അഞ്ജരുടെ വിതണ്ഡ വാദങ്ങൾ തെല്ലൊരമ്പരപ്പോടെ നമ്മൾ കേൾക്കുമ്പോഴാണ് നെഹ്രുവിന്റെ മഹത്വം അറിയുന്നത്

273

Augustus Morris

അസ്‌വിയുടെ പ്രസിഡന്റ്

വിജ്ഞാനം എല്ലാ ജീവികൾക്കും വേണ്ടിയുള്ളതാണ് , അത് പ്രാപഞ്ചികമാണ് എന്ന കാഴ്ചപ്പാട് നിലനിന്നിരുന്ന കാലത്തെ ഭാരതത്തിന്റെ ഭരണാധികാരിയായിരുന്നു ശ്രീ .ജവഹർലാൽ നെഹ്‌റു .അറിവിന്റെ സാർവത്രികവൽക്കരണത്തിനായി പൊരുതിയ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നിന്നും അറിവിന്റെ കച്ചവടവൽക്കരണ ത്തിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ് . അവിടെനിന്നും ഒരുപടികൂടി കടന്ന് പ്രത്യക്ഷമായ ശാസ്ത്ര നിന്ദയും , ശാസ്ത്ര നിരാകരണവും നിർലോഭം നടക്കുന്ന ഒരു ലോകത്തേക്ക് നാമെത്തപ്പെട്ടു. ” പുളു ” ട്ടോണിയം , സ്വർണം , ഓക്സിജൻ തുടങ്ങിയ ഒരുപാട് പദങ്ങൾ ട്രോൾ വിഷയങ്ങളായി ഓടിക്കൊണ്ടിരിക്കുന്നു .

-സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരുപാട് പുരോഗതി കൈവരിക്കാൻ സയൻസും സാങ്കേതികവിദ്യയും സഹായിച്ചെങ്കിലും ശാസ്ത്രീയ മനോവൃത്തിയും ശാസ്ത്ര അവബോധവും ക്രമേണ കുറഞ്ഞു വന്നു . ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പ്രകടമായ സയൻസ് വിരുദ്ധതയിലേക്ക് [ വാക്സിൻ വിരുദ്ധത ,പരിണാമ സിദ്ധാന്ത വിരുദ്ധത ഉൾപ്പെടെ ] നാം കൂപ്പുകുത്തി . അടുത്തകാലത്ത് സയൻസ് കോൺഗ്രസ്സ് ഇൾപ്പെടെയുള്ള വേദികളിൽ ശാസ്ത്ര ” അഞ്ജ ” രുടെ വിതണ്ഡ വാദങ്ങൾ തെല്ലൊരമ്പരപ്പോടെയാണ് ശാസ്ത്രകുതുകികൾ കേട്ടത് .

ASWI [ ASSOCIATION OF SCIENTIFIC WORKERS OF INDIA ] എന്ന , ശാസ്ത്ര പ്രവർത്തകരുടെ സംഘടനയുടെ പ്രസിഡന്റ് ആയി വർത്തിച്ച ആളായിരുന്നു നെഹ്‌റു , അതും അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന കാലത്ത് .വിദേശീയരും സ്വദേശീയരും ആയ ഒരുപാട് ശാസ്ത്രജ്ഞന്മാർ അതിൽ അംഗങ്ങളായിരുന്നു . പ്രസിഡന്റ് പദവി ഏറ്റെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു ” അറിവിന്റെ , സേവനതല്പരതയുടെ ഉപാസകരാകേണ്ടവരാണ് ശാസ്ത്രജ്ഞർ ,അല്ലാതെ ധനസമ്പാദനത്തിന്റെ പിറകെ പായേണ്ടവരല്ല ”. ശാസ്ത്ര വിഷയങ്ങളിൽ ഇതുപോലെ ഇടപെട്ടിരുന്ന ഒരു ഭരണാധികാരി ലോകത്ത് വേറെ ഒരു ജനതയ്ക്കും ഉണ്ടായിരുന്നില്ല .

പഞ്ചാബിനെ ഫലഫൂയിഷ്ടമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച ഭക്രാ – നംഗൽ അണകളുടെ രൂപരേഖ തയ്യാറാക്കിയത് അമേരിക്കൻ എൻജിനീയറായ HARVEY SLOCUN ആണ് .ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേധാവിയായി ഇന്ത്യയിലെ ആദ്യ സസ്യ ശാസ്ത്രജ്ഞ ജാനകി അമ്മാളിനെ നിയമിച്ചു . പ്രതിരോധ ഗവേഷണത്തിന് തുടക്കമിട്ടത് PMS BLACKET . യോഗ്യരായ സയന്റിസ്റ്റുകളെ , അവരുടെ ദേശീയത നോക്കാതെ തന്റെ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്ക് ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിനായി . ഐൻസ്റ്റീൻ ഉൾപ്പെടെയുള്ള മഹദ് വ്യക്തികളുമായി നിരന്തര സമ്പർക്കം ഉണ്ടായിരുന്ന ഇന്ത്യൻ ഭരണാധികാരി ആയിരുന്നു നെഹ്‌റു .

CSIR ( 1943 ) , TIFR ( 1945 ) , NPL ( 1950 ) , ഖരഗ്പൂർ IIT ( 1950 ), IIM തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഗവേഷണ സ്ഥാപനങ്ങളും സ്വാതന്ത്ര്യത്തിനു മുൻപും , അതിനുശേഷമുള്ള നെഹ്രുവിയൻ കാലഘട്ടത്തിലും ആരംഭിച്ചവയാണ് . ഇരുമ്പുരുക്ക് ശാലകൾ ,കപ്പൽ നിർമ്മാണ കേന്ദ്രങ്ങൾ , ദാമോദർവാലി പോലുള്ള ജലസേചന പദ്ധതികൾ , അണക്കെട്ടുകൾ എല്ലാം ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സംഭാവനകളായിരുന്നു . ഏതെങ്കിലുമൊരു ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കാനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ട് മാത്രമാണ് താനൊരു പ്രധാനമന്ത്രി ആയിപ്പോയതെന്ന് പരസ്യമായി പ്രഖ്യാപിക്കാനും അദ്ദേഹം മറന്നില്ല .

”’ രാഷ്ട്രീയം എന്നെ സാമ്പത്തിക ചിന്തകളിലേക്ക് നയിച്ചു .അത് പൂർണ്ണമായും ശാസ്ത്രത്തിലേക്കെത്തിച്ചു . അതാകട്ടെ , എല്ലാ പ്രശ്നങ്ങളെയും ,എന്തിന് ജീവിതത്തെ തന്നെയും ശാസ്ത്രീയ നിലപാടിലൂടെ കാണാൻ സഹായിച്ചു . ശാസ്ത്രം മുന്നേറുന്നതനുസരിച്ച് മതചിന്തകളുടെ ഇടുങ്ങിയ രീതിയിലുള്ള വ്യാഖ്യാനം കുറയും .ജീവിതത്തെപ്പറ്റിയും പ്രകൃതിയെപറ്റിയും കൂടുതൽ അറിവ് സ്വായത്തമാക്കുന്നതിലൂടെ പ്രകൃത്യാതീത കാരണങ്ങളിലുള്ള വിശ്വാസവും കുറഞ്ഞു തുടങ്ങും . ശാസ്ത്രീയ സമീപനവും ശാസ്ത്ര ബോധവും ഒരേസമയം ജീവിതരീതിയും ചിന്താരീതിയുമാണ് . മറ്റു മനുഷ്യരുമായുള്ള സഹകരണം ,ഇടപെടൽ എന്നിവയുടെയും രീതിയാണത് .അങ്ങനെ ആയിരിക്കുകയും വേണം .ജനങ്ങളുടെ പ്രവർത്തന ദിശയാണ് ശാസ്ത്രബോധം .അതൊരു സ്വതന്ത്ര മനുഷ്യന്റെ അവബോധമാണ് . ശാസ്ത്രത്തിനു മാത്രമേ വിശപ്പ് , ദാരിദ്ര്യം ,മാലിന്യം ,നിരക്ഷരത , അന്ധവിശ്വാസം തുടങ്ങിയവ ഇല്ലാതാക്കാൻ കഴിയൂ .പട്ടിണിപ്പാവങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയെന്ന ” സമ്പന്ന ” രാജ്യത്ത് പരിമിതമായ പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം തടയാനും ശാസ്ത്രത്തിനു മാത്രമേ കഴിയൂ ”…..ജവഹർലാൽ നെഹ്‌റു .