പ്രാദേശിക ഭാഷകൾക്കു നേരെ വലിയ ഭാഷകളുടെ കടന്നുകയറ്റത്തെ യുനെസ്കോ വിശേഷിപ്പിച്ചിട്ടുളളത് വംശഹത്യക്കു തുല്യമായാണ്

357

എഴുതിയത്  : റാഫി കൊച്ചിൻ

ഭാഷാ അധിനിവേശ വംശഹത്യ !!

പ്രാദേശിക ഭാഷകൾക്കു നേരെ വലിയ ഭാഷകളുടെ കടന്നുകയറ്റത്തെ യുനെസ്കോ വിശേഷിപ്പിച്ചിട്ടുളളത് വംശഹത്യ‘-ക്കു തുല്യമായാണ്.

കാരണം ഓരോ ഭാഷകളും തലമുറകളിലൂടെ കൈമാറ്റം ചെയ്തു വന്ന നിരവധി ജനപഥങ്ങളുടെ ചരിത്രവും സംസ്കാരങ്ങളുടേയും ബാക്കി പത്രങ്ങളാണ്.

വർഷങ്ങൾക്കു ശേഷം ഫാഷിസം ഹിന്ദി ഭാഷയുടെ അധിനിവേശത്തിനു വീണ്ടും കരുക്കൾ നീക്കി അതിന്റെ ആരവം മുഴക്കി തുടങ്ങി.

നമ്മുടെ രാജ്യത്തെ ഭാഷാ അധിനിവേശത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ വേരുകൾ ചെന്നെത്തുന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്കു മുമ്പുള്ള 1937 കാലഘട്ടത്തിലാണ്.

അന്നത്തെ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള രാജാജി സർക്കാരാണ് ആദ്യമായി രാജ്യത്ത് ഹിന്ദി പഠനം നിർബന്ധമാക്കി ഉത്തരവു പുറപ്പെടുവിച്ചത്. അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുളള പോരാട്ടങ്ങൾക്കെതിരെ ദേശീയതയുടെ ഭാഗമായി ഗാന്ധിജി വിഭാവനം ചെയ്ത ആശയത്തിന് അനുസൃതമായുളള ഒരു ചുവടുവെപ്പായി വേണമെങ്കിൽ നമുക്കതിനെ വിലയിരുത്താം.

എന്നിട്ടു കൂടി ഈ ഉത്തരവിനെതിരെ രാമസ്വാമി നായ്ക്കരുടേയും അണ്ണാദുരയുടേയും നേതൃത്വത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറുകയുണ്ടായി. ആ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. തുടർന്ന് 1940 -ൽ ബ്രിട്ടീഷുകാർ ഹിന്ദി നിർബന്ധ ഭാഷ എന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പിൻവലിക്കുകയാണ് ഉണ്ടായത്.

പിന്നീട്. 1948-ല്‍, ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട Constituents Assembly ൽ ഭാഷാസംബന്ധമായ ചര്‍ച്ചയില്‍ TT krishnamachari ഹിന്ദി ഭാഷയുടെ അധിനിവേശത്തിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിക്കുകയുണ്ടായി.

”…പലതരം സാമ്രാജ്യത്വങ്ങളുണ്ട്. അതില്‍ ഭാഷകൊണ്ടുള്ള സാമ്രാജ്യത്വമാണ്, സാമ്രാജ്യത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗങ്ങളിലൊന്ന്… ഒരു ശക്തമായ കേന്ദ്രം നമുക്ക് വേണമെങ്കിലും, ഇത്തരത്തിലുള്ള അസഹിഷ്ണുത, അത് നിയമനിര്‍മ്മാണസഭയുടേയും കേന്ദ്രത്തിന്റേയും ഭാഷ സംസാരിക്കാത്ത ജനങ്ങളെ അടിമകളാക്കുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. യു.പിയിലെ എന്റെ സുഹൃത്തുക്കള്‍ ചിന്തിക്കേണ്ടത് ഒരു ‘മുഴുവന്‍ ഇന്ത്യ’ (Whole India) വേണോ, അതോ ഒരു ‘ഹിന്ദി ഇന്ത്യ’ (Hindi India) വേണോ എന്നതാണ്. തീരുമാനം അവരുടേതു തന്നെ…”.

ഇതിനു ശേഷം 1963 – ൽ ഔദ്യോഗിക ഭാഷാ നിയമം കൊണ്ടു വന്നപ്പോൾ, പിൻവാതിലിലൂടെ ഹിന്ദിയെ പ്രതിഷ്ഠിക്കാനുളള ചാണക്യതന്ത്രം തിരിച്ചറിഞ്ഞ തമിഴ് മക്കൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.

പിന്നീട് തമിഴ്നാട്ടിലെ ഭക്തവത്സലത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരിനെ കൊണ്ട് ഹിന്ദി വത്കരണം നടപ്പാക്കാൻ ശ്രമിക്കുകയുണ്ടായി. ഇതിനെതിരെ അണ്ണാദുരയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ ഏതാണ്ട് എഴുപതോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയും ചെയ്തു.

ഇതേത്തുടർന്ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയും അതേ തുടർന്ന് പ്രധാനമന്ത്രി ലാൽബഹുദൂർ ശാസ്ത്രി തമിഴ്മക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടതായി വന്നു.

തമിഴ്മക്കളുടെ രക്തത്തിലലിഞ്ഞു ചേർന്ന ഭാഷാ സ്നേഹത്തിന്റെ മേൽ കൈവെച്ചതാണ് തമിഴ്നാട്ടിൽ
കോൺഗ്രസ്സിന്റെ അസ്തമയത്തിനും ദ്രാവിഡ കക്ഷികളുടെ ഉദയത്തിനും കാരണമായി വർത്തിച്ചത്. അതുകൊണ്ടു തന്നെയാണ് ഫാഷിസത്തിന്റെ ഭാഷാ അധിനിവേശത്തിനെതിരെ തമിഴ് ജനത ഇത്രയും ശക്തമായി രംഗത്തുവരുന്നതും.

ഔദ്യോഗികമായി ഇന്ത്യൻ ഭരണഘടനയിൽ 22 ഭാഷകളെയാണ് ഉൾപെടുത്തിട്ടുളളതെങ്കിലും ഏതാണ്ട് അഞ്ഞൂറിനും അറുനൂറിനിടയിൽ ലിപിയുളളതും ലിപിയില്ലാത്തുമായ വ്യത്യസ്തമായ ഭാഷകളുളള വൈവിധ്യമാർന്ന ഒരു രാജ്യത്ത് ഏക ഭാഷാ നിയമം കൊണ്ടു വരാനുളള ഫാഷിസത്തിന്റെ തിട്ടൂരം എത്ര ആത്മഹത്യാപരമാണെന്ന് നാം തിരിച്ചറിയുക.

ഇന്ത്യാമഹാരാജ്യത്ത് ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അത് പഠിക്കാൻ യാതൊരു വിധത്തിലുള്ള തടസ്സവുമില്ല. എന്തിന് വിദേശ ഭാഷകൾ വരെ പഠിക്കാൻ യാതൊരു വിധത്തിലുള്ള പ്രതിബന്ധങ്ങളുമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുളള ആവശ്യക്കാർ ഹിന്ദി പഠിക്കുന്നുമുണ്ട്. ഹിന്ദി നിർബന്ധപൂർവ്വം
അടിച്ചേൽപ്പിക്കുന്ന ഫാഷിസ്റ്റ് രീതിശാസ്ത്രത്തെയാണ് ഇവിടെ നാം എതിർക്കപ്പെടുന്നത്.

ഭാഷകൾക്കു നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം നാം കെട്ടിപ്പെടുക്കേണ്ടതുണ്ട്. അതല്ലെങ്കിൽ ഭാഷകൾക്കൊപ്പം ഓരോ ജനതയുടേയും ചരിത്രവും സംസ്കാരവും ഇവിടെ ഫാഷിസത്തിന്റെ തിട്ടൂരങ്ങൾക്കും തേരോട്ടങ്ങൾക്കുമിടയിൽ പെട്ട് എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെടും !!