ഹൃദയ രേഖകള്‍ …

ഈ കഥ അവര്‍ പറയട്ടെ. അവര്‍ മൂന്നു പേരും. തന്നോട് തന്നെ കള്ളം പറയാന്‍ ആര്‍ക്കുമാകില്ലല്ലോ.
സാജന്
തീരത്ത് പട്ടം പറത്തുന്ന കുട്ടിയെ നിരാശനാക്കി പട്ടം താഴെ വീണു കൊണ്ടേയിരുന്നു… ഓരോ തവണയും ഉയര്‍ന്നു പൊങ്ങാന്‍ നോക്കുമ്പോഴും കാറ്റ് അനുവദിക്കാത്ത പോലെ. ഉയരാതെ ചെരിഞ്ഞു പറക്കുന്ന പട്ടം പിന്നെ ആള്‍ക്കൂട്ടത്തിനിടയില്‍ കുരുങ്ങി താഴേക്ക്..
ചരട് പൊട്ടിയ പട്ടം പോലെയാണ് ഇപ്പോള്‍ മനസ്സ്. എവിടെ വേണമെങ്കിലും ചെന്ന് വീഴാം.
മിഴികള്‍ ആ പട്ടത്തിനെ പിന്തുടരുമ്പോഴും മനസ്സില്‍ സോന അവസാനമായി പറഞ്ഞു പോയ വാക്കുക്കള്‍ അലയടിക്കുകയായിരുന്നു
‘ സാജന് .. ഒരു ഫോട്ടോ അല്ല പ്രശ്നം.. വിശ്വാസമാണ്. നഷ്ടപ്പെട്ട വിശ്വാസവുമായി ഒരു ബന്ധവും തുടരാനാവില്ല. ഞാനതാഗ്രഹിക്കുന്നില്ല. നീ അതുള്‍ക്കൊള്ളണം ‘
ഒരു മറുപടിക്ക് വേണ്ടി മനസ്സ് പരതുന്നതിനിടയില്‍ തന്നെ അവള് തിരിഞ്ഞു നടന്നു. ഒരു പിന്‍വിളി ആഗ്രഹിക്കാത്തതു പോലെ..
കടലിനു മുകളില്‍ ആകാശം മൂടിക്കെട്ടിയിരിക്കുന്നു.. അകലെ നിന്നും ഇടി നാദം മുരളുന്നുണ്ട്.. ആദ്യ മഴത്തുള്ളിയെ കവിളിലേക്കാവാഹിക്കാന് മുഖമുയര്‍ത്തി നിന്നു.
എത്ര പെട്ടെന്നാണ് തീരം വിജനമാകുന്നത്.. ആള്‍കൂട്ടത്തിന്റെ ഓര്‍മകളുടെ കാലടിപ്പാടുകള്‍ പോലും മഴയും കടലും ചേര്‍ന്ന് തുടച്ചു മാറ്റുന്നു..
വിശ്വാസമില്ലാതെ ഒരു ബന്ധവും തുടരാനാകില്ല…
അത് തന്നെയാണ് പ്രശ്നം.. പക്ഷെ എനിക്ക് വിവേകുമായുള്ള സൗഹൃദം തുടര്‍ന്നേ പറ്റു. അവനല്ലാതെ മറൊരാള്ക്കും ആ ഫോട്ടോ സോനയെ കാണിക്കാനാകില്ല എന്നറിയുമ്പോഴും അവനെ അവിശ്വസിക്കാതിരിക്കാന്‍ മനസ്സ് കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കും..
എന്നിട്ടും ഇന്ന് കാലത്ത് അവനോടു പറയാതിരിക്കാനായില്ല..
‘ എത്ര വര്‍ഷമായി നമ്മുടെ ഈ സൗഹൃദം തുടങ്ങിയിട്ട്..?’
അവന് ചോദ്യഭാവത്തില്‍ നോക്കി..
എന്നിട്ടും നീ എന്തിനെന്നോട് ഇങ്ങനെ ചെയ്തു എന്നാണ് ചോദിക്കാന്‍ കരുതിയതെങ്കിലും
‘ ഇതിനിടയില്‍ എന്നെങ്കിലും എന്നെ ഇത്ര അപ്സെറ്റ് ആയി നീ കണ്ടിട്ടുണ്ടോ ‘
എന്നാണ് പറഞ്ഞത്.. അവന് മറുപടിയൊന്നും പറയാതെ പുറത്തേക്കു നോക്കി.
‘വൈകുന്നേരം സോനയെ കാണാന്‍ പോകുന്നുണ്ട്..’
‘ ഉം. എല്ലാം ശരിയാകും… ‘ അവന്റെ മറുപടിയില്‍ ഒട്ടും ആത്മാര്ത!ഥതയില്ലേ..?
ബീച്ച് പോലീസിന്റെ വിസില്‍ നാദമാണ് ഓര്‍മകളില്‍ നിന്നുണര്‍ത്തിയത്. തീരത്ത് ഇരുട്ട് വീണിരിക്കുന്നു. നഗരം പക്ഷെ വെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്നു. മൂന്നു വര്‍ഷം മുന്‍പ് ഇവിടുത്തെ ബാങ്കില്‍ നിയമനം ലഭിച്ചു വരുമ്പോള്‍ ഈ നഗരം ജീവിതത്തില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനത്തെ കുറിച്ചറിയില്ലായിരുന്നു. സോന എന്ന പെണ്‍കുട്ടിയേയും..
ബാങ്കിലെ വിരസതയില്‍ നിന്നുള്ള മോചനമായിരുന്നു അവളുമായുള്ള സൗഹൃദം.
പിന്നീടെപ്പോഴോ ഉള്ളില്‍ നാമ്പിട്ട പ്രണയത്തെ പക്ഷെ സൗഹൃദത്തിനുള്ളില്‍ തന്നെ ഒളിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വിവേക് ട്രാന്‍സ്ഫര്‍ കിട്ടി ഇങ്ങോട്ട് വരുന്നത് വരെ.
സ്കൂള്‍ കാലത്തേ കൂടെ കൂടിയ പ്രിയ സൗഹൃദം വീണ്ടും തളിര്‍ക്കുകയായിരുന്നു പിന്നീടുള്ള നാളുകള്‍.. താമസവും ഭക്ഷണവും പങ്കു വച്ച കൂട്ടത്തില്‍ സോനയോടുള്ള സൗഹൃദവും പങ്കു വെക്കപ്പെട്ടു.
അവരുടെ സൌഹൃദവും വളര്‍ന്നു. ഞാന്‍ പ്രതീക്ഷിച്ചതിലുമധികം..
‘ എനിക്ക് സോനയോട് തുറന്നു പറയാന്‍ കഴിയാത്തത് അവളോടുള്ള സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. അത് കൊണ്ടാണ് നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നത്..’
മാസങ്ങള്‍ക്ക് മുന്‍പൊരു വിഷു ദിന പുലരിയിലാണ് അവന് സോനയോട് അവനുള്ള പ്രണയം തുറന്നു പറഞ്ഞത്..
മനസ്സ് ഒരുപാടു കലുഷിതമായി.. സോനയും ഇതേ വാക്കുകളുമായി തന്നെ സമീപിച്ചിട്ട് അധികം ദിവസങ്ങളായിരുന്നില്ല. എന്റെ ഒരു ഇടപെടല്‍ മതി ഇനി ഇരുവരെയും ഒന്നിപ്പിക്കാന്‍ ..
പക്ഷെ ഞാനെന്താണ് അന്ന് ചെയ്തത്..?
സ്നേഹം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു ഒപ്പം ചിലപ്പോഴെങ്കിലും ക്രൂരരും..
പക്ഷെ .. കാലം തിരിച്ചടി തരാതിരിക്കില്ല എന്ന് ബോധ്യമാകുന്നു..
ആരെന്തര്ഹിക്കുന്നു എന്ന് കാലം തെളിയിക്കും…
ഈ മഴ തോര്‍ന്നിരിക്കുന്നു .. ഇനി ഈ തീരത്ത് ഓര്‍മകളുടെ മരം പോലും പെയ്യില്ല…
വിവേകിനെ കാണണം… അവനോടെല്ലാം പറയണം.. സോനയോടും..
അവര്‍ക്കിടയില്‍ ഒരു പക്ഷെ ഇനിയും ഒരു മഴ പെയ്തേക്കാം ..
വിവേക്
‘ എത്ര വര്‍ഷമായി നമ്മുടെ ഈ സൗഹൃദം തുടങ്ങിയിട്ട്..?’
രാവിലെ അപ്രതീക്ഷിതമായി സാജന് ചോദിച്ചപ്പോള്‍ മനസ്സൊന്നു പിടഞ്ഞതാണ്. അവന് തന്നെ അവിശ്വസിക്കുന്നു.. കുറ്റപ്പെടുത്താനൊരുങ്ങുന്നു എന്ന ചിന്ത പക്ഷെ മനസ്സിനൊരു ആശ്വാസമാണ് നല്‍കിയത്
‘ ഇതിനിടയില്‍ എന്നെങ്കിലും എന്നെ ഇത്ര അപ്സെറ്റ് ആയി നീ കണ്ടിട്ടുണ്ടോ ‘
പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി അവന് ചോദിച്ചതിങ്ങനെയാണ് . അവന് തന്നെ ഒട്ടും സംശയിക്കുന്നില്ല എന്ന അറിവാണ് ഏറെ അസ്വസ്ഥനാക്കിയത്.
നിനക്കാതെ പെയ്ത വേനല്‍ മഴ തോര്‍ന്നിരിക്കുന്നു. പുറത്തു ഇരുട്ട് വീഴുന്നു. സാജന് തിരിച്ചെത്തുമ്പോഴേക്കും പോകണം. തയ്യാറാക്കി വച്ചിരുന്ന ബാഗ് എടുത്തു.. നാളെയാണ് ഫ്ലൈറ്റ്.. ഇന്നിനി ഹോട്ടല്‍ റൂമില്‍ താമസിക്കാം. പിന്നെ യാത്ര..
ഒളിച്ചോട്ടമാണോ.. അറിയില്ല. ഒന്നുറപ്പുണ്ട്… ഇനി മടങ്ങില്ല.. ഇവര്‍ക്കിടയിലേക്ക്. ഒരു അപശകുനമായി.
തിരിച്ചു കിട്ടാത്ത സ്നേഹം എന്നും ഒരു വിങ്ങലായിരുന്നു.. എങ്കിലും അതിനെങ്ങനെ എന്നെ ഇങ്ങനെ നീചനാക്കാന്‍ കഴിഞ്ഞു.. അറിയില്ല.
രണ്ടു ദിവസം മുന്‍പ് പല തവണ മൊബൈലില്‍ നോക്കി സാജന് ഇരിക്കുന്നത് കണ്ടപ്പോഴേ മനസ്സില്‍ എന്തോ കൊരുത്തതാണ്.. അവന് മാറിയ തക്കത്തിന് ആ മൊബൈല്‍ എടുത്തു നോക്കി സോനയുമായുള്ള ആ ഫോട്ടോ സ്വന്തം മൊബൈലിലേക്ക് പകര്‍ത്തുമ്പോള്‍ ഒരു ചാരന്റെ മനസ്സായിരുന്നോ തനിക്ക്.. പിന്നെ മനസ്സിലെ അസൂയയും പകയുമാണ് മറ്റെല്ലാം ആസൂത്രണം ചെയ്യിച്ചത്.. അപ്രതീക്ഷിതമായി എന്ന പോലെ ആ ഫോട്ടോ സോനയെ കാണിച്ചപ്പോള്‍ നിഗൂഡമായി ആനന്ദിക്കുകയായിരുന്നു ക്രൂര മനസ്സ്..
പക്ഷെ സാജന് .. നിന്നെ ഞാന്‍ ഒരു പാട് സ്നേഹിക്കുന്നു പ്രിയ സുഹൃത്തേ ..
പിന്നെ ഞാനെന്തിനാ ഇതൊക്കെ ചെയ്തത് എന്ന് നീ ചോദിക്കരുത്..
സോനയുമായുള്ള പ്രണയം നിന്നോട് തുറന്നു പറഞ്ഞ അന്ന് നിന്റെ മുഖത്ത് സന്തോഷം ഞാന്‍ കണ്ടതാണ്. പിന്നെ അവള്‍ക്കതില്‍ താല്പര്യമില്ല എന്നെന്നെ അറിയുക്കുമ്പോള്‍ നീ ഒരുപാട് വേദനിച്ചതും ഞാന്‍ കണ്ടതാണ്.. സോനക്ക് നിന്നെയാണ് ഇഷ്ടം എന്ന സത്യം തുറന്നു പറയാനാണ് നീ ഏറെ ബുദ്ധിമുട്ടിയത്..
സന്തോഷം അഭിനയിച്ചു അന്ന് നിന്നോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ട്
‘ ഓരോ പ്രണയവും സംഭവിക്കാന്‍ ഒരു നിമിത്തം വേണമെന്നല്ലേ.. അത്തരമൊരു നിമിത്തമാകാന്‍ എനിക്ക് കഴിഞ്ഞല്ലോ എന്ന സന്തോഷമാണ് എനിക്ക് ഇപ്പോള്‍ ‘
പിന്നെ സോനയെ കാണാന്‍ തന്നെ മടിയായിരുന്നു..
എന്നോ ഒരിക്കല്‍ അപ്രതീക്ഷിതമായി അവള് മുന്നില്‍ വന്നു പെട്ടപ്പോള്‍ ആദ്യം ഒന്നും പറയാനായില്ല ..
നിശബ്ദമായ കുറേ നിമിഷങ്ങള്‍ക്കപ്പുറം ഒടുവില്‍ പറഞ്ഞു
‘നമുക്ക് നല്ല സുഹൃത്തുക്കളായി ഇനിയും തുടരാമല്ലേ ‘
‘ഞാനും വിവേകിനോട് അത് പറയാനൊരുങ്ങുകയായിരുന്നു…’
വീണ്ടും സൗഹൃദത്തിന്റെ വസന്തനാളുകള്‍ …
ഇന്നലെ പകല്‍ ആ ഫോട്ടോ കണ്ടപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട അപമാനഭാരം ഇപ്പോഴും മനസ്സിലുണ്ട്.
വയ്യ ഇനി ആരെയും അഭിമുഖീകരിക്കാന്‍ ..
ബാഗെടുത്തു മഴ ചാലുകള്‍ തീര്‍ത്ത വഴിയിലേക്കിറങ്ങി.
‘ഒരു യാത്ര പോലും പറയാതെ പോകുകയാണ് സാജന് … സൗഹൃദത്തിന്റെ തെളിനീരില്‍ വീണ ഈ വിഷവിത്തിനെ എടുത്തു കളയാനാകാത്തത് കൊണ്ട്.. നീയെന്നോട് ക്ഷമിക്കില്ലേ??
സോന
തീരത്ത് അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് ബസിലേക്ക് ഓടിക്കയറുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി. സാജന് കടല്‍പാലത്തിനടുത്ത് നിന്ന് മഴ കൊള്ളുകയാണ്.. തീരം വിജനമാകുന്നത് അറിയാതെ..
കോണ്‍വെന്റിന് മുന്നിലെ റോഡില്‍ ബസ് ഇറങ്ങുമ്പോഴും മഴ തോര്ന്നിരുന്നില്ല. ഹോസ്റ്റല്‍ വരെ മഴ കൊണ്ട് തന്നെ നടന്നു..
സാജനുമായുള്ള ബന്ധം ഇവിടെ തീരുകയാണ്.. വിഷമമല്ല, മനസ്സിന് എന്തോ ലാഘവമാണ് തോന്നുന്നത്..
‘ ഈ ഒരു ഫോട്ടോ ഇത്ര വലിയ വിഷയമാക്കേണ്ടതുണ്ടോ? നമ്മള് പരസ്പരം പ്രണയിക്കുന്നവര്‍ അല്പം ഇഴുകി ചേര്‍ന്നുള്ള ഫോട്ടോ എന്നതിലപ്പുറം ?’
അവന്റെ ചോദ്യം പ്രസക്തമായിരുന്നു എന്നറിയാം . പക്ഷെ മനസ്സ് അവനില്‍ നിന്നകലാന്‍ കാരണം തേടുകയായിരുന്നല്ലോ.
മറുപടി പറയാന്‍ ഒട്ടും മടിച്ചില്ല
‘ സാജന് .. ഒരു ഫോട്ടോ അല്ല പ്രശ്നം.. വിശ്വാസമാണ്. നഷ്ടപ്പെട്ട വിശ്വാസവുമായി ഒരു ബന്ധവും തുടരാനാവില്ല. ഞാനതാഗ്രഹിക്കുന്നില്ല. നീ അതുള്‍ക്കൊള്ളണം ‘
കൂടുതല്‍ ചോദ്യങ്ങള്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് തിരിഞ്ഞു നോക്കാതെ നടന്നത് ..
യഥാര്‍ത്ഥത്തില്‍ താനെന്നെങ്കിലും സാജനെ സ്നേഹിച്ചിട്ടുണ്ടോ..
സ്നേഹിച്ചതും ആഗ്രഹിച്ചതും എന്നും വിവേകിനെ ആയിരുന്നു.. ആദ്യം പക്ഷെ അത് തുറന്നു പറഞ്ഞത് സാജനോടായിരുന്നു.. ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ മറുപടിയുമായാണ് അവന് വന്നത്. വിവേക് തന്നെ സ്നേഹിക്കുന്നില്ല എന്നത് ഉള്‍കൊള്ളാന്‍ മനസ്സ് ആദ്യം മടിച്ചു
‘ സ്നേഹം നിസ്വാര്‍ത്ഥമാകണം. തിരിച്ചൊന്നും ആഗ്രഹിക്കരുത് ‘
ആശ്വസിപ്പിക്കാനെന്നോണമാണ് സാജന് അന്ന് പറഞ്ഞത്
‘ അല്ല സാജന് .. തിരിച്ചൊന്നും ആഗ്രഹിക്കാതെ ആര്‍ക്കും ആരെയും സ്നേഹിക്കാനാകില്ല … നീയെന്നെ സ്നേഹിക്കൂ.. ആരാധിക്കൂ.. നിന്നെ ഞാന്‍ തിരികെ സ്നേഹിക്കാം എന്നാണ് ദൈവം പോലും പറയുന്നത്. പിന്നെയാണോ നമ്മള് മനുഷ്യര്‍ ‘
മറുപടിയില്‍ തന്റെ എല്ലാ നിരാശയും കലര്‍ന്നിരുന്നു.. പിന്നെ ദിവസങ്ങള്‍ക്ക് ശേഷം വിവേകിനെ കണ്ടപ്പോള്‍ അവസാനമായി ഒന്ന് കൂടെ ചോദിക്കാന്‍ മനസ്സ് തുടിച്ചതാണ്..
പക്ഷെ അതിനു മുന്‍പേ അവന് പറഞ്ഞു..
‘നമുക്ക് നല്ല സുഹൃത്തുക്കളായി ഇനിയും തുടരാമല്ലേ ‘
പിന്നെ ഒന്നും പറയാന്‍ ബാക്കിയുണ്ടായിരുന്നില്ല. മിഴിയിണക്കോണില്‍ ഒരു ബാഷ്പ ബിന്ദുവായി പ്രണയം വിട പറയുന്നത് അറിഞ്ഞു
‘ഞാനും വിവേകിനോട് അത് പറയാനൊരുങ്ങുകയായിരുന്നു…’
എങ്ങനെയോ പറഞ്ഞൊപ്പിച്ചു
അവനോടുള്ള സൗഹൃദം നഷ്ടമായില്ല എന്നതില്‍ മാത്രം സംതൃപ്തയായിരുന്നോ താന്‍ ..?
അവനവന് പോലും പിടി തരാത്ത വൈചിത്ര്യമാണ് മനസ്സ്
പിന്നീട് സാജന്റെ പ്രണയാഭ്യര്‍ത്ഥന നിസ്സംഗമായ മനസ്സോടെയാണ് കേട്ടത്.. ഒരിക്കലും പ്രണയം തോന്നിയിട്ടില്ലെങ്കിലും അത് നിരസിക്കാനാകാതിരുന്നത് എന്ത് കൊണ്ടാകാം
അവനോടുള്ള പ്രണയം ഒരു വഞ്ചനയായിരുന്നു.. സ്വന്തം മനസ്സാക്ഷിയോട് തന്നെയുള്ള വഞ്ചന..
ആ ഫോട്ടോ സാജന് മറുള്ളവരെ കാണിച്ചു എന്നതിനെക്കാള്‍ വിവേക് അത് കണ്ടു എന്നതല്ലേ തന്നെ ഏറെ വേദനിപ്പിച്ചത് !
നനഞ്ഞു കുളിര്‍ന്നു ഹോസ്റ്റലില്‍ കയറുമ്പോള്‍ വാതിലില്‍ തന്നെ ആനി സിസ്റ്റര്‍ നില്ക്കുന്നുണ്ടായിരുന്നു. അവര്‍ പറയുന്ന വഴക്കിനെ പ്രതിരോധിക്കാന്‍ വാശിയോടെ മനസ്സിനെ സജ്ജമാക്കി
പക്ഷെ അവര്‍ ഒന്നും പറഞ്ഞില്ല.
‘വേഗം പോയി തോര്‍ത്തിക്കോ.. പനി പിടിപ്പിക്കണ്ട..’
റൂമിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു
ഒന്ന് കുളിക്കണം ആദ്യം..
പിന്നെ..
മുകളിലെ റൂമിലെ ജനവാതില്‍ തുറന്നു മുറ്റത്തേക്ക് നോക്കിയപ്പ്പോള്‍ മഴ പെയ്തു കുതിര്‍ന്ന വഴിയിലൂടെ ആനി സിസ്റ്റര്‍ പള്ളിയിലേക്ക് നടക്കുന്നത് കണ്ടു. അവരുടെ ശിരോവസ്ത്രത്തില്‍ പറ്റിയ വെള്ളതുള്ളികളുടെ തിളക്കം കണ്ണില്‍ പ്രതിഫലിച്ചപ്പോള്‍ എന്തോ ഒരുത്തരം ലഭിച്ച പോലെ തോന്നി ..
303 total views, 3 views today
