ഇന്ത്യക്കാർ ഒരുകാലത്ത് അഭിമാനത്തോടെ കെട്ടിക്കൊണ്ടുനടന്ന എച്ച്.എം.ടി വാച്ചിന് പിന്നെ എന്തുസംഭവിച്ചു ?

1296

N S Arun Kumar 

1961. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇന്ത്യാക്കാർക്കായി ഒരു പുതിയൊരു സമ്മാനം അവതരിപ്പിച്ചു: കൈത്തണ്ടയിൽ ഒരു ഘടികാരം: വാച്ച്. കീകൊടുത്താൽ ഓടും. കീകൊടുക്കാൻ മറന്നു പോയാൽ റേഡിയോ കേട്ടാൽമതി. എന്നാൽ കൃത്യസമയം വെച്ച് വീണ്ടുമോടിക്കാം. ഇത്രയും ജനകീയമായ ഒരു വാച്ച് വേറെയുണ്ടായിരുന്നോ എന്ന് സംശയമാണ്. ഡോക്ടർമാർ പോലും നാഡിമിടിപ്പ് പരിശോധിക്കാൻ ഈ വാച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. കണ്ണിൽ ഭൂതക്കണ്ണാടിയും പിടിപ്പിച്ച് കുനിഞ്ഞിരുന്നവർ പറഞ്ഞു: ‘എച്ച്എംടി’ അല്ലേ, കിടക്കും! പക്ഷേ, ഇന്ന് എച്ച്എംടി വാക്കില്ല. ഈ മാസം, സെപ്റ്റംബർ എച്ച്എംടിയെ ‘കൊന്ന’ മാസമാണ്: 2016 സെപ്റ്റംബറിൽ കേന്ദ്ര ഗവൺമെന്റ് എച്ച്എംടി വഴിയുള്ള വാച്ച് നിർമ്മാണം നിറുത്തി. കമ്പനി അടച്ചു പൂട്ടി.

ജവഹർലാൽ നെഹ്റു പുറത്തിറക്കിയത് ‘എച്ച്എംടി-ജനത’ എന്ന ബ്രാൻഡ് ആയിരുന്നു. അതായിരുന്നു ആദ്യത്തെ എച്ച്എംടി വാച്ച്. കോടിക്കണക്കിന് ഇന്ത്യാക്കാർ ‘ജനത’യെ ധരിച്ച് ദേശാഭിമാനികളായി. പിന്നെ പൈലറ്റ് വന്നു, ഝലക് വന്നു, സോന വന്നു, ബ്രെയിലി വന്നു. കമ്പനി ലാഭത്തിൽ നിന്നും ലാഭത്തിലേക്ക് പറന്നു. ബാംഗ്ളൂർ (ബംഗളൂരു) ആയിരുന്നു മദർ പ്ളാന്റ്. പിന്നെ, കൊച്ചി, ഹൈദരാബാദ്, പിൻജാരെ, അജ്മീർ. കമ്പനി വികസിച്ചു കൊണ്ടിരുന്നു.

1971-ൽ ബംഗളൂരു യൂണിറ്റ് വിപുലപ്പെടുത്തി. മെയിൻ സ്പ്രിംഗ്, ഹെയർ സ്പ്രിംഗ് ഇവ നിർമ്മിക്കാനുള്ള യൂണിറ്റുകൾ തുടങ്ങി. ജപ്പാനിലെ പ്രശസ്തമായ സിറ്റിസൺ കമ്പനിയുമായി സഹകരിച്ചുകൊണ്ട് അനലോഗ് ഓട്ടോമാറ്റിക് വാച്ചുകൾ നിർമ്മിച്ചു- കീ കൊടുക്കണ്ട- ശരീരത്തിന്റെ അനക്കം മതി, ഓടിക്കോളും.

1983-ൽ സിറ്റിസൺ കമ്പനിയുമായി ചേർന്ന് ഗാർഡൻ ക്ളോക്ക് പുറത്തിറക്കി. അതൊരു സെൻറേഷനായി. പിന്നെ ഫ്ളോറൽ ക്ളോക്ക്, ടവർ ക്ളോക്ക്, പിന്നെയും വാച്ചിൽ പരീക്ഷണങ്ങൾ തുടർന്നു: സെമി സ്കെലറ്റൽ (പൽച്ചക്രങ്ങൾ പകുതി കാണാനാവുന്ന മോഡൽ), ഫുളി സ്കെലറ്റൽ.. പക്ഷേ, എന്തോ ഒരു കുഴപ്പം എവിടെയോ തുടങ്ങി.

കമ്പനി നഷ്ടത്തിലായി. 2000 മുതൽ അത് രൂക്ഷമായി. ഇരുന്നൂറിലേറെ കോടികളുടെ നഷ്ടം! ലാഭം 11 കോടി. 2014-ൽ കമ്പനിയുടെ വാച്ച് യൂണിറ്റുകൾ അടച്ചു പൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

വാച്ച് മാത്രമല്ല, ചെക്കോസ്ളോവാക്യയിലെ മഷിഘോവ് കമ്പനിയുമായുള്ള കൊളാബൊറേഷനിൽ ട്രാക്ടറുകൾ നിർമ്മിച്ചിരുന്നു. അതും പൂട്ടി. പ്രിന്റിങ് പ്രസിന്റെ ഭാഗങ്ങൾ നിർമ്മിച്ചിരുന്നു. അതും പൂട്ടി. 2016 സെപ്റ്റംബറിൽ അവസാനത്തെ പിടി മണ്ണിട്ടു. എന്തിന്? ഒരു കമ്പനിയെ വളർത്താൻ- ടാറ്റയുടെ ടൈറ്റാൻ!

1984-ൽ തുടങ്ങിയതെങ്കിലും ഒരു പട്ടിപോലും തിരിഞ്ഞു നോക്കാത്ത ‘ടൈറ്റനു’ വേണ്ടി!

പിന്നെ ടൈറ്റാൻ കാലമായി. എച്ച്എംടി വാച്ച് പഴയ വാച്ചുനന്നാക്കുന്ന കടകളിൽ ‘പെട്ടിനിറയ്ക്കാനുള്ള’ ഇനമായി! ആർക്കും വേണ്ടാതായി. ഒരു രാജ്യത്തിന്റെ നയവ്യതിയാനത്തിന്റെ പ്രതീകം പോലെ, ചുള്ളിക്കാടിന്റെ കവിത പോലെ: “ഇന്നലെ എന്റെ വാച്ച് നിലച്ചു പോയി..”