മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി ഇന്നും ജീവിക്കുന്ന സത്യൻ

383

Sunil Narayanan

1952 ലെ ആത്മസഖിയാണ്‌ സത്യന്‍ ആദ്യമായി അഭിനയിച്ചു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമെന്ന് ചരിത്രകാരന്മാർ പറയുന്നു. അതിനും ഒരു വർഷം മുന്നേതന്നെ പ്രേംനസീറും ആദ്യമായി അഭിനയിച്ച ത്യാഗസീമയിലൂടെ അഭിനയിച്ചു തുടങ്ങിയിരുന്നുവെങ്കിലും ആ ചിത്രം റിലീസായില്ലായെന്നത് വസ്തുതയുമാണ്.
രണ്ട് പതിറ്റാണ് (1952-1971) മലയാള ചലച്ചിത്ര രംഗത്ത് സത്യൻ നായകനായി മുൻനിരയിൽ തന്നെ മരണം വരെയും തിളങ്ങി നില്ക്കുകയും ചെയ്തുവെന്നത് മലയാളികൾ അനുഭവിച്ചറിഞ്ഞ സുകൃതം. ഒട്ടേറെ കാമ്പുള്ള കഥാപാത്രങ്ങൾക്ക് സ്വന്തം രൂപവും സ്വാഭാവിക ചലനങ്ങളും പകർന്നു നല്കി ജീവസ്സുറ്റതാക്കാൻ ആ നടനായി.

ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന്‌ നീലക്കുയില്‍, പാലാട്ട്‌ കോമന്‍, തച്ചോളി ഒതേനന്‍, മുടിയനായ പുത്രന്‍, ഭാര്യ, പഴശ്ശിരാജ, ഓടയില്‍ നിന്ന്‌, കാട്ടുതുളസി, യക്ഷി, അടിമകള്‍, മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍, ത്രിവേണി, അന്വേഷിച്ചു കണ്ടെത്തിയില്ല, ശരശയ്യ, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ, പഞ്ചവൻകാട് തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ അഭിനയമികവോടെ സത്യന്‍ മലയാളസിനിമയില്‍ നിറഞ്ഞു നിന്നു. അറുപതും കടന്ന ഓരോ മലയാളിയും ഒരു പക്ഷേ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളോടെ ഇന്നും സത്യന്റെ ആ ചിത്രങ്ങൾ കണ്ടാസ്വദിയ്ക്കാറുണ്ട്. ഇന്നിപ്പോൾ ന്യൂജെൻ ചെറുപ്പക്കാർ ഒരു അക്കാദമിക വ്യായാമമായും സത്യന്റെ ചിത്രങ്ങൾ കാണുന്നുണ്ട്. ഞങ്ങളെപ്പോലുള്ളവർ നാട്ടിലെ സിനിമാകൊട്ടകയിൽ വർഷങ്ങൾക്കു ശേഷം കാണാനായ സത്യൻ ചിത്രങ്ങളെ പഴങ്കഞ്ഞി പോലെ തൈരും മുളകും ചേർത്ത് സ്വാദോടെ കഴിച്ച് ശീലിയ്ക്കുകയും ചെയ്തു.

വേറിട്ടൊരു കാല്പനിക ഭംഗിയുള്ള കാമുകനായ സത്യനെ നാം കണ്ടു. കർക്കശക്കാരനായ അച്ഛനും ധിക്കാരിയായ മകനുമായ സത്യനെയും വെള്ളിത്തിരയിൽ കണ്ടു. വടക്കന്‍പാട്ടിലെ വീരനായകനായ സത്യനെ കണ്ടപ്പോൾ ആളുകൾ കൈയ്യടിച്ചു. എത്രയെത്ര വൈവിധ്യമാർന്ന വേഷങ്ങളില്‍ നമ്മൾ അദ്ദേഹത്തെ വെള്ളിത്തിരയിൽ കണ്ടിരിയ്ക്കുന്നു. ‘മാനെന്നും വിളിക്കില്ല’ പാടി അഭിനയിയ്ക്കുന്ന നീലക്കുയിലിലെ ശ്രീധരന്‍നായര്‍. ആത്മസംഘർഷങ്ങൾ ഉള്ളിലൊതുക്കിയ ഓടയില്‍നിന്നിലെ റിക്ഷാക്കാരനായ പപ്പുവായി പിന്നീട്. ചെമ്മീനിലെ പരുക്കനായ കടാപ്പുറത്തുകാരൻ പളനി, യക്ഷിയിലെ അരൂപനായി ജീവിയ്ക്കാൻ വിധിയ്ക്കപ്പെട്ട ശ്രീനി, ക്രോസ്ബെൽറ്റിലെ രാജശേഖരൻ നായർ. ‘എന്റെ വീണക്കമ്പിയെല്ലാം’,
‘സ്വർഗ്ഗായികേ ഇതിലേ ഇതിലേ’ തുടങ്ങിയ അനശ്വര ഗാനങ്ങൾ വെള്ളിത്തിരയിൽ പാടിയഭിനയ്ക്കുന്ന മൂലധനത്തിലെ രവി.

കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സത്യന് നേടിക്കൊടുത്ത കടല്‍പ്പാലത്തിലെ ഡബിൾ റോൾ. അന്ധനായി അഭിനയിയ്ക്കുന്ന അച്ഛനായും ധിക്കാരിയായ മകനായും അഭിനയത്തിന്റെ അപാരതകൾ തനിയ്ക്ക് നിഷ്പ്രയാസം കീഴടക്കുവാനാകുമെന്ന് തെളിയിച്ചു. വാഴ്‌വേമായത്തിലെ സംശയരോഗി സുധി, അവസാന നാളുകളിൽ അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകളിലെ തൊഴിലാളി നേതാവ് ചെല്ലപ്പന്‍ തുടങ്ങിയവ സത്യനു മാത്രം ചെയ്തു ഫലിപ്പിയ്ക്കുവാൻ സാധിയ്ക്കുന്ന കഥാപാത്രങ്ങളായി തോന്നിയിരുന്നു. അവയെല്ലാം സത്യന്റെ സ്വാഭാവികാഭിനയമികവിൽ കാലാതീതമായി ആസ്വാദനകരമാകുന്നു. ബ്ലാക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ സാങ്കേതിക പരിമിതികളുടെ പരാധീനതകളിൽ തന്റെ അഭിനയത്തികവു മാത്രം കൊണ്ടു മാത്രം സൂപ്പർ നടനായ സത്യൻ തീർച്ചയായും പുത്തൻ മെഗാസ്റ്റാറുകൾക്ക് ഒരു മാതൃക തന്നെയാകുന്നു.

ചെമ്മീന്‍ എന്ന ചിത്രത്തിലെ പളനിയെ മാത്രമെടുത്താല്‍ മതി സത്യന്‍ എന്ന നടന്റെ സൂക്ഷ്മമായ അഭിനയമികവ്‌ തിരച്ചറിയാന്‍. സംഭാഷണമെറിഞ്ഞ് പ്രേക്ഷകനെ ഒരു സ്വാഭാവികമായ ദൃശ്യാനുഭവത്തിലേയ്ക്കെത്തിയ്ക്കുന്ന നടനരീതി. തന്റെ രൂപത്തിലെയും ശരീരഘടനയിലേയും വർത്തമാനകാല പരാധീനതകൾ സത്യൻ മറികടന്നത് അഭിനയത്തിലൂടെ സ്വായത്തമാക്കിയ ഇമേജിലുടെയായിരുന്നു. പ്രേംനസീർ എന്ന സുന്ദരനു മേൽ അദ്ദേഹം നേടിയ താരപരിവേഷവും അതിലൂടെ തന്നെയായിരുന്നു. നാടകീയത തെല്ലുമില്ല. സത്യന്റെ മികച്ച ചിത്രങ്ങളോരോന്നും മലയാള ചലച്ചിത്രവേദിയിലെ ക്ലാസിക്കുകളാണ്. മലയാള സാഹിത്യത്തിലെ കരുത്തൻ കഥാപാത്രങ്ങൾ ചലച്ചിത്ര വൽക്കരിച്ചപ്പോൾ സത്യന് സ്വാഭാവിക പരിഗണന ലഭിച്ചതും അതുകൊണ്ടു തന്നെ.

പി ഭാസ്ക്കരൻ, രാമു കാര്യാട്ട്, സേതുമാധവൻ, എ വിൻസന്റ് തുടങ്ങിയ പ്രതിഭാധനരായ ചലച്ചിത്രകാരന്മാർ സത്യൻ തങ്ങളുടെ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ശഠിച്ചതിൽ തെറ്റുപറയാനാകില്ല. അദ്ദേഹം സൂപ്പർ അഭിനേതാവായിരുന്നു.

മലയാളത്തിന്‌ ആദ്യമായി പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിക്കൊടുത്ത നീലക്കുയില്‍ എന്ന ചിത്രത്തിലും സത്യൻ അയത്നലളിതമായി ശ്രീധരൻ നായരായി.
നാടകത്തിന്റെ സ്വാധീനം ചലച്ചിത്ര നടന്മാരെ വല്ലാണ്ടങ്ങ് സ്വാധീനിച്ച കാലഘട്ടത്തിൽ സത്യന്റെ പഴയകാല സിനിമകള്‍ കാണുക. അദ്ദേഹത്തിന്റെ അഭിനയത്തിലോ സംഭാഷണ ശൈലിയിലോ നമുക്ക്‌ അസ്വാഭാവികമായി ഒന്നും തോന്നില്ല. ഓർത്തെടുക്കാൻ പറ്റിയ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ഓരോ സത്യന്‍ ചിത്രവും.

വടക്കന്‍പാട്ടിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. ഓര്‍മ്മകളില്‍ നിന്ന്‌ ഒരിക്കലും മരിക്കാത്ത സത്യന്‍ കഥാപാത്രമാണ്‌ തച്ചോളി ഒതേനനിലെ ഒതേനന്‍. പ്രേംനസീർ അവതരിപ്പിച്ച ആരോമലുണ്ണിയും കാണുക. കൈയ്യടി നേടുന്ന തകർപ്പൻ ഡയലോഗുകൾ സത്യൻ പറഞ്ഞില്ല. പകരം, ഒരു കുഞ്ഞുനോട്ടത്തില്‍, ഒരു കണ്ണുരുട്ടലിൽ, ദഹിപ്പിയ്ക്കുന്ന നോട്ടത്തിൽ, ഒരു ചെറുപുഞ്ചിരിയില്‍, ഒരു മൂളലില്‍, മൗനത്തിൽ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കാന്‍ സത്യനിലെ നടനു അനായാസം കഴിഞ്ഞു. സത്യന്റെ മുഖം ഭാവങ്ങൾ പ്രതിഫലിപ്പിയ്ക്കുന്ന കണ്ണാടിയായി മാറുന്ന മാജിക്.

ആ മഹാനടന്റെ വിയോഗം അരനൂറ്റാണ്ടോടടുക്കുമ്പോഴും അദ്ദേഹം പരകായപ്രവേശം നടത്തിയ നിരവധി കഥാപാത്രങ്ങളിലുടെ നഷ്ടബോധത്തിന്റെ അലകളുയർത്തുന്നു. കുറുക്കുവഴികളിലൂടെ സത്യനിലേയ്ക്ക് കടന്നെത്താൻ നമ്മുടെ നടന്മാർ വർത്തമാനകാലത്തും ശ്രമങ്ങൾ തുടരുന്നു. പക്ഷേ ആ മഹാനടന്റെ അഭിനയ പ്രകടനങ്ങൾക്ക് മുന്നിൽ അവർ പണിയായുധങ്ങൾ വച്ച് കീഴടങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുക.