ആസുരവേഗത്തിലെ അപരാജിതർ

297

Dibin Jacob 

ആസുരവേഗത്തിലെ അപരാജിതർ.

ഇന്നലെ മൈക്കൽ ഷൂമാക്കറിനെ പറ്റി വീണ്ടും കേട്ടു.പാരീസിലെ ഒരു ആശുപത്രിയിൽ സ്റ്റെം സെൽ സർജറി കഴിഞ്ഞ്, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സ്വിറ്റ്സർലൻഡിലെ ജനീവ തടാകക്കരയിലെ വീട്ടിലേക്ക് അയാൾ മടങ്ങി.

ആറുവർഷം മുൻപ് ഫ്രഞ്ച് ആൽപ്സിൽ മകനോടൊപ്പം സ്കീയിംഗ് നടത്തുൻപോൾ,
പാറയിലിടിച്ചു വീഴുകയായിരുന്നു മൈക്കൽ.
സുരക്ഷാ കവചം ധരിച്ച,പരിചയ സൻപന്നനായ സ്കീയർ;പക്ഷേ പരിക്ക് ഗുരുതരം.
ആറു മാസം ഡോക്ടർമാർ നിശ്ചയിച്ച കോമയിൽ, പിന്നീട് പാതിബോധത്തിൽ.
പരസഹായത്തോടെ നടത്തം.
ഇപ്പോൾ സ്വയം നടക്കാനാകുന്നു എന്നാണ്
വിശ്വാസം. ബോധത്തിനും അബോധത്തിനും
ഇടയിലെവിടെയോ ആണ് അയാൾ.
ഇങ്ങനെയെന്ന് ഊഹം മാത്രമാണ്.
അയാളെ പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ
പിന്നീടൊരിക്കലും കുടുംബമോ ചികിൽസകരോ പുറത്തു വിട്ടില്ല.

ആരായിരുന്നു ഷൂമാക്കർ?

27 വർഷം മുൻപ് സ്പോർട്സ്റ്റാർ മാസികയുടെ അവസാന ഗ്ളോസി പേജിൽ,
ഫോർമുല-വൺ ചാംപ്യനായോ പോഡിയം ഫിനിഷ് ചെയ്തോ, ഷാംപെയ്ൻ ബോട്ടിൽ പൊട്ടിച്ചു ചീറ്റിക്കുന്ന ചിത്രമായാണ്
ജർമനായ അയാളെ ആദ്യമായി കണ്ടത്.
പ്രത്യേകതരം വേഷത്തിൽ മറ്റു ഡ്രൈവർമാരും.

അയർട്ടൺ സെന്ന
അലൈൻ പ്രോസ്റ്റ്
റൂബൻസ് ബാരിചെല്ലോ
ഡാമൺ ഹിൽ
ഷാക്ക് വില്ലന്യൂവ്
മിക്ക ഹക്കിനൻ

ഷൂമാക്കർക്ക് ശേഷം:

ഫെർണാണ്ടോ അലോൺസോ
കിമി റൈക്കണൻ
ജെൻസൺ ബട്ടൺ
ലൂയിസ് ഹാമിൽട്ടൺ
സെബാസ്റ്റ്യൻ വെറ്റൽ
നിക്കോ റോസ്ബർഗ്

അതിവേഗം,പണം,പെണ്ണ്,പ്രശസ്തി,ഗ്ളാമർ.
ഒരു ഗ്രാമവാസി പയ്യന് സങ്കൽപിക്കാൻ
ബുദ്ധിമുട്ടുള്ള പ്രത്യേകതരം ലോകം.

സെന്നയായിരുന്നു കിരീടം വയ്ക്കാത്ത രാജാവ്.
എക്കാലത്തെയും മികച്ച എഫ്‌-വൺ ഡ്രൈവർ.പക്ഷേ 1994-ൽ സാൻ മാറിനോ
ഗ്രാന്റ് പ്രീയിൽ ട്രാക്കിൽ അയാൾ മരണത്തിന്
കീഴടങ്ങി, ബ്രേക്ക് പെഡൽ അയാളുടെ തല തുളച്ച് കയറി.

ഷൂമാക്കറുടെ തേരോട്ടം അതിനു ശേഷമായിരുന്നു.

ഏറ്റവും കൂടുതൽ ലോകകിരീടം_7
ഏറ്റവും കൂടുതൽ ഗ്രാന്റ് പ്രീ വിജയം_91
ഏറ്റവും കൂടുതൽ പോൾ പൊസിഷൻ_68
ഏറ്റവും വേഗം കൂടിയ ലാപ്പുകൾ_77
ഒരൊറ്റ സീസണിൽ വിജയിച്ച റെയ്സ്_13

കണക്കുകളിൽ ചരിത്രത്തിലെ ഏറ്റവും മികച്ച
ഡ്രൈവർ.

പക്ഷേ അയാൾ ഒരു പോപ്പുലർ ചാംപ്യൻ
അല്ലായിരുന്നു. ഒടുങ്ങാത്ത വിജയതൃഷ്ണയിൽ,
ഷൂമാക്കർ ട്രാക്കിൽ ഫ്രീക്ക് ആക്സിഡന്റുകൾ ഉണ്ടാക്കി. എഫ്-വൺ സിഇഒ, ബേർണി
എക്കിൾസ്റ്റണുമായി ചേർന്ന് നിയമങ്ങൾ വളച്ചൊടിച്ചു.
അധികാരവും പ്രശസ്തിയും സ്വന്തം
നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു.
പക്ഷേ അതുകൊണ്ട് മഹത്വം കുറയുന്നില്ല.
ഏത് അളവുകോൽ വച്ച് നോക്കിയാലും
മുകളിൽ കാണുന്ന അക്കങ്ങൾ അവഗണിക്കാൻ കഴിയില്ല.

നരേൻ കാർത്തികേയൻ എന്നൊരു എഫ്‌-വൺ
ഡ്രൈവർ ഇന്ത്യക്കുണ്ടായിരുന്നു.
ഫോർമുല വണ്ണിൽ നേട്ടങ്ങൾ പരിമിതമെൻകിലും ഫോർമുല-ടുവിൽ അയാൾ
ഒരു ശക്തിയായിരുന്നു.
കോയമ്പത്തൂരുകാരനാണ്.
അത് യാദൃശ്ചികമല്ല, ഇന്ത്യയിൽ അന്ന് രണ്ടേ രണ്ട് റെയ്സ് ട്രാക്കാണ് ഉള്ളത്.
ഒന്ന് കോയമ്പത്തൂർ, രണ്ട് ചെന്നൈ.
ചെന്നൈ ട്രാക്ക് ഒരു സിനിമ സംഘട്ടന രംഗത്തിലാണ് ആദ്യം കണ്ടത്.
കമലഹാസന്റെ ഷങ്കർ ചിത്രം ‘ഇന്ത്യൻ’.

ഇന്ത്യിൽ എഫ്-വൺ റെയ്സ് ആരാധകർക്ക് പഞ്ഞമുണ്ടായില്ല. കേബിൾ ടെലിവിഷൻ വഴി വന്ന സ്റ്റാർ സ്പോർട്സും ഇഎസ്പിഎന്നും
എഫ്‌-വൺ ആവേശത്തെ സ്വീകരണമുറിയിൽ
കൊണ്ടു വന്നു. ഷൂമാക്കറേയും എതിരാളികളേയും ആയിരക്കണക്കിന് പേർ
വിടാതെ പിന്തുടർന്നു.
പോൾ പൊസിഷൻ, എഞ്ചിനീയറിംഗ് ടീം,
ഫാസ്റ്റ് ടയർ, അഡ്വാൻസ്ഡ് എൻജിൻ,
പിറ്റ് സ്റ്റോപ്പ്, ചെക്കേർഡ് ഫ്ളാഗ്, ഗ്രാന്റ് പ്രീ,
ടാർമാക്, ഫെറാരി, മക് ലാറൻ_അവരിങ്ങനെ
ചർച്ചയിൽ മുഴുകി.

അതിലൊരാൾ സച്ചിൻ തെൻഡുൽക്കർ.
എഫ്-വൺ സച്ചിന്റെ ബാറ്റിംഗ് ശൈലിയെ
സ്വാധീനിച്ചു. തൊണ്ണൂറുകളുടെ അവസാനം, ചെന്നൈയിൽ എംആർഎഫിന്റെ
റെയ്സ് ട്രാക്കിൽ സച്ചിനും ബ്രയൻ ലാറയും
സ്റ്റീവ് വോയും ഗോ കാർട്ടിംഗ് നടത്തി.
താരതമ്യേന വേഗം കുറഞ്ഞ റെയ്സ്.
മിന്നുന്ന ഫോമിൽ നിന്ന ആ വർഷം,
യൂറോപ്പിൽ സച്ചിൻ ഷൂമാക്കറെ കണ്ടു.
ഷൂമാക്കറുടെ സ്പോൺസർമാർ സച്ചിന് ഒരു
ഫെറാരി കാർ സമ്മാനിച്ചു.

ആ കാർ ഇന്ത്യയിൽ എത്തിക്കാൻ നികുതി ഇളവിന് അപേക്ഷിച്ചത് വിവാദമായി.
അവസാനം ഒരു കോടി രൂപ വിലയുള്ള കാറിന്,
അത്രയും തന്നെ നികുതി ഫെറാരി തന്നെ അടച്ചു. പകൽ സമയത്ത് മുംബൈയിൽ പുറത്തിറക്കാൻ ബുദ്ധിമുട്ടുള്ള ഫെറാരിയിൽ,
രാത്രിനേരം നഗരത്തിനു പുറത്ത് ഹൈവേയിൽ
സച്ചിൻ സവാരിക്ക് പോയി.
വേഗത 140 കിലോമീറ്റർ.
ഇതറിഞ്ഞ ഗാവസ്‌കർ ഇന്ത്യക്കാരെ ഓർത്ത്
വേഗത കുറയ്ക്കാൻ സച്ചിനെ ഉപദേശിച്ചു.
2011-ൽ നോയ്ഡയിൽ നടന്ന ആദ്യ ഇന്ത്യൻ
ഗ്രാന്റ് പ്രീയിൽ, മറ്റൊരു ജർമൻ സെബാസ്റ്റ്യൻ വെറ്റൽ ഫിനിഷിങ് പോയിന്റ് കടക്കുൻപോൾ,
ചെക്കേർഡ് ഫ്ളാഗ് വീശിയത് സച്ചിനായിരുന്നു.

പ്രൊഫഷണൽ എഫ്-വൺ ട്രാക്കിൽ വേഗത കുറയാറില്ല. പരമാവധി വേഗം 350 കടന്നു പോകും, ശരാശരി വേഗം 300ന് മേൽ.
ബുള്ളറ്റ് ട്രെയിൻ പോകുന്ന വേഗം.
കരിയർ വേഗമെടുത്താൽ ലോകം വാഴ്ത്തുന്ന ലെജന്റും ആരുമറിയാതെ പോകുന്ന, അവസാനം ഫിനിഷ് ചെയ്യുന്ന ഡ്രൈവറും തമ്മിലുള്ള വ്യത്യാസം വെറും 10 സെക്കന്റ്.
മാർജിൻ ഫോർ എറർ അത്ര മാത്രം.

കൊളോസിയം പോലുള്ള ഒരു ചോരക്കളമാണ്
എഫ്-വൺ ട്രാക്കുകൾ, ഡ്രൈവർമാർ പരസ്പരം
പോരടിക്കുന്ന ഗ്ളാഡിയേറ്റർമാരും.
എഴുപതുകളിൽ ഇതുപോലെ ഒരു പോര് നടന്നു.
ബ്രിട്ടീഷ് പ്ളേബോയ് ജെയിംസ് ഹണ്ടും, ഓസ്‌ട്രിയൻ ക്ളിനിക്കൽ ഡ്രൈവർ നിക്കി ലോദയും തമ്മിൽ.
അവർ ട്രാക്കിനു തീകൊളുത്തിയതിന്റെ
കഥയാണ് റോൺ ഹൊവാർഡ് സിനിമ ‘റഷ്’
പറഞ്ഞത്.
ഭയം,സാമർത്ഥ്യം,ധൈര്യം,അതിജീവനം, മരണം.
ഇത് ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളി.

1976-ലെ ന്യൂൺബർഗ് ഗ്രാന്റ് പ്രീയിൽ കാർ ഇടിച്ചു തകർന്ന് നിക്കി ലോദ മരണം മുന്നിൽ കണ്ടു, ഗുരുതരമായ പൊള്ളലോടെ അയാളെ
പുറത്തെടുത്തു; ലോദ പക്ഷേ തോൽക്കാൻ തയ്യാറല്ലായിരുന്നു. ആറാഴ്ച കഴിഞ്ഞ് അയാൾ
വീണ്ടുമിറങ്ങി, ഇറ്റലിയിൽ നാലാം സ്ഥാനം.
പോരാട്ടവീര്യത്തെ തീജ്വാലകൾക്ക് വിഴുങ്ങാനായില്ല,അതോ മരണതൃഷ്ണയേയോ?
ഓട്ടം തുടർന്ന ലോദ 1984-ൽ വീണ്ടും ലോകചാംപ്യനായി.
മൊത്തം മൂന്ന് ലോകകിരീടങ്ങൾ.
എഫ്-വൺ കാറുകളുടെ രണ്ട് പ്രധാന
നിർമാതാക്കളായ ഫെറാറിയിലും മക് ലാറനിലും
ചാംപ്യനായ ഒരേയൊരാൾ.
25 ഗ്രാന്റ് പ്രീ വിജയം.54 പോഡിയം ഫിനിഷ്.

ഈ ഡ്രൈവർമാർക്ക് ട്രാക്കിലെ ഓരോ നിമിഷവും മരണവുമായുള്ള മുഖാമുഖമാണ്.
ഭയമുണ്ടെങ്കിലും അവർ ഇറങ്ങും.
എൻജിൻ മുരളുൻപോൾ അവർ വേറേതോ
ഡൈമൻഷനിലാണ്, സമയം നിശ്ചലമാകുന്ന
ഏതോ ഇടം. ട്രാക്കിൽ ചോര വീഴാതെ ഓട്ടം
പൂർത്തിയാക്കിയ ഷൂമാക്കറെ താരതമ്യേന
സുരക്ഷിതമായ മഞ്ഞുവീണ,
മലൻപാതയാണ് തടഞ്ഞത്.
ബോധത്തിനും അബോധത്തിനുമിടയിൽ മെല്ലെ നടക്കുകയാണ് 50 തികഞ്ഞ അയാളിപ്പോൾ.
സ്പോർട്സ് ഇതിഹാസങ്ങൾക്ക് വിരമിക്കൽ
മരണതുല്യമാണ്.
അതിനു ശേഷമുള്ള ശൂന്യത അസഹനീയം.
ഷൂമാക്കറിൽ ഓർമ്മകൾ ബാക്കിയുണ്ടാകുമോ?
പ്രശാന്തമായ ജനീവ തടാകത്തിലേക്ക് നോക്കിയിരിക്കുൻപോൾ അയാളുടെ മനസ്സിൽ ഫെറാരി ഇരൻപുന്നുണ്ടോ?
സെന്നയോട് ചേർന്നിരുന്നു എൻകിലെന്ന് അയാൾ ആശിച്ചുപോകുമോ?

വിരമിച്ചതിനു ശേഷം ഏവിയേഷൻ
വ്യവസായിയായ നിക്കി ലോദ നാലു മാസം മുൻപ് ഈ ലോകം വിട്ടു.
70 വയസായിരുന്നു അയാൾക്ക്.
മറ്റൊരു ഷൂമാക്കർ ഫോർമുല-ടുവിൽ വിജയഗാഥ തുടങ്ങിയിരിക്കുന്നു.
മൈക്കലിന്റെ മകൻ മിക്ക് പുതിയ അധ്യായം ആരംഭിച്ചു.