സൂപ്പർതാര പദവിക്കരികിൽ നിന്ന റഹ്‌മാൻ പെട്ടന്നൊരു ദിവസം സിനിമയിൽ നിന്നും ഔട്ടാകാൻ കാരണമെന്ത് ?

779

Amal John

പലരും ഇദ്ദേഹത്തെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്, “മമ്മൂക്കയും, ലാലേട്ടനും ഒതുക്കിയ നടൻ, ഭാഗ്യം തുണച്ചിരുന്നേൽ സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്ന നടൻ” എന്നൊക്കെ. പക്ഷെ ഒന്നാലോചിച്ചാൽ റഹ്മാനെപോലെ ഭാഗ്യം തുണച്ചിട്ടുള്ള നടൻ മലയാള സിനിമയിൽ അധികമുണ്ടാകില്ല എന്ന് തന്നെ പറയേണ്ടി വരും. എന്താ ഇങ്ങനെ തോന്നാൻ എന്ന് ചോദിച്ചാൽ നമുക്കൊന്ന് പുറകോട്ട് പോയി നോക്കാം.
1984ൽ കൂടെവിടെ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ റഹ്മാന് പതിനേഴു വയസ്സ് പോലും തികഞ്ഞിരുന്നില്ല. അതും അയാൾക് വേണ്ടി പറഞ്ഞു വെച്ചിരുന്ന വേഷമൊന്നുമല്ല, വരാമെന്ന് പറഞ്ഞ പയ്യന് സമയത്തെത്താൻ കഴിയാത്തത് കൊണ്ടു ലഭിച്ച വേഷമാണ്. ആദ്യത്തെ പടത്തിൽ തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീടുള്ള റഹ്മാന്റെ കേറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സിനിമയിൽ കേറിയ ആദ്യത്തെ വർഷം തന്നെ അയാൾക്ക് 10ലധികം സിനിമകൾ ലഭിച്ചു. മുഖസൗന്ദര്യം, നല്ല ഉയരുമുള്ള നല്ല എക്സർസൈസ് ചെയ്തു മിനുസ്സപ്പെടുത്തിയ ആകാരം, അങ്ങനെ എല്ലാ അർത്ഥത്തിലും റഹ്‌മാൻ മലയാളിജനതക്ക് പുതുമ ഉണർത്തിയിരുന്നു. ഒരു പൊടിമീശ പോലുമില്ലാത്ത നായകനെ ചിന്തിക്കാൻ പോലും പറ്റാതിരുന്ന മലയാളി മനസ്സിലേക്ക്, ക്ലീൻ ഷേവും, നല്ല strong jawlineഉം ഒക്കെ വെച്ചിട്ട് റഹ്മാൻ താരമായി. അത്യാവശ്യം അഭിനയവും, മലയാളികൾ കണ്ടു പരിശീലിക്കാതിരുന്ന ഡാൻസ് സ്റ്റെപ്പും ഒക്കെ വെച്ചുകൊണ്ട് അയാൾ ഒരു താരമായി മാറി.

റഹ്മാൻ സത്യത്തിൽ മലയാളത്തിൽ ചെയ്തത് ഒരു ടിപ്പിക്കൽ ബോളിവുഡ് സുന്ദരന്റെ വേഷമായിയിരുന്നു എന്ന് പറയാം. ഒരു മാഗസിനിൽ വായിച്ചത് രാജേഷ് ഖന്ന ഒക്കെ ഉണ്ടാക്കിയ ഒരുതരം റൊമാന്റിക് വേവ് മലയാളികൾക്ക് പരിചയപ്പെടുത്തിയത് റഹ്മാൻ ആയിരുന്നു എന്നാണ്. മമ്മൂട്ടിയും, മോഹൻലാലും അഭിനയിക്കുന്ന സിനിമയിൽ ഒരു കുഞ്ഞനുജന്റെ വേഷം റഹ്മാനും വേണമെന്ന അവസ്ഥ വേണമെന്നായി. റഹ്മാൻ അവസാനമോ പകുതിയിലോ മരിച്ചാൽ, വാണിജ്യപരമായി അത്രയും ഗുണമുണ്ടാക്കും എന്ന അവസ്ഥയായി. മമ്മൂട്ടിയും, മോഹൻലാലും മത്സരിച്ചു അഭിനയിക്കുന്ന സമയത്ത് ഒരു ഗ്യാപിലൂടെ ആടുകയും, പാടുകയും, പ്രണയിക്കുകയും ഒക്കെ ചെയ്തു, റഹ്മാൻ അന്നത്തെ യുവാക്കൾക്കിടയിലെ ട്രെൻഡ് സെറ്ററും, യുവതികളുടെ ഉള്ളിലെ ഹരവുമായി മാറി. ഒരു കൊമ്മേർഷ്യൽ സിനിമക്ക് വേണ്ട അന്നത്തെ ചേരുവകളിലൊന്നായി മാറിയിരുന്നു റഹ്മാൻ ചെയ്തിരുന്ന മരം ചുറ്റി പ്രണയം ഒക്കെ വശമുള്ള തലതിരിഞ്ഞ ചെറുപ്പക്കാരൻ വേഷങ്ങൾ. അങ്ങനത്തെ സിനിമകളിലൂടെ മമ്മൂട്ടി-മോഹൻലാൽ-റഹ്മാൻ എന്ന സൂപ്പർതാര ത്രയം കൂടെ ഉണ്ടായി.

സിനിമ എന്ത് അഭിനയമെന്ത് എന്ന യാതൊരു ബോധവുമില്ലാതെ ഇരുന്നപ്പോളാണ് റഹ്മാൻ കേറിയതെന്നറിയാമല്ലോ. റഹ്മാൻ താരമായിരുന്ന കാലത്ത്(അതും വെറും 18-19 പ്രായപരിധി വെച്ചിട്ട്) അയാളേക്കാൾ പ്രായക്കൂടുതലുണ്ടായിരുന്ന പലരും ഡേറ്റ് ചോദിക്കാനും മറ്റുമൊക്കെ ഓടി നടക്കുകയായിരുന്നു(ഉദ്ദാ: ജയറാം, സുരേഷ് ഗോപി, സിദ്ദിഖ്) എന്ന് പറയുമ്പോൾ തന്നെ റഹ്മാനെ ഭാഗ്യം എത്രത്തോളം തുണച്ചു എന്ന് പറയാതെ വയ്യല്ലോ.

ഇതിനോടൊപ്പം ശോഭന, രോഹിണി എന്നിവർക്കൊപ്പം അഭിനയിച്ചു മികച്ച സ്ക്രീൻ പെയർ എന്ന പേര് വരെയുണ്ടാക്കി. ശോഭനയെയും, രോഹിണിയെയും റഹ്മാന്റെ പേരിന്റെ അറ്റത്തു ചേർത്ത് ഗോസിപ്പുകൾ വരെ ഉണ്ടായി(ഇതിന്റെ അറ്റത്തിരുന്ന അമലയും റഹ്മാനുമിടയിൽ പ്രണയം ശരിക്കുമുണ്ടായിരുന്നു എന്നും, സിനിമയിലെ തിരക്കിനിടയിൽ പെട്ടു ആ ബന്ധം ഒടിയുകയും ചെയ്തു എന്ന് റഹ്മാൻ പിന്നീട് പറയുകയുണ്ടായി). പിന്നീട് റഹ്മാൻ തമിഴിലേക്ക് കേറി. അവിടെ അയാൾക് പ്രതിഫലം കൂടുതൽ അതും ഡേറ്റ് ഉറപ്പിച്ചു പെട്ടന്ന് തന്നെ ലഭിച്ചിരുന്നു എന്നും പറഞ്ഞു അയാളുടെ ശ്രദ്ധ തമിഴിലേക്കായി. ഒരു സൈഡിൽ റഹ്മാന്റെ സൂപ്പർതാര പദവി മലയാളത്തിൽ നഷ്ടമായതിന്റെ കാരണമായി ഈ തീരുമാനത്തെ അയാൾ തന്നെ പറഞ്ഞു. എന്തിരുന്നാലും ഒരർത്ഥത്തിൽ അയാൾക് തമിഴിൽ കുറച്ചുകൂടി നല്ല വേഷങ്ങൾ ലഭിച്ചിരുന്നുm പുതു പുതു അർഥങ്ങൾ എന്ന കെ. ബാലചന്ദർ സിനിമയിൽ അയാൾക് കിട്ടിയ അത്രയും നല്ല വേഷം, അയാൾക്കതുവരെ മലയാള സിനിമയിൽ ലഭിച്ചത് പോലുമില്ല.

റഹ്മാന്റെ ഏറ്റവും നല്ല പോരായ്മയായി പറയുന്നത് റഹ്മാൻ സ്ഥിരം ഡബ്ബിങ് ആര്ടിസ്റ്റിനെ വെച്ചു എന്നതാണ്. നല്ല ശബ്ദമുണ്ടായിരുന്നേൽ കൂടെ അതുപയോഗിക്കാതെ കൃഷ്ണചന്ദ്രന്റെയൊക്കെ ശബ്ദത്തെ അയാൾ ആശ്രയിച്ചു. അതിന്റെ പ്രധാന കാരണം അയാളുടെ അക്‌സെന്റ് ആയിരുന്നു എന്ന് പറയുന്നു. ഊട്ടിയിലും, അബുദാബിയിലുമൊക്കെ പഠിച്ചിരുന്നതിനാൽ അയാളുടെ മലയാളം അത്ര ശരിയല്ലായിരുന്നു എന്നൊക്കെ പറയപ്പെടുന്നു (ഒരുപക്ഷെ റഹ്മാന് പറ്റിയത് മനസ്സിൽ വെച്ചിട്ടായിരിക്കും അതിലും മാരക അവസ്ഥയിൽ നിന്നിട്ടും ദുൽഖർ കഷ്ടപ്പെട്ട് തന്റെ മലയാളം പോളിഷ് ചെയ്തെടുത്തത്). കൂടാതെ ആദ്യ നാളുകളിൽ അല്പം അഹങ്കാരം അയാൾക്കുണ്ടായിരുന്നുവെന്നും പറയുന്നു. അഭിനയത്തോടൊപ്പം സംസാരരീതിയിൽ മാറ്റങ്ങൾ വരുത്താൻ അയാൾ വിസമ്മതിച്ചു എന്നൊക്കെ കേൾക്കുന്നു(വ്യക്തമായി എനിക്കിതറിയില്ല). പക്ഷെ അതും വെച്ചുകൊണ്ട് അയാൾ ഇത്രയും കൊല്ലം പിടിച്ചിരുന്നത് തന്നെയാത്ഭുതം! ഡബ്ബിങ് ആര്ടിസ്റ്റിനെ വെച്ചുകൊണ്ട് ഇത്രയും നാൾ താരമായി നിന്നിരുന്ന ഒരു നടൻ മലയാള സിനിമയിൽ വേറെയുണ്ടെന്ന് തോന്നുന്നില്ല. തമിഴിലും ഇതേ രീതിയിൽ വര്ഷങ്ങളോളം അയാൾ താരമായി നിന്നു എന്നത് വേറൊരു കാര്യം! മമ്മൂട്ടിയും മോഹൻലാലും ഇൻഡസ്ട്രി ഹിറ്റിന്റെയും മറ്റുമൊക്കെ ടെക്‌നിക്കുകൾ മനസിലാക്കി കളം മാറി കളിക്കാൻ തുടങ്ങിയപ്പോൾ, കാര്യമായ പക്വത ലഭിക്കാതിരുന്നതൊക്കെ കൊണ്ടു തന്നെ റഹ്മാൻ പിന്നീടും ബഹുദൂരം പിന്നിലേക്ക് പോയി തുടങ്ങിയിരുന്നു. പിന്നീട് മൂന്നാമൻ സ്ഥാനത്തെ ഗ്യാപ്പിൽ നിന്ന് മാറിയിട്ട് തിരിച്ചുകേറാൻ നോക്കിയപ്പോൾ അതും നടന്നില്ല. അതിനോടകം തന്നെ ജയറാം, മുകേഷ് എന്നിവർക്കൊപ്പം, ആ മൂന്നാം സ്ഥാനത്തു കുറച്ചുകൂടി വീതി കൂട്ടി സുരേഷ് ഗോപി കെറിയിരുന്നു. ഡയലോഗ് ഡെലിവറി ഒന്നും ഇമ്പ്രൂവ് ചെയ്യാത്തതിനാൽ റഹ്മാന്റെ രണ്ടാം വരവ് വിജയകരമായി മാറിയില്ല. അയാൾ തിരിച്ചു തമിഴിൽ പോയി പിന്നെയും കൊള്ളാവുന്ന വേഷങ്ങൾ ചെയ്തു.

റഹ്മാന്റെ മലയാളത്തിലേക്കുള്ള മൂന്നാമത്തെ വരവ് കുറച്ചുകൂടെ ഗ്രാൻഡ് ആയിരുന്നു എന്ന് പറയാം. കേറിയ രണ്ടു പടത്തിലും അയാൾക് ഫൈറ്റ് സീന്സും നൃത്തം ചെയ്യാൻ സാധ്യതയുള്ള ഗാനരംഗങ്ങളും ലഭിച്ചു(മമ്മൂട്ടി ഇടപെട്ടാണ് അങ്ങനെ നടന്നതെന്ന് പറയപ്പെടുന്നു). ചുരുക്കി പറഞ്ഞാൽ ഒരു രണ്ടാം നായകൻ! പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റുകളെ ആശ്രയിച്ചിരുന്നെങ്കിലും രാജമാണിക്യം, മഞ്ചാടിക്കുരു പോലുള്ള സിനിമകളിലൂടെ പതുക്കെ പതുക്കെ അയാളുടെ സ്വന്തം ശബ്ദം പുറത്തെടുക്കാൻ തുടങ്ങി. മുംബൈ പോലീസ്, ബാച്ചലർ പാർട്ടി പോലുള്ള സിനിമകളിൽ സ്വന്തം ശബ്ദമല്ലേൽകുടി ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അയാൾ ചെയ്തു.

ഇതിനിടയിൽ പഴയ സൂപ്പർതാര സ്ഥാനത്തേക്ക് എബ്രഹാം ലിങ്കൺ, മുസാഫിർ എന്ന സിനിമകളിലൂടെ കേറാൻ നോക്കിയെങ്കിലും നടന്നില്ല. വെടിയെല്ലാം തീർന്നു എന്ന അവസ്ഥയിൽ ഇരുന്നെങ്കിലും തമിഴിൽ ഒരു ഇരുപതുകാരൻ തന്റെ ആദ്യ സിനിമയായ “ധ്രുവങ്ങൾ പതിനാറു” എന്ന സിനിമയിലൂടെ തന്റെ കരിയർ ബെസ്റ്റ് അഭിനയം റഹ്മാൻ പുറത്തുകൊണ്ടുവന്നു. റഹ്മാൻ അതോടെ പിന്നെയും തമിഴിലെയും മലയാളത്തിലെയും പ്രിയങ്കരനായി മാറി. പിന്നീട് “രണം” എന്ന സിനിമയിലെ വില്ലൻ വേഷവും അയാൾ ചെയ്തു. അന്ന് വരുവലിച്ച റഹ്മാൻ ഇന്ന് നല്ല വേഷങ്ങളും സിനിമകളും ആഹ്രഹിക്കുന്ന സെലെക്ടിവ് ആയ നടനാണ്.

ഒരുതരത്തിൽ പറഞ്ഞാൽ ഇത്രയുമൊക്കെ പോരെ, റഹ്മാന്റെ ഭാഗ്യത്തിന്റെ ലെവൽ എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ? ചെറുപ്രായത്തിൽ തന്നെ ആവശ്യത്തിലധികം അംഗീകാരങ്ങളും, ജനപ്രീതിയും അയാൾക് ലഭിച്ചു. ഇത്രയിത്രക്ക് അമിളികളും തെറ്റായ തീരുമാനങ്ങളും, പക്വത കുറവുകളുമൊക്കെ ഉണ്ടായിരുന്നിട്ടും അയാൾക് പിന്നെയും ചാൻസുകൾ ലഭിച്ചുകൊണ്ടേയിരുന്നു. ഇനി റഹ്മാന്റെ കൂടെ ഉണ്ടായിരുന്നവരെക്കൂടെ ഒന്നാലോചിക്കുക. റഹ്മാനെക്കാൾ വലിയ ഭാവി വാഗ്ദാനമായിരുന്ന ശങ്കർ ഒക്കെ എവിടെയെന്നുപോലും ഇപ്പോൾ ആർക്കുമറിയില്ല(തിരിച്ചുവരാൻ ശ്രമിച്ചപ്പോഴൊക്കെ അയാൾ പരാജയപ്പെട്ടു). റഹ്മാന്റെ എതിരാളി എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഷഫീഖ് എന്ന നടൻ വന്നതിലും നേരത്തേ തന്നെ തിരിച്ചു പോയിരുന്നു. റഹ്മാനെ തിരിച്ചു താര പദവിയിലേക്ക് കേറാൻ സമ്മതിക്കാത്തവർ എന്ന് കരുതപ്പെടുന്ന സുരേഷ് ഗോപിയും ജയറാമും പോലും ഇന്ന് മോശം സിനിമ സെലെക്ഷൻറെയൊക്കെ കാരണത്താൽ ആക്ഷേപത്തിനിരകളാണ്. മുൻപത്തെ രീതിയിൽ നിന്നും “”New wave” സംബ്രദായത്തിലേക്ക് കടന്നപ്പോൾ അപ്പോഴും കാലം റഹ്മാന് അനുകൂലമായിരുന്നു.

വന്ദനത്തിൽ മോഹൻലാൽ ഗാഥയോടു നോക്കി “Still I love you” എന്ന് പറയുന്നത് പോലെ, “റഹ്മാൻ സിനിമാ സിനിമയുടേതാണ്, സിനിമ നടനാകാൻ വിധിക്കപെട്ടവനാണ്”, എന്ന് വിധി അയാളെ നോക്കിപ്പറയുന്ന ഒരു imagery നമുക്ക് മനസ്സിൽ നിഷ്പ്രയാസം ഉള്ളിലുണ്ടാക്കിയെടുക്കാം!