താണ് വിചാരിച്ചത്?’
‘അത് പിന്നെ…, ലവളെയും കൊണ്ട് ലോര്‍ഡ്സില്‍………’….’..’
‘മിണ്ടരുത്. ഈ ഹോസ്റ്റലില്‍ ഇതു കുഞ്ഞിനോട് ചോദിച്ചാലും നിന്റെ മനസ്സിലിരിപ്പ് ഇതായിരിക്കുമെന്ന് പറയും…ഒരു ബാവക്കുട്ടി വന്നിരിക്കുന്നു…’
അന്വേഷിച്ചപ്പോള്‍ എല്ലാവരുടെയും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ. ഞാന്‍ വിഷയം വിട്ടു. എങ്കിലും ഈ ടെലെപതി മാഹാത്മ്യം പറഞ്ഞു നടക്കുന്നവരെ കിട്ടുന്നിടത്ത് കളിയാക്കാന്‍ ഒരു മടിയും തോന്നിയില്ല.
അന്ന് രാത്രി ഞാന്‍ ഒരു സുഹൃത്തിന്റെ എഴുത്ത് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന്റെ എഴുത്തുകള്‍ അങ്ങനെയാണ്. എത്ര വായിച്ചാലും മതി വരില്ല. എഴുത്തിന്റെ ഒടുവില്‍ കവിത പോലെ എന്തോ കുറിച്ചിട്ടിരിക്കുന്നു.
‘രക്തസേചിതമായ പ്രണയവൃക്ഷമേ…’
ആരാധനയോടും അല്പം അസൂയയോടും കൂടി ആ വരികള്‍ വീണ്ടും വീണ്ടും വായിക്കുമ്പോള്‍, ബാവക്കുട്ടി കയറി വന്നു. ചുവന്നു തുടുത്ത മുഖം. ദ്വേഷ്യത്തിലാണോ?
‘നിനക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ടാവും. നിനക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ അതിനേക്കാള്‍ കൂടുതലും. ഏതെങ്കിലും ഒരു കാര്യം നിന്റെ യുക്തിക്ക് മനസ്സിലാവുന്നില്ലെങ്കില്‍ അത് നിന്റെ യുക്തിയുടെ തകരാറ് ആയിക്കൂടെ? അതിനു പകരം മറ്റുള്ളവരെ പരിഹസിക്കുന്ന നീയാണ് മരമണ്ടന്‍ എന്ന് ഞാന്‍ തെളിയിച്ചു തരാം . കാണണോ?’
‘കാണണം’
‘കണ്ടു കളയാം..പക്ഷെ എനിക്ക് നിന്നെ ഭയങ്കരവിശ്വാസമാണ് എന്നറിയാമല്ലോ? ഇനിയിപ്പോ ഞാന്‍ ശരിയായി പറഞ്ഞാലും നീയത് നിഷേധിക്കും. അതുകൊണ്ട് മനസ്സില്‍ വിചാരിക്കുന്ന ഏര്‍പ്പാട് വേണ്ട. എഴുതി വെക്കണം.’
അങ്ങനെയാവട്ടെ. താഴത്തെ പേജുകളില്‍ ഒന്നും പതിയാത്ത തരത്തില്‍, പുസ്തകത്തില്‍ നിന്നും പേജ് കീറി മേശപ്പുറത്തു വച്ച് എഴുതണം. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു കളി തുടങ്ങും പോലെ എഴുതിത്തുടങ്ങി.
‘രക്തസേചിതമായ പ്രണയവൃക്ഷമേ…’
ശരിക്കും ഓര്‍മയില്ല. കിട്ടാത്ത ഭാഗങ്ങള്‍ അവനോടു മനസ്സില്‍ ക്ഷമ ചോദിച്ചു സ്വയം പൂരിപ്പിച്ചു. പത്തു വരിയോളം എഴുതി. ഇത്രയും മതി.
‘കഴിഞ്ഞു’
‘അത് മടക്കി നിന്റെ തന്നെ പോക്കെറ്റില്‍ ഇട്ടോളൂ. എന്നിട്ട് കണ്ണടച്ച് വെളുത്ത് ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍ മനസ്സില്‍ വിചാരിക്കുക.’
ബാവക്കുട്ടി കട്ടിലില്‍ ആണ് ഇരിക്കുന്നത്. ഞാന്‍ മേശയോട് ചേര്‍ന്ന കസേരയിലും…നാല് മീറ്ററോളം ദൂരമുണ്ട്. കണ്ണടച്ചാലും കുഴപ്പമില്ല. ബാവക്കുട്ടി കട്ടിലില്‍ നിന്നെഴുന്നേറ്റാല്‍ ശബ്ദം കൊണ്ടറിയും.
‘വെളുത്ത് ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍ ….വിചാരിച്ചോ?’
‘വിചാരിച്ചു..’
‘ഇനി വെളുത്ത സ്ക്രീനില്‍ ഒരു കറുത്ത ഒന്ന് വിചാരിക്കൂ’
‘ശരി’
‘ഒന്ന് കഴിഞ്ഞാല്‍ രണ്ട്…, പിന്നെ മൂന്ന്… എന്നിങ്ങനെ ക്രമത്തില്‍ വിചാരിക്കണം. ഞാന്‍ നിര്‍ത്താന്‍ പറയുന്നത് വരെ. ഇരുപതു എത്തുന്നതിനു മുന്‍പ് നിര്‍ത്താന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തോറ്റു പോയി എന്നാണര്‍ത്ഥം.’
‘സമ്മതിച്ചു’
ഒന്ന്…രണ്ട്…മൂന്ന്…പതിമ്മൂന്നു എത്തിയപ്പോള്‍ ബാവക്കുട്ടി നിര്‍ത്താന്‍ പറഞ്ഞു.
‘പതിമ്മൂന്നല്ലേ?’
‘അതെ’
‘ഇനി നീ മടക്കി പോക്കെറ്റില്‍ ഇട്ടിരിക്കുന്നതെടുത്തു മനസ്സില്‍ വായിക്ക്. ശബ്ദം വേണ്ട’
ഞാന്‍ മനസ്സില്‍ വായിക്കാന്‍ തുടങ്ങി. ഭ്രാന്തു പിടിച്ച പോലെ ബാവക്കുട്ടി എഴുതാനും. എഴുതി തീര്‍ന്നപ്പോള്‍ പേപ്പര്‍ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു വാതില്‍ വലിച്ചടച്ചു പുറത്തേക്കു പോയി.
ഞാന്‍ എടുത്തു വായിച്ചു. എന്തൊരു എഴുത്താണിത്? ഏതു ലിപി? ചില അക്ഷരങ്ങള്‍ വളരെ വലുത്. ചിലത് കുറുകിയത്..കൈയ്യൊടിഞ്ഞതും, കാലോടിഞ്ഞതുമായ അക്ഷരങ്ങള്‍ വേറെ. എഴുതി എന്നതിനേക്കാള്‍ വരച്ചു വെച്ച മാതിരിയുണ്ട്. വായിക്കാന്‍ വല്ലാതെ കഷ്ടപ്പെടണം.
ഞാന്‍ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി പതുക്കെ വായിച്ചു:
‘രക്തസേചിതമായ പ്രണയവൃക്ഷമേ…’
വിശ്വസിക്കാന്‍ കഴിയുന്നില്ല. വാക്കുകള്‍ ഏതോ പ്രേതലോകത്തു നിന്ന് വന്നുവീണത് പോലെ ആ പേപ്പറില്‍ ചിതറിക്കിടക്കുന്നു. അവ എന്നെ പരിഹസിച്ചു കൊണ്ട് ആര്‍ത്തട്ടഹസിക്കുന്ന പോലെയും, നൃത്തം വെയ്ക്കുന്ന പോലെയും തോന്നി.
യുക്തിബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയമെടുത്തു. ഇനി ഞാനില്ലത്താപ്പോഴെങ്ങാന്‍ ബാവക്കുട്ടി ആ എഴുത്ത് വായിച്ചു കാണുമോ? ഇല്ല. ഞാന്‍ ഇതെഴുതുമെന്നുള്ള യാതൊരു സൂചനയുമില്ല. ബാവക്കുട്ടി എഴുതിയതാവട്ടെ ഞാന്‍ വരുത്തിയ തെറ്റുകള്‍ പോലും വള്ളിയോ പുള്ളിയോ വിടാതെ.
ബാവക്കുട്ടിയുടെ ഈ മനസ്സ് വായന ഷിറാസ്നു സമ്മാനിച്ചത് വെറുമൊരു തലകറക്കം മാത്രമായിരുന്നു. എന്നാല്‍ എനിക്കോ? ജീവിതത്തില്‍ അതുവരെ പുലര്‍ത്തിപ്പോന്ന ജീവിതശൈലിയും മനോനിലയും ഒറ്റയടിക്ക് ആ ഷോക്ക് ട്രീറ്റ്മെന്റ് തകിടം മറിച്ചു. സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ പോലും തള്ളിക്കളയാനുള്ള ധൈര്യം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നീട് ഒരു കാര്യത്തിലും ഉറച്ചു വിശ്വസിച്ചിട്ടുമില്ല, ഉറച്ചു അവിശ്വസിച്ചിട്ടുമില്ല.
ഒരു സംശയം മാത്രം ബാക്കി. ഇയാളെന്തിനാണ് ആറാറു മാസം കൂടുമ്പോള്‍ പരീക്ഷയെന്നും പറഞ്ഞു പറന്നു വരുന്നത്? അടുത്തിരിക്കുന്ന ഏതെന്കിലും തലേക്കല്ലന്റെ മനസ്സൊന്നു വായിച്ചാല്‍ പോരെ? ഞാനത് ബാവക്കുട്ടിയോടു ചോദിക്കുകയും ചെയ്തു.
‘ആരുടെ മനസ്സാണോ വായിക്കേണ്ടത് അയാളുടെ സഹായം കൂടാതെ എനിക്ക് ഒന്നിനും കഴിയില്ല. മറ്റുള്ളവരുടെ മനസ്സറിയാനുള്ള കഴിവ് എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. നിനക്ക് പോലുമുണ്ട്. നാമെല്ലാം നിത്യേന അറിഞ്ഞോ അറിയാതെയോ ഒരുപാട് പേരുടെ മനസ്സ് വായിക്കുന്നു. ഒന്നഭ്യസിച്ചാല്‍ ആര്‍ക്കും വികസിപ്പിക്കാവുന്ന ഒരു ചെറിയ ടെക്നിക് മാത്രമാണിത്. പക്ഷെ ഒരിക്കലും ഇതൊരു മാജിക്കല്ല.’
ബാവക്കുട്ടി പറഞ്ഞു:
‘എന്നുവെച്ചു ഞാനൊരു പോങ്ങനാണ് എന്നൊന്നും നീ വിചാരിക്കണ്ട. പരീക്ഷ ജയിക്കാനുള്ള കുതന്ത്രമൊക്കെ ഈ ബുദ്ധിയില്‍ എപ്പോഴേ വിരിഞ്ഞു കഴിഞ്ഞു.’
‘ങേ..’
‘അതേന്നേ. കുറച്ചു ചിലവുണ്ട്. തൃശ്ശൂരടുത്ത് ഒല്ലൂര്‍ എന്നൊരു സ്ഥലം അറിയുമോ? അവിടെ കുട്ടിച്ചാത്തനെ വാടകയ്ക്ക് കിട്ടും. ഒരെണ്ണത്തിനെ വാങ്ങിച്ചു യൂനിവേര്സിറ്റിയില് കടത്തിവിട്ടാല്‍ മതി. ചോദ്യപേപ്പര്‍ അടിച്ചു കൊണ്ടിങ്ങു വരും. തല്ക്കാലം വേറെയാരും അറിയണ്ട’
‘ഞാനായിട്ട് പുറത്തു പറയില്ല. ആരും മനസ്സ് വായിക്കാതിരുന്നാല് മതി’
എന്റെ കണ്ണുകള്‍ അറിയാതെ മുറിയിലെ വാതിലിനു മുകളിലെ വെന്റിലേറ്ററില്‍ ചെന്നു നിന്നു. ഹോസ്റ്റല്‍ മുറികളുടെ ട്രേഡ് മാര്‍ക്കാണ് മൂന്നു ഇരുമ്പഴികള്‍ വീതമുള്ള വെന്റിലെട്ടരുകള്.’. എല്ലാത്തിന്റെയും അഴികള്‍ ഒരാള്‍ക്ക് ചാടി അകത്തു കടക്കാന്‍ പാകത്തില്‍ വളച്ചു വെച്ചിട്ടുണ്ടാവും. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ഹോസ്റ്റലിലെ ഈ അഴികള്‍ ആരാണ് വളച്ചു വെച്ചതെന്നോ, എന്തിനാണ് അത് ചെയ്തതെന്നോ ചോദിക്കരുത്. അടച്ചു തഴുതിട്ട വാതിലിനു മുകളില്‍ കൂടി വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ സഞ്ചാരം മിക്കവാറും മുറികളില്‍ ഇപ്പോഴും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
യൂനിവേര്സിറ്റിയില് ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാവുമോ? എന്തൊക്കെയാണ് ഈ ചങ്ങാതി ഇനി ഒപ്പിക്കാനിരിക്കുന്നത്?
കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഹോസ്റ്റല്‍ പരീക്ഷാച്ചൂടിലേക്ക് വീണു. പരീക്ഷച്ചൂടെന്നു ഒരു പതിവുശൈലിയില്‍ പറഞ്ഞെന്നേയുള്ളൂ. ഈ സീസണിലെ ഹോസ്റ്റല്‍ എപ്പോഴും തണുത്തു മരവിച്ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരും അവരവരുടെ മുറികളിലേക്കും, പുസ്തകങ്ങളിലേക്കും പിന്‍വലിഞ്ഞു. നിശബ്ദതയുടെ ഒരു പുതപ്പെടുത്തു പുതച്ച പോലെ ഹോസ്റ്റല്‍…’. ഇതിനിടയിലെപ്പോഴോ ബാവക്കുട്ടിയുടെ കുട്ടിച്ചാത്തനെ ഞാന്‍ മറന്നു പോയി.
പരീക്ഷകള്‍ തുടങ്ങി. പല വര്‍ഷങ്ങളിലും, ബ്രാഞ്ചുകളിലും ഉള്ളവര്‍ക്ക് പല സമയത്താണ് പരീക്ഷകള്‍.’. പഠനം എന്നത് ഒരു സീസണല്‍ ഏര്‍പ്പാടായതു കൊണ്ട് ഓടിയെത്തിക്കാന്‍ ഇത്തിരി പണിയാണ്. മിക്കവാറും പരീക്ഷാ തലേന്ന് ഉറങ്ങാന്‍ കഴിയാറില്ല. ഇത്തവണ കുറച്ചു വ്യത്യാസമുണ്ട്. വെളുപ്പിന് നാല് മണിയായിരിക്കുന്നു. ഏതാണ്ടൊക്കെ പഠിച്ചു തീര്‍ന്നു. നാലരയ്ക്ക് ഒന്ന് കണ്ണ് വലിക്കണം. ആറരയ്ക്ക് തട്ടി വിളിക്കണമെന്ന് സൂരജിനെ ഏല്പിച്ചിട്ടുണ്ട്. എല്പിചില്ലെങ്കിലും എന്റെ ഉറക്കം അറിയാവുന്നത് കൊണ്ട് അവനതു ചെയ്യും.
‘ടക്…ടക്…ടക്…’
വാതിലില്‍ ആരോ ശക്തിയായി തട്ടുന്നു. മുട്ടുന്നതല്ല. ചവുട്ടിപ്പൊളിക്കുന്ന പോലെ. സൂരജ് ഇത്ര നേരത്തെയോ? അവന് ഒരിക്കലും ഇങ്ങനെ തട്ടില്ല. ഒറ്റയടിക്ക് ഉറക്കെ വിളിക്കുക പോലുമില്ല.
ഞാന്‍ എഴുന്നേറ്റു ചെന്ന് വാതില്‍ തുറന്നു ബാവക്കുട്ടി!!
പിടിച്ചില്ലെങ്കില്‍ വീണു പോകുമെന്ന പ്രതീതി. മുഖത്ത് ഒരു തുള്ളി ചോരയില്ല. ഇട്ടിരിക്കുന്ന ഷര്‍ട്ട് വിയര്‍ത്തു ഒട്ടിയിരിക്കുന്നു. ഷര്‍ട്ട് മാത്രമല്ല, ഉടുത്തിരിക്കുന്ന ലുങ്കിയും… എന്തിനു, തലമുടി വരെ.
ഞാന്‍ താങ്ങിപ്പിടിച്ചു കൊണ്ടുവന്നു കട്ടിലില്‍ ഇരുത്തി. ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോഴേക്കും കിടക്കയിലേക്ക് മറിഞ്ഞു വീണു ഉറക്കം തുടങ്ങി.
അപ്പോള്‍ എന്റെ ഉറക്കം കസേരയില്‍ തന്നെ. ബാവക്കുട്ടിക്കു എന്ത് പറ്റി? ആകെ പേടിച്ചിരിക്കുന്നു. ആരോ ഇട്ടോടിച്ച പോലുണ്ട്. എനിക്ക് പെട്ടെന്ന് കുട്ടിച്ചാത്തനെ ഓര്മ വന്നു. ഇന്ന് രാത്രി തന്നെ പോലീസ് എത്തുമോ?
ഏതായാലും ഞാന്‍ കസേരയില്‍ ഇരുന്നു ഒന്നുറങ്ങി. അത്ര സുഖമുള്ള ഉറക്കമൊന്നും ആയിരുന്നില്ല അത്. ബാവക്കുട്ടി നിര്‍ത്താതെ പിച്ചും പേയും പറയുന്നു. ഏതായാലും നേരമൊന്നു വെട്ടം വെച്ചപ്പോള്‍, ബക്കറ്റും, തോര്‍ത്തും, ബീഡിപ്പൊതിയുമെടുത്തു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് ബാവക്കുട്ടിയെ കുലുക്കി വിളിച്ചു ഞാന്‍ വിവരം ചോദിച്ചു.
‘എടാ അത് പിന്നെ, നമ്മുടെ അലിയുടെ റൂമില്ലേ….ഞാന്‍ നോക്കിയപ്പോള്‍, അതില്‍ നിന്നും അലിയുടെ പാന്റും ഷര്‍ട്ടുമിട്ട് ഇബ്ലീസ് ഇറങ്ങിപ്പോവുന്നു… അപ്പൊ ശരി, നമുക്ക് പിന്നെ സംസാരിക്കാം…’
എനിക്ക് ശരിക്കും ദ്വേഷ്യം വന്നു. എന്റെ വിലപ്പെട്ട ഉറക്കം ഈ അരക്കിറുക്കന്‍ കാരണം…കണ്ട ഭാവം നടിക്കാതെ ബാവക്കുട്ടി വീണ്ടും ഉറക്കത്തിലേക്ക്.’.
ഹോസ്റ്റലിലെ കുളിമുറികളിലും, കക്കൂസുകളിലും വെള്ളം വരാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കുളിയും പല്ലുതെപ്പുമൊക്കെ പുറത്തെ ഒരു വാട്ടര്‍ ടാങ്കിനു ചുറ്റുമാണ്. ആണുങ്ങളുടെ കുളിസീന്‍ വിവരിക്കുന്നത് അരോചകമായത് കൊണ്ടു ഒരു കാര്യം മാത്രം പറയാം. അലത്തറയിലേക്കും തിരിച്ചും പോയിരുന്ന സിറ്റി ബസുകളുടെ ജനല്‍ ഷട്ടറുകള്‍ ഹോസ്റ്റലിനടുത്തെത്തുമ്പോള്‍ താഴ്ത്തിയിടാറാണ് പതിവ്.
ഞാന്‍ കുളിക്കാന്‍ എത്തിയപ്പോള്‍ തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. തണുത്ത വെള്ളവും, പുലര്‍ച്ചെയുള്ള തമാശകളും എന്തുന്മേഷമാണ് തരുന്നത്! എന്നാല്‍ ഇന്നത്തെ ഈ ഉത്സാഹത്തിനു ഒരു പ്രത്യക കാരണം കൂടിയുണ്ട്. മിക്കവര്‍ക്കും ഇന്നത്തേത് കഴിഞ്ഞാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത പരീക്ഷ. അപൂര്‍വ്വം ചിലര്‍ക്ക് നാളെയുമുണ്ട്. നാളെ വൈകുന്നേരം ശൂദ്രന്മാരുമായി ഫുട്ബോള്‍ മാച്ച്. വടക്കേ ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ സ്കോളര്‍ഷിപ്പില്‍ പഠിക്കാന്‍ വരുന്ന ഇവര്‍ക്ക് രാഷ്ട്രീയത്തിലും, ഉദ്യോഗസ്ഥതലത്തിലും നല്ല സ്വാധീനമാണ്. പിന്നെ ശൂദ്രനെന്ന വിളിപ്പേര് എങ്ങനെ കിട്ടിയെന്നു ചോദിച്ചാല്‍ ഊഹിക്കൂ എന്ന് മാത്രമാണ് മറുപടി.
മിക്കവര്‍ക്കും നാളത്തെ കളിയെ കുറിച്ച് മാത്രമേ സംസാരിക്കാനുള്ളൂ. വെല്ലുവിളികള്‍ പലതു നടന്നു കഴിഞ്ഞു. തോറ്റാല്‍ സ്ഥലം വിടണോ, അടിയുണ്ടാക്കണോ എന്നതാണ് പ്രധാന ചര്‍ച്ച. അപ്പോഴാണ് വായ നിറച്ചു പതയും കടിച്ചു പിടിച്ച ബ്രഷുമായി സ്ലോ മോഷനില്‍ അലി പ്രത്യക്ഷപ്പെട്ടത്. എനിക്ക് ഒരൊറ്റ നോട്ടമേ നോക്കാന്‍ കഴിഞ്ഞുള്ളു. ചിരിച്ചു പോയി. അലിയുടെ വേഷത്തില്‍ ബാവക്കുട്ടി ഇബ്ലീസിനെ കണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്?
ചുറ്റുമുള്ളവരോട് ഞാന്‍ അല്പം മുന്‍പ് നടന്ന കാര്യങ്ങള്‍ വിവരിച്ചു. അവനവന്റെ ഭാവനയ്ക്ക് തോന്നുന്ന രീതിയില്‍ എരിവും പുളിയും ചേര്‍ത്ത തമാശകളുടെ ഘോഷയാത്രായിരുന്നു പിന്നീട്. എന്നാല്‍ അലി ഇബ്ലീസ് ആണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതെല്ലം കേട്ടു വെല്ലുപ്പ പെരുന്നാളിന് പള്ളിയില്‍ പോകാത്ത പഴയ കഥയോര്‍ത്തു, ചെറു ചിരിയോടും എന്നാല്‍ പെരുത്ത് അഭിമാനത്തോടും കൂടി അലി അവിടെയൊക്കെ ഉലാത്തിക്കൊണ്ടിരുന്നു. തിരിച്ചു ഒന്നുരിയാടുക പോലും ചെയ്യാതെ.
പരീക്ഷ വലിയ കുഴപ്പമില്ലായിരുന്നു. എങ്കിലും ഒരു വല്ലായ്മ. ഇബ്ലീസ് കഥ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നില്ല. സത്യത്തില്‍ ബാവക്കുട്ടി ഏതു കുരുക്കിലാണ് ചെന്ന് ചാടിയിരിക്കുന്നത്. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കേള്‍ക്കാനിഷ്ടമില്ലാത്ത ഒരു വാര്‍ത്തയും കാത്തു നില്ക്കരുതേ.
പുറത്തേക്കിറങ്ങിയതും കണ്മുന്നില് ബാവക്കുട്ടി. എയര്‍ ബാഗ് കൈയ്യിലെടുത്തിട്ടുണ്ട്. എവിടെക്കാണാവോ യാത്ര! ഞങ്ങള്‍ ഒരുമിച്ചു നടന്നു. ബാവക്കുട്ടി നടക്കുന്നിടത്തേക്ക് ഞാന്‍ കൂടെച്ചെന്നു എന്ന് പറയുന്നതായിരിക്കും ശരി. താഴത്തെ കടയില്‍ നിന്നും എനിക്ക് ഒരു നാരങ്ങാവെള്ളവും വില്സും വാങ്ങിത്തന്നു.ബാവക്കുട്ടിയെ പോലെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഇത്രയും ക്ഷമ ഞാന്‍ ഒരിക്കലും കാണിക്കില്ലായിരുന്നു.
‘വലിയ തമാശക്കാരന്‍ ആവരുതെന്നു ഞാന്‍ നിന്നോട് മുന്‍പും പറഞ്ഞിട്ടുണ്ട്.’
ബാവക്കുട്ടി തുടങ്ങി. പടച്ചോനെ, അടുത്ത ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണോ വരുന്നത്?
‘നിനക്കെന്തറിയാം? ഭൂതപ്രേതപിശാചുക്കളുടെ ഒരു വിഹാരരംഗമാണ് നമ്മുടെ ഹോസ്റല്‍”’
‘ബാവക്കുട്ടി പറയൂ..’ ഞാന്‍ വിനയാന്വീതനായി ‘ഇന്നലെ എന്താണുണ്ടായത്?’
ബാവക്കുട്ടി സംഭവം വിവരിച്ചു. ഇന്നലെ രാത്രി അലിയുടെ മുറിയിലാണ് കിടന്നുറങ്ങിയത്. എപ്പോഴോ, വലിയ ശബ്ദം കേട്ടുണര്‍ന്നു. അലി ഉറക്കെ പാട്ട് വെച്ചിരിക്കുകയാണ്. അതും തമിഴ് പാട്ട് ‘ഒട്ടകത്തെ കെട്ടിക്കോ..കെട്ടിയാടി…’ എന്നിട്ട് അലി പാന്റും ഷര്‍ട്ടും ഇട്ടു ഡാന്‍സ് ചെയ്യുന്നു. പാട്ട് തീരുമ്പോള്‍ അത് തന്നെ റീ വൈന്‍ഡു ചെയ്തു വീണ്ടും വെക്കും. കുറെ നേരമായി ഈ കളി തുടങ്ങിയിട്ട്. ചെയ്യുന്നത് അലി ആയതു കൊണ്ടു പാതിരാത്രി തമിഴ് പാട്ടിട്ടു ഒറ്റയ്ക്ക് ഡാന്‍സ് ചെയ്യുന്നതിനെ അസ്വഭാവീകമായി കാണേണ്ടതില്ല. പാതി മയക്കത്തില്‍ ബാവക്കുട്ടി ഇത് സഹിച്ചു കൊണ്ടു കിടന്നു. പെട്ടെന്ന് ശബ്ദം നിലച്ചു. അലി സ്തബ്ദനായി ഒരു നിമിഷം നിന്നു. എന്നിട്ട് വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങിയോടി. അടുത്ത നിമിഷം മുണ്ടും ടി ഷര്‍ട്ടും ധരിച്ച അലി മുറിയിലേക്ക് കയറി വന്നു. വന്നയുടനെ അടുത്ത കട്ടിലില്‍ കയറി കിടക്കുകയും ചെയ്തു. കൂര്‍ക്കം വലി തുടങ്ങിയപ്പോള്‍ ബാവക്കുട്ടി ഇറങ്ങി ഓടി. ആ വരവാണ് എന്റെ മുറിയില്‍ വന്നു നിന്നത്.
‘ആ ഡാന്‍സ് ചെയ്തത് അലിയല്ല. അത് ഇബ്ലീസ് ആയിരുന്നു. വേറെയും പിശാചുക്കള്‍ ഇവിടെ കറങ്ങി നടപ്പുണ്ട്.’
‘കുട്ടിച്ചാത്തനെ കിട്ടിയോ?’ ഞാന്‍ ചോദിച്ചു ‘ബാവക്കുട്ടി ഇനി ചിലപ്പോള്‍ ഈ വഴിക്ക് വരില്ലായിരിക്കും’
‘അതൊന്നും നടന്നില്ല. മാത്രവുമല്ല, മനുഷ്യര്‍ക്ക് നിയന്ത്രിക്കാവുന്ന വെറും അടിമകള്‍ മാത്രമാണ്കുട്ടിച്ചാത്തന്മാര്.’. അമാനുഷീക ജീവികള്‍ കറങ്ങി നടക്കുന്ന സ്ഥലത്തേക്ക് അവരെ കൊണ്ട് വന്നാല്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കില്ല. വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.’
ബാവക്കുട്ടി നെടുവീര്‍പ്പിട്ടു.
‘ഞാനിനി അങ്ങോട്ടില്ല. രണ്ടാഴ്ച കഴിഞ്ഞേ എക്സാം ഉള്ളൂ. തിരിച്ചു വന്നിട്ട് ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കും. നീ വേണം എല്ലാവരെയും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍..’. പ്രേതങ്ങളുമായാണ് കളി എന്ന ഓര്മ വേണം.’
തല്ക്കാലം ശൂദ്രന്മാരുമായുള്ള കളിയാണ് പ്രധാനം. എങ്കിലും രാത്രി ഭക്ഷണത്തിന് ശേഷം മെസ്സ് ഹാളിനു പുറത്ത് നാളത്തെ കളിയെക്കുറിച്ചുള്ള അടവ് തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്ന ജനാവലിയെ അഭിസംബോധന ചെയ്തു ബാവക്കുട്ടി പറഞ്ഞ വിവരങ്ങള്‍ ഞാന്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഒരു പൊട്ടിച്ചിരിയോ, അനുബന്ധ തമാശകളോ ഉണ്ടായില്ല. പറയുന്നത് നമ്മളെപ്പോലെ സാധാരണക്കാരന് അല്ലല്ലോ. ബാവക്കുട്ടിയല്ലേ?
ഏതായാലും അലി തന്നെ ആയിരുന്നു അന്നത്തെ ചര്‍ച്ചയിലെ താരം. സാധാരണ ഡിഫെന്‍സില്‍ കളിക്കുന്ന അലിയെ മിഡ് ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന ആവശ്യത്തിന്മേല് ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല.അതിനിടയിലാണ് അലി ഇബ്ലീസ് ആണെന്നുള്ള പുതിയ വിവാദം.
അലിയുടെ ഒരൊറ്റ ഡയലോഗ് കൊണ്ട് ആ വിവാദം അവിടെ കെട്ടടങ്ങി.
‘ആ കള്ള ഹിമാറ് ബാവക്കുട്ടിക്കു മറ്റുള്ളോര്ടെ മനസ്സില്‍ കയറി നോക്കാമെങ്കില്‍ എനിക്കും ചിലതൊക്കെ പറ്റും. അലിയായാലും ശരി, ഇബ്ലീസ് ആയാലും ശരി …ഞാനില്ലാതെ നാളത്തെ കളി നീയൊക്കെ കുറെ ഒലത്തും’
ശരിയാണ്. അലിയില്ലാതെ കളി ജയിക്കാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ അലി വലിയ ചടുലതയുള്ള കളിക്കാരനൊന്നുമല്ല. എങ്കിലും പ്രതീക്ഷിക്കാത്ത നേരത്ത് അലിയുടെ ലോങ്ങ് പാസ്സുകള്‍ പലപ്പോഴും ഗോളില്‍ കലാശിക്കാറാണ് പതിവ്. മാര്‍ക്കു ചെയ്യപ്പെടാതെ നില്ക്കുന്ന ഫോര്‍വേഡ്കളെ കണ്ടെത്താന്‍ കക്ഷിക്ക് നല്ല മിടുക്കാണ്. ഇതുകൊണ്ടാണ് അലിയെ മിഡ് ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന പുതിയ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്. ഒടുവില്‍ ‘അലി ബാക്ക് തന്നെ…’ എന്ന് ഫിറോസ് ഖാന് പറഞ്ഞതോടെ അക്കാര്യത്തിലും ഒരു തീരുമാനമായി. മലയാളികള്‍ പൊതുവേ ഗോളടി വീരന്മാര് ആയതു കൊണ്ടാവും ഡിഫെണ്ടര്‍മാര്‍ക്ക് എപ്പോഴും ക്ഷാമം.
കളി തുടങ്ങി. ക്യാപ്റ്റന്‍ ഫിറോസ് ഖാന് തന്നെയാണ് ഗോള്‍ കീപര്‍.’. ദാവീദും ഗോലിയാത്തും തമ്മിലാണ് മത്സരം എന്ന് തോന്നും. ശൂദ്രന്മാരുടെ വലുപ്പത്തോടും , കരുത്തിനോടും അല്പമെങ്കിലും പിടിച്ചു നില്ക്കാന് കഴിയുന്നത് സെന്റര്‍ ഫോര്‍വേഡ് ഇരുമ്പന്‍ രാജേഷിനു മാത്രം. രാജേഷ് എന്ന പേര് മിക്കവര്‍ക്കും അറിയില്ല. ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇരുമ്പനെ ഓര്‍ക്കാന്‍ ഒരു പേരിന്റെ ആവശ്യവുമില്ല.
കളി വളരെ പതുക്കെയാണ് നടക്കുന്നത്. പന്ത് മിക്കവാറും ശൂദ്രന്മാരുടെ കാലില്‍ തന്നെ. സ്റ്റാമിന ഇല്ലാത്ത ബ്ലഡി മലയാളീസ് ക്ഷീണിച്ചു കഴിയുമ്പോള്‍ കയറി പൂശാനാണ് പരിപാടി. എന്നാല്‍ പതിനാറാം മിനുട്ടില്‍ അലി നടത്തിയ ഒരൊറ്റ നീക്കം കളിയുടെ ഗതി മാറ്റി. ഫിറോസ് തട്ടിക്കൊടുത്ത ഒരു ഗോള്‍ കിക്കുമായി അലി ഇടതു വിങ്ങിലൂടെ പതുക്കെ മുന്നോട്ട്…രണ്ടു ഫോര്‍വേഡ്കളെ ഡ്രിബിള്‍ ചെയ്തതോടെ അലിയുടെ മട്ടു മാറി. മിന്നല്‍ വേഗത്തില്‍ കോര്‍ണര്‍ ഫ്ലാഗിനടുത്തെക്ക്. തിരിച്ചു കിട്ടുമെന്നുറപ്പുള്ള രണ്ടു പാസ്സുകള്‍ ഒഴിച്ചാല്‍ കൃത്യമായ സെല്‍ഫ് പ്ലേ. കോര്‍ണറില്‍ നിന്ന് അലി അളന്നു മുറിച്ചു വിട്ട ക്രോസ്സില്‍ ഇരുമ്പന്‍ കാലു വെക്കുന്നതോടെ പന്ത് ശൂദ്രന്മാരുടെ പോസ്റ്റില്‍.’…ഗോള്‍…’…
എന്നാല്‍ അതുണ്ടായില്ല. ഇരുമ്പന്‍ കാലു വെച്ചില്ല. ഇരുമ്പന്‍ അബദ്ധം പറ്റിയെന്നാണ് ആദ്യം വിചാരിച്ചത്. നാല്പത്തി രണ്ടാം മിനുടിലെ അലിയുടെ അടുത്ത മാസ്മരീകപ്രകടനം വരെ. വര്‍ഷങ്ങള്‍ക്കു ശേഷം അലി ഒരു ഹാജിയാരാവുമെന്നു എനിക്കുറപ്പാണ്. എന്നാല്‍ റുമേനിയയുടെ ജോര്‍ജി ഹാജിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാസ് ആയിരുന്നു അലി അപ്പോള്‍ തൊടുത്തു വിട്ടത്. മാര്‍ക്കു ചെയ്യപ്പെടാതെ നിന്ന ഇരുമ്പന്‍ മുന്പില് തളികയില്‍ വച്ചെന്ന വണ്ണം അത് വന്നു വീണു. വലതു കാലു കൊണ്ട് സ്റ്റോപ്പ് ചെയ്തു ഇടതു കാലു കൊണ്ട് ഒരു കിക്ക്. ഗോള്‍ കീപെര്‍ക്ക് നോക്കി നില്‍ക്കാനേ പറ്റൂ. എന്നാല്‍ അതും ഉണ്ടായില്ല.
‘ഇരുമ്പന്‍ ഗോ ബാക്ക്’ വിളികള്‍ ഉയര്‍ന്നു. ഉടനെ തന്നെ അതും നിലച്ചു. അതിനര്‍ത്ഥം ഇന്നു രാത്രി ഇരുമ്പന്‍ ഇരുട്ടടി ഉറപ്പായി എന്നാണ്.
പക്ഷെ, ഞാനൊരിക്കലും ഇരുമ്പനെ കുറ്റപ്പെടുത്തില്ല. പുറത്തിരിക്കുന്നവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. കൊടുക്കുന്നത് മനുഷ്യനാണോ പിശാചാണോ എന്നറിയാതെ പാസ്സുകള്‍ സ്വീകരിക്കുന്നത് എളുപ്പമല്ല.
ഏതായാലും ഹാഫ് ടൈമോടെ ഇരുമ്പനെ തിരിച്ചു വിളിക്കും. സബ്സ്റ്റിട്ട്യുട്ട് ‘ദിപ്പ ശരിയാക്കിത്തരാം’ എന്ന മട്ടില്‍ ഗ്രൌണ്ടിനു ചുറ്റും ജോഗ് ചെയ്യുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അലിയെ ബെഞ്ചിലിരുത്താനാണ് ഫിറോസ് തീരുമാനിച്ചത്.അലി കൂടി എത്തിയതോടെ ഇരുമ്പനെ എങ്ങനെ പൂശണം എന്ന ചര്‍ച്ച ചൂടു പിടിച്ചു.
‘ഇരുമ്പന്റെ കാര്യം ഇബ്ലീസ് നോക്കിക്കോളും…’ അലി പ്രഖ്യാപിച്ചു.
ഫിറോസിന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു രണ്ടാം പകുതി. ഇരുമ്പന്റെ മിന്നുന്ന രണ്ടു ഗോളുകള്‍.’… ശൂദ്രന്മാര് കെട്ടു കെട്ടി.
എന്നാല്‍ ആര്‍ക്കു വേണം ഗോളുകള്‍? ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കളിയുടെ തിരക്കഥ അതിനോടകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
വിജയാഹ്ലാദപ്രകടനമായി ഇരുമ്പനെയും കൊണ്ട് താഴത്തെ കടയിലേക്ക്. അലി നേരത്തെ സ്ഥലം വിട്ടിരുന്നു.അമ്മാവന്റെ കട വെടുപ്പാക്കുന്നതിനിടെ അലിയുടെ ദ്വന്ദവ്യക്തിത്വത്തെ കുറച്ചുള്ള കഥകളാണ് എല്ലാവര്ക്കും പറയാനുണ്ടായിരുന്നത്. ഒരേ സമയം ടി വി റൂമിലും മെസ്സ് ഹാളിലും പ്രത്യക്ഷപ്പെടുന്ന അലി. ക്ലാസ്സില്‍ തൊട്ടടുത്തിരുന്നു പഠിക്കുമ്പോള്‍ കോറിഡോറിലൂടെ നടന്നു പോവുന്ന അലി. എന്തിനു, ലൈബ്രറിയില്‍ പോലും അലിയെ കണ്ടവരുണ്ടത്രേ.
അല്പസമയത്തിന് ശേഷം അലിയും എത്തിച്ചേര്‍ന്നു. തിരിച്ചു പോവുമ്പോള്‍ നമ്മളടിച്ച രണ്ടു ഗോളുകളെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കാന്‍ അലി ഒരു പിശുക്കും കാണിച്ചില്ല. ഇരുമ്പനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പീഡ തന്നെ ആയിരുന്നു. ഹോസ്റെലിനു അടുത്തെത്തിയതോടെ വേഗം യാത്ര പറഞ്ഞു അവന് സ്ഥലം വിട്ടു.
അതെ. ഇതാണ് എല്ലാവരും കാത്തിരുന്ന ആ നിമിഷം. ഇരുമ്പന്‍ കണ്മുന്നില് നിന്ന് മറഞ്ഞതും അലി എതിര്‍ദിശയിലേക്ക് ഓടി. ഡി ബ്ലോക്ക് വഴി കയറി ഇരുമ്പനെക്കാള് മുന്‍പ് അവന്റെ റൂമിനടുത്തെത്തി. വെന്റിലെട്ടരിലൂടെ ചാടി മുറിയില്‍ പതുങ്ങിയിരുന്നു. ഇരുമ്പന്‍ വാതില്‍ തുറന്നു അകത്തു കടക്കുന്നതും അലി ‘ഹലോ’ പറഞ്ഞു പുറത്തേക്കു പോകണം. എന്നിട്ടും അവന് ചത്തില്ലെങ്കില്‍ അപ്പോള്‍ നോക്കാം.
വളരെ ആലോചിച്ചെടുത്ത ഈ തിരക്കഥ പാളുമെന്നു ഒരുത്തനും പ്രതീക്ഷിച്ചില്ല. എന്നാല്‍ ഭയം മനുഷ്യരെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത്? ഇരുമ്പനും വാതില്‍ തുറന്നില്ല. പകരം അള്ളിപ്പിടിച്ചു വെന്റിലെട്ടരിലൂടെ തന്നെ അകത്തേയ്ക്ക് കയറാന്‍ തുടങ്ങി. സത്യത്തില്‍ ഇരുമ്പന്‍ പേടിക്കുന്നത് അലിയെയാണോ ഇബ്ലീസിനെയാണോ?
അകത്തു കാത്തിരുന്നിരുന്ന ഇബ്ലീസിനു വാതിലിലെ തട്ടും മുട്ടും കേട്ടപ്പോള്‍ കാര്യം പിടികിട്ടി. വേഗം കട്ടിലിനടിയിലേക്കു ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനും മുന്‍പേ ചക്ക വെട്ടിയിടുന്ന പോലെ മുറിയില്‍ ഇരുമ്പന്‍ വന്നു വീണു. എഴുന്നേറ്റു നിന്നപ്പോള്‍ തൊട്ടു മുന്നില്‍ ഇബ്ലീസ്. പുറകില്‍ പുറത്തു നിന്നും തഴുതിട്ട വാതില്‍..’. ഇരുമ്പന്‍ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
കണ്ണും പൂട്ടി ഒരൊറ്റയടി. അലി നിലത്തു വീണു.
നിലത്തുവീണു കിടക്കുന്ന പ്രേതത്തിനു മേല്‍ അല്പം മുന്‍പ് ഗ്രൗണ്ടില്‍ കാഴ്ച വെച്ചതിനു സമാനമായ രണ്ടു തകര്‍പ്പന്‍ കിക്കുകള്‍ കൂടി…അതോടെ അലിയുടെ ഞരക്കം പോലും അവസാനിച്ചു.
വെന്റിലെട്ടരിലൂടെ പുറത്തു കടന്ന് ഇരുമ്പന്‍ കോറിഡോറിലൂടെ നെഞ്ചും വിരിച്ചു നടന്നു: ‘ ഇനി ഒറിജിനല്‍ അലി വരട്ടെ!’
പിന്നീടൊരിക്കലും ഹോസ്റ്റലില്‍ പ്രേതശല്യം ഉണ്ടായതായി അറിവില്ല.
66 total views, 1 views today
