ബോബനും മോളിയും പിന്നെ ടോംസും

0
395

Abdul Kalam Kalam 

ബോബനും മോളിയും പിന്നെ ടോംസും.

ആറു ദശകങ്ങൾക്ക് മുമ്പുള്ളൊരു കാലം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കുട്ടനാട്ടിലെ ചെളിമണ്ണിൽ കാലുറച്ചിട്ടില്ലാത്ത ടോംസിന്റെ യൗവ്വനം. നേരം പോകാൻ വേണ്ടി എന്തെങ്കിലുമൊക്കെ കുത്തിവരച്ചു ഇരിക്കും. ആനയും ചുണ്ടൻ വള്ളങ്ങളുമുക്കെയായിരിക്കും പലതും .അങ്ങനെ വരയ്ക്കുന്ന ചിത്രങ്ങൾ കാണാൻ അയൽവക്കത്തെ രണ്ടു കുട്ടികൾ വരുമായിരുന്നു .ബോബനും മോളിയുമെന്നായിരുന്നു അവരുടെ പേര് .ആദ്യമൊക്കെ അവർക്കദ്ദേഹത്തെ ഭയമായിരുന്നു.തല്ലാൻ പലതവണ ഓടിച്ചിട്ടുണ്ട് പോൽ .ഏതാണ്ട് നാലേക്കർ വരുന്ന വളപ്പിന്റെ വേലി ഭേദിച്ചിട്ടാണ് അവർ വരിക .അവർക്ക് സ്കൂളിൽ പോകാൻ ആ പുരയിടത്തിന്റെ മുക്കാൽ ഭാഗവും ചുറ്റിയാലേ നേർവഴിയിൽ എത്താൻ കഴിയൂ കടിക്കുന്ന ഒരു പട്ടിയുണ്ടായിരുന്നു ആ വഴിയിൽ .രണ്ട്മൂന്ന് തവണ പട്ടിയെ ഭയന്ന് അവർക്ക് തോട്ടിൽ ചാടേണ്ടി വന്നിട്ടുണ്ട് .പട്ടിയെ ഭയന്ന് , ആ വേലിക്ക് ദ്വാരമുണ്ടാക്കി , അടുക്കള വഴി അവർ ഇറങ്ങി ഓടും . ആ വേല മനസ്സിലാക്കിയതിൽ പിന്നെ അദ്ദേഹം ആ ഭാഗം മുള്ളുകളിട്ടു അടച്ചു .അപ്പോഴേക്കും അവർ മറ്റൊരു വഴി കണ്ടുപിടിച്ചു .പുരയിടത്തിന്റെ വെളിയിലുള്ള ഒരു തെങ്ങ് വേലിക്കകത്തേക്ക് വീണത് ചുവട് അറ്റിട്ടില്ലാത്തതു മൂലം ,അഗ്രം മേൽപ്പോട്ട് വളഞ്ഞു കായ്ഫലം തന്നിരുന്നു .ഈ തെങ്ങിലൂടെ അദ്ദേഹത്തിന്റെ വളപ്പിലേക്ക് ചാടി വീണ്ടും പഴയ മാർഗം ഉപയോഗിച്ചു.തെങ്ങാണെങ്കിൽ വെട്ടിക്കളയാൻ നിവൃത്തിയുമില്ല .അവിടെ അദ്ദേഹം തോറ്റു .സ്നേഹഭാവതത്തിൽ ഉപദേശിച്ചു പിന്തിരിപ്പിക്കാനായി പിന്നെ ശ്രമം .വല്ലവന്റെയോ പുരയിടത്തിൽ നിന്ന് മോഷ്ടിച്ച മാമ്പഴം അവരദ്ദേഹത്തിനു സമ്മാനമായി നൽകി .ക്രമേണ അവർ ഉറ്റ ചങ്ങാതിമാരായി .അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങൾ അവർ നോക്കി നിൽക്കും .

ഒരിക്കൽ ആ കുസൃതിപെണ്ണ് അവളെ ഒന്ന് വരക്കാമോ എന്ന് ചോദിച്ചു .ചുരുണ്ട മുടിയും വട്ടക്കണ്ണുകളുമുള്ള ആ പെൺകുട്ടിയെ അദ്ദേഹം വരച്ചു.(മോളിയുടെ ആദ്യ ചിത്രം) .അതവൾക്ക് ഇഷ്ട്ടപ്പെട്ടു.പിറ്റേന്ന് സ്കൂളിലെ കുട്ടികളെ കാണിച്ചു .കുട്ടികൾ അവൾക്കു ചുറ്റും കൂടി .അങ്ങനെ അവൾ ഒരു ഹീറോയിൻ ആയി .അത് കണ്ടപ്പോൾ ബോബനൊരു അസൂയ .പിറ്റേന്ന് അവനെയും വരക്കണമെന്നായി .അവനെയും വരച്ചു കൊടുത്തു .

പിന്നീടൊക്കെ സമയം പോകാൻ വേണ്ടി ഈ കുട്ടികളെത്തന്നെ വീണ്ടും വീണ്ടും വരച്ചു .ഓടിച്ചും ചാടിച്ചും വള്ളം തുഴയിച്ചും അങ്ങനെ കുറെ ചിത്രങ്ങൾ .അതിനൊന്നും ഒരു ലക്ഷ്യവുമില്ലായിരുന്നു.ഇങ്ങനെ വരച്ച ഒട്ടേറെ ചിത്രങ്ങൾ മേശമേലും താഴെയും ചിതറിക്കിടക്കുന്നത് , ഒരിക്കൽ അവിടെ വരാൻ ഇടയായ പള്ളി വികാരി ഫാദർ ജോസഫ് വടക്കുംമുറി കാണാനിടയായി .ബി എ പാസ്സായിഒരു പണിക്കു, പോകാതെ ഇരുന്നും ഉറങ്ങിയും കഴിയുന്ന ടോമിനെക്കുറിച്ചു അച്ഛന് നല്ല അഭിപ്രായമില്ലായിരുന്നു . ചില ചിത്രങ്ങൾ എടുത്തിട്ട് ഇതാരാ വരച്ചെതെന്നു ചോദിച്ചു . അദ്ദേഹം വരച്ചതാണെന്നു പറഞ്ഞപ്പോൾ ” തന്നെ ഇതിനെങ്കിലും കൊള്ളാമല്ലോ , ശ്രമിച്ചാൽ നല്ലൊരു കാർട്ടൂണിസ്സ്റ്റാവാം” എന്ന് പറഞ്ഞു .താൻ അടുത്ത തവണ വരുമ്പോ ഒരു കാർട്ടൂൺ വരച്ചു കാണിക്കണമെന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി .ടോംസ് അതത്ര കാര്യമായെടുത്തതില്ല .പിറ്റേ ആഴ്ച വന്നപ്പോൾ ടോംസ് ഒന്നും വരച്ചില്ലെന്നു മനസ്സിലാക്കിപ്പോൾ അദ്ദേഹം ഏറെ വഴക്കു പറഞ്ഞു .അങ്ങനെയാണ് ആദ്യമായി ഒരു കാർട്ടൂൺ വരക്കുന്നത് .അതും അച്ഛന് വേണ്ടി .ആ കുട്ടികളെത്തന്നെ കഥാപാത്രങ്ങളാക്കി ഒരു സിംഗിൾ കോളം കാർട്ടൂൺ .അച്ഛനത് നന്നേ ഇഷ്ട്ടപ്പെട്ടു .എന്ന് മാത്രമല്ല , അക്കാലത്തു എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘സത്യദീപം’ എന്ന സഭാ വാരികയ്ക്ക് അത് അയച്ചു കൊടുക്കാൻ അദ്ദേഹം തന്നെ മുൻകൈ എടുക്കുകയും ചെയ്തു .അന്ന് ആ വാരികയുടെ പത്രാധിപർ , ടോംസുമൊന്നിച്ചു സെമിനാരിയിൽ പഠിച്ച ഒരു ഫാദർ ജോസഫ് ആയിരുന്നു .(അദ്ദേഹമാണ് പിന്നീട് കേരളത്തിലെ ആദ്യത്തെ കർദിനാൾ ആയ പാറക്കാട്ടിൽ തിരുമേനി )

കാർട്ടൂൺ പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ ടോമിന് സന്തോഷമായി .അടിയിൽ വി ററി തോമസ് എന്ന് കണ്ടപ്പോൾ വീണ്ടും വരക്കണമെന്നായി .നാലഞ്ചു കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം (ഫാദർ) അതങ്ങു നിർത്തി .’ബ്ലോക്ക് മേക്കിങ്’ അന്ന് വളരെ ചെലവേറിയ ഒന്നായിരുന്നു .ആ കാരണം പറഞ്ഞു അന്നൊരു കത്തും കിട്ടി . തുടങ്ങിവെച്ച പണികൾ നിർത്താൻ തോന്നിയില്ല .അങ്ങനെ നാല് കോളങ്ങളിലാക്കി മനോരമ വാരികയ്ക്ക് അയച്ചു കൊടുത്തു .മനോരമ മാസിക തുടങ്ങിയിട്ട് അന്ന് രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നുള്ളു .സൃഷ്ട്ടികൾ തിരികെക്കിട്ടണമെങ്കിൽ ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ചിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നത് കൊണ്ട് ,സ്റ്റാമ്പും ഒട്ടിച്ചാണ് അയച്ചത് .രണ്ടാഴ്ച കഴിഞ്ഞപ്പോൾ പക്ഷെ അയച്ചത് പോലെ തിരിച്ചു വന്നു .തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിനും മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം’ എന്ന വാരികക്കും അയച്ചുകൊടുത്തു .എല്ലാം ഭദ്രമായി തിരികെകിട്ടി . ഒടുവിൽ ഈ പണി തനിക്ക് പറ്റിയതല്ലെന്നു പറഞ്ഞു കാർട്ടൂൺ കൃഷി നിർത്തി .

പിന്നീട് വീട്ടിലെ കൃഷിക്കാര്യങ്ങൾ ഏറ്റെടുത്തു . അക്കാലത്ത് , പിതാവിന്റെ കാല് ഒരു ബസ് ആക്സിഡന്റിൽ പെട്ട് ഒടിഞ്ഞത് കാരണം , അവരുടെ സ്ഥലം പാട്ടത്തിനു കൊടുത്തു വരികയായിരുന്നു .ടോംസ് സ്വയം നെൽകൃഷി ഏറ്റെടുത്തു .മൂലധനം അറക്കകത്തുതന്നെയുണ്ടായിരുന്നു .അന്നൊക്കെ കുട്ടനാട്ടിൽ പണിക്കാർക്ക് നെല്ലായിരുന്നു കൂലി .ഒരു പറ നെല്ലിന് വില കാൽ രൂപ .പാടം വറ്റിയാൽ ധാരാളം കൊഞ്ചും കിട്ടുമായിരുന്നു .അയൽകൃഷിക്കാരെ തോൽപ്പിക്കണമെന്ന വാശിയോടെ നല്ലവണ്ണം വളമിറക്കി കൃഷി ചെയ്തു .പക്ഷെ കതിര് ചൂണ്ടു പഴുത്തപ്പോൾ , വലിയ കാറ്റും മഴയും വന്നു പാടം മട വീണു മുഴുവനും നശിച്ചു .അങ്ങനെ രണ്ടു പ്രതീക്ഷകളും മണ്ണടിഞ്ഞു ഒന്നും ചെയ്യാനില്ലാതെ പഴയപടി മടിയനായി.

ആയിടക്ക്തന്നെ പത്രം വായിച്ചപ്പോൾ, കൃഷി നഷ്ട്ടപ്പെട്ട കർഷകർക്ക് സർക്കാർ ധനസഹായം നൽകുന്നതായി അറിയാൻ ഇടയായി .അങ്ങനെ ആവശ്യമായ രേഖകളും മറ്റുമായി വില്ലേജ് -താലൂക്ക് ഓഫീസുകൾ കയറിയിറങ്ങി പിന്നെ .ആലപ്പുഴയിലുള്ള പുഞ്ചകൃഷി സ്പെഷ്യൽ ഓഫീസർ

അക്കാലത്തു ഏറെ അറിയപ്പെട്ടിരുന്ന ഹാസ്യ സാഹിത്യകാരൻ എൻ. പി. ചെല്ലപ്പൻ നായരായിരുന്നു .എല്ലാ രേഖകളും പൂർത്തിയാക്കി സമർപ്പിച്ചു .പണം കിട്ടേണ്ട തീയതിക്ക് ചെന്നപ്പോൾ പക്ഷേ ഒപ്പിടേണ്ട ഓഫീസർ ടൂറിലാണ് .വൈകുന്നേരം വരുമെന്ന് ഉറപ്പു പറഞ്ഞതനുസരിച്ചു തൊട്ടടുത്ത ഒരു മരത്തിനു കീഴെ കാത്തിരുന്നു .അടുത്ത മരത്തിനു കീഴെ മാന്യനായ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു .ഒരു കുടയും ഡയറിയുമൊക്കെയായി .അവിടേക്ക് ടോമിന്റെ അയൽക്കാരനും സ്നേഹിതനായ ഈശ്വരപിള്ള കടന്നു വന്നു .” തന്റെ വരയും കൊരയുമൊക്കെ എവിടെവരെയായി” എന്നൊരു കളിയാക്കി ചോദ്യം ചോദിച്ചു . തന്റെ സൃഷ്ട്ടികൾ പ്രസിദ്ധീകരിക്കാതിരുന്ന പത്രക്കാരോടുള്ള എല്ലാ ഈർഷ്യയും പ്രതിഫലിപ്പിച്ചു ടോം മറുപടി പറഞ്ഞു “നമുക്കെന്തെല്ലാം കഴിവുണ്ടായിരുന്നാലും സൃഷ്ടികൾ വെളിച്ചം കാണണമെങ്കിൽ പത്രമാപ്പീസിൽ തലതൊട്ടപ്പന്മാരുണ്ടായിരിക്കണം , അതല്ലെങ്കിൽ വൃത്തികെട്ട മാർഗത്തിൽ അവരെ സ്വാധീനിക്കണം”. സ്നേഹിതൻ അവിടന്ന് പോയി .ഇതെല്ലാം കേട്ടുകൊണ്ടിരുന്ന തൊട്ടടുത്ത മരത്തിന് ചുവട്ടിലെ ആ മാന്യനായ വ്യക്തി ടോമിന്റെ അടുത്ത് വന്നു ഒരു തീപ്പെട്ടിയുണ്ടോ എന്നന്വേഷിച്ചു .ഒരു സിഗെരെറ്റിനു തീ പിടിപ്പിച്ച ശേഷം , പത്രക്കാരെ പുലഭ്യം പറഞ്ഞതിന്റെ കാര്യം അന്വേഷിച്ചു . കവിതയെഴുതുമോ എന്നും ആരാഞ്ഞു .കവിതയൊന്നും വശമില്ല എന്നും നല്ല ഒന്നാംതരമായി കാർട്ടൂൺ വരക്കുമെന്നും ടോംസ് മറുപടി നൽകി .എങ്കിൽ താനൊരു വിലാസം തരാം എന്നായി അദ്ദേഹം .ഒരു തുണ്ടു കടലാസിൽ ‘ വർഗീസ് കളത്തിൽ , എഡിറ്റർ ,മനോരമ വരിക കോട്ടയം ‘എന്നായിരുന്നു അതിൽ .വളരെ പുച്ചഭാവത്തിൽ ” ഇതു പറയാൻ നിങ്ങളാരാ” എന്ന് ചോദിച്ചു ടോംസ് .” പീപ്പിൾ കാൾ മി വർഗീസ് കളത്തിൽ”. അപ്പോഴാണ് ടോംസിനു മനസ്സിലാകുന്നത് അത് മനോരമയുടെ പത്രാധിപർ ആണെന്ന് .എൻ പി ചെല്ലപ്പൻ നായരെക്കൊണ്ട് ഒരു സ്ഥിരം പംക്തി എഴുതിക്കാൻ വന്നതാണെന്നും പിന്നീടറിഞ്ഞു .ഏതായാലും അതോടെ പ്രതീക്ഷകൾ പിന്നെയും തളിർത്തു .പിറ്റേ ദിവസം തന്നെ ബോബനെയും മോളിയേയും വെച്ച് ഒരു നാല് കോളം കാർട്ടൂൺ വരച്ചു മനോരമക്കയച്ചു .ഒരു മാസമായിട്ടും ഒന്നും കണ്ടില്ല .വീണ്ടും പ്രതീക്ഷ മങ്ങി .

ഒരു ദിവസം ബോട്ടിൽ യാത്ര ചെയ്യുമ്പോൾ എതിരെയിരിക്കുന്നയാൾ മനോരമ മാസിക വായിക്കുന്നു .വായന കഴിയുമ്പോൾ കൈനീട്ടാൻ വേണ്ടി കാത്തിരുന്നു .അങ്ങനെ കയ്യിൽകിട്ടിയ നേരം പേജുകൾ ഒന്നൊന്നായി മറിച്ചുനോക്കി .അതിലൊരു പേജിൽ ഒരു കാർട്ടൂൺ കണ്ടു .ടോംസിന്റെ അമ്പരിപ്പിച്ചു കൊണ്ട് അതിൽ അദ്ദേഹത്തിന്റെ കാർട്ടൂൺ കണ്ടു .തിരികെ വീട്ടിലെത്തുമ്പോൾ വർഗീസ് കളത്തിലിന്റെ കത്തുണ്ട്. “സുഹൃത്തേ , കാർട്ടൂൺ പ്രസിദ്ധീകരിച്ചത് കണ്ടു കാണുമല്ലോ , സൗകര്യം പോലെ ഒന്ന് വരിക “. ഇതായിരുന്നു ഉള്ളടക്കം .ടോംസ് പിറ്റേദിവസം തന്നെ ചെന്നുകണ്ടു .സംസാരിക്കുന്നതിനിടയിൽ ആ കാർട്ടൂൺ ആഴ്ച തോറും ആയാലോ എന്ന് പത്രാധിപർ ചോദിച്ചു .ആദ്യം ഒരു ഭയം തോന്നിയെങ്കിലും പിന്നീട് സമ്മതിച്ചു .

മൂന്നു നാല് കൊല്ലം കഴിഞ്ഞപ്പോൾ കുട്ടികളെക്കൊണ്ട് മാത്രം ബുദ്ധിമുട്ടാണെന്ന് തോന്നി അദ്ദേഹത്തിന് .കാരണം അവർക്ക് സഞ്ചരിക്കാവുന്ന സ്ഥലത്തിന് പരിമിതിയുണ്ട് .വീട് , അടുക്കള, പള്ളിക്കൂടം .അതിനപ്പുറത്തേക്കൊരു ലോകത്തേക്ക് അവരെ കൊണ്ടുപോകാൻ ഒക്കില്ല .ആ തരത്തിലുള്ള ഗൗരവ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായം അവർക്കായിട്ടില്ല .അവരെ വളർത്താനും പറ്റില്ല .അങ്ങെനയാണ് ഓരോരോ കാലഘട്ടത്തിൽ ഓരോ കക്ഷികളെ അതിൽ ഉൾപ്പെടുത്തിയത് .അങ്ങനെ ആദ്യം വന്നത് ‘ഉപ്പായി മാപ്പിള’ ആയിരുന്നു .ടോംസിന്റെ നാട്ടിൽ ജീവിച്ചിരുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു അത് .അദ്ദേഹത്തിന്റെ പുഞ്ചവയലിനു സമീപത്തായിരുന്നു അയാളുടെ വീട് .പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഒരു പാവം മനുഷ്യനായിരുന്നു പോൽ .സദാസമയവും കൈ പിന്നിൽ കെട്ടി മുറ്റത്തുകൂടെ തെക്കു വടക്കു നടക്കുമത്രെ .

ആ കഥാപാത്രത്തെ വായനക്കാർക്ക് ഏറെ ഇഷ്ടപ്പെട്ടു .

ആയിടക്കാണ് കോട്ടയത്ത് നിന്നും അമേരിക്കൻ സാമ്പത്തികസഹായത്തോടെ ‘കേരള ധ്വനി’ എന്നൊരു ദിനപ്പത്രം ആരംഭിച്ചത്.അവർക്കൊരു കാർട്ടൂണിസ്റ്റിനെ വേണമായിരുന്നു .പത്രാധിപസമിതിയിലെ ഒരാൾ ടോംസിനെ വീട്ടിൽ വന്നു ക്ഷണിച്ചു .അന്ന് മനോരമ പത്രത്തിൽ ടോംസ് ‘കുഞ്ചുകുറുപ്പ് ‘ എന്നൊരു കാർട്ടൂൺ വരച്ചിരുന്നു .

അതിനു ബദലായി അറിയപ്പെട്ട ഒരു കഥാപാത്രമായി ഉപ്പായി മാപ്പിളയെ അവതരിപ്പിക്കുവാൻ അവർ

ടോംസിനെ പ്രേരിപ്പിച്ചു .അങ്ങനെ ആദ്യ ലക്കം പുറത്തിറങ്ങുന്നത് ഫസ്റ്റ് പേജിൽ ഉപ്പായി മാപ്ലയെ വരച്ചുകൊണ്ടായിരുന്നു .അത് മനോരമയെ ചൊടിപ്പിച്ചു .തങ്ങളുടെ വാരികയുടെ വളർത്തിയെടുത്ത ഒരു കഥാപാത്രത്തെ തങ്ങളുടെ അനുവാദമില്ലാതെ എന്തിനു കൈമാറ്റം നടത്തിയെന്നും ഇനി ഉപ്പായി മാപ്പിള എന്ന കഥാപാത്രം ബോബനും മോളിക്കും ഒപ്പം കണ്ടുപോകരുതെന്നും വിലക്കി . അങ്ങനെ പിണ്ഡം വെച്ച് പുറത്തു പോയ ഉപ്പായി മാപ്പിളക്കു പകരമായി വന്നതാണ് ചേട്ടൻ എന്ന ഇട്ടുണ്ണൻ.അയാളും ടോംസിന്റെ നാട്ടുകാരൻ തന്നെയായിരുന്നു .പേര് ഉണ്ണിട്ടൻ എന്നത് ഇട്ടുണ്ണൻ എന്നാക്കി എന്ന് മാത്രം .ആകൃതി കൊണ്ട് ഇയാൾ ഉണ്ണിട്ടൻതന്നെയാണെന്ന് നാട്ടുകാർ മനസ്സിലാക്കിയപ്പോൾ , ഭാര്യ എതിർപ്പു പ്രകടിപ്പിച്ചു .ആ സ്ത്രീ എന്തുംചെയ്യാൻ മടിക്കാത്തവളാണെന്ന് അറിയാവുന്നത്കൊണ്ട് പിന്നീട് അയാളെ ‘ചേട്ടൻ’ എന്ന് മാത്രം വിളിക്കാൻ തുടങ്ങി .ചേട്ടനെ ഒരു പഞ്ചായത്തു പ്രെസിഡന്റായാണ് അവതരിപ്പിച്ചത് .

പിന്നീട് ഹിപ്പിയിസം വന്നപ്പോൾ ഹിപ്പികളെ കളിയാക്കാൻ വേണ്ടിയാണ് പൂവാലനായ അപ്പിയെ കൂടി കാസ്റ്റ് ചെയ്തത് .കോട്ടയം ആർട്ട്സ് സൊസൈറ്റിയിൽ മ്യൂസിക് പരിപാടിക്ക് വന്ന ഒരു ഗിറ്റാറിസ്റ്റ് ആയിരുന്നു അതിനു പ്രചോദനമായ വ്യക്തി .രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയാൻ വേണ്ടിയായിരുന്നു ഒരു രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ചത് .ചതിയും കുതികാൽവെട്ടുമായി നടക്കുന്ന ആ നേതാവിനെ അവതരിപ്പിക്കാൻ പക്ഷെ ഒരാളെ മോഡൽ ആയി കിട്ടിയില്ല .ഒരുവിൽ പരിചയമുള്ള കുറെ രാഷ്ട്രീയ നേതാക്കളുടെ ഓരോ അവയവങ്ങൾ ചേർത്തു ഒരു രൂപം കൊടുക്കുകയായിരുന്നു .എല്ലാം കൂടെ ചേർത്തപ്പോൾ നല്ല ഒരു പെരുങ്കള്ളൻ നേതാവിനെത്തന്നെ കിട്ടി .

കുട്ടികളുടെ അച്ഛനായ വക്കീൽ , ടോംസിന്റെ അടുത്ത ഒരു സ്നേഹിതൻ തന്നെയായിരുന്നു .ഒരു വക്കീൽ .പേര് അലക്സ് .’മൊട്ട’ ‘ ആശാൻ’ ‘ പരീക്കുട്ടി’ ഇവയൊക്കെ ഭാവനാസൃഷ്ടികളാണ് .

ബോബനും മോളിയും കേന്ദ്രകഥാപത്രമാക്കി 1971 ൽ ഒരു ചലച്ചിത്രവും ഇറങ്ങിയിരുന്നു. 1987 ൽ മനോരമയിൽ നിന്നും പിരിഞ്ഞതിൽ പിന്നെ കലാകൗമുദിയിൽ തന്റെ ‘ബോബനും മോളിയും’ കാർട്ടൂൺ പംക്തികൾ തുടർന്നു. ഇതേതുടർന്ന് മനോരമ പകർപ്പാവകാശനിയമനിയമപ്രകാരം അദ്ദേഹത്തിനെതിരെ അന്യായം ഫയൽ ചെയ്തു. നീണ്ടവർഷങ്ങൾക്കൊടുവിൽ മനോരമക്ക് അനുകൂലമായാണ് വിധി വന്നത്. ലോകത്തിന്റെ ഏതൊരു കോണിലുമുള്ള മലയാളികളുടെ ഗൃഹാതുരമായ ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്ന ഈ കഥാപാത്രങ്ങളുടെ സൃഷ്ട്ടാവ് 2016 april 27 ന് അന്തരിച്ചു.

Courtsey: Toms himself. ‘Bobanum Moliyum 50th Anniversary Special issue.A third person recountal.