അലീനാ ,

നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു…
പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .

കാരണം ,അല്പ നിമിഷത്തേക്ക് നിന്റെ സ്വരം കേള്‍ക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് വിരല്‍ത്തുമ്പു കൊണ്ട് നീയെനിക്കായി നിന്റെ ഹൃദയഭാഷയില്‍ പകര്‍ന്നു തരുന്നത് തന്നെയാണ്..അങ്ങനെ എങ്കില്‍ ആ വരികളിലൂടെ കൂടെ കൂടെ എനിക്ക് കണ്ണോടിക്കാമല്ലോ…..

പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ…

നമ്മള്‍ നടന്നു പതിഞ്ഞ പാതകള്‍ ഇന്ന് എനിക്ക് വല്ലാതെ അന്യമായിരിക്കുന്നു., ഇവിടെ, ഈ തിരക്കില്‍ ഞാനും അറിയാതെ ഒഴുകി പോകും പോലെ…
അമ്പലക്കുളവും ആല്‍ത്തറയും ആലിലകളും നമ്മോടു കഥ പറഞ്ഞ കാലം എത്ര സുന്ദരമായിരുന്നൂന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്..
പലപ്പോഴും പല നൊമ്പരങ്ങളും എന്നെ തേടി വീണ്ടും
എത്തുമ്പോഴെല്ലാം ആ വേദനകള്‍ ഞാന്‍ മറക്കുന്നത് നാം ഒരുമിച്ചു പങ്കിട്ട സായന്തനങ്ങളുടെ ഓര്‍മ്മയിലാണ്..

അന്ന് ,ജീവിതഭാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി എന്നെ തിരഞ്ഞു വന്നപ്പോള്‍..
ആ ഭാണ്ഡക്കെട്ടുകള്‍ എത്രയോ തവണ നമ്മള്‍ ഒരുമിച്ചിരുന്നു ചികഞ്ഞു നോക്കിയിരിക്കുന്നു.

അപ്പോഴെല്ലാം ആലിലകള്‍ അവയുടെ ഇളം കാറ്റിന്റെ തലോടലിലൂടെ നമ്മുടെ വേദനകള്‍ ഒപ്പിയെടുത്തിരുന്നില്ലേ …

ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു മൂളിപാട്ടുപാടാതെ… തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല …
എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

നാട്ടിലെ പോലെ അല്ല ഇവിടം…അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്…

ആരും കാണാതെ ആ കണ്ണീര് മറയ്ക്കുമ്പോള്‍ തോന്നാറുണ്ട് ആ കണ്ണീരിന്റെ നനവു മാറ്റുന്നത് ചില മുഖങ്ങളുടെയും പ്രതീക്ഷകളുടെയും തലോടലാണെന്ന്.

‘നീ പോയി രക്ഷപ്പെട്ടാല്‍ ഒക്കെ ശരിയാവും ..എന്ന്! നല്ല നാളെ സ്വപ്നം കണ്ട് എന്നില്‍ എല്ലാ പ്രതീക്ഷയും കാത്തു വയ്ക്കുന്ന അമ്മയുടെ കണ്ണിലെ ഈറനും വാക്കുകളും , ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളുമാണെന്ന്..മഴയും വെയിലും കൊള്ളാതെ കയറി കിടക്കാനായി മനസ്സില്‍ കൂടുകെട്ടിയ ഒരു കുഞ്ഞു വീടിന്റെ ചിത്രമുണ്ട് ഇപ്പോഴും ഇനിയും വരച്ചു തീര്‍ക്കാന്‍ കഴിയാതെ…

പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ് ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം…
ജോലി ചെയ്ത് തളര്‍ന്ന് മടങ്ങി വന്ന് ഒരു കുളിയും കഴിഞ്ഞു വരുമ്പോഴാണ് അടുത്ത മല്ലയുദ്ധം തുടങ്ങുന്നത് കുബ്ബൂസുമായി.. ഒക്കെ കഴിച്ചു കഴിച്ചു മടുത്തു….

ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സ് വായിക്കാന്‍ കഴിയും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തെ ആശ്വാസമുണ്ട്..
എല്ലാ വേദനകള്‍ക്കും മുന്നില്‍ പതറാതിരിക്കാന്‍ നീയെനിക്ക് ആത്മവിശ്വാസം പകര്‍ന്നു തരണം.. എന്റെ സ്വപ്നങ്ങള്‍ എനിക്ക് ശരശയ്യ ഒരുക്കുമ്പോള്‍ നീയെനിക്ക് തുണയായി നില്‍ക്കുമല്ലോ..മറ്റൊന്നും ഞാന്‍ ചോദിക്കുന്നില്ല ..നിന്റെ സൌഹൃദം ഒഴികെ..

അറിയാതെ എങ്കിലും നിന്നെയും ഞാന്‍ വേദനിപ്പിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ നോവുന്നുണ്ട് ഇന്നും…

ഞാനിവിടം പരിചയപ്പെട്ടു വരുന്നേയുള്ളൂ..നീയെനിക്കിനിയും മുടങ്ങാതെ എഴുതണേ…നീ ഉത്സവം കാണാന്‍ പോകാറുണ്ടോ…
ഞാനില്ലാത്ത എത്ര ഉത്സവങ്ങള്‍ കടന്നു പോയി ല്ലേ…
നീയും സുജയും കൂടി എന്നെ പറ്റി എന്തു പറഞ്ഞു ചിരിച്ചൂന്നാ നീ എഴുതീരിക്കുന്നത്…പരദൂഷണം നിന്റെ നിഘണ്ടുവില്‍ സ്ഥാ!നം പിടിച്ചുവോ..മറുപടിയ്ക്കു കാത്തിരിക്കുന്നു…വൈകിപ്പോകരുതേ…
എന്ന്,
സ്‌നേഹപൂര്‍വം,
……………..

You May Also Like

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം Nishadh Bala 1966 കാലഘട്ടത്തിൽ ഉദയായുടെ സ്റ്റുഡിയോ പ്രദേശത്തിന്…

നിങ്ങളുടെ കുടുബത്തിലെ മൂത്ത സഹോദരന്‍ നിങ്ങളാണോ ? എങ്കില്‍ ഇത് നിങ്ങളുടെ വേദനകളും പരിഭവങ്ങളുമാണ്.!

ഈ വീഡിയോ കണ്ട ശേഷം “ഈശ്വര..ഇത് എന്റെ കഥയല്ലേ ? ” എന്ന് ചോദിക്കാത്ത ഒരു മൂത്ത സഹോദരനും കാണില്ല..ഉറപ്പ്.

മക്കള്‍ മാഹാത്മ്യം

വളരെനേരത്തെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം മിസ്സിസ്സ് സുശീല എസ് വാരിയര്‍ ആ വീട്ടില്‍നിന്നും യാത്രചോദിച്ച് പുറത്തിറങ്ങി. അവര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ മിസ്സിസ്സ് രാജമ്മ ജി നായര്‍ തീവ്രമായ ചിന്തയിലാണ്. തന്റെ ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ?

ഒരു പെണ്ണ് കാണല്‍ കഥ

കഥ എന്നൊരു ഭംഗിക്ക് പറഞ്ഞതാ. സത്യത്തില്‍ നടന്ന സംഭവം തന്നെ.നിയമ പഠനം ഒക്കെ കഴിഞ്ഞ് കോടതിയും ചില്ലറ ബിസിനെസും ഒക്കെ ആയി നടക്കുന്ന കാലം..കസിന്‍സ് ഒക്കെ പെണ്ണ് കെട്ടാന്‍ നടക്കുന്ന സമയമായതിനാല്‍ മിക്കവാറും അവധി ദിവസങ്ങളില്‍ പെണ്ണുകാണല്‍ എന്ന പരിപാടി ഉണ്ടാകും.വല്ലവരുടെയും പെണ്ണ് കാണലിന് കൂട്ട് പോകുന്നത് ഒരു രസമുള്ള പരിപാടി ആണ്.കാറില്‍ ഇരുന്നു പെണ്ണ് വീട്ടില്‍ എത്തുക ,ലഡു ,ജിലേബി,കായ് വറുത്തത്,ഉണ്ണിയപ്പം,മിക്‌സ്ചര്‍ ഇത്യാദി ബേക്കറി സാധനങ്ങള്‍ തിന്നുകയും പെണ്ണോ ,അമ്മയോ കൊണ്ടുവരുന്ന ചായ കുടിക്കുകയും ചെയ്യുക.പെണ്ണിന്റ്‌റെ അനിയത്തിയോ,കൂട്ടുകാരിയോ ഉണ്ടെങ്ങില്‍ അവരെ നോക്കി വെക്കുക ,തിരിച്ചു വരുന്നവഴി ഏതെങ്കിലുംബാറില്‍ നിന്നും ചില്ലിചിക്കനും പൊറോട്ടയും ഒത്താല്‍ ഒരു ബിയറും .ആനന്ദ ലബ്ധിക്കിനി എന്തു വേണം!