വർഗീയത വേരൂന്നിയ വഴികൾ

0
175

Shelly Shawn

വർഗീയത വേരൂന്നിയ വഴികൾ

1870 കൾ വരെ ഇന്ത്യൻ ജനത അഭിമുഖീകരിക്കാത്ത പ്രതിസന്ധിയായിരുന്നു കമ്യുണലിസം അഥവാ വർഗീയത. ശിപായി ലഹള എന്ന് ബ്രിടീഷുകാർ കളിയാക്കി വിളിച്ച 1857 ലെ വിപ്ലവത്തിൽ ഹിന്ദു മുസ്‌ലിം ഐക്യം എടുത്ത് പറയേണ്ട ഒന്നായിരുന്നു. എന്നാൽ എവിടെ ആരംഭിച്ചു വർഗീയതയുടെ വേരുകൾ ?അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു.ഹിന്ദു മുസ്‌ലിം സമുദായങ്ങൾ ഒന്നിച്ച് പോയാൽ അപകടം ആണെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഹിന്ദുവിനെയും മുസൽമാനെയും രണ്ടായി കണക്കാക്കി.വിപ്ലവത്തിനു ശേഷം മുസ്ലിം ജനതയെ തിരഞ്ഞു പിടിച്ച് അവർ ആക്രമിച്ചു. എന്നാൽ അതെ ബ്രിട്ടീഷ് 1870 കൾക്ക് ശേഷം മുസ്ലിങ്ങളുടെ കാവൽക്കാരായി .ബംഗാൾ വിഭജനത്തെ അവർ മുസ്ലീങ്ങൾക്ക് പ്രാതിനിധ്യം നൽകുവാൻ എന്ന വാദം ഉയർത്തി പ്രതിരോധിച്ചു. സാമൂഹിക പരിഷ്കരണത്തിലൂടെ മാത്രമേ ഒറ്റക്കെട്ടായുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടം സാധ്യമാകൂ എന്ന് മനസിലാക്കി പല സാമൂഹിക പ്രവർത്തകരും ഇന്ത്യൻ ജനതയുടെ സാംസ്കാരികപാരമ്പര്യം ഉയർത്തി കാണിച്ച് അവനിൽ ആത്മവിശ്വാസം ഊട്ടി ഉറപ്പിക്കുവാൻ ശ്രമിച്ചു.

പാശ്ചാത്യ വിദ്യാഭ്ശ്യാസത്തിന്റെ ചുവടുപിടിച്ച് കൊള്ളേണ്ടതിന്റെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും ജാതി മത ഭേദമന്യേ അവർ ആഹ്വാനം ചെയ്തു. എന്നാൽ ഈ നീക്കങ്ങൾ ഓരോ മതക്കാരിലും ഒരു ചെറിയ വിഭാഗത്തെ അതിരു കവിഞ്ഞു പാരമ്പര്യ രീതികളിൽ വിശ്വസിക്കുവാൻ പ്രേരിപ്പിച്ചു. പരിഷ്കരണ പ്രസ്ഥാനങ്ങളോടും സ്വാതന്ത്ര്യ സമര രീതികളോടും അവർ മുഖം തിരിച്ചു. മുസ്‌ലിം വിഭാഗങ്ങളിൽ ആയിരുന്നു ഈ പ്രവണതകൾ കൂടുതൽ.  കൂടാതെ തിലകിനെ പോലെയുള്ള നേതാക്കൾ ഗണേശ ഉത്സവങ്ങളുടെയും ശിവാജി ഉത്സവങ്ങളുടെയും ചുവടുപിടിച്ച് പ്രവർത്തിച്ചതും, ബംഗാൾ വിഭജനത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് നടത്തിയ ഗംഗാ സ്നാന പ്രതിഷേധങ്ങളും ഇതര സമുദായക്കാരിൽ സംശയങ്ങൾ തീർത്തു. അവസരം മുതലെടുത്ത ബ്രിട്ടീഷ് പത്രങ്ങളിലൂടെയും ലഖു ലേഖകളിലൂടെയും ഈ സാമുദായിക വൈരം വളർത്തി .

ആധുനിക വിദ്യാഭ്യാസം മെല്ലെ കടന്നു ചെന്ന മുസ്ലിം വിഭാഗങ്ങൾക്ക് തൊഴിൽ അവസരങ്ങൾ കുറവായിരുന്നു, അവർ സാമ്പത്തികമായി പിന്തള്ളപ്പെട്ടു . വിശാല മനസ്കരായ സാമൂഹ്യ പരിഷ്കർത്താക്കൾ സാമൂഹിക വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണം കൊളോണിയൽ ഭരണം ആണെന്നും അത് ഇല്ലായ്മ ചെയ്തു തൊഴിൽ അവസരങ്ങൾ വർധിപ്പിക്കണം എന്ന് കണക്ക് കൂടിയപ്പോൾ മറ്റു ചിലർ ബ്രിട്ടീഷിനോദ് കൂട്ടുകൂടി അവരവരുടെ സമുദായങ്ങൾക്ക് വേണ്ടി സംവരണം വാങ്ങി എടുക്കാൻ ശ്രമിച്ചു . ജീവിതത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ഹിന്ദു മുസൽമാൻ ഐക്യം പറഞ്ഞുനടന്ന സർ സയ്യിദ് അഹമ്മദ് ഖാൻ പിൽക്കാലത്ത് യാഥാസ്ഥികനായി മാറി. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായുള്ള കാരണങ്ങൾ ഉണ്ടായിരുന്നു. സ്വന്തം സർവകലാശാലയുടെ നടത്തിപ്പിനുവേണ്ടി ബ്രിട്ടീഷ് പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം കണക്കുകൂട്ടി. സ്വ സമുദായത്തിലെ യാഥാസ്ഥിതികരെ ശത്രുക്കളാക്കാൻ അദ്ദേഹം മടിച്ചു,അങ്ങനെ അദ്ദേഹം സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളോട് മുഖം തിരിച്ചു നിന്നു

പിൽക്കാലങ്ങളിൽ വളർന്നുവരുന്ന ഹിന്ദു ആധിപത്യത്തെക്കുറിച്ചും ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയാൽ കിട്ടിയേക്കാവുന്ന ജോലി സാധ്യതകളെ കുറിച്ചും അദ്ദേഹം വാചാലനായി. സ്വാമി ദയാനത സരസ്വതിയെ പോലുള്ളവർ മറ്റു മതങ്ങളിലേക്ക് ചേക്കേറിയവരെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ മുസൽമാനും സമാന സാദ്ധ്യതകൾ തേടി. മനുഷ്യർ അറിയാതെ തന്നെ അവരുടെ മനസിലേക്ക് മതം എന്ന വികാരം പ്രവേശിക്കുകയായിരുന്നു. പിൽക്കാലത്ത് വന്ന ചരിത്രകാരന്മാർ അതിന്റെ തീവ്രത കൂട്ടും വിധം വികലമായി ചരിത്രത്തെ വ്യാഖ്യാനിച്ചു പുരാതന കാലത്തെ ഹിന്ദു കാലഘട്ടമെന്നും മധ്യകാലത്തെ മുസ്ലിം കാലഘട്ടം എന്നും അവർ ചാപ്പ കുത്തി. ഹിന്ദുകാലത്തെ സൗഭാഗ്യങ്ങളെയൊക്കെയും മുസ്ലിം ഭരണാധികാരികൾ തച്ചു തകർത്തു എന്ന് തീവ്ര ഹിന്ദുത്വ വാദികൾ ചരിത്രം എഴുതിയപ്പോൾ മധ്യകാലങ്ങളിൽ സാമ്പത്തിക സാംസ്ക്കാരിക മേഖലകളിൽ മുസ്ലിം ഭരണാധികാരികൾ ഉണ്ടാക്കിയ നേട്ടത്തെ വിസ്മരിച്ചു.

ഹിന്ദുരാജാക്കന്മാരും മുസ്ലിം ഭരണാധികാരികളും യുദ്ധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവയൊന്നും മതത്തിന്റെ പേരിൽ ആയിരുന്നില്ല. രാജ്യ താല്പര്യങ്ങളും, ഭൂപ്രദേശങ്ങളുടെ പിടിച്ചടക്കലുകളും, സാമ്പത്തിക കാര്യങ്ങളും മാത്രമായിരുന്നു അവയുടെ ചാലക ശക്തി. പിൽക്കാലത്ത് വന്ന seperate electorate സംവിധാനം സ്ഥിതി കൂടുതൽ വഷളാക്കി. മതം പറഞ്ഞു മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്ന ഈ കാലത്ത് നിന്നും ഒന്ന് പിന്നോട്ട് നോക്കിയാൽ ഹിന്ദു മുസൽമാൻ കൈകോർത്ത് പിടിച്ച് നടന്ന ഒരു സുന്ദര സുരഭില കാലം കാണുവാൻ സാധിക്കും. ചരിത്ര പുസ്തകങ്ങൾ ആ കാലഘട്ടത്തിലേക്ക് തുറന്നു വെയ്ക്കപ്പെട്ട സുവർണ പാതകളാണ്

Advertisements