പീപ്പിൾ റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശിനെ മതരാഷ്ട്രവും ന്യൂനപക്ഷവിരുദ്ധ രാജ്യവുമാക്കാൻ വാട്സ് അപ്പ് മഹാമഹം നടത്തുന്നത് എന്തു ദുരന്തമാണ്

174

Gopalakrishnan Kooriparambil

ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല; ഇന്ത്യ പഴയ ഇന്ത്യയും!

ബംഗ്ലാദേശ് ഒരു മത രാഷ്ട്രമാണ്, അവിടെ ന്യൂനപക്ഷങ്ങൾ പീഠിപ്പിക്കപ്പെടുന്നു. എന്നെല്ലാമുള്ള വാട്സ് ആപ്പ് സാഹിത്യങ്ങൾ കറങ്ങി നടക്കുന്നു. നമ്മുടെ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം ഫ്ലോറിൽ പോലും അത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഇന്ത്യ നിലപാട് തിരുത്തുകയും ചെയ്തത് നാം കാണുകയുണ്ടായി. പൗരൻമാരെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേർതിരിക്കുന്ന രീതി ഞങ്ങളുടെ രാജ്യത്തിനില്ല, ബംഗാളി എന്നതാണ് ഞങ്ങളുടെ പരിഗണന എന്നും ബംഗ്ലാദേശ് മന്ത്രി കൂട്ടി ചേർത്തിരുന്നു.

കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയെ പിന്തുണക്കാൻ ബംഗ്ലാദേശ് തയ്യാറായിരുന്നു. കാശ്മീർ ഒരിക്കലും ബംഗ്ലാദേശിനു് ഒരു വൈകാരിക പ്രശ്നമായിരുന്നില്ലല്ലോ! 370 റദ്ദുചെയ്യുന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് പുരോഗമനത്തിനുള്ള വഴിയാണ് തേടേണ്ടത് എന്നാണന്നവർ പറഞ്ഞത്.

പുരോഗതിക്കുള്ള വഴി തേടുക രാജ്യങ്ങളുടെ ലക്ഷ്യമാണ് എന്നു ബംഗ്ലാദേശ് പറഞ്ഞപ്പോൾ ബംഗ്ലാദേശ് എന്ന ദരിദ്ര രാഷ്ട്രം എന്നാണ് ഇത്തരം ഒരു ഫോക്കസിലേക്കെത്തിയത് എന്ന് സാധാരണക്കാരായ നാം അത്ഭുതപ്പെട്ടു. കാരണം, ഒരു ദരിദ്ര ഏഷ്യൻ രാജ്യമായാണല്ലോ നാം ബംഗ്ലാദേശിനെ നിരീക്ഷിച്ചു വെച്ചിരിക്കുന്നത്.

ബംഗ്ലാദേശ് ഇന്ന് വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക ശക്തിയാണ്. ഒരിക്കൽ അവർ മതത്തിന്റെ പിടിയിലായിരുന്നിട്ടുണ്ട്; വംഗ ബന്ധു ഷേഖ് മുജീബുർ റഹ്മാന് ശേഷവും അദ്ദേഹത്തിന്റെ മൂത്ത മകൾ ഷേഖ് ഹസീനയ്ക്ക് മുമ്പുമുള്ള കാലത്തെ ഒരിടയ്ക്ക്.

മുജീബുർ റഹ്മാന്റെ കാലത്തു തന്നെ ‘അവാമി മുസ്ലീം ലീഗിലെ’ ‘മുസ്ലീം ‘ അവർ എടുത്തു കളഞ്ഞിരുന്നു. ഇന്ത്യക്കാരനായ ടാഗോർ 1905 ൽ രചിച്ച അമർ സോനാർ ബംഗാൾ എന്ന ദേശീയഗാനം അവർ വൈദേശികമായി കരുതിയിരുന്നില്ല.

1996 ൽ മുജീബുർ റഹ്മാന്റെ മകൾ പ്രധാനമന്ത്രിയാകുന്നതോടുകൂടി ബംഗ്ലാദേശ് മാറ്റത്തിന്റെ പാതയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ തുടങ്ങി. ന്യൂനപക്ഷ, മതപീഠകരായ ജമാഅത്തെ ഇസ്ലാമി നേതാക്കളെ തുറങ്കിലിടച്ചു. വിചാരണ നടത്തി അവരിൽ പലരെയും തൂക്കിക്കൊന്ന് അന്താരാഷ്ട്ര സമൂഹത്തെ ബംഗ്ലാദേശ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മദ്റസ്സകൾ നശിപ്പിച്ച് വർഗ്ഗീയവാദികൾക്ക് ശക്തമായ മുന്നറിയിപ്പ് നല്കി. നാടിനെ വ്യവസായിക വിപ്ലവത്തിലേക്ക് നയിച്ചു.

ഇന്ന് കാർഷിക മേഖല മുതൽ ഓട്ടോമൊബൈൽ രംഗത്ത് വരെ വലിയ മുന്നേറ്റം ഈ രാജ്യം നടത്തിയിരിക്കുന്നു. യുവാക്കളേയും സ്ത്രീകളേയും സാമ്പത്തിക കുതിപ്പിന്റെ ഭാഗമാക്കി അവർക്ക് പുതിയ ദിശാബോധം നല്കുന്നതിൽ ഈ രാജ്യം വിജയിച്ചിരിക്കുന്നു. അവർക്ക് കിട്ടുന്ന പ്രൊഡക്ട് റേറ്റ് ഇന്ത്യക്ക് മുകളിൽ കൂടിയാണെന്ന് അറിയണം. ഒരു രാജ്യമെന്ന നിലയിൽ വർഗ്ഗീയത കളിക്കാനവർക്ക് സമയമില്ലാത്തത് അതുകൊണ്ടാണ്. അമ്പലവും പള്ളിയും പൊളിച്ചും നിർമ്മിച്ചും കളിച്ചാൽ വിശപ്പറിയാത്ത വിഭാഗത്തിന് അവിടെ വംശനാശം വന്നു കൊണ്ടിരിക്കുകയാണ്.

പള്ളി പൊളിച്ചും കലാപങ്ങളുണ്ടാക്കിയും ഗാന്ധിഘാതകരെ വാഴ്ത്തിയും രാഷ്ട്രീയം കെട്ടിപ്പടുത്ത് ഭരണാധികാരികളായിരിക്കുന്നവരുടെ ആരാധകർ പീപ്പിൾ റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശിനെ മതരാഷ്ട്രവും ന്യൂനപക്ഷവിരുദ്ധ രാജ്യവുമാക്കാൻ വാട്സ് അപ്പ് മഹാമഹം നടത്തുന്നത് എന്തു ദുരന്തമാണ്.