1

റിയാദിലെ മലയാളികളുടെ ഇടയില്‍ വളരെ പ്രസിദ്ധമായ ഒരു ഹോട്ടലിലേക്ക് ആണ് ഇന്ന് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു മലപ്പുറംകാരന്‍ കാക്കായും മൂപ്പരുടെ രണ്ടുമൂന്നു പണിക്കാരും ആണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. ഹോട്ടലിനു പ്രത്യേകിച്ചു പേരൊന്നും ഇല്ല എങ്കിലും മലയാളികള്‍ ഒരു അലിഖിത ഓമനപ്പേര് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് “പരാധീനം പോറ്റി” ആ പേരിനു ഒരു കാരണവും ഉണ്ട് ഏതു പാവപ്പെട്ടവനും ഒന്നോ-രണ്ടോ റിയാല് കൈയ്യില്‍‍ ചുരുട്ടിപ്പിടിച്ചു പോയാല്‍ വയര്‍ നിറയെ എന്തെങ്കിലും ഒക്കെ കഴിച്ചിട്ട് വരാം. അങ്ങനെ അത് ഒരു പരാധീനക്കാരനെ പോറ്റുന്ന പ്രസ്ഥാനം ആയി. അതുകൊണ്ട് തന്നെ അവിടെ എപ്പോഴും നല്ല തിരക്കാണ്. നമ്മുടെ കാക്കാ അതിന്റെ മുതലാളി ആണേലും മൂപ്പര്‍ക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ല; കാരണം അഹങ്കാരം കാണിച്ചാല്‍ തൊഴിലാളികള്‍ തന്നെ ചവിട്ടിക്കൂട്ടും എന്ന് മൂപ്പര്‍ക്ക് നന്നായറിയാം ഒരിക്കല്‍ അതിനു ഈയുള്ളവനും സാക്ഷിയാണ്.

പിന്നെ ഞാന്‍ പറഞ്ഞു വരുന്നത് അവിടുത്തെ വിഭവങ്ങളെ കുറിച്ചാണ്. കറികളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പരാധീനം പോറ്റീ’സ് സ്പെഷ്യല്‍ മത്തിക്കറി ആണ് അതോടൊപ്പം പിന്നെ പൊറോട്ട, അപ്പം, ഇടിയപ്പം, (കൈവിരലിന്റെ വണ്ണമുള്ള നൂഡില്‍സ്), പുട്ട് അങ്ങനെ മറ്റെന്തെങ്കിലും കഴിക്കാന്‍ കിട്ടും. ഇവിടുത്തെ മത്തിക്കറിയുടെ പ്രത്യേകത എന്തെന്നാല്‍ മത്തിയും അതിന്റെ ഗ്രേവിയും തമ്മില്‍ യാതൊരു ചേര്‍ച്ചയും ഇല്ല ഒരുമാതിരി അമ്മായിയമ്മയും മരുമകളും പോലെയാ! ഇനി ഇതിന്റെ പേരില്‍ പെണ്ണുങ്ങള്‍ എന്റെ നേരെ വാളെടുക്കുമോ ആവോ! ഞാന്‍ ഇപ്പോഴത്തെ അമ്മായി അമ്മയെയും മരുമകളെയും അല്ല ഉദ്ദേശിച്ചത്. ഇക്കാലത്ത് അവര് തമ്മില്‍ നല്ല യോജിപ്പല്ലേ!

എന്താണ് മത്തിയുടെയും ഗ്രേവിയുടെയും ഈ പിണക്കത്തിന്റെ രഹസ്യമെന്ന് ഞങ്ങള്‍ക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല കാരണം പ്രവാസത്തിനിടയില്‍ കറി ഉണ്ടാക്കാന്‍ ഒക്കെ അത്യാവശ്യം പഠിച്ചിട്ടുണ്ട്. ഒടുവില്‍ ഒരുദിവസം തിരക്കൊഴിഞ്ഞ നേരം നോക്കി ഞങ്ങള്‍ കാക്കായോട് തന്നെ കാര്യം അന്വേഷിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും മൂപ്പര് ആ രഹസ്യം ഞങ്ങളോട് പറഞ്ഞു, അതായത് അവര് ഗ്രേവി ഉണ്ടാക്കി വെച്ചിട്ട് മത്തി ഇഡ്ഡലി കുക്കറില്‍ വേവിച്ച് ഗ്രേവിയിലേക്ക് പെറുക്കി ഇടുകയാണ് പതിവ് അല്ലാതെ വീടുകളില്‍ മത്തിക്കറി ഉണ്ടാക്കുന്നത് പോലെ ഗ്രേവിയും മീനും ഒന്നിച്ച് കൂട്ടി അല്ല പാചകം ചെയ്യുക! അതിന്റെ കാരണവും മൂപ്പര് തന്നെ പറഞ്ഞു മത്തി ഒന്നിച്ചു പാചകം ചെയ്‌താല്‍ അത് പൊടിഞ്ഞു പോകുമത്രേ! അപ്പോള്‍ പിന്നെ ഒരു തിട്ടവും കിട്ടില്ല ഒരു റിയാലിന് ഒരു മത്തിയും അല്പം ഗ്രേവിയും, ആ സമവാക്യം തെറ്റിപ്പോകാന്‍ പാടില്ലല്ലോ. ഒരിക്കല്‍ അവിടെ ഭക്ഷണം കഴിക്കാന്‍ പോയ എന്റെ ഒരു കൂട്ടുകാരന്റെ കൈയ്യിലെ തള്ളവിരല്‍ പുട്ടിലേക്ക് പഴം കുഴച്ചപ്പോള്‍ ഉളുക്കിയ ഒരു ദാരുണ സംഭവവും ഉണ്ടായി. അതായത് ഇവിടെ എന്നല്ല എനിക്ക് തോന്നുന്നത് ഒട്ടുമിക്ക ഗള്‍ഫ്‌ നാടുകളിലും കിട്ടുന്ന ഒരു വാഴപ്പഴം ഉണ്ട് നന്നായിട്ട് പഴുത്ത് പാകമായില്ലെന്കില്‍ അത് ചിലപ്പോള്‍ വായില്‍ വെച്ചാല്‍ തെര്‍മോക്കോള്‍ കടിക്കുന്ന ഒരു ഫീല്‍ ആണ്! നന്നായി പഴുക്കാത്ത ആ സാധനമാ പാവം എന്റെ സുഹൃത്ത്‌ പുട്ടിനോടൊപ്പം കുഴക്കാന്‍ ശ്രമിച്ചത്‌. ഭാഗ്യത്തിന് തള്ളവിരലല്ലേ ഉളുക്കിയുള്ളൂ എന്ന് ഞാന്‍ സമാധാനിപ്പിച്ചു. കൈയ്യുടെ കുഴ തെറ്റിപ്പോകാന്‍ വരെ സാധ്യതയുള്ള അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ സന്തോഷിക്കാന്‍‍ ഞാന്‍ പുള്ളിയോട് പറഞ്ഞു.

You May Also Like

അഞ്ചാം ക്ലാസ്സ്

എല്‍-പി സ്കൂളിലെ വിദ്യ അഭ്യാസം കഴിഞ്ഞു യു-പി സ്കൂളില്‍ എത്തിയപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും ലോക്കല്‍…

“കുട്ട”ക്കാരി

“നന്ദു നമുക്ക് ഒരു സിനിമ കണ്ടാലോ? “ഏയ്‌ സമയം കുറവാടാ, സിനിമ കഴിയുമ്പോ 5 മണി കഴിയും, പിന്നെ ബസ്‌ കിട്ടാന്‍ പാടാ, നമുക്ക് ഇതിലേ ഒന്ന് കറങ്ങിട്ടു പോകാം” “എങ്കില്‍ ഓക്കേ”

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കോടികളുടെ വര്‍ദ്ധനവ്..

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ വന്‍വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 46.3% ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

കാലമാടനെ അടിച്ച മാടന്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുമ്പോള്‍ ഞാനും നീലനും വിനുവും മനീഷും…