ആവേശത്തോടെ കാത്തിരിക്കുന്നു ജല്ലിക്കെട്ടിനായി

0
291

Arun Paul Alackal 

സിനിമാസംബന്ധിയായ ചർച്ചകളിൽ വളരെയധികം ഉയർന്നു കേൾക്കുന്ന, പ്രകീർത്തിക്കപ്പെടുന്ന ഒരു പേരാണ് LJP അഥവാ ലിജോ ജോസ് പെല്ലിശ്ശേരിയുടേത്. കുറച്ചു സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയ, തന്റെ പ്ലാനുകൾ ആർക്കുവേണ്ടിയും മാറ്റാൻ തയ്യാറല്ലാത്ത, ആരെയും ഇമ്പ്രെസ് ചെയ്യിക്കണം എന്ന് നിർബന്ധമില്ലാത്ത ഒരു സിനിമാക്കാരൻ. നായകനിൽ തുടങ്ങി ഡബിൾ ബാരലിൽ ഒക്കെയെത്തിയപ്പോഴാണ് പുള്ളി വലിയ ചർച്ചകളിൽ നിറയുന്നതെങ്കിലും എന്നിലെ സിനിമാ ആസ്വാദകനെ LJP ആരാധകനാക്കിയത് ‘ആമേൻ’ എന്ന ഫാന്റസിയുടെ മേമ്പൊടിയുള്ള കുമരങ്കരിയുടെ കഥയാണ്. അങ്കമാലി ഡയറീസിലൂടെ കുറെ പുതിയ മുഖങ്ങളെ കളത്തിലിറക്കി അമ്പരപ്പിച്ചപ്പോൾ കൂടിയ ആ ആരാധന പൂർണമായത് ഒരു സെക്കൻഡ് ഷോയ്ക്ക് സിനിമ തീർന്നിട്ടും സീറ്റിൽ മരവിച്ചിരുന്നു പോയ ‘ഈ.മ.യൗ’ എന്ന ഞെട്ടലിലൂടെയാണ്. ഇരുട്ടിന്റെയും ഉള്ളിലേക്ക് ഇരച്ചുകയറുന്ന പശ്ചാത്തല സംഗീതത്തിന്റെയും കൂട്ട് പിടിച്ചു മരണവും നിസ്സഹായതയും സ്നേഹവും ഭ്രാന്തും സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ അതിന്റെ അമരക്കാരനായ ആ താടിക്കാരന്റെ ഇനിയുള്ള സിനിമകൾ എല്ലാം തന്നെ ഒത്താൽ തീയേറ്ററിൽ നിന്ന് തന്നെ കാണുമെന്ന് അന്ന് ഉറപ്പിച്ചതാണ്.

ആൾക്കൂട്ടത്തിന്റെ ചിത്രീകരണം ഏറ്റവും റിയലിസ്റ്റിക്കായി ഈ അടുത്ത കാലയളവിൽ കണ്ടത് ഈ.മ.യൗ ലെ മരണവീട്ടിലെ സീനുകളിലാണ് എന്ന് നിസംശയം പറയാൻ സാധിക്കും. ഷൂട്ടിങ്ങ് കാണാൻ വന്നവരോ അല്ലെങ്കിൽ സീനിൽ അഭിനയത്തിനായി കേറി നിന്നവർ തന്നെയോ ആണെങ്കിൽ പോലും അവരിൽ ഒരാളെങ്കിലും പ്രസ്തുത സീനിന്റെ വിശദമായ വിവരങ്ങൾ അറിയാതെ, ആ സീനുമായി ചേർന്ന് പോകാത്ത ഒരു expression ഇട്ടാലോ ഒന്ന് ചിരിച്ചാലോ സീൻ മുഴുവൻ മോശമായി പോകുന്ന അപകടം ധാരാളം ആളുകൾ സ്‌ക്രീനിലെത്തുന്ന രംഗങ്ങൾക്കുണ്ട്. അത്തരത്തിലുള്ള സീനുകളുടെ ചിത്രീകരണത്തിൽ ഒരു കൈയ്യടക്കമുള്ള സംവിധായകന്റെ പാടവം എന്തെന്നുള്ളതിന്റെ ഉദാഹരണങ്ങളിലൊന്നാണ് മേൽപ്പറഞ്ഞ സീൻ. ശവത്തിന് ചുറ്റും കൂടി നിൽക്കുന്നവരുടെ നിസംഗതയും അലമുറയിട്ട് ഓടി വരുന്ന ഒരു പുതു സ്ത്രീകഥാപാത്രത്തിന്റെ രംഗപ്രവേശം സമ്മാനിക്കുന്ന സംശയ/ആശ്ചര്യ ഭാവങ്ങളും പിന്നീടതൊരു കൈയ്യങ്കാളിയിലേക്ക് മാറുമ്പോഴുണ്ടാവുന്ന ഭാവമാറ്റങ്ങളും അവിടെ കൂടിനിൽക്കുന്ന – ടി സീനിൽ സ്‌ക്രീനിലെത്തുന്ന – എല്ലാവരുടെ മുഖങ്ങളിലും കാണാം എന്നതും ആ മുഖങ്ങളിലൊന്നു പോലും മുൻകാലങ്ങളിൽ പ്രമുഖ അഭിനേതാക്കളായി പേര് കേട്ടവരോ അല്ല എന്നതും അവരെ ആ നിലയിൽ രംഗങ്ങളിൽ എത്തിച്ച സംവിധായകന്റെ മിടുക്കു തന്നെയാണ്.

 ടീസർ

ഒരു സീനിന്റെ സത്ത മനസിലാക്കിയുള്ള ‘ക്രൗഡ് കൊറിയോഗ്രാഫി’യുടെ (വിശേഷണം അങ്ങനെ തന്നെയാണോ എന്നറിയില്ല) ഒരു ചെറിയ മിന്നാലാട്ടം ഇനി വരാൻ ഇരിക്കുന്ന ‘ജല്ലിക്കെട്ടി’ന്റെ നിന്നിറങ്ങിയ ടീസറിലും കണ്ടു. ടീസറിലെ ഒരു ഷോട്ട് കൊണ്ട് പടം മുഴുവൻ അങ്ങ് വാഴ്ത്തിക്കളയാം എന്നൊന്നും ഉദ്ദേശിക്കുന്നില്ല. എന്നാലും പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര സ്ഥാനീയനായി നിൽക്കുന്ന ആ പോത്ത് സൃഷ്ടിക്കുന്ന സംഭ്രമ ജനകമായ ഭാവങ്ങൾ അവിടെ കൂടി നിൽക്കുന്ന മനുഷ്യരിൽ കാണാൻ പറ്റുന്ന എല്ലാ മുഖങ്ങളിലും സൂം ചെയ്തെടുക്കാൻ സാധിക്കും. ടോർച്ചുകളുടെ വെളിച്ചം കൊണ്ട് ഒരു സീൻ വെളിച്ചത്തിലാക്കിയതും ഹർജി തയ്യാറാക്കുന്ന ആളുടെ കൈയ്യിൽ വെറ്റിലയും ചുണ്ണാമ്പും പകുതിയ്ക്കലെത്തി നിൽക്കുന്നതിലെ ഡീറ്റെയ്‌ലിങ്ങും ചർച്ചയാക്കി കാട് കയറുന്നില്ല, എന്നാലും കാത്തിരുന്നു കണ്ട ടീസറിൽ സ്‌ട്രൈക്ക് ചെയ്‌ത ഒരു സംഗതി ഒന്ന് പൊലിപ്പിച്ചെഴുതി എന്ന് മാത്രം.

ആവേശത്തോടെ കാത്തിരിക്കുന്നു ജല്ലിക്കെട്ടിനായി