വോളിബോളിനെ ജനപ്രീയമാക്കിയ ആ ഇതിഹാസം ഉയര്‍ന്നു പൊങ്ങിയ ഒരു സ്മാഷു പോലെ ഇന്നും കായികഭൂപടത്തില്‍ തലയുയർത്തി നിൽക്കുന്നു

313

ജിമ്മി ജോർജ് ഓർമയായിട്ട് 32 വർഷം

1955 മാര്‍ച്ച് 8-നു ജോര്‍ജ്ജ് ജോസഫിന്റെയും മേരി ജോര്‍ജ്ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മി ജോര്‍ജ്ജ് ജനിച്ചു ജിമ്മി ജോര്‍ജ്ജിനും സഹോദരന്മാര്‍ക്കും വോളീബോളിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തത് പിതാവായിരുന്നു.സെന്റ് ജോൺസ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം തുടർന്ന് പെരാവൂരിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വോളിബോൾ കളിച്ചു. ആദ്യകാലത്ത് നീന്തലിലായിരുന്നു ജിമ്മിയുടെ ശ്രദ്ധ. പിന്നീടാണ് അദ്ദേഹം വോളീബോളിലേയ്ക്ക് തിരിഞ്ഞത്.
ജിമ്മി ജോര്‍ജ്ജാണ് വോളിബോളിനുപുറമെ നീന്തലിലും ജിമ്മി കഴിവുതെളിയിച്ചിട്ടുണ്ട്. 1971-ലും 1972-ലും കാലിക്കറ്റ് സർവകലാശാലാ നീന്തൽ ചാമ്പ്യനായിരുന്ന ജിമ്മി ജോർജ് നല്ലൊരു ചെസ്സ് കളിക്കാരനുമായിരുന്നു.
Image result for jimmy george1970 മുതൽ 73 വരെ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച ജിമ്മി പിന്നീട് പാല സെയ്ന്റ് തോമസ് കോളേജിനൊപ്പം കളിച്ചു കേരള സർവകലാശാലയ്ക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞു.പ്രതിനിധീകരിച്ച നാല് തവണയും കേരള യുണിവേഴ്‌സിറ്റിക്ക് അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971ല്‍ പതിനാറാം വയസില്‍ കേരള ടീമില്‍ അംഗമായ ജിമ്മി തുടര്‍ച്ചയായ 11 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടി.വോളിബോളാണ് തന്റെ ആത്മാവെന്ന് തിരിച്ചറിഞ്ഞ ജിമ്മി 1976ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠനം ഉപേക്ഷിച്ച് കേരള പൊലീസില്‍ ചേര്‍ന്നു. കേരള പൊലീസില്‍ അംഗമായ ജിമ്മി മരിക്കും വരെ ടീമിലംഗമായിരുന്നു.1976ല്‍ സോള്‍, 78ലെ ബാങ്കോംങ്, 1986 സോള്‍ ഏഷ്യന്‍ ഗെയിംസുകളില്‍ ജിമ്മി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇതിനിടെ.1979-82 കാലഘട്ടത്തില്‍ യു. എ.ഇ.ലെ അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനായി കളിക്കാന്‍ പോയതോടെ ജിമ്മി വോളിബോളിന്റെ ഇന്റര്‍നാഷണല്‍ താരമായി. അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനായി കളിക്കവെ അറേബ്യന്‍ നാടുകളിലെ മികച്ച താരമെന്ന് പേരെടുത്തു.1982 മുതല്‍ 84 വരെയും 85 മുതല്‍ 87 വരെയും ഇറ്റലിയിലെ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ജിമ്മി ജോര്‍ജ്ജ് കളിച്ചു. 1982ല്‍ ഇറ്റലിയിലേക്ക് പറന്നുഇന്ത്യ വെങ്കലം നേടിയ 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ടീമിന്റെ നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുരണ്ട് തവണ യൂണിവേഴ്‌സിറ്റി കിരീടം നേടി മികച്ച നീന്തല്‍ താരമെന്ന് പേരെടുത്തിരുന്നു ജിമ്മി. എന്നാല്‍ കോര്‍ട്ടില്‍ സജീവമാകാന്‍ കരയിലേക്ക് നീന്തിക്കയറിയ ജിമ്മി വായുവില്‍ പറന്നു കളിച്ചു.ഒരു സ്പ്രിങ്‌പോലെ കുതിച്ചുയര്‍ന്ന് 12 അടി ഉയരത്തില്‍ ജിമ്മി തൊടുത്തുവിട്ട സ്മാഷുകള്‍ ഒരിക്കലും പ്രതിരോധമെന്തെന്നറിഞ്ഞില്ല. ജിമ്മിയെപ്പോലെ ഉയരത്തില്‍ ചാടി പന്തടിക്കുന്ന സ്‌പൈക്കര്‍മാര്‍ അക്കാലത്ത് യൂറോപ്പില്‍ത്തന്നെ അപൂര്‍വ്വം. വില്ലുപോലെ വളഞ്ഞ് ഭൂഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിച്ച് നൊടിയിട വായുവില്‍ നില്‍കുന്നതായി തോന്നിച്ച് പരമാവധി ശക്തി സമാഹരിച്ചുളള ഇടിവെട്ട് സ്മാഷ് തടുക്കുവാന്‍ പോലും ആളില്ലായിരുന്നു എന്നത് ജിമ്മിയുടെ മാത്രം എഴുതപ്പെട്ട ചരിത്രം. ബാക്ക് കോര്‍ട്ടില്‍ നിന്ന് പോലും കണ്ണിന് ഹൃദ്യമായ വിരുന്നൊരുക്കിയ ഈ സ്മാഷുകളാണ് അദ്ദേഹത്തിന് ആരാധകര്‍ക്കിടയില്‍ ‘ഹെര്‍മിസ് ദേവന്‍’ എന്ന വിളിപ്പേര് നല്‍കിയത്.ഇറ്റലിക്കാരുടെ പ്രീയപ്പെട്ട ഹെര്‍മിസ് ദേവന്‍. ആറടി ഉയരവും കട്ടിയുള്ള കറുത്ത താടിയും ഉള്ള ജിമ്മിയെ ലോകം വാഴ്ത്തി.ഇറ്റലിയിലെ മികച്ച വോളിബോള്‍ കളിക്കാരനുള്ള അവാര്‍ഡ് ജിമ്മിയെ തേടിയെത്തിയപ്പോള്‍ ആദരിക്കപ്പെട്ടത് ഇന്ത്യയായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ വോളീബോള്‍ താരം. വോളീബോളില്‍ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയില്‍ ക്ലബ് വോളിബോള്‍ കളിച്ച ജിമ്മി ജോര്‍ജ്ജ് തന്റെ ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായി മാറി. ഇന്ത്യയുടെ ദേശീയ വോളിബോള്‍ ടീമില്‍ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യന്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഒരു സ്‌പോര്‍ട്‌സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോര്‍ജ്ജിനു ലഭിച്ചു. അര്‍ജുന അവാര്‍ഡും ഇതില്‍ ഉള്‍പ്പെടും. 21-ആം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നേടുമ്പോള്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്ജ്.ജി.വി. രാജ അവാര്‍ഡ് (1975)കേരളത്തിലെ ഏറ്റവും മികച്ച സ്‌പോര്‍ട്ട്‌സ് താരത്തിനുള്ള മനോരമ അവാര്‍ഡ് (1976) ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് കരുതപ്പെട്ടു.
10-ാം നമ്പര്‍ ജഴ്‌സിയില്‍ കായിക ചരിത്രത്തിന്റെ പ്രൗഢിക്കൊപ്പം കളം നിറഞ്ഞ ജിമ്മി ജോര്‍ജ് 80കളില്‍ ലോകത്തെ മികച്ച അറ്റാക്കര്‍ എന്ന പേരെടുത്തു. ഇറ്റലിയിലെ പ്രൊഫഷണല്‍ വോളിബോള്‍ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കവെ 1987 നവംബര്‍ 30നാണ് ജിമ്മി ജോര്‍ജ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇറ്റലിയിലെ ബ്രേഷ പ്രൊവിന്‍ഷലിലെ മോണ്ടിച്ചേരി കാര്‍പെന്‍ഡോളോയില്‍ വൈകിട്ട് ഏഴുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ ജിമ്മിയെന്ന വോളിബോള്‍ മാന്ത്രികന്‍ ഈ ലോകത്തോട് വിടപറഞ്ഞു. പരിശീലനം കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജിമ്മി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചായിരുന്നു അപകടം
ഇറ്റലിയിലെ കാർപെൻഡോളോയിൽ ജിമ്മിയുടെ പേരിൽ ഇൻഡോർ സ്റ്റേഡിയം നിർമിച്ചാണ് ഇറ്റലി ജിമ്മി ജോർജിനെ ആദരിച്ചത്. കൂടാതെ ജിമ്മി അപകടത്തിൽ മരിച്ച ഇറ്റലിയിലെ മോണ്ടിച്ചേരി റോഡിനും ഇറ്റലിക്കാർ ജിമ്മി ജോർജിന്റെ പേര് നല്കി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം (തിരുവനന്തപുരം), ജിമ്മി ജോർജ് വോളിബോൾ സ്റ്റേഡിയം (സെന്റ് തോമസ് കോളേജ് പാലാ), ജിമ്മി ജോർജ് സ്പോർട്‌സ് പവലിയൻ (ദേവഗിരി കോളേജ് കോഴിക്കോട്), ജിമ്മി ജോർജ് റോഡ് (പേരാവൂർ), ജിമ്മി ജോർജ് അത്‌ലറ്റിക് സ്റ്റേഡിയം (സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ സ്റ്റേഡിയം, പേരാവൂർ) എന്നിവ പ്രധാന സ്മാരകങ്ങളാണ്.
കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക 1989 മുതൽ നടത്തുന്ന ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിനു പുറമെ, ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് അബുദാബി, ജിമ്മി ജോർജ് ജൂനിയർ വോളിബോൾ ടൂർണമെന്റ് ഇറ്റലി, ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് യു.കെ, ജിമ്മി ജോർജ് എവർ റോളിങ്‌ കപ്പ് കുവൈത്ത്, ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് ന്യൂസിലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിലും പ്രധാന സ്ഥലങ്ങളിലും ജിമ്മിയുടെ പേരിൽ ടൂർണമെന്റുകൾ സംഘടിപ്പിച്ച് കായികപ്രേമികളും സംഘടനകളും ആ മഹാപ്രതിഭയെ ഇന്നും ഓർക്കുന്നു.

ജിമ്മി ജോർജ് മരിച്ചതിന്റെ അടുത്തവർഷം 1988 ആഗസ്ത് എട്ടിനാണ് ജിമ്മി ജോർജ്‌ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ജിമ്മിയുടെ സഹോദരങ്ങൾ അംഗങ്ങളായിട്ടുള്ള ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ ലവ്‌ലി ജോർജാണ്. ജിമ്മിയുടെ സ്മരണ നിലനിർത്തുകയും വളർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ജിമ്മിയുടെ ജന്മനാടായ പേരാവൂർ തൊണ്ടിയിൽ ജിമ്മി ജോർജ് വോളിബോൾ സ്റ്റേഡിയം ഫൗണ്ടേഷന്റെ സംഭാവനയാണ്. മലയോരത്ത് കായികസംസ്കാരം വളർത്തിയെടുക്കാൻ ഫൗണ്ടേഷൻ ജിമ്മി ജോർജ് അക്കാദമി ആരംഭിച്ചിട്ടുണ്ട്.

ജിമ്മിയുടെ സ്മരണ നിലനിർത്താൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് ജിമ്മി ജോർജ് അവാർഡ്. വർഷംതോറും സംസ്ഥാനത്തെ മികച്ച കായികതാരത്തെ കണ്ടെത്തി നൽകുന്ന അവാർഡ് 1989 മുതൽ തുടർച്ചയാ യി നല്കിവരുന്നു. ഫലകവും പ്രശസ്തിപത്രവും കാൽലക്ഷം രൂപയുമടങ്ങുന്നതാണ് അവാർഡ്.
കായിക ലോക ഭൂപടത്തിലേയ്ക്ക് മലയാളത്തിന്റെ പേരു കോറിയിട്ട, ആ സമാനകളില്ലാത്ത പ്രതിഭ വിസ്മരിക്കപ്പെടുകയില്ല. വോളിബോള്‍ എന്ന കായിക ഇനത്തെ ജനപ്രീയമാക്കിയ ആ ഇതിഹാസം ഉയര്‍ന്നു പൊങ്ങിയ ഒരു സ്മാഷു പോലെ ഇന്നും കായികഭൂപടത്തില്‍ നിറഞ്ഞു തന്നേ നില്‍ക്കുന്നു…!
Previous articleപാമ്പുകൾക്ക് കാലുകൾ നഷ്ടമായതെങ്ങനെ ?
Next articleമരണത്തെ അതിജീവിക്കാമോ ? (video)
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.