വിവാഹത്തിന് സമ്മതം എന്ന് പറയുന്നപോലെ തുടർന്ന് ജീവിക്കാൻ താത്പര്യമില്ല എന്നും സ്വാതന്ത്ര്യത്തോടെ പറയാൻ കഴിയണം

0
530

Dileep Joseph 

കുട്ടിയുടെ ഭാവി ഓർത്തും ജീവിതം ഓർത്തും നിലവിലെ വിവാഹബന്ധം നശിക്കരുത്, എങ്ങനെയെങ്കിലും ബന്ധം തുടർന്നു പോണം എന്നാണ് സമൂഹത്തിൻറെ പൊതു നിലപാട്. എന്നാൽ കുട്ടിയുടെ ജീവിതം പോകരുത് എന്ന് പറഞ്ഞു കൊണ്ടുള്ള ഈ കടുംപിടുത്തം കുട്ടിയുടെ ജീവൻ പോകുന്നതിനു തന്നെ കാരണമാവുകയാണ് പലപ്പോഴും.

ഇവളുമായി/ ഇവനുമായി വിവാഹത്തിന് സമ്മതം എന്ന് അഭിപ്രായപ്പെടുന്നതുപോലെതന്നെ, ഇനി ഇവനുമായി/ഇവളുമായി വിവാഹജീവിതം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെടാനുള്ള സാഹചര്യം/സംവിധാനം ഇവിടെ ഉണ്ടാവേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു.
അത് സ്വന്തം ജീവിതപങ്കാളിയുമായി യോജിച്ച് പോകാൻ പറ്റാത്തത് കൊണ്ടോ, അല്ലെങ്കിൽ, തനിക്ക് കൂടുതൽ യോജിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടു മുട്ടി എന്നതിനാലോ ആകട്ടെ, സ്വന്തം ജീവിതം തീരുമാനിക്കാം ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ് നല്ലത്.

വിവാഹബന്ധം പോലെ, വിവാഹ സമ്മതം പോലെ, വിവാഹമോചനവും പുനർവിവാഹവും നോർമലൈസ് ചെയ്യപ്പെടേണ്ടതുണ്ട്.’ഏതുവിധേനയും നിലവിലെ വിവാഹബന്ധം തുടരുക, അല്ലെങ്കിൽ എങ്കിൽ ഒരു മരണ പരമ്പരയ്ക്ക് തയ്യാറാവുക’എന്ന അവസ്ഥയിലും നല്ലത് ഇൻവോൾവ്ഡ് ആയിരിക്കുന്ന വ്യക്തികളുടെയും കുട്ടികളുടെയും ജീവൻ സംരക്ഷിക്കപ്പെടുന്ന ഒരു ഒത്തുതീർപ്പാണ്. ഇതിലുള്ള സാമൂഹിക അംഗീകാരമാണ് അനിവാര്യമായി ഇനി വേണ്ടത്.

ഇടയ്ക്കിടെ ആവർത്തിക്കുന്ന ജീവഹാനികളാണ് ഇതുപോലുള്ള കേസുകളുമായി ബന്ധപ്പെട്ട് വരുന്നത്.
ഈ സംഭവങ്ങളിൽ ഇൻവോൾവ്ഡ് ആയിരിക്കുന്ന വ്യക്തികളുടെ വ്യക്തി താല്പര്യങ്ങൾക്ക്/ വ്യക്തിസ്വാതന്ത്ര്യത്തിന് യാതൊരു പരിഗണനയും നൽകാത്ത, ഈ സംഭവങ്ങളെ സ്വല്പം സദാചാര-വിമർശന- ആസ്വാദനത്തോടെ നോക്കികാണുന്നവരാണ് നിലവിൽ നമ്മുടെ സമൂഹം.

മറ്റു നാടുകളിലെ ജാതി ദുരാചാര കൊലകളെ കുറച്ച്, ജാതി ദുരാചാരത്തിന്റെ ഫലമായുണ്ടാകുന്ന ആത്മഹത്യകളെ കുറിച്ച്, വികാരം കൊള്ളുന്ന നമ്മൾക്ക് ഇവിടെ, ദാമ്പത്യ ജീവിതത്തിന്റെ ചട്ടക്കൂടിന് പുറത്തേക്ക് നീങ്ങുന്ന ജീവിതങ്ങളുടെ ജീവഹാനി യെപ്പറ്റി, ഇക്കിളി വൈകാരികത അല്ലാതെ മറ്റൊരു വികാരം ഉണ്ടെന്ന് തോന്നുന്നില്ല.ജാതി ജാതി മാറി വിവാഹം ചെയ്യുന്നവൻ കൊല്ലപ്പെടണം അല്ലെങ്കിൽ അനുഭവിക്കണം എന്ന ജാതിവാദികൾ പറയുന്നതുപോലെ തന്നെ, വ്യവസ്ഥാപിത സദാചാര ബന്ധങ്ങൾക്ക് പുറത്തേക്ക് പോകുന്നവർ അനുഭവിക്കണം എന്നതാണ് ഇവിടെ സമൂഹത്തിൻറെ നിലപാട്.

പലർക്കും ഈ സംഭവം ഒരു പെണ്ണിന്റെ (പെണ്ണിൻറെ മാത്രം) സൂക്കേടിൽ നിന്നുണ്ടായ മസാല സംഭവം ആയിരിക്കും.എന്നാൽ എന്നെ സംബന്ധിച്ച്, ഇത് വ്യക്തി സ്വാതന്ത്ര്യം/ വ്യക്തി തെരഞ്ഞെടുപ്പുകൾ/ വ്യക്തി താൽപര്യങ്ങൾ/ മായി ബന്ധപ്പെട്ട മരണങ്ങളാണ്. ചൂസ് ചെയ്യുവാനുളള സ്വാതന്ത്ര്യവും ആ ചോയ്സ് സിനെ അംഗീകരിക്കാനും വ്യക്തികൾക്കും സമൂഹത്തിനും പക്വത ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്ന മരണങ്ങൾ.