Augustus Morris

തോമസുകുട്ടീ വിട്ടോടാ

( 1 ) മലയാളികളുടെ അന്യപ്രജാക്ഷേമ തല്പരത കണ്ടിട്ടുണ്ടോ ? …കാണണം .സർക്കാരാശുപത്രിയിലേക്ക് വരൂ . കടുത്ത ഹൃദയാഘാതമോ വണ്ടിയപകടമോ ആസ്മയോ എന്തുമാകട്ടെ , കാഴ്ചക്കാരെ വകഞ്ഞു മാറ്റി മാത്രമേ ഡോക്റ്റർക്കും നഴ്‌സിനും അവിടെത്താൻ പറ്റൂ . ചില രോഗികളോടൊപ്പം ഒരു പഞ്ചായത്ത് മുഴുവൻ ഇടിച്ചുകേറും . ലോക്കൽ നേതാക്കളുടെ കളിവിളയാട്ടങ്ങൾ കണ്ടാൽ പെറ്റ മാതാവ് സഹിക്കില്ല .വാർഡുകളിൽ ചെന്ന് നോക്കണം . അതൊരു ഫ്രൂട്ട് സ്റ്റാൾ ആയി തോന്നിയാൽ അത്ഭുതപ്പെടേണ്ട .

( 2 ) നന്നേ ചെറിയ X – ray കെട്ടിടം . ചെന്നുനോക്കിയപ്പോ ഉത്സവ പറമ്പിൽ ആളുനിൽക്കുന്നതുപോലെ ന്യൂ ജെൻ പിള്ളേർ .കൂട്ടത്തിൽ ഒരുവന് പന്തുകളിയ്ക്കിടെ പരിക്ക് പറ്റിയപ്പോ എക്സ്റേ എടുക്കാൻ കൊണ്ടുവന്നതാ . ആകെബഹളമയം .തിരക്ക് . ജലപീരങ്കി പ്രയോഗിക്കാൻ പറ്റില്ലല്ലോ . മറ്റുള്ള രോഗികൾക്ക് അടുക്കാൻ പറ്റുന്നില്ല .എന്തുചെയ്യും ? ..ഡിങ്കോയിസ്റ്റായ ഒരു ഡോക്റ്റർ ധാരാവി ഒഴിപ്പിക്കൽ ദൗത്യം ഏറ്റെടുത്തു. ന്യൂ ജെൻ പിള്ളേരോടായി അദ്ദേഹം പറഞ്ഞു ; ” എടാ മക്കളേ , നിനക്കൊന്നും കെട്ടിക്കഴിഞ്ഞ് പിള്ളേർ ഉണ്ടാകണമെന്ന് ആഗ്രഹമില്ലേ ? ഇത്രയും റേഡിയേഷൻ ഉള്ള കെട്ടിടത്തിനുമുന്നിൽ നിന്നാൽ വൃഷണം അടിച്ചുപോകും ”. പിന്നെ നോക്കുമ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല . റേഡിയോഗ്രാഫർ അച്ചു ചോദിച്ചു ” എന്റെ സാറേ ,ഇതൊക്കെ എങ്ങനെ സാധിക്കുന്നു ? ”

വൈദ്യൻ സ്റ്റെത്ത് കൊണ്ട് മാത്രമല്ല ജീവിക്കുന്നത് ,പിന്നെയോ ഡിങ്കാനുഗ്രഹം ഉള്ള നാവ് കൊണ്ട് കൂടിയാണ് എന്ന വചനം [ വി .ബാല മംഗളം 95 : 64 ] പറഞ്ഞു കൊടുത്തു .

( 3 ) വികിരങ്ങൾ രണ്ടു തരം — ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കാൻ കഴിവുള്ള IONISING RADIATION ഒന്നാമത്തേത് . പ്രശ്നകാരി . കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ സമ്മാനിക്കുന്നു . എക്സ്റേ , കോസ്മിക് രശ്മികൾ, ഗാമാ രശ്മികൾ ഒക്കെ ആ വിഭാഗത്തിൽ പെടുന്നു . അവ ഉന്നതോർജ്ജം വഹിക്കുന്നു . എന്നാൽ INFRA RED കിരണങ്ങൾ , മൈക്രോ വേവ് തരംഗങ്ങൾ , വൈദ്യുത ലൈനിലെ തരംഗങ്ങൾ ,റേഡിയോ തരംഗങ്ങൾ , ദൃശ്യപ്രകാശം തുടങ്ങിയവ നിരുപദ്രവകാരികളായ NON IONISING വികിരണങ്ങൾ , അവ പ്രശ്നകാരികളല്ല . പക്ഷേ മൊബൈൽ ഫോൺ രണ്ടരയടി അകലെ മാത്രമേ വയ്ക്കാൻ പാടുള്ളൂ എന്ന് പഠിപ്പിക്കുന്ന സൈബർ വിദഗ്ധരുള്ള നാട്ടിൽ , മൊബൈൽ ടവറിനെതിരെ സമരിക്കുന്ന എൻജിനീയറിങ് വിദ്യാർഥികളുള്ള നാട്ടിൽ റേഡിയേഷൻ എന്ന് കേട്ടാലേ ആൾക്കാർ ജീവനും കൊണ്ടോടും .

( 4 ) ജനത്തിനെ അകാരണമായി ഭീതിപ്പെടുത്തി , അതിൽ നിന്നും ലാഭം കൊയ്യുന്ന ചിലരുണ്ട് . ഏതെങ്കിലും കമ്പനി മെബൈൽ ടവർ സ്ഥാപിക്കാൻ വന്നാൽ അതിനെതിരെ യുവജന സംഘടനകളുടെ പേരിൽ ഫ്‌ളെക്‌സും ബാനറും പ്രത്യക്ഷപ്പെടും . ഒന്ന് രണ്ടു ജാഥകളും അരങ്ങേറും . പക്ഷേ പിന്നീട് ടവർ പൊങ്ങും .ചെയ്യേണ്ടത് ഇത്രമാത്രം , അമ്പതിനായിരത്തിന്റെയോ ഒരുലക്ഷത്തിന്റെയോ ഒരു വഴിപാട് ലോക്കൽ ചോട്ടാ നേതാവിന്റെ പേരിൽ അർപ്പിക്കുക .ഒപ്പം മുന്തിയ ഒരു മൊബൈൽ ഫോണും …മെയ്യനങ്ങാതെ ആമാശയ വികസനം നടത്തുന്നവർ ….കബാലി ഡാ

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.