Untitled-2

ധവളഗിരിശൃംഗങ്ങളില്‍ ഹിമക്കാറ്റിന് രൗദ്ര ഭാവം. വൃക്ഷ ശിഖിരങ്ങളില്‍ വിശ്രാന്തി കൊണ്ടിരുന്ന മഞ്ഞു പക്ഷികള്‍ കൂട്ടത്തോടെ ചിറകടിച്ചു പറന്നു. പര്‍വ്വത പാര്‍ശ്വങ്ങളിലെ ദേവദാരു വൃക്ഷങ്ങള്‍ ശാഖികളുലച്ച് ഹിമം വിതറാന്‍ തുടങ്ങി. താഴെ, നുരപത ചിതറി മദിച്ചൊഴുകുന്ന മന്ദാകിനിയിലേക്ക് നോക്കി ചന്ദ്രകാന്തന്‍ നിന്നു. വൃദ്ധജടാധാരി നല്കിയ പുകയുന്ന മണ്‍ചിലുമ്പി അയാളുടെ മരവിച്ച വിരലുകള്‍ക്കിടയില്‍ വിറകൊണ്ടു. ശങ്കിച്ചു നില്ക്കുന്ന ചന്ദ്രകാന്തന്റെ മുഖത്തേക്ക് നോക്കി ആ സന്യാസി മന്ദഹസിച്ചു.

അയാളുടെ തീഷ്ണമായ കണ്ണുകള്‍ക്ക് കാര്‍മേഘത്തിന്റെ നിറം. ചടച്ചുയര്‍ന്ന ശരീരമാകെ ഭസ്മം പറ്റിപ്പിടിച്ചിരുന്നു. ജടപിടിച്ചു നീണ്ട തലമുടി തോളിലും പുറത്തുമെല്ലാം ഇണനാഗങ്ങളെപ്പോലെ പിണഞ്ഞു കിടക്കുന്നു. ഇളം തവിട്ടുനിറമുള്ള സാധാരദീക്ഷ മാറിടവും കവിഞ്ഞു താഴേക്കു നീണ്ടിരുന്നു. രോമാവൃതമായ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്ന രുദ്രാക്ഷ മാലകളില്‍ വിരല്‍പാകി സന്യാസി വീണ്ടും ചന്ദ്രകാന്തനെ പ്രോത്സാഹിപ്പിച്ചു.

‘ ധൂം ലേ ഭായീ.. ഏ ഡംഡീ മേ ദൂസരാ കോയീ രാസ്താ നഹീ.. ‘ചന്ദ്രകാന്തന്‍ വീണ്ടും അര്‍ദ്ധശങ്കയോടെ അയാളെ നോക്കി. ചെറുപ്പകാലത്ത് ചങ്ങാതിമാരൊത്ത് ഒന്നോ രണ്ടോ തവണ പരീക്ഷിച്ചുള്ള അനുഭവം മാത്രം. ഇതിപ്പോള്‍ തികച്ചും അപരിചിതമായ സ്ഥലം. ചുറ്റും വിചിത്ര വേഷധാരികള്‍. ഇടയ്ക്കിടെ കടന്നു പോകുന്ന തീര്‍ഥാടകരൊഴിച്ചാല്‍ കൂടുതലും നാഗസന്യാസിമാര്‍. ഹിന്ദി വശമുള്ളതു ഭാഗ്യം. മുന്‍പ് ഉത്തരേന്ത്യയില്‍വന്നു രണ്ടുമൂന്നു വര്‍ഷം പണിയെടുത്തതിന്റെ മെച്ചം. ഇപ്പോഴിതാ നാടും വീടും ഉപേക്ഷിച്ച് പ്രാണന്‍ കയ്യിലെടുത്തുള്ള പലായനം. ഒടുവില്‍ ഹിമവാന്റെ മടിത്തട്ടില്‍. മോക്ഷാര്‍ധികള്‍ തപം തേടിയെത്തുന്ന ഹിമവല്‍ ശൈലങ്ങളില്‍ അഭയം.

ചന്ദ്രകാന്തന്റെ പ്രശ്‌നം ചിലുമ്പി ഉപയോഗിച്ചു ശീലമില്ലത്തതാണെന്നു കരുതിയാവാം സന്യാസി പറഞ്ഞു.

‘മുശ്ചേ ദേ.. മൈ ദിഖാ ദേത്താ.. ‘

പാതി അണഞ്ഞുപോയ ചിലുമ്പി സന്യാസി ഊതിത്തെളിച്ചു. പുകയിലക്കൊപ്പം പുകഞ്ഞെരിയുന്ന നീലച്ചടയന്റെ രൂക്ഷ ഗന്ധം. തടിച്ചുനീണ്ട വിരലുകള്‍ക്കിടയില്‍ പ്രത്യേകരീതിയല്‍ പിടിച്ച് അയാളതു ചുണ്ടോടടുപ്പിച്ചു. പുക വലിച്ചെടുക്കുന്നതിനോപ്പം സന്യാസിയുടെ കണ്ണുകളും പുറത്തേക്ക് തള്ളിവന്നു. മെലിഞ്ഞ കഴുത്തിലെ നീല ഞരമ്പുകള്‍ കൂട്ടത്തോടെ പിടഞ്ഞുണര്‍ന്നു. അല്‍പ്പനേരത്തെ നിശ്ചലത. അനുഭൂതിയില്‍ വിരാജിച്ച അയാളുടെ കണ്ണുകള്‍ അനന്ദമായ ഹിമാര്‍ദ്രി ശിഖിരങ്ങളില്‍ ധ്യാനം കൊണ്ടു. ചന്ദ്രകാന്തന്‍ ആശ്ചര്യത്തോടെ അതു നോക്കിനിന്നു. അര്‍ദ്ധ ബോധാവസ്ഥയിലെന്നപോലെ സന്യാസി ചിലുമ്പി ചന്ദ്രകാന്തനു കൈമാറി.

ചന്ദ്രകാന്തന്‍ പിന്നൊന്നും ആലോചിച്ചില്ല. സന്യാസിയുടെ പ്രവര്‍ത്തി അപ്പാടെ അനുകരിച്ചുകൊണ്ട് അയാള്‍ ധൈര്യപൂര്‍വ്വം ഒരു പുകയെടുത്തു. മനോമുകുരത്തില്‍ പഞ്ചരസങ്ങളും നിറയുന്നു. ഹിമപാതം മരവിപ്പിച്ച സിരകളില്‍ ഉഷ്ണജലപ്രവാഹം. വെള്ളിപുതച്ച ഗിരിനിരകള്‍ അയാള്‍ക്കു ചുറ്റും ഭ്രമണം തുടങ്ങി. നദിയിലേക്കുള്ള കല്‍പ്പടവുകള്‍ ചന്ദ്രകാന്തനു മുന്നില്‍ പുഷ്പ്പമെത്തയായി പരിണമിച്ചു. കുതിച്ചൊഴുകുന്ന മന്ദാകിനിയിലേക്ക് പറന്നിറങ്ങാന്‍ അയാള്‍ കൊതിച്ചു.

ഒടുവില്‍ വിഭ്രാന്തികളില്‍ നിന്ന് മുക്തനായപ്പോള്‍ ചന്ദ്രകാന്തന്‍ കണ്ടു. ചുണ്ടില്‍ നേരിയ പുഞ്ചിരിയുമായി അയാള്‍ക്കരികില്‍ സന്യാസി. അയാളുടെ ബലിഷ്ടമായ കരങ്ങള്‍ ചന്ദ്രകാന്തനെ മുറുകെപ്പിടിച്ചിരുന്നു. താന്‍ നിലയുറപ്പിച്ചിരുന്ന സ്ഥാനം എവിടെയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ചന്ദ്രകാന്തന്‍ നടുങ്ങി. കലിപൂണ്ടോഴുകുന്ന മന്ദാകിനീനദിയിലേക്ക് തള്ളിനില്ക്കുന്ന വലിയ പാറയ്ക്കു മുകളില്‍. കാലൊന്നു വഴുതിപ്പോയാല്‍ ഒരു നിമിഷം മതി നദിയുടെ നീരാളിക്കൈകളില്‍ വിലയംകൊള്ളാന്‍. ഭീതിപൂണ്ട കണ്ണുകളോടെ ചന്ദ്രകാന്തന്‍ സന്യാസിയുടെ മുഖത്തേക്കു നോക്കി.

‘ തുമാരാ ഗാവ് കിധെര്‍ ഹേ.. ? ‘ സന്യാസി ചോദിച്ചു.

‘ കേരളാ മേ.. ‘

‘ ഓ.. മലയാളീ ഹേ.. തോ ആവോ ഏക് ആദ്മീ കോ പൈജാന്‍ കര്‍ത്താ.. തുമാരാ ഗാവ് കാ.. റാം ബാബ.. ‘

സന്യാസിയെ പിന്‍തുടര്‍ന്ന് ചന്ദ്രകാന്തന്‍ നടന്നു. തണുത്തുറഞ്ഞ വഴിയിലാകെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞിരുന്നു. ആ ദുര്‍ഗ്ഗമവഴിയിലൂടെ നഗ്‌നപാദനായി തെല്ലും കൂസലില്ലാതെയുള്ള സന്യാസിയുടെ നടത്തം ചന്ദ്രകാന്തനെ വല്ലാതെ അത്ഭുതപ്പെടുത്തി. പാദരക്ഷകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ക്കൊപ്പമെത്താന്‍ ചന്ദ്രകാന്തന്‍ നന്നായി പാടുപെട്ടു. മലഞ്ചെരിവിലൂടെ മുകളിലേക്കുള്ള കയറ്റം അയാളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടി. ദിവസങ്ങള്‍ നീണ്ട തീവണ്ടിയാത്രയും ദുര്‍ഘടപാതയിലൂടെ ബസ്സിലും ജീപ്പിലുമുള്ള യാത്രകളും ചന്ദ്രകാന്തനെ തളര്‍ത്തിയിരുന്നു. കട്ടിയുള്ള സ്വെറ്ററിനുള്ളിലും അയാളുടെ മെലിഞ്ഞ ശരീരം കിടുകിടെ വിറക്കുന്നുണ്ടായിരുന്നു.

‘ഔര്‍ ദൂര്‍ ഹൈ ക്യാ.. ബാബാ.. ? ‘ വര്‍ദ്ധിച്ച കിതപ്പോടെ ചന്ദ്രകാന്തന്‍ ചോദിച്ചു.

‘ നഹി.. ഓ ഹൈ ഹമാരാ ആശ്രം.. ‘

മലഞ്ചെരുവില്‍ തൊട്ടപ്പുറത്തുള്ള ഗുഹാമുഖത്തേക്കു വിരല്‍ ചൂണ്ടിയാണ് സന്യാസി അതു പറഞ്ഞത്. കാഴ്ചയില്‍ തൊട്ടടുത്തെന്നു തോന്നിയെങ്കിലും അവിടെയെത്താന്‍ ഏറെ സമയമെടുത്തു. വലിപ്പം കുറഞ്ഞ ഗുഹാമുഖത്തുകൂടി അകത്തേക്ക് നൂഴ്ന്നു കയറിയ സന്യാസിയുടെ പിന്നാലെ ചന്ദ്രകാന്തനും കയറി. ഗുഹയ്ക്കകത്തെ വിശാലത അയാളെ തെല്ലു വിസ്മയിപ്പിച്ചു . മധ്യഭാഗത്തായി തറയില്‍ വിരിച്ച കട്ടിയുള്ള കമ്പളത്തില്‍ ഒരു പ്രായം ചെന്ന ബാബയും നാലു ശിഷ്യന്‍മാരും. ഇടയ്ക്കിടെ കണ്ണുകളടച്ച് ബാബ ധ്യാനത്തില്‍ മുഴുകുന്നു. നീണ്ട ധ്യാനത്തിനോടുവില്‍ അദ്ദേഹം കണ്ണുതുറക്കുന്നു. ശിഷ്യര്‍ക്ക് വേണ്ടി ഏതോ സംസ്‌കൃത കാവ്യം വിവര്‍ത്തനം ചെയ്യുകയാണ്.

‘ നഹി ജ്ഞാനേന പവിത്രമഹ വിദ്യതേ…’ ആത്മജ്ഞാനത്തിനു തുല്യം മഹിമയുള്ളതായി മറ്റൊന്നും ലോകത്തില്ല.

അകത്തു പ്രവേശിച്ചവരെ ആരും ശ്രദ്ധിച്ചതേയില്ല. ഏകാഗ്രതയില്‍ മനശാന്തിയെ പ്രാപിച്ച് ജന്മത്തെ കൃതാര്‍ത്ഥമാക്കാനുള്ള തത്രപ്പാടിലാണവര്‍. ഗുഹയുടെ ഉള്‍ത്തളത്തില്‍ ഒരിളം ചൂട് തങ്ങി നിന്നിരുന്നു. പിന്‍ഭാഗത്തായി പുറത്തേക്ക് തുറക്കുന്ന ഗുഹയുടെ മറ്റൊരു പിളര്‍പ്പില്‍ രണ്ടു സന്യാസിമാര്‍ വിറകുകത്തിക്കുന്നു. ചന്ദ്രകാന്തനെ സന്യാസി അവര്‍ക്കടുത്തേയ്ക്കു നയിച്ചു. അവരില്‍ ഒരാളായിരുന്നു സന്യാസി പറഞ്ഞ റാം ബാബ. ചന്ദ്രകാന്തനെ ബാബയ്ക്കു പരിചയപ്പെടുത്തിയ ശേഷം സന്യാസി പിന്‍വാങ്ങി. മങ്ങിക്കത്തുന്ന തീനാളങ്ങളുടെ ചുവന്ന വെളിച്ചത്തില്‍ അയാളെ ആകമാനമൊന്നുഴിഞ്ഞ് ബാബ ചോദിച്ചു.

‘ കേരളത്തില്‍ എവിടെയാ.. ? ‘

‘ വടക്കേ മലബാറിലാ , കാഞ്ഞിരംകോടാ .. ‘

‘ എന്റെ നാട് കൊല്ലത്താ.. ഇവിടെ വന്നിട്ടിപ്പം ആറേഴു കൊല്ലമായി, താങ്കള്‍ തനിച്ചേയൊള്ളോ.. കൂടെയുള്ളവര്‍.. ? ‘

‘ ഞാന്‍ ഒറ്റയ്ക്കാ സ്വാമീ വന്നത്.. ‘

‘ കേദാറായിരിക്കും ലക്ഷ്യം.. അല്ലേ..? ‘

സ്വാമിയുടെ ആ ചോദ്യത്തിന് ചന്ദ്രകാന്തന്‍ മറുപടി പറഞ്ഞില്ല. ഒരിക്കലും അയാളുടെ ഉദ്ദേശം അതായിരുന്നില്ല. എതിരാളികളുടെയും പോലീസിന്റെയും കണ്ണില്‍പ്പെടാതെ ആജീവനാന്തം കഴിയാന്‍ പറ്റിയ ഒരൊളിത്താവളം . അത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. റാം ബാബയുടെ മുഖത്തേക്ക് നോക്കി ചന്ദ്രകാന്തന്‍ നിശബ്ദനായി. സ്വാമിയുടെ കണ്ണുകള്‍ക്ക് വൈരത്തിന്റെ തിളക്കം. സമൃദ്ധമായ താടിയില്‍ അല്‍പ്പംപോലും നരവീണിരുന്നില്ല. നിഷ്‌ക്കപടതയുടെ നിര്‍മ്മലത ആ മുഖത്തു സ്പഷ്ടമായിരുന്നു. ഒരു സമ്പൂര്‍ണ്ണ യോഗിയുടെ സകല ലക്ഷണങ്ങളും അയാളില്‍ പ്രകടം. രാമനാഥന്‍ ഉണ്ണിത്താന്‍ , അയാളുടെ മുഴുവന്‍ പേര് അതാണ്. ഒരു ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍. ഭാര്യ സുമലതയും അതേ സ്‌കൂളില്‍ അധ്യാപിക ആയിരുന്നു. പുത്രദുഃഖം പേറിയുള്ളതായിരുന്നു അവരുടെ നീണ്ട ദാമ്പത്യം. ഭാര്യ മരിച്ചതോടെ നാടുവിട്ടഅയാള്‍ ഹിമാര്‍ദ്രിശിഖിരങ്ങളില്‍ ശാന്തി കണ്ടെത്തി .

‘ എന്തുപറ്റി.. മുഖം വല്ലാണ്ടായല്ലോ.. എന്തായാലും തുറന്നു പറഞ്ഞോളൂ …?’ ചന്ദ്രകാന്തന്റെ മുഖഭാവം വായിച്ചിട്ടെന്നപോലെ സ്വാമി പറഞ്ഞു.

‘ പറയാന്‍ ഒരുപാടുണ്ട് സ്വാമീ.. എങ്കിലും പറയാം..’

ഗുഹാവിടവിലൂടെ അകലെ ധ്രുമമണിഞ്ഞ ഗിരിസീമകളില്‍ വിറങ്ങലിച്ച ചക്രവാളത്തിലേക്ക് നോക്കി അയാള്‍ പറഞ്ഞുതുടങ്ങി.

കാതങ്ങള്‍ അകലെ കാഞ്ഞിരംകോട് ഗ്രാമം കണ്മുന്നില്‍ തെളിയുന്നു. ആലിമൂസാന്റെ പാറമടയ്ക്കു മുകളില്‍ മധ്യാഹ്നവെയിലിനു ചൂടേറി. മടയ്ക്ക് മുകളിലെ അടര്‍ന്ന മണ്‍തിട്ടയില്‍ വേരുകളിലകിയ യൂക്കാലിമരങ്ങള്‍ പതനം പ്രതീക്ഷിച്ചു നില്ക്കുന്നു. കാതിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഹൈഡ്രോളിക് എക്‌സവേറ്ററുകളുടെ വന്യമായ മുരള്‍ച്ച. ബ്രേക്കറിന്റെ കനത്ത പ്രഹരത്തില്‍ ചിതറിത്തെറിക്കുന്ന പാറക്കഷ്ണങ്ങള്‍. അന്തരീക്ഷത്തില്‍ പോടിപടര്‍ത്തി മൂളിപ്പറക്കുന്ന കരിങ്കല്‍ച്ചീളുകളുയര്‍ത്തുന്ന സീല്‍ക്കാരം .

കരിമ്പാറമേല്‍ നീണ്ട തുളവീഴ്ത്തിയ ശേഷം ചുട്ടുപഴുത്ത ജാക്ക് ഹാമര്‍ താഴെ വച്ച് ചന്ദ്രകാന്തന്‍ നിവര്‍ന്നു നിന്നു. ഉടുത്തിരുന്ന നീലക്കരയന്‍ തോര്‍ത്തഴിച്ച് അയാള്‍ മുഖത്തേം കഴുത്തിലേം വിയര്‍പ്പൊപ്പി. ചങ്ങാതിമാരായ രാജസേനനും ദേവദാസും കുഴികളില്‍ വെടിമരുന്നു നിറയ്ക്കുന്ന തിരക്കിലായിരുന്നു.

‘ ഇനി ഊണ് കഴിച്ചിട്ടയാലോ ദേവാ…. ‘

‘ എന്താ ചങ്ങാതീ.., ഇന്ന് നേരത്തേ വിശപ്പായോ…? ‘

‘ ഊം.. നീയാ രാജനേം പൗലോസിനേം കൂടി വിളിക്ക്..’

ഔസേപ്പിന്റെ പെട്ടിക്കടയ്ക്കു പിന്നിലെ ബെഞ്ചില്‍ ആ നാല്‍വര്‍സംഘം നിലയുറപ്പിച്ചു. പാറമടയിലെ തൊഴിലാളികളെ മാത്രം പ്രതീക്ഷിച്ചു തുടങ്ങിയ കടയാണ് ഔസേപ്പിന്റെത്. ശീതള പാനീയങ്ങള്‍ മുതല്‍ ലഹരി കൂടിയ വാറ്റുചാരായം വരെ അവിടെക്കിട്ടും. ഉച്ചയൂണിനു മുന്‍പ് കുറഞ്ഞ അളവിലുള്ള സുരപാനം തൊഴിലാളികളില്‍ പലര്‍ക്കും പതിവാണ് . ലേശം അകത്താക്കിയാല്‍ അവന്‍ വായൂകൊപത്തേ അകറ്റി വിശപ്പു വര്‍ദ്ധിപ്പിക്കുമെന്നാണ് അവരുടെ പ്രമാണം. വീര്യലായനി ഗ്ലാസ്സുകളില്‍ അളന്നു പകരുന്നതിനിടയില്‍ മേശപ്പുറത്തിരുന്ന പത്രത്തിലേക്ക് വിരല്‍ചൂണ്ടി ഔസേപ്പ് പറഞ്ഞു.

‘ നിങ്ങളീ വാര്‍ത്ത കണ്ടോ..? ‘

‘ എന്താ ഔസേപ്പ് ചേട്ടാ.. വിശേഷിച്ച്.. ‘ രാജസേനന്‍ ആകാംഷയോടെ പേപ്പര്‍ വാങ്ങി നോക്കി.

‘കുന്നംതറയില്‍ രാഷ്ട്രീയക്കൊലപാതകം..’ അല്‍പ്പം ഉച്ചത്തില്‍ തന്നെയാണ് ഔസേപ്പ് അത് പറഞ്ഞത്. പത്രത്താളിലേക്ക് മിഴിയൂന്നിയ ചന്ദ്രകാന്തന്റെയും ദേവദാസിന്റെയും മുഖത്തു ഞെട്ടല്‍ പ്രകടമായി. ഉള്ളില്‍ നുരപോന്തിയ രോഷം അവര്‍ പുറത്തു കാട്ടിയില്ല . വെട്ടേറ്റു മരിച്ചത് അവരുടെ സംഘടനയുടെ പ്രാദേശിക നേതാവായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് മൃതദേഹത്തില്‍ മുത്തമിട്ടു കരയുന്ന സ്ത്രീയുടെ പടമായിരുന്നു മുഖപ്പേജില്‍.

‘ അന്തിക്കാട്ടേ സംഭവത്തിന്റെ മറുപടിയാ..’ എതിര്‍പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ രാജസേനന്‍ ആവേശത്തോടെ പറഞ്ഞു.

‘ ഒരു കുടുംബം വഴിയാധാരമായി…’ ആരോടോന്നില്ലാതെ ഔസേപ്പ് പിറുപിറുത്തു.

പടര്‍ന്നു നില്ക്കുന്ന പൂവാകയുടെ കാനല്‍വീണ തറയില്‍ അവര്‍ ഉച്ചഭക്ഷണത്തിനിരുന്നു. കത്തുന്ന വെയില്‍ പാറമടയുടെ അതിരുകളില്‍ മരീചിക തീര്‍ത്തു. വിശേഷപ്പെട്ട വിഭവങ്ങളൊക്കെ അവര്‍ പരസ്പരം പങ്കുവച്ചു. പുളിയില്‍ വറ്റിച്ച എരിവുള്ള മീന്‍കറി രാജസേനന്‍ പാത്രം തുറന്ന് എല്ലാര്‍ക്കുമായി വീതിച്ചു നല്കി. ഭക്ഷണ ശേഷമുള്ള അവരുടെ ഉച്ചമയക്കവും ആ വലിയ മരച്ചുവട്ടില്‍ തന്നെയായിരുന്നു.

മലമടക്കുകള്‍ക്കപ്പുറം പകലോന്‍ അസ്തമനമറിയിച്ചു. ഇരുളിലലിയാന്‍ തുടങ്ങുന്ന പടിഞ്ഞാറന്‍ ചക്രവാളം. പാറമടയിലെ ഖനനയന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം നിലച്ചിരുന്നു. പുകയും പൊടിയുമെല്ലാം ശമിച്ചു തുടങ്ങി. ഇരുട്ടു വ്യാപിച്ച ഗ്രാമപാതകളിലൂടെ തൊഴിലാളികള്‍ വെവ്വേറെ വഴി പിരിഞ്ഞു . പൗലോസ് മത്സ്യച്ചന്തയിലേക്കും രാജസേനന്‍ അയാളുടെ പാര്‍ട്ടി ആഫീസിലേക്കും നടന്നു. ചന്ദ്രകാന്തന്റെയും ദേവദാസിന്റെയും ലക്ഷ്യം കാഞ്ഞിരംകോട്ടേ കള്ളുഷാപ്പായിരുന്നു .

ഓലമേഞ്ഞ മേല്കൂരക്കു താഴെ പനമ്പുകൊണ്ടു മറതീര്‍ത്ത മുല്ലപ്പന്തലില്‍ അവര്‍ മുഖാമുഖമിരുന്നു. കനലില്‍ ചുട്ടെടുത്ത കരിമീനുകള്‍ അവര്‍ക്കു മുന്‍പില്‍ പല ആകൃതിയില്‍ രൂപാന്തരം പ്രാപിച്ചു. ചൂടുള്ള വാറ്റുചാരായം ആമാശയ ഭിത്തികളെ വേവിച്ചു തുടങ്ങി. മേശമേല്‍ ഉറപ്പിച്ച തടിച്ച മെഴുകുതിരിക്കു ചുറ്റും മുഴുത്ത ഈയലുകല്‍ ചിറകുവെന്തു വീഴുന്നുണ്ടായിരുന്നു. തിരിനാളത്തിന്റെ ഇരുണ്ട മഞ്ഞപ്പില്‍ മറ്റൊരാള്‍കൂടി അവര്‍ക്കരികില്‍ സ്ഥാനം പിടിച്ചു. അപരന്റെ രംഗപ്രവേശം അവരുടെ സംസാരഗതിയില്‍ വന്‍വ്യതിയാനങ്ങള്‍ വരുത്തി. ധാര്‍മ്മികതയ്ക്കും മനുഷ്യബന്ധങ്ങള്‍ക്കും അവിടെ സ്ഥാനം നഷ്ട്ടപ്പെട്ടു. അവരുടെ സംഘടനയുടെ കാഞ്ഞിരംകോട്ടേ സെക്രട്ടറിയായ ഏലിയാസ് ആയിരുന്നു അത്. അയല്‍ദേശമായ കുന്നംതറയില്‍ തലേന്നു നടന്ന കൊലപാതകം തന്നെയായിരുന്നു അവരുടെ ചര്‍ച്ചയിലെ മുഖ്യവിഷയം.

‘ ഇതിന് നമ്മള്‍ മറുപടി കൊടുത്തേ മതിയാവൂ.. ‘ കുഴഞ്ഞ ശബ്ദത്തില്‍ നേതാവന്റെ ജല്‍പ്പനം.

‘ തീര്‍ച്ചയായും വേണം നേതാവേ.. തീര്‍ച്ചയായും വേണം.. ‘

ലഹരിക്കൊപ്പംതന്നെ രാഷ്ട്രീയവൈരവും അവരെ മത്തുപിടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, പകരത്തിനു പകരം ഏലിയാസ് തിരഞ്ഞെടുത്ത ആളെ അറിഞ്ഞപ്പോള്‍

അവര്‍ നടുങ്ങി. അവരുടെ കൂട്ടുകാരന്‍ രാജസേനന്‍. അയല്‍വക്കക്കാരന്‍, കൂടെ പണിയെടുക്കുന്നവന്‍, എതിര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആണെന്നല്ലാതെ യാതൊരു വ്യക്തി വൈരാഗ്യവും അവര്‍തമ്മിലില്ല. രണ്ടുപേരും വിസ്സമ്മതം അറിയിച്ചതോടെ ഏലിയാസ് ആദ്യം ചൊടിച്ചു. രോഷത്തോടെ എന്തൊക്കെയോ പുലമ്പി. പിന്നെ അയാള്‍ നയം മാറ്റി. ചോരതിളപ്പിക്കുന്ന ഒരു പ്രഭാഷണം തന്നെ അവര്‍ക്കുമുന്നില്‍ അയാള്‍ നടത്തി. അക്കൂട്ടത്തില്‍ ചില മോഹനവാഗ്ദാനങ്ങളും. ആവേശമുണര്‍ന്നു, രക്തം തിളച്ചു. അതോടെ ക്രൂരമായ ആ രാഷ്ട്രീയ അജണ്ടയില്‍ അവരിരുവരും പങ്കാളിത്തമുറപ്പിച്ചു. സിരകളില്‍ കത്തിപ്പടരുന്ന ലഹരിയില്‍ നേതാവിന്റെ നിര്‍ദ്ദേശങ്ങളെല്ലാം അവര്‍ അപ്പാടെ ശിരസ്സാവഹിച്ചു.
‘ ശരി നേതാവേ.. എല്ലാം പറഞ്ഞപോലെ.. നാളെ കാണാം.. ‘

എലിയാസിനോട് യാത്ര പറഞ്ഞ് അവര്‍ ഇരുട്ടിലേക്കിറങ്ങി. ആകാശത്തിന്റെ അനന്തരാശിയില്‍ അര്‍ദ്ധചന്ദ്രനെ കാര്‍മേഘങ്ങള്‍ മറച്ചു. ഉഴറുന്ന കാലടികള്‍ തോടും നടവരമ്പുകളും താണ്ടി. ഇടവഴികള്‍ ഒന്നിക്കുന്ന തെങ്ങിന്‍തോപ്പും കടന്ന് ആളൊഴിഞ്ഞ പാടവരമ്പില്‍ അവര്‍ രാജസേനന്റെ വരവും കാത്തു നിന്നു. ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ സമയം ഇഴഞ്ഞു നീങ്ങി. ഇരുളിലാണ്ട വഴിയിലൂടെ ഇരയുടെ കാലടികള്‍ അടുത്തടുത്തുവരുന്നു. പെന്‍ടോര്‍ച്ചിന്റെ മങ്ങിയ വെട്ടത്തില്‍ ആളേ ഉറപ്പിച്ചു. ആയുധങ്ങള്‍ വായുവില്‍ പുളയുന്ന സീല്‍ക്കാരം. മരണരോദനം. വരണ്ട പാടത്തെ വെടിച്ചുവിണ്ട മണ്‍കട്ടകളെ നനച്ചുകൊണ്ട് ചുടുനിണമൊഴുകി.

പിറ്റേന്ന്, രാജസേനന്റെ ഓടുമേഞ്ഞ ചെങ്കല്‍പ്പുരയില്‍ നിന്നും നീണ്ട വിലാപങ്ങളുയര്‍ന്നു. ചുവന്ന ചരല്‍മുറ്റത്തിനു മേലേ നീലനിറത്തിലുള്ള ടാര്‍പോളിന്‍ ആരൊക്കെയോ ചേര്‍ന്ന് വലിച്ചുകെട്ടി. പത്രക്കാരും ചാനലുകാരും അങ്ങോട്ടേക്കോഴുകി. മുള്ളുവേലിക്കരികെ പടര്‍ന്നു നിന്ന വാളന്‍പുളിയുടെ ചുവട്ടില്‍ ചന്ദ്രകാന്തനും ദേവദാസും നിന്നു. പിന്നില്‍ കണ്ണീരണിഞ്ഞ ഒരു ചുടുനിശ്വാസം. നനഞ്ഞ വിരല്‍സ്പര്‍ശം. ചന്ദ്രകാന്തന്‍ ഞെട്ടിത്തിരിഞ്ഞു. രാജസേനന്റെ മൂത്തമകള്‍ ദേവിക. ചുവന്നുകലങ്ങിയ അയാളുടെ കണ്ണുകളിലേക്കു നോക്കി ആ ഏഴുവയസ്സുകാരി വിതുമ്പി.

‘ മാമാ.. ഞങ്ങള്‍ടെ അച്ഛന്‍.. ‘

ആ കണ്ണീരിനു മുന്‍പില്‍ താന്‍ അലിഞ്ഞില്ലാതാകുന്നതായി ചന്ദ്രകാന്തന്‍ അറിഞ്ഞു. മദ്യലഹരിയില്‍ തലേരാത്രി ചെയ്തുകൂട്ടിയതി നേക്കുറിച്ചോക്കെ ഒന്നുകൂടി ഓര്‍ക്കാന്‍ പോലും അയാള്‍ ഭയന്നു. ഉളളില്‍ കുറ്റബോധം കടലായിരമ്പി. ദേവദാസും അതേ അവസ്ഥയില്‍ തന്നെയായിരുന്നു. രാജസേനന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കളായിരുന്ന അവരെ ആരും സംശയിച്ചില്ല. പക്ഷേ, പിന്നീടുള്ള രാത്രികളില്‍ രക്തപങ്കിലമായ പല സ്വപ്‌നങ്ങളും അവരുടെ ഉറക്കം കെടുത്തി. രാജസേനന്റെ കാസരോഗം ശ്വാസംമുട്ടിക്കുന്ന അമ്മയുടെയും വിഭ്രാന്തി പിടിപെട്ട അയാളുടെ ഭാര്യയുടെയുമൊക്കെ ദീനവദനങ്ങള്‍ രൗദ്ര ഭാവം പൂണ്ട് ആ ഭീകരസ്വപ്നങ്ങളില്‍ ചുടല നൃത്തം ചവുട്ടി.

വേനലകന്നു, മഴയുടെ വരവായി. വരണ്ടുണങ്ങിയ പുഴകളും തോടുകളും ഉള്‍പ്പുളകത്തോടെ വീണ്ടുമുണര്‍ന്നു. പാടത്തും പറമ്പിലും പാറമടയിലെ കല്‍ക്കുഴികളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നനഞ്ഞ ആകാശത്തെ മഴയുടെ കരിമേഘങ്ങള്‍ അവയില്‍ നിഴലുകള്‍ വീഴ്ത്തി. നാളുകള്‍ക്കകം ഒരു മഴയകന്ന പ്രഭാതത്തില്‍ മറ്റൊരു നടുക്കുന്ന വാര്‍ത്ത കൂടി ആ ഗ്രാമവാസികള്‍ അറിഞ്ഞു. പാറമടക്കരികിലെ വാകമരത്തിന്റെ കൊമ്പില്‍ ദേവദാസ് ജീവനൊടുക്കി. ഉറ്റവരുടേയും ഉടയവരുടേയും നിലവിളികള്‍, ഗദ്ഗദങ്ങള്‍, വിലാപങ്ങള്‍. കരളലിയിക്കുന്ന പല രംഗങ്ങള്‍ക്കും ആ പൂവാക സാക്ഷ്യം വഹിച്ചു. അയാളുടെ മരണക്കുറിപ്പിലെ വെളിപ്പെടുത്തലുകള്‍ ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ആരോടും പറയാതെ അന്ന് രാത്രിതന്നെ ചന്ദ്രകാന്തന്‍ നാടുവിട്ടു.

ഹിമമണിഞ്ഞ ഗുഹാവിടവില്‍ കത്തിയമര്‍ന്ന വിറകിന്റെ കനലുകള്‍ അണഞ്ഞു തുടങ്ങിയിരുന്നു. വര്‍ദ്ധിച്ച ഉള്‍പ്പിടച്ചിലോടെ ചന്ദ്രകാന്തന്‍ പറഞ്ഞു നിര്‍ത്തി. അയാള്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് സ്വാമിയുടെ മുഖത്തേക്ക് നോക്കി. ബാബയുടെ കണ്‍തടങ്ങള്‍ വല്ലാതെ പിടയുന്നുണ്ടായിരുന്നു. അവിടെ രണ്ടശ്രുകണങ്ങള്‍ സ്ഫടികം പോലെ തിളങ്ങി. ആ ധവളകണങ്ങളില്‍ വിജനതയുടെ അനന്തസ്ഥലികള്‍ പ്രതിഭലിക്കുന്നതായി അയാള്‍ക്കു തോന്നി.

‘ അപ്പോള്‍ മൂന്നു കുടുംബങ്ങള്‍ അനാഥമായി.. അല്ലേ.. ‘ അകലങ്ങളില്‍ മിഴിയൂന്നി വ്യസനത്തോടെ സ്വാമി ചോദിച്ചു.

ചന്ദ്രകാന്തന്‍ അതിനു മറുപടി പറഞ്ഞില്ല. നാളേറെ മനസ്സില്‍ ചുമന്നുനടന്ന ഒരു ഭാരം ഇറക്കിയതിന്റെ ആശ്വാസം ആ മുഖത്തുണ്ടായിരുന്നു. റാം ബാബയുടെ പാദങ്ങളില്‍ അയാള്‍ സ്രാഷ്ടാംഗം പ്രണമിച്ചു. ആശ്രമത്തില്‍ അഭയം നല്‍കണമെന്നുള്ള ചന്ദ്രകാന്തന്റെ അഭ്യര്‍ഥന സ്വാമി സ്‌നേഹപൂര്‍വ്വം നിരസിച്ചു. ശീതകാലം തുടങ്ങിയതിനാല്‍ അവരുടെ ഇനിയുള്ള വാസം ഋഷികേശിലെ ആശ്രമത്തില്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. വേദനയോടെ ചന്ദ്രകാന്തന്‍ സ്വാമിയോടു യാത്ര പറഞ്ഞു. അന്നു രാത്രി അവിടെ കഴിഞ്ഞുകൊള്ളാന്‍ സ്വാമി നിര്‍ബന്ധിച്ചെങ്കിലും അയാള്‍ നിന്നില്ല. പക്ഷേ, ഇനി എവിടേയ്ക്കു പോകുമെന്ന് അയാള്‍ക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല .

ഹിമമുറഞ്ഞ ശിലാഖണ്ഡങ്ങള്‍ക്കു മുകളിലൂടെ അയാള്‍ ലക്ഷ്യമില്ലാതെ നടന്നു. പര്‍വ്വതപുശ്ചങ്ങളില്‍ നേരം ഇരുളാന്‍ തുടങ്ങുന്നു. തുളക്കുന്ന ശീതക്കാറ്റില്‍ അയാള്‍ തണുത്തു മരവിച്ചു. ദൂരെ ഉത്തുംഗശൃംഗങ്ങളില്‍ മഴയുടെ ആരവം. താഴെ ഉഗ്രരൂപിണിയായി ഒഴുകുന്ന മന്ദാകിനി. ആ ദുര്‍ഘടപാത തികച്ചും വിജനമായിക്കഴിഞ്ഞിരുന്നു. കുറേ അകലത്തായി പൊട്ടുപോലെ കണ്ട ഏതോ ഡാബയിലെ മങ്ങിയ വെളിച്ചം അയാള്‍ക്കു നേരിയ പ്രതീക്ഷ നല്കി. അവിടേയ്‌ക്കെത്താന്‍ ചന്ദ്രകാന്തന്‍ നടപ്പിനു വേഗം കൂട്ടി. തന്റെ ഹൃദയ സ്പന്ദനങ്ങളുടെ താളം ക്രമാതീതമായത് അയാള്‍ അറിയുന്നുണ്ടായിരുന്നു. പലപ്പോഴും ശ്വാസം നിലച്ചു പോകുമെന്നയാള്‍ ഭയന്നു. കാലുകള്‍ തളരുന്നു. ഒടുവില്‍ ഒരടിപോലും മുന്‍പോട്ടു വയ്ക്കാനാവാതെ ചെളിനിറഞ്ഞ പാതയില്‍ അയാള്‍ തളര്‍ന്നു വീണു.

അരികില്‍ ഒരു നേരിപ്പോടെരിയുന്നതിന്റെ ഇളംചൂട് അറിഞ്ഞപ്പോള്‍

ചന്ദ്രകാന്തന്‍ മെല്ലെ കണ്ണുതുറന്നു. കട്ടിയുള്ള കമ്പിളി പ്പുതപ്പിനുള്ളിലാണ് താനെന്നു മനസ്സിലായി. കിടക്കയുടെ അരികത്തായി കനലെരിയുന്ന നെരിപ്പോട്. തൊട്ടടുത്ത മേശമേല്‍ പ്രാഥമിക ചികിത്സക്കുള്ള സാമഗ്രികള്‍. അടുത്ത മുറിയിലെ ഫൈബര്‍ കസേരകളില്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍. പോലീസിന്റെയോ പട്ടാളത്തിന്റെയോ എയ്ഡ് പോസ്റ്റാണതെന്ന് അയാള്‍ക്കു മനസ്സിലായി. അവര്‍ അയാളുടെ ബാഗും പേഴ്‌സുമൊക്കെ പരിശോധിക്കുകയാണ്. ഒരാള്‍ ആരുമായോ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു.
ചന്ദ്രകാന്തന്‍ അപകടം മണത്തു. മുന്‍പോട്ടുള്ള ജീവിതത്തില്‍ ഇനി കാരാഗ്രഹവാസം ഉറപ്പായി. നാട്ടിലേക്കൊരു മടങ്ങിപ്പോക്ക് അയാള്‍ക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.

വീട്ടുകാരുടെയും നാട്ടുകാരുടെയും കത്തുന്ന നോട്ടങ്ങള്‍, ശാപവചനങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, കാറിത്തുപ്പലുകള്‍, പരിഹാസങ്ങള്‍. അതിലും ഭേദം മരണമാണ്. ഭ്രാന്തമായ ആവേശത്തോടെ പുതപ്പിനുള്ളില്‍ നിന്നും മുക്തനായി അയാള്‍ പുറത്തേക്കോടി. ബൂട്ടിട്ട കാലടികള്‍ തൊട്ടു പിന്നാലെതന്നെയുണ്ടെന്ന് അയാളറിഞ്ഞു. മുന്നില്‍ അഗാധമായ താഴ്ചയില്‍ പതഞ്ഞൊഴുകുന്ന മന്ദാകിനി. സുരക്ഷാവേലി മറികടന്ന അയാള്‍ ഇളകുന്ന മണ്‍തിട്ടയില്‍ നിന്നും താഴേക്കു ചാടി. ഒരു റബ്ബര്‍ പന്തുപോലെ പാറക്കൂട്ടങ്ങളില്‍ തട്ടിത്തെറിച്ച് നദിയുടെ കരാളഹസ്തങ്ങളിലേക്ക്. ഒടുവില്‍ അനവരതമൊഴുകുന്ന നദിയിലെ ഹിമപാളികള്‍ക്കൊപ്പം ആ ശരീരം പതിതപാവനിയായ ഭാഗീരഥി ലക്ഷ്യമാക്കി നീങ്ങി.

You May Also Like

തമിഴ് സിനിമകളിലെ പതിവ് മലയാളി കഥാപാത്രങ്ങളും ചില ബിംമ്പങ്ങളും

ടീ കട നായർ ലുങ്കിയും,ഒരു വെള്ള ബനിയനും വേഷം നായകനും ഗാങ്ങും സ്ഥിരമായി ചായ കുടിക്കാൻ എത്തുന്നത് ഇദ്ദേഹത്തിന്റെ കടയിൽ ആളുടെ ഭാര്യ 90% പേര് ഓമനയെന്നോ

ക്രൂരത നിറഞ്ഞ നോട്ടം, ആകാരം, അഭിനയം …അഭിമന്യു സിംഗിനെ ഏത് നായകന്റെയും എതിരെ നിർത്താം

രക്ത ചരിത്ര കണ്ടിറങ്ങുമ്പോൾ അതിലെ കൊടും ക്രൂരനായ വില്ലൻ ബുക്ക റെഡ്ഡി മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. അത്രക്ക് വെറുപ്പ് തോന്നും വിധമാണ്

ഓടക്കുഴലില്ലാതെ..

രാവിലെ ഒരു അഞ്ചു അഞ്ചരയായി കാണും… രണ്ടു മണിക്കൂര്‍ പോലും ആയില്ല ഒന്ന് കണ്ണടച്ചിട്ട്.. പെട്ടെന്ന്, ആരോ വിളിക്കുന്നത് പോലെ തോന്നി.. ‘ ആര്‍ശേ, ആര്‍ശേ ‘, അതെ അങ്ങനെ തന്നെയാണ് വിളിച്ചത്, പണ്ട് സ്‌കൂളില്‍ പോകാന്‍ മടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ വരാന്തയിലെ കസേരയില്‍ നിന്നും വരുന്ന അതേ വിളി ‘ ആര്‍ശേ, ആര്‍ശേ ‘ … അച്ഛനല്ലാതെ വേറെയാരും അങ്ങനെ വിളിക്കാറില്ല … ഞാന്‍ വേഗം പോയീ മുന്‍വശത്തെ വാതില്‍ തുറന്നു. ആരും ഇല്ല.

പച്ചമാങ്ങ

അയാളുടെ ഭാര്യ ഗർഭിണിയായിരുന്നു; നാട്ടിലുള്ള അമ്മയ്ക്ക് ഭാര്യയെ ശുശ്രൂഷിക്കാനുള്ള ആരോഗ്യസ്ഥിതി  ഇല്ലാത്തതിനാലാവണം പ്രസവം സ്വദേശത്തു  വേണ്ട…