ദേവൻ എന്ന സുന്ദരവില്ലൻ

277

Abdul Kalam Kalam

ദേവൻ എന്ന സുന്ദരവില്ലൻ.

ശരിക്കുള്ള പേര് മോഹൻ. സിനിമക്കു വേണ്ടി ഈ പേര് സ്വീകരിച്ചതാണ് ദേവൻ. പ്രശസ്ത നൃത്തവിദഗ്ദൻ പാര്ഥസാരഥിയിൽ നിന്നു നൃത്തവും, മാസ്റ്റർ കുഞ്ഞിരാമന്റെ കീഴിൽ നിന്ന് ഭരതനാട്യവും എല്ലാറ്റിലും ഉപരി കളരിയാശാനായിരുന്ന രാമയ്യദാസിൽ നിന്നും തെക്കൻ കളരിയും അഭ്യസിച്ചിരുന്നു ദേവൻ.

ഒരു നടനാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലായിരുന്ന ദേവന്റെ സ്വപ്നം, ആർമിയിൽ ഒരു ഓഫീസർ ആകുക എന്നുള്ളതായിരുന്നു.1974-75 കാലഘട്ടത്തിൽ മദ്രാസിലേക്ക് വണ്ടികയറിയതും ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷന് വേണ്ടിയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല. അങ്ങനെ എം ബി എ എഴുതി, മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ഒന്നാം ക്ലാസ്സോടെ പാസ്സായി. പിന്നെ സ്വന്തമായി ഒരു ബിസിനസ്‌ സംരംഭത്തിനുള്ള ശ്രമത്തിലായിരുന്നു. കീടനാശിനികളുടെയും മറ്റും ഏജൻസിയും കൂട്ടത്തിൽ സിപ് ഫാസനേഴ്‌സ് ന്റെ ഒരു നിർമ്മാണ യൂണിറ്റും. ആയിടക്കു തന്നെയാണ് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ മകളുമായുള്ള വിവാഹം നടക്കുന്നത്. (കാര്യാട്ടിന്റെ പെങ്ങളുടെ മകനാണ് ദേവൻ.)

എൻ എൻ പിഷാരടിയുടെ ഒരു നോവൽ ചലച്ചിത്രമാക്കുന്നതിനെക്കുറിച്ചു രാമു കാര്യാട്ട് ദേവനുമായി ചർച്ച നടത്തിയിരുന്നു. 1979 ഫെബ്രുവരി എട്ടിന് ദേവന് കാര്യാട്ടിന്റെ ഒരു ഫോൺ കാൾ വന്നു . ‘വെള്ളം’എന്നൊരു ചിത്രമെടുക്കാൻ ഉദ്ദേശിച്ചതിനെക്കുറിച്ചു സംസാരിച്ചു. അതിന്റെ ചർച്ചകൾ തൃശ്ശൂരിൽ നടന്നുകൊണ്ടിരിക്കുന്നു എന്നും മോഹൻ അതിൽ അഭിനയിക്കണമെന്നും പറഞ്ഞു. ദേവൻ കരുതിയിരുന്നത് നടൻ മോഹൻ ശങ്കർ (ലക്ഷ്മിയുടെ, )എന്നാണ്. മോഹനെ നാളെത്തന്നെ കാണാം എന്നും അഭിനയിക്കാൻ പറയാം എന്നും ദേവൻ മറുപടി നൽകി. എന്നാൽ രാമു ഉദ്ദേശിച്ചത് തന്നെയാണെന്നറിഞ്ഞ ദേവൻ, തനിക്ക് അഭിനയിക്കാൻ താല്പര്യമില്ല എന്നും, തന്നെ ഒഴിവാക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു. ആ സംഭാഷണം അവിടെ അവസാനിച്ചു. തൊട്ടടുത്ത ദിവസം ദേവന്റെ അച്ഛൻ വിളിച്ചു. രാമുവിന് അസുഖം കൂടുതലാണ് എന്ന് പറഞ്ഞു. അധികം വൈകാതെ രാമു അന്തരിക്കുകയും ചെയ്തു.

അതിന്ശേഷം മുമ്പ് ‘നിണമണിഞ്ഞ കാൽപ്പാടുകൾ’എന്ന ചിത്രം സംവിധാനം ചെയ്ത പിഷാരടി ഇതേ ‘വെള്ളം’ എന്ന സിനിമയുടെ ആശയുവുമായി വന്നു. പ്രൊജക്റ്റ്‌ തുടങ്ങിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് തുടർന്നില്ല. പകരം മറ്റൊരു ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ‘കണിക്കൊന്ന’ തുടങ്ങുന്നത്.

സോമന് നല്ല തിരക്കുള്ള സമയം. പിഷാരടിയും സുഹൃത്തുക്കളും അതിൽ അഭിനയിക്കാൻ നിർബന്ധിച്ചു. അങ്ങനെ അവരുടെ സമ്മർദ്ദം കൊണ്ട് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ അഭിനയിച്ചു. അതിൽ ടി. ജി. രവിയും വേഷമിട്ടിട്ടുണ്ട്. പക്ഷേ പടം പുറത്തിറങ്ങിയില്ല. എങ്കിലും നിനച്ചിരിക്കാതെ ഒരു നടനായി.

പിന്നീട് സിനിമാചിന്തകളൊക്കെ വിട്ട് വീണ്ടും ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങിനെയിരിക്കെ, ആയിടക്കൊരുദിവസം കോടമ്പാക്കം തെരുവിലൂടെ നടന്നുപോകുമ്പോൾ മൂന്നു നാല് പേർ ദേവനെ പിന്തുടർന്നു. എന്തോ പന്തികേട് തോന്നിയ ദേവൻ നടത്തം വേഗത്തിലാക്കി. എന്നാൽ പിന്തുടരുന്നവർ വേഗത്തിൽ അദ്ദേഹത്തിന്റെ മുമ്പിലെത്തി. ‘നാദം’ എന്ന സിനിമയുടെ സംവിധായകൻ ഗാൽബെർട്ട് ആയിരുന്നു അത്. നാദത്തിലെ കഥാപാത്രത്തോടുള്ള സാമ്യം കൊണ്ടാണ് അവർ ദേവനെത്തേടി വന്നത്. നാദത്തിൽ അഭിനയിക്കാമോ എന്നവർ ചോദിച്ചു. ദേവൻ സമ്മതിച്ചു.
ഗ്രാമത്തിൽ വന്നു ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ വേഷമായിരുന്നു അതിൽ. അതിലെ കഥാപാത്രത്തിന്റെ പേരാണ് ദേവൻ. അങ്ങനെ മോഹൻ പിന്നെ ദേവനായി.

തുടർന്നു കെ ടി ഗോപാലകൃഷ്ണന്റെ ‘തായമ്പക’, രാജസേനന്റെ ‘ആഗ്രഹം’അമ്പിളിയുടെ ‘അഷ്ടപദി’ (ഉണ്ണി എന്ന കഥാപാത്രം)എന്നിവയിലും അഭിനയിച്ചു. .അങ്ങനെ ദേവന്റെ കരിയർ വളർന്നു.

പിന്നീട് ഹരിഹരന്റെ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ യുടെ ഇടയിലാണ് ‘വെള്ള’ത്തെ ക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. ഹരിഹരനോട് പറഞ്ഞു എം ടി യെക്കൊണ്ട് തിരക്കഥയും എഴുതിച്ചു. നസീർ, മധു, കെ ആർ വിജയ, ശ്രീവിദ്യ തുടങ്ങി വലിയ താരനിര അണിനിരന്ന ഈ ചിത്രം ദേവന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്.

80 കളിൽ തുടങ്ങി നായകനും വില്ലനുമായി,
എത്രയോ കഥാപാത്രങ്ങളുമായി നാലുപതിറ്റാണ്ടോളമായി ഇന്നും നിറഞ്ഞു നിൽക്കുന്നു ദേവൻ എന്ന മോഹൻ.