ക്ഷേത്രത്തിലെ ദേവിക്ക് മുസ്ലീംങ്ങൾ ഇവിടെ വസിക്കുന്നത് ഇഷ്ടമല്ലത്രെ

642

Alex Yohannan

ചവറ തെക്കുംഭാഗം എന്ന എന്റെ നാട്ടിലെ ഒരു അന്ധവിശ്വാസത്തെ പൊളിച്ചടുക്കി. 

എന്റെ നാട്ടിൽ വളരെ വിചിത്രമായ ഒരു അന്ധ വിശ്വാസമുണ്ട്. അതായത് , എന്റെ നാട്ടിൽ മുസ്‌ലീങ്ങൾ വസിക്കുന്നില്ല, ഇപ്പോഴും അത് തുടർന്ന് പോരുന്നു. മാത്രവുമല്ല, ആ സമുദായത്തിൽപ്പെട്ട ആരും ഇവിടെ സ്ഥലം വിലയ്ക്ക് വാങ്ങുന്നതുമില്ല. കാരണം ഇവിടുത്തെ ക്ഷേത്രത്തിലെ ദേവിക്ക് മുസ്ലീംങ്ങൾ ഇവിടെ വസിക്കുന്നത് ഇഷ്ടമല്ല. ഈക്കാരണത്താൽ ഈ പ്രദേശത്ത് എത്തുന്ന മുസ്ലിങ്ങൾ സന്ധ്യയാകുന്നതിന് മുൻപ് സ്ഥലം വിടും. ദേവിയെ വെല്ലുവിളിച്ചാൽ ദുർമരണങ്ങൾ ഉറപ്പാണത്രേ. ആയതിനാൽ ആരും അതിന് ഒരുക്കമല്ല. ദേവിക്ക് ഇരുട്ടിലാണ് പ്രഹര ശേഷി. ആയതിനാൽ പകൽ ഇവിടെ വരുന്ന മുസ്ലിങ്ങൾ രാത്രിയാകുമ്പോൾ തിരികെ പോകുന്നു. ഈ പ്രദേശത്തിന്റെ അതിർത്തി കഴിഞ്ഞാൽ പിന്നെ സുരക്ഷാ ഭീഷണിയില്ല. ദേവീ കോപത്തിനുള്ള കാരണം പഴമക്കാർ പറയുന്നത് ഇങ്ങനെയാണ്. 

” പണ്ട് മുസ്ലീങ്ങൾ ദേവിയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവെന്നതാണ് വിഷയം “.
തലമുറകൾ ഒരുപാട് കഴിഞ്ഞിട്ടും ശിക്ഷ തീർന്നിട്ടില്ലത്രേ…!

ഇനി ഈ വിഷയത്തിൽ എനിക്ക് എന്റെ യുക്തിക്ക് തോന്നിയ ഒരു കാര്യം പറയാം .

ഈ കഥ ആദ്യം പറഞ്ഞ വ്യക്തിയോ കൂട്ടരോ മുസ്ലീങ്ങളുടെ അസാന്നിധ്യം ശക്തമായി ആഗ്രഹിച്ചിരുന്നു. അയാൾക്ക് മുസ്ലീങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടായേക്കാം. അപ്പോൾ അയാൾ ഈ കഥ ഇത്തിരി നീട്ടിയെറിഞ്ഞു. ആദ്യം ഇത് പറഞ്ഞയാളും അതിനേക്കാൾ കേമനായ ഇത് കേട്ടയാളും ഈക്കഥയെ നീട്ടി വളർത്തി. പിന്നീട് അത് അവർക്ക് സങ്കൽപ്പിക്കാനാകാത്ത വിധം പടർന്ന് പന്തലിച്ചു.

ഈ അടുത്ത കാലത്ത് ഒരു ചാനലിലെ “വിശ്വസിച്ചാലും ഇല്ലങ്കിലും ” എന്ന പരിപാടിയിലൂടെ ഈ കഥയെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്താൻ ശ്രമിച്ചപ്പോഴും, പിന്നീട് പ്രൊഫസർ. ശ്രീ . രവിചന്ദ്രൻ തന്റെ പുസ്തകത്തിലുടെ ഈ അന്ധവിശ്വാത്തെ പരിഹസിച്ചപ്പോഴും ആണ് ഈ കഥയ്ക്ക് പിന്നിലേക്ക് ഒന്ന് സഞ്ചരിക്കാമെന്ന് ശ്രമിച്ചത്.

പക്ഷേ ഒരു കാര്യം നിസംശയം പറയാം, ഈ വിശ്വാസം വിജയിപ്പിക്കാനായി മുസ്ലീങ്ങളുടെ ഭാഗത്ത് നിന്നും ഹിന്ദുക്കളുടെ ഭാഗത്ത് നിന്നും ഉദാരമായ സംഭാവനയുണ്ടായിട്ടുണ്ട്.

പക്ഷേ ഇനി ഈക്കഥ പൊളിച്ചടുക്കിയ ഒരാളെ എനിക്ക് നേരിട്ടറിയാം.
എന്റെ സുഹൃത്ത്, പേര് നൗഫൽ ഹമീദ്, ഇപ്പോൾ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ആദ്യമായി ലഭിച്ച ജോലി KSRTC യിൽ കണ്ടക്ടറായിട്ടാണ്. ആ കാലഘട്ടത്തിൽ എന്റെ നാട്ടിലേക്കുള്ള ബസ് റൂട്ടിലാണ് സ്ഥിരമായി ഓടിയിരുന്നത്. ഈ കാലയളവിൽ ഒരുപാട് തവണ ഈ പ്രദേശത്ത് ഈ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ മുറിയിൽ രാത്രി കിടന്നുറങ്ങി വെളുപ്പിന് 5 മണിക്കുണർന്ന് ജോലി തുടരുമായിരുന്നു. പരമ്പരാഗത മുസ്‌ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഇതുവരെ നേട്ടങ്ങളല്ലാതെ എടുത്തു പറയത്തക്ക ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.
എന്റെ സുഹൃത്ത് കാണിച്ച ധൈര്യം അദ്ദേഹത്തിന്റെ കൂട്ടത്തിലെ മറ്റാരും അന്ന് കാണിച്ചിട്ടില്ല. ഒരന്ധവിശ്വാസം തനിക്ക് കഴിയാവുന്ന വിധത്തിൽ പൊളിച്ചടുക്കിയ എന്റെ സ്നേഹിതന് നന്ദി .

NB : ദേവി കണ്ടക്ടർമാരെ വെറുതെ വിടുമെന്ന് ഈ പ്രദേശത്ത് ആരും പറഞ്ഞ് കേട്ടതുമില്ല.