ഹെലൻ, മികച്ച രീതിയിൽ നിർമിക്കപ്പെട്ട ഒരു ത്രില്ലർ സിനിമ

231

Sanuj Suseelan 

മികച്ച രീതിയിൽ നിർമിക്കപ്പെട്ട ഒരു ത്രില്ലർ സിനിമയാണ് ഹെലൻ. ഒരു സംവിധായകൻ്റെ ആദ്യ ചിത്രമെന്ന് ഒരിടത്തും തോന്നിപ്പിക്കാത്ത വിധം നവാഗതനായ മാത്തുക്കുട്ടി സേവ്യർ കഥ പറഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സാങ്കേതികമായും നല്ല നിലവാരം പുലർത്തുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറ്റം കുറിച്ച , പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻ്റെ മകൾ കൂടിയായ അന്ന ബെൻ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ഒരുപാടു വെല്ലുവിളികളുള്ള ഹെലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അതിമനോഹരമായി അന്ന അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയായ നോബിൾ ബാബു തോമസ് ആണ് അസ്ഹർ എന്ന കഥാപാത്രമായി വരുന്നത്. ഹെലന്റെ അച്ഛനായി വരുന്ന ലാലും വളരെ നന്നായി എന്ന് മാത്രമല്ല ആ അപ്പനും മകളും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആയിട്ടുമുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ മിക്കതും ചെയ്തത് പ്രശസ്തരായ താരങ്ങളല്ല. പക്ഷെ നല്ല മികവോടെ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

Image may contain: 2 people, close-upഇതെല്ലാമുള്ളപ്പോളും ചില കല്ലുകടികളും ഈ ചിത്രത്തിലുണ്ട്. ഇത്രയും പത്ര മാദ്ധ്യമങ്ങളും ന്യൂസ് ചാനലുകളും സിറ്റിസൺ ജേണലിസ്റ്റുകളും ഒക്കെയുള്ള കേരളത്തിൽ ഒരു അടിയന്തിര ഘട്ടത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായി സംസാരിക്കുന്ന ഒരു പോലീസ് ഇൻസ്‌പെക്ടർ അത്രയ്ക്കങ്ങോട്ടു വിശ്വസനീയമായി തോന്നിയില്ല. അതുപോലെ തന്നെ, ഇത്ര വലിയ ഒരു ഷോപ്പിംഗ് മാളിൽ ഒന്നോ രണ്ടോ സെക്യൂരിറ്റി ജീവനക്കാർ മാത്രമേയുള്ളോ ? വേറെ ആരെയും ചിത്രത്തിൽ കാണിക്കുന്നില്ല. അതുകൊണ്ട് ചോദിച്ചതാണ്. ഒരു സർവൈവൽ ത്രില്ലർ ചിത്രം തരേണ്ട പിരിമുറുക്കം ചില ഭാഗങ്ങളിൽ കൈമോശം വന്നിട്ടുണ്ട്. അവസാനത്തെ ആ സീനിൽ ആവശ്യമില്ലാതെ ഒരു പാട്ടും തിരുകി കയറ്റിയിട്ടുണ്ട്. ലാലിൻ്റെ കഥാപാത്രവും ആ ചിക്കൻ ഷോപ്പിലെ പയ്യനും ഒക്കെ നടത്തുന്ന പോലുള്ള പച്ചയായ ജാതി പറച്ചിൽ ഇപ്പോളത്തെ കാലത്തുമുണ്ടോ എന്നും സംശയം തോന്നാതിരുന്നില്ല . സ്‌പോയ്‌ലർ ആയേക്കുമെന്നതിനാൽ എന്തായാലും കൂടുതൽ വിശദീകരിക്കുന്നില്ല.
Image result for helen malayalam movieവ്യത്യസ്തത കൊണ്ടുവരാൻ വേണ്ടിയാണോ അതോ ട്രാക്ക് മാറാനുള്ള ശ്രമമാണോ എന്നറിയില്ല, സ്ഥിരം തമാശക്കളിയിൽ നിന്ന് വ്യത്യസ്തമായി അജു വർഗീസ് ഒരു പോലീസ് ഇൻസ്‌പെക്ടർ റോളിലാണ് വരുന്നത്. ഉള്ളത് പറയാമല്ലോ, അതൊരു മിസ് കാസ്റ്റ് ആയി എന്നാണ് എൻ്റെ അഭിപ്രായം. മുടിയൊക്കെ നീട്ടി വളർത്തിയ, തീരെ ഉയരമില്ലാത്ത ഒരാൾ എങ്ങനെ ഒരു പോലീസ് ഇൻസ്‌പെക്ടറായി തുടങ്ങിയുള്ള പൊരുത്തക്കേടുകൾ മാത്രമല്ല, വ്യത്യസ്തമായ ഒരു വേഷമാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നത് ഓർമിപ്പിക്കാനുള്ള ബോധപൂർവമുള്ള ഒരു ശ്രമവും അജുവിൻ്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് തോന്നുന്നു. അതിലെ ഒരു കൃത്രിമത്വം അജുവിൻ്റെ അഭിനയത്തിലുണ്ടായിരുന്നു. നല്ല ടൈമിങ്ങുള്ള ഒരു നടനാണ് അജു. പക്ഷെ എന്തോ ഇതത്ര ശരിയായില്ല എന്ന് മാത്രം. ആ ഇൻസ്‌പെക്ടർ വേഷം റോണി ഡേവിഡിനും റോണി ചെയ്ത മാനേജരുടെ വേഷം അജുവിനും കൊടുക്കാമായിരുന്നു. നല്ല കഴിവുള്ള കലാകാരനാണ് റോണി. ഇനിയും മികച്ച വേഷങ്ങൾ റോണിക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
Image result for helen malayalam movieഅമേരിക്കയിലെ അറ്റ്ലാന്റയിൽ രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു യഥാർത്ഥ സംഭവമാണ് സിനിമയുടെ പ്രധാന കഥാ തന്തു എന്നാണ്ഞാൻ വിചാരിക്കുന്നത് . യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമാണിതെന്ന് എൻഡ് ക്രെഡിറ്റ്സിനു മുമ്പ് എഴുതി കാണിക്കുന്നതും കണ്ടു. ആ സംഭവത്തിലെ നായിക അറുപത്തിയൊന്നു വയസ്സുള്ള കരോളിൻ റോബിൻസൺ ആയിരുന്നുവെങ്കിൽ ഇതിൽ ഇരുപത്തിരണ്ടു വയസ്സുള്ള ഹെലൻ ആണെന്ന വ്യത്യാസം മാത്രം. അതുപോലെ തന്നെ ക്‌ളൈമാക്‌സിൽ ആ സെക്യൂരിറ്റി ജീവനക്കാരൻ പറയുന്ന കഥയും പണ്ട് ഇന്റർനെറ്റിൽ വൈറലായിരുന്നു. എന്നാൽ ഈ രണ്ടു സംഗതികളും മനോഹരമായി ഇഴുകി ചേർത്തത് തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയായ സംവിധായകന്റെ മിടുക്കാണ് എന്ന് ഉറപ്പിച്ചു പറയാം. ഒരു ഏച്ചുകെട്ടലും തോന്നിക്കാത്ത വിധത്തിൽ അവർ അത് ചെയ്തിട്ടുണ്ട്.
Image result for helen malayalam movieമലയാളത്തിലും ഹിന്ദിയിലും വന്നിട്ടുള്ള സർവൈവൽ ത്രില്ലർ ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു സിനിമകളുണ്ട്. ശ്രീ ജോയ് മാത്യു സംവിധാനം ചെയ്ത “ഷട്ടർ” ആണ് അതിൽ ഒരെണ്ണം. രണ്ടാമത്തേത് വിക്രമാദിത്യ മോത്‌വാനി സംവിധാനം ചെയ്ത് രാജ്‌കുമാർ റാവു പ്രധാന വേഷം ചെയ്ത “Trapped” എന്ന ഹിന്ദി ചിത്രം. ആരും താമസമില്ലാതെ ഒരു ബഹുനില കെട്ടിടത്തിൽ ആഹാരമോ വെള്ളമോ വൈദ്യുതിയോ ഫോണോ ഒന്നുമില്ലാതെ പെട്ട് പോകുന്ന ഒരു യുവാവിൻ്റെ പുറത്തു കടക്കാനുള്ള പോരാട്ടമാണ് ആ സിനിമയുടെ കഥ. മദ്യത്തിന്റെ പുറത്തുള്ള തെറ്റായ തീരുമാനത്തിൽ സ്വന്തം വീട്ടിനു മുന്നിൽ തന്നെയുള്ള ഒരു കടമുറിയിൽ ഒരു അഭിസാരികയുമായി രാത്രി കുടുങ്ങി പോകുന്ന റഷീദ് ആണ് ഷട്ടറിലെ പ്രധാന കഥാപാത്രം. ഈ രണ്ടു ചിത്രങ്ങൾക്കും പൊതുവായുള്ള ഒരു സ്വഭാവമുണ്ട് . ജീവിതത്തെക്കുറിച്ചുള്ള തത്വചിന്താപരമായ ഒരു ആംഗിൾ കൂടി മുന്നോട്ടു വയ്ക്കാൻ ഈ സിനിമകൾ ശ്രമിക്കുന്നുണ്ട്. ഒരുപാടു സുഹൃത്തുക്കളും ബന്ധുക്കളും കാമുകിയും ഭാര്യയും ഒക്കെയായി ജീവിച്ച അവർ ആ കെണിയിൽ പെടുമ്പോൾ അവരെ അവിടെ നിന്നു രക്ഷപ്പെടുത്താൻ എത്ര പേർ വരുന്നു എന്ന് ആ സിനിമകൾ കാണിച്ചു തരുന്നുണ്ട്. മാത്രമല്ല, ആഘോഷിച്ചു ജീവിച്ച സോഷ്യൽ ലൈഫ് എത്രത്തോളം പൊള്ളയാണെന്നും തങ്ങൾ സ്വന്തം പോലെ വിശ്വസിച്ചവരുടെ തനി നിറം എന്താണെന്നുമൊക്കെ അവർ അവിടെയിരുന്നു തന്നെ പുതുതായി നോക്കിക്കാണുന്നുണ്ട് . Image result for helen malayalam movieഎല്ലാത്തിനുമൊടുവിൽ ആരാവും നിങ്ങൾക്ക് തുണയാവുക എന്നത് വ്യക്തമായി പറഞ്ഞു വയ്ക്കാൻ ഈ രണ്ടു ചിത്രങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് അന്നുവരെയില്ലാതെ പുതിയ തിരിച്ചറിവുമായിട്ടാണ് ഈ രണ്ടു കഥാപാത്രങ്ങളും പുറത്തേയ്ക്കു വരുന്നത്. പക്ഷെ ഹെലൻ ഇത്തരം ശ്രമങ്ങളൊന്നും നടത്തുന്നില്ല. ഒരുപാടു സാദ്ധ്യതകൾ ഉണ്ടായിരുന്ന ഒരു കഥയെ ഉപരിപ്ലവമായി മാത്രം സമീപിച്ചിരിക്കുകയാണിതിൽ. അതിൽ തെറ്റൊന്നുമില്ല. പക്ഷെ അസാധാരണമായിട്ടും ഇതിലൊന്നുമില്ല എന്ന് പറഞ്ഞു എന്ന് മാത്രം.
എന്തായാലും ത്രില്ലർ ചിത്രങ്ങൾ ഇഷ്ടമുള്ളയാളാണെങ്കിൽ തീയറ്ററിൽ പോയി കാണേണ്ട ചിത്രമാണ് ഹെലൻ. നിങ്ങളെ ഈ ചിത്രം നിരാശപ്പെടുത്തില്ല. തീർച്ച.