ദക്ഷിണേന്ത്യൻ വനമേഖല അടക്കിവാണ് വിഹരിച്ച വീരപ്പന്റെ കഥ

260

Sunil Waynz 

മൂന്ന് പതിറ്റാണ്ട് കാലം ദക്ഷിണേന്ത്യൻ വനമേഖല അടക്കിവാഴുകയും വനാതിര്‍ത്തിയില്‍ നിര്‍ഭയം വിഹരിക്കുകയും ചെയ്ത കാട്ടുകൊള്ളക്കാരന്‍ വീരപ്പൻ.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പലകുറി ഭരണം മാറി മാറി വന്നെങ്കിലും വീരപ്പന്റെ കാട്ടിലെ ജീവിതത്തിനോ സ്വൈരവിഹാരത്തിനോ ഒരു ഇളക്കവും തട്ടിയിരുന്നില്ല.മേട്ടൂരിലെ നിബിഡവന മേഖലയില് വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്റെ ജീവിതം പിന്നീടങ്ങോട്ട് പടര്ന്ന് പന്തലിക്കുകയായിരുന്നു.സേലം ജില്ലയിലെ മേട്ടൂര്-സത്യമംഗലം കാടുകള് പ്രധാന താവളമാക്കിയിരുന്ന വീരപ്പനും സംഘവും പലപ്പോഴും കേരള അതിര്ത്തിയായ വാളയാര്കാടുകള് വരെ തന്റെ പ്രവര്ത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു.ബില്ഗിരിരങ്കന ബേട്ട,മാലെ മഹദേശ്വര ബേട്ട എന്നീ മലകള്,ഒപ്പം സത്യമംഗലം,ഗുണ്ടിയാല് വനമേഖലകള് എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാരഭൂമികകൾ. ഏതാണ്ട് കാല് നൂറ്റാണ്ട് കാലം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും മുൾമുനയിൽ നിർത്തിയ വീരപ്പൻ കര്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിര്ത്തിവനങ്ങളിൽ ബഹുഭൂരിഭാഗവും തന്റെ കാല്ക്കീഴിലൊതുക്കി.കേരളം,തമിഴ്‌നാട്, കര്ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ ഏതാണ്ട് 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനമേഖലയിൽ വീരപ്പന് രാപ്പകലില്ലാതെ വിഹരിച്ചു.

1952 ൽ ഗോപിനാഥം എന്ന കുഗ്രാമത്തിലെ ദരിദ്രകുടുംബത്തിലാണ് കൂസ മുനിസ്വാമി വീരപ്പന് കൗണ്ടർ എന്ന വീരപ്പന് ജനിക്കുന്നത്.ദാരിദ്ര്യത്തെ അതിജീവിക്കാൻ തന്റെ പത്താം വയസ്സിൽ തന്നെ ചെറുകിടമോഷണങ്ങളും പിടിച്ചുപറികളും ചെയ്ത് വന്ന വീരപ്പൻ ആനവേട്ടയിൽ ആകൃഷ്ടനാകുന്നത് തന്റെ 14ആം വയസ്സിലാണ്.ഒരു ആനയെ വെടിവച്ചു കൊന്ന് അതിന്റെ കൊമ്പ് മുറിച്ചുവിറ്റപ്പോള് വീരപ്പന് അന്ന് ലഭിച്ചത് കേവലം 60 രൂപയായിരുന്നു.പിന്നീട് കുറേക്കാലം ചന്ദനക്കടത്തും ആനവേട്ടയുമായി ആരുടെയും കണ്ണിൽപ്പെടാതെ വീരപ്പൻ സസുഖം കഴിഞ്ഞുവന്നു.എന്നാൽ ആ സ്വൈരവിഹാരത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.1965ൽ വീരപ്പൻ ആദ്യമായി പോലീസ് പിടിയിലായി.ജയിലിൽ നിന്ന് പുറത്തിറങ്ങിയ അയാൾ വീണ്ടും മോഷണവും ആനവേട്ടയുമായി കാട്ടില് കഴിഞ്ഞുകൂടി.1980-81ൽ തന്റെ 28ആം വയസ്സിലാണ് വീരപ്പന് എല്ലാം തികഞ്ഞ ഒരു കൊള്ളസംഘത്തിന്റെ നേതാവായി വളർന്ന് വരുന്നത്.നവീനായുധങ്ങൾ കയ്യാളിയും കുറെയേറെ അനുചരന്മാർ സ്വന്തമായുമുള്ള വലിയൊരു കൊള്ളസംഘത്തിന്റെ തലവനായി മാറുകയായിരുന്നു വീരപ്പൻ.ഈ കാലയളവിലാണ് വീരപ്പന്റെ വിവാഹം നടക്കുന്നതും,കൃത്യമായി പറഞ്ഞാൽ 1990ൽ!!

മുപ്പത്തൊമ്പത് വയസ്സുള്ള വീരപ്പൻ മുത്തുലക്ഷ്മിയെന്ന 16 വയസ് മാത്രം പ്രായമുള്ള യുവതിയിൽ ആദ്യ കാഴ്ചയിൽ തന്നെ അനുരക്തനായി തീരുകയിരുന്നു.നിബിഡവനത്തോട് ചേർന്നുള്ള ഗ്രാമത്തിൽ വസിക്കുന്ന മുത്തുലക്ഷ്മിക്ക് ചന്ദനക്കൊള്ളയും ആനക്കൊമ്പ് മോഷണവും നടത്തിവരുന്ന വീരപ്പനെപ്പറ്റി നേരത്തെ അറിയാമായിരുന്നു.അഞ്ചാം ക്ലാസ് വരെയാണ് മുത്തുലക്ഷ്മി പഠിച്ചത്.തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്കൂളിലെത്താൻ 15 കിലോമീറ്റർ നടക്കണമായിരുന്നു.അങ്ങോട്ടുമിങ്ങോട്ടുമായി 30 കിലോമീറ്റർ നടക്കാൻ സാധിക്കാത്തതുകൊണ്ട് പഠിത്തം അഞ്ചാം ക്ലാസിൽ അവസാനിപ്പിച്ചു.കാട്ടിലെ വസ്തുവകകൾ ഉപജീവനത്തിനായ് കൈക്കലാക്കുന്നതിൽ തെറ്റില്ലെന്ന് അന്നാട്ടിലെ പല പെൺകുട്ടികൾക്കും തോന്നിയ പോലെ അവൾക്കും തോന്നിയിരുന്നു.വിവാഹാഭ്യർഥന നടത്തിയ വീരപ്പനോട് തന്റെ അച്ഛനെയും അമ്മയെയും കണ്ട് സംസാരിക്കൂ എന്ന മറുപടിയാണ് അവൾ നൽകിയത്.അങ്ങനെ കാവേരി നദി മുറിച്ചുകടന്ന് മേട്ടൂരിന് സമീപമുള്ള നെരപ്പുരയിലെത്തി വീരപ്പൻ മുത്തുലക്ഷ്മിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു.ആനക്കൊമ്പ് മോഷ്ടിച്ചും ചന്ദനമരം മുറിച്ചുകടത്തിയും നാടിനെ വിറപ്പിച്ച വീരപ്പന്,പക്ഷേ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്,തന്നോടൊപ്പം ജീവിക്കാൻ സമ്മതമാണോ എന്ന് അവളുടെ വായാൽ നിന്ന് തന്നെ അറിയണമായിരുന്നു.,തന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ പോകുന്ന പെണ്ണിന്റെ മനസ്സറിഞ്ഞുവേണം തന്റെ ജീവിതത്തിലെ ഓരോ പടിയും താണ്ടാൻ എന്ന നിർബന്ധബുദ്ധി വീരപ്പനുണ്ടായിരുന്നത് കൊണ്ടായിരുന്നു അത്.വിവാഹം കഴിക്കാനുള്ള ഇംഗിതം മുത്തുലക്ഷ്മിയുടെ അച്ഛൻ അയ്യണനെ വീരപ്പൻ അറിയിച്ചപ്പോൾ ആ ആവശ്യത്തിന് സ്വൽപം ഭീഷണിയുടെ സ്വരം കൂടിയുണ്ടായിരുന്നു.മറ്റ് വഴികളൊന്നും മുന്നിലില്ലാതെ വീരപ്പന്റെ തോക്കിൻകുഴലിന് മുന്നിൽ തലകുനിച്ച് അർദ്ധമനസ്സോടെ മുത്തുലക്ഷ്മിയുടെ അച്ഛൻ വിവാഹത്തിന് സമ്മതം മൂളിയതോടെ വീരപ്പന്റെ ജീവിതത്തിലേക്ക് മുത്തുലക്ഷ്മി കടന്നു വന്നു.തന്റെ കുപ്രസിദ്ധി കാണിച്ച് ഭയപ്പെടുത്തിയാണ് മുത്തുലക്ഷ്മിയെ വീരപ്പൻ വിവാഹം കഴിക്കാൻ സമ്മതിപ്പിച്ചതെന്ന് പലപ്പോഴും മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ടെങ്കിലും
അതെല്ലാം വസ്തുതാവിരുദ്ധമാണ് എന്ന് മുത്തുലക്ഷ്മി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.ഭർത്താവ് നടത്തിയ കൊലകളെ ഒരിക്കലും താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ സ്ത്രീകളെ അത്രമേൽ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് വീരപ്പനെന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന ഒരു തരത്തിലുമുള്ള അക്രമങ്ങളും അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിയുമായിരുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു പഴയഅഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.ഒപ്പം തന്റെ ഭർത്താവിനെ ഉപയോഗിച്ച് ധനലാഭമുണ്ടാക്കിയ പ്രാദേശികരാഷ്ട്രീയക്കാരെപ്പറ്റിയും അവർ പരാമർശിക്കുന്നുണ്ട്.ഉത്തരേന്ത്യയിൽ പോയി ശിഷ്ടകാലം സമാധാനപൂർവം കഴിച്ചുകൂട്ടാമെന്ന് പറഞ്ഞ മുത്തുലക്ഷ്മിയോട് വീരപ്പൻ ഒന്നേ പറഞ്ഞുള്ളൂവെത്രേ..”ഈ കാടാണ് എന്റെ ജീവൻ..ഇതുവിട്ട് പുറത്തേക്കിറങ്ങിയാൽ അടുത്ത നിമിഷം അവരെന്നെ കൊന്നുകളയും”ആ പറഞ്ഞത് അച്ചട്ടായിരുന്നു!!മൺകാക്കും വീരതമിഴർ പേരവൈ’ എന്ന സംഘടന സ്ഥാപിച്ച് സാമൂഹികസേവനം ചെയ്ത് വരികയാണ് മുത്തുലക്ഷ്മി ഇപ്പോൾ.

മുത്തുലക്ഷ്മിയുമായുള്ള വിവാഹത്തിന് ഒരുവർഷം മുൻപ് തന്നെ,കാട്ടിലെ ജീവിതം മതിയാക്കി സമാധാനജീവിതം വീരപ്പൻ സ്വപ്നം കണ്ടിരുന്നുവെത്രേ.തമിഴ്നാട്ടിൽ അത് സാധിക്കില്ലെന്ന് അയാൾക്കറിയാമായിരുന്നു.അത് കൊണ്ട് തന്നെ,പരിചയമുള്ള ഒരു പട്ടാളക്കാരൻ വഴി അസ്സമിൽ കുറച്ച് സ്ഥലം വീരപ്പൻ കണ്ടുവെച്ചിരുന്നു.ഭാര്യ മുത്തുലക്ഷ്മിയുമായി അങ്ങോട്ട് പോയി താമസം മാറ്റാമെന്നായിരുന്നു വീരപ്പന്റെ പ്ലാൻ.സ്‌ഥലം കണ്ട് ഇഷ്ടപ്പെട്ടെങ്കിലും കൈയിലുള്ള പണം തികയാതെ വന്നതിനാൽ വീരപ്പൻ വീണ്ടും തന്റെ വിഹാരകേന്ദ്രത്തിലേക്ക് തിരിച്ചുവന്നു,ആവശ്യത്തിനുള്ള പണവുമായി ഒരിക്കൽക്കൂടി അങ്ങോട്ട് പോകാൻ.പക്ഷേ,ആ തിരിച്ചുപോക്ക് നടന്നില്ല.കണക്കുകൂട്ടൽ തെറ്റിക്കുന്ന കാലത്തിന്റെ തമാശ വീരപ്പനെയും അടിതെറ്റിച്ചു.

വീരപ്പന്റെ കുപ്രസിദ്ധിയേറി വന്നതിനനുസരിച്ച് അയാളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമങ്ങൾക്കും തീവ്രതയേറിവന്നു.വീരപ്പനെ പിടികൂടുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ കർണാടക-തമിഴ്‌നാട് സർക്കാരുകൾ സംയുക്തമായി രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്(STF)ജനങ്ങളെ നരകതുല്യമാക്കുന്ന ഇടപെടലുകളാണ് അനുദിനം നടത്തി വന്നിരുന്നത്.വീരപ്പന്റെ അനുയായികളെന്നും വിശ്വസ്തരെന്നും സംശയിച്ച് നിരവധി ഗ്രാമീണരെ പോലീസ് ജയിലടക്കുകയും പലരും കൊടിയപീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു.സ്ത്രീകളെയും ഉദ്യോഗസ്ഥർ വെറുതെ വിട്ടില്ല.ചോദ്യം ചെയ്യലിന്റെ പേരിൽ സ്ത്രീകൾക്കു നേരെ നിരവധി അക്രമങ്ങളും ലൈംഗികചൂഷണങ്ങളും അക്കാലത്ത് നടന്നു.

ആനവേട്ടക്ക് പകരം മനുഷ്യ വേട്ടയിൽ അതിനോടകം ലഹരി കണ്ടെത്താൻ തുടങ്ങിയ വീരപ്പന് തിരിച്ചടിയായത് ഫോറസ്റ്റ് കൺസർവേഷൻ ഓഫീസർ ശ്രീനിവാസിന്റെ മരണമായിരുന്നു.ഒട്ടേറെ ഉദ്യോഗസ്ഥരെ വീരപ്പൻ അതിനകം കൊന്നു തള്ളിയെങ്കിലും ശ്രീനിവാസിന്റെ മരണം അങ്ങനെയൊരു സാധാരണമരണമായിരുന്നില്ല.ആദിവാസികൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമപരിപാടികൾ നടപ്പിലാക്കിയ ശ്രീനിവാസ് കാട്ടുകൊള്ളക്കാർക്കായി ഒട്ടേറെ പുനരധിവാസ പദ്ധതികളും നടപ്പാക്കിയിരുന്നു.കൂടാതെ വീരപ്പന്റെ അനുജൻ അർജുൻ അറസ്റ്റിലായപ്പോൾ അയാൾക്കുവേണ്ടി സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കി അഭിഭാഷകനെ ഏർപ്പെടുത്തിയതും ശ്രീനിവാസ് തന്നെയായിരുന്നു.ഒറ്റയ്ക്ക് നിരായുധനായി വന്നാൽ കീഴടങ്ങാമെന്ന വാഗ്ദാനം നൽകിയാണ് മനസ്സിൽ നന്മ മാത്രമുള്ള 30 വയസ്സുകാരനായ ആ ഫോറസ്റ്റ് ഓഫീസറെ വീരപ്പൻ ചതിയിൽപ്പെടുത്തി കഴുത്തറത്ത് കൊന്നു കളഞ്ഞത്.ശ്രീനിവാസിന്റെ ക്രൂരമായ കൊലപാതകമായിരുന്നു വീരപ്പനെ പിടി കൂടാനുള്ള സേനയുടെ ശ്രമങ്ങൾക്ക് വീണ്ടും മൂർച്ച കൂട്ടിയത്.

വീരപ്പൻ വാഴുന്നിടത്ത് ഫോറസ്റ്ററായിരിക്കുകയെന്നത് ഒരു ശരാശരി ഫോറസ്റ്ററെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമുള്ള പണിയായിരുന്നില്ല.ആ തൊഴിലാണ് ശ്രീനിവാസ് മനസ്സാൽ വരിച്ചത്.എന്നാൽ വീരപ്പനാകട്ടെ,തന്നെ പിടിക്കാൻ ശ്രമിക്കുന്ന ഫോറസ്റ്റർമാരെയും ഒപ്പം തന്നെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നവരെയും കെണിയിൽ വീഴ്ത്തി നിർദാക്ഷണ്യം കൊന്നുതള്ളാൻ തുടങ്ങിയിരുന്നു.ഒപ്പം ഫോറസ്റ്റ് റേഞ്ചുകളിലെമ്പാടും വീരപ്പന്റെ പേരിലുള്ള ഭീതി നാൾക്കുനാൾ പടർന്നു പന്തലിച്ചു തുടങ്ങി.അതോടെ ഉദ്യോഗസ്ഥർക്ക് ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. സംശയത്തിന്റെ പേര് പറഞ്ഞ് നിരവധി പേരെ അവർ കടുത്ത പീഡനങ്ങൾക്ക് ഇരയാക്കി

ഉദ്യോഗസ്ഥരുടെ ക്രൂരതകൾ ഗ്രാമീണരെ നിർബാധം വേട്ടയടി കൊണ്ടിരുന്ന വേളയിലാണ് ഈ ട്രെൻഡിന് വിരുദ്ധമായി പ്രവർത്തിച്ച ശ്രീനിവാസ് എന്ന ആദർശധീരനായ ഉദ്യോഗസ്ഥൻ അവിടെ ചാർജ് എടുക്കുന്നത്.കാടിനോടുള്ള കടുത്ത ഭ്രമം കാരണം ഇരുപതാമത്തെ വയസ്സിൽ തന്നെ IFS എഴുതിയെടുത്ത ആളായിരുന്നു ശ്രീനിവാസ്.ആ പ്രദേശത്തെ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ആയി ശ്രീനിവാസ് ചാർജെടുത്തതോടെ,സേനയുടെ വീരപ്പനായുള്ള തിരച്ചിലിനും അന്വേഷണത്തിനും പുതിയ മാനങ്ങൾ വന്നുചേർന്നു.ശ്രീനിവാസിന് കാടെന്നുവെച്ചാൽ ജീവനായിരുന്നു.അതുകൊണ്ട് തന്നെ,കാട്ടിലെ ജൈവസമ്പത്ത് നശിപ്പിക്കുന്ന…സ്വൈരവിഹാരം നടത്തുന്ന ആനകളെ കൊന്നൊടുക്കുന്ന.ഫോറസ്റ്റുദ്യോഗസ്ഥരെ നിർദാക്ഷണ്യം കൊന്നുതള്ളുന്ന വീരപ്പനെ പിടികൂടാൻ തന്നെ അദ്ദേഹം ഉറപ്പിച്ചു.പക്ഷേ ഒരു കാര്യം അദ്ദേഹത്തിന് നന്നായറിയാമായിരുന്നു,വീരപ്പന്റെ യഥാർത്ഥ ബലം കാടുകാക്കുന്ന മക്കളും,കാട് കയ്യേറി ജീവിക്കുന്ന പാവം ഗ്രാമീണരുമാണ് എന്നത്.അതിര്ത്തി ഗ്രാമങ്ങളില് ക്യാമ്പ് ഓഫീസുകള് തുറന്നിട്ടും ഗ്രാമങ്ങള്ക്ക് നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഗ്രാമീണര് തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന് തയാറായില്ല.ഗ്രാമങ്ങളിലെ പാവപ്പെട്ടവരായിരുന്നു വീരപ്പന്റെ ശക്തി.അത് വ്യക്തമായി ശ്രീനിവാസിനും അറിയാമായിരുന്നു

ഗ്രാമീണരുടെ വിശ്വാസമാർജ്ജിക്കാൻ വേണ്ട സന്നദ്ധപ്രവർത്തനങ്ങൾ ശ്രീനിവാസ് പതിയെ ആരംഭിച്ചു തുടങ്ങി.ആദിവാസിക്കുടിലുകളിലും,ഗ്രാമീണരുടെ വീടുകളിലുമൊക്കെ ചെന്ന് താമസിച്ച് അവരിലൊരുവനായി മാറി അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുളള ശ്രമങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.അവരുടെ പ്രശ്നങ്ങൾക്കും പരിഭവങ്ങൾക്കുമൊക്കെ അദ്ദേഹം നിതാന്തജാഗ്രതയോടെ ചെവികൊടുത്തു.സർക്കാരിന്റെ ഭാഗത്തുനിന്ന് അവർക്ക് വേണ്ട പ്രശ്നപരിഹാരത്തിനായി അദ്ദേഹം നില കൊണ്ടു.വനസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ അവർക്ക് മുന്നിൽ അദ്ദേഹം അവതരിപ്പിച്ചു.ആനകളെ എന്തുകൊണ്ട് സ്വൈര്യമായി കാട്ടിൽ കഴിയാൻ വിടണം എന്നും ചന്ദനമരങ്ങൾ എന്തുകൊണ്ട് വെട്ടരുത് എന്നും അദ്ദേഹം പറഞ്ഞു മനസ്സിലാക്കിയപ്പോൾ,എന്തുകൊണ്ട് തങ്ങളിതൊന്നും നേരത്തെ ഓർത്തില്ല എന്ന ആശ്ചര്യത്തിൽ ഗ്രാമീണരും ആദിവാസികളും സ്തംഭിച്ചുനിന്നു.!!

വീരപ്പന്റെ ജന്മനാടായ ഗോപിനാഥത്തിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് ശ്രീനിവാസൻ താമസം അങ്ങോട്ടേക്ക് മാറ്റി.അവിടെ താമസിച്ച് അദ്ദേഹം അഹിംസയുടെ തത്വങ്ങൾ സ്വാംശീകരിക്കാൻ ഗ്രാമീണരെ പ്രേരിപ്പിച്ചു.ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം ഗ്രാമവാസികൾ അദ്ദേഹത്തെ തിരിച്ചു സ്നേഹിച്ചു.വീരപ്പന്റെ സ്വന്തം നാട്ടിലെ ജനങ്ങൾ വീരപ്പനെ പിടികൂടാൻ നടക്കുന്ന ഫോറസ്റ്റ് കൺസർവേറ്ററെ ജീവനുതുല്യം ബഹുമാനിച്ചു.വീരപ്പനെ വേട്ടയാടാൻ വേണ്ടി സർക്കാർ അനുവദിച്ച ഫണ്ടിലെ പണം ചെലവിട്ടുകൊണ്ട് അദ്ദേഹം ഗോപിനാഥത്തിലെ ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി.ഒപ്പം മൂന്നുലക്ഷം രൂപ ചെലവിട്ടു കൊണ്ട് ഗ്രാമീണർക്കായി ഒരു മാരിയമ്മൻ കോവിലും ശ്രീനിവാസ് നിർമിച്ചുകൊടുത്തു.ഗ്രാമാതിർത്തിയിൽ പലയിടത്തും ശുദ്ധജലം സൗജന്യമായി ലഭ്യമാക്കിയും റോഡുകൾ സഞ്ചാരയോഗ്യമാക്കിയും സഞ്ചരിക്കുന്ന ഡിസ്‌പെൻസറികൾ ലഭ്യമാക്കിയും അദ്ദേഹം ഗ്രാമീണരുടെ വിശ്വാസ്യത ആർജ്ജിച്ചെടുത്തു.ഒപ്പം ഗ്രാമീണർക്ക് വൈദ്യസഹായങ്ങൾ നൽകാൻ അദ്ദേഹം പ്രാഥമികശുശ്രൂഷകളിൽ പരിശീലനം നേടി.രാപ്പകലില്ലാതെ ഓടി നടന്ന് അയാൾ അവരെ ശുശ്രൂഷിച്ചു.ഒപ്പം വീരപ്പന്റെ അനുയായികളുടെ കുടുംബത്തെ നേരിൽ പോയി കണ്ട് ശ്രീനിവാസ്,കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.തങ്ങളുടെ ഭർത്താക്കന്മാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹം വീരപ്പന്റെ അനുയായികളുടെ ഭാര്യമാരെ പ്രേരിപ്പിച്ചു.അയാളുടെ വാക്കുകളിൽ സ്വാധീനിക്കപ്പെട്ട പല വീരപ്പൻ സംഘാംഗങ്ങളും തോക്കുപേക്ഷിച്ച് പൊലീസിന് മുൻപിൽ കീഴടങ്ങി.

ശ്രീനിവാസിന്റെ പ്രശസ്തി നാൾക്കുനാൾ വർധിക്കുന്നത് വീരപ്പൻ അറിയുന്നുണ്ടായിരുന്നു.അത് വീരപ്പനെ അസ്വസ്ഥനാക്കി.ഇനിയും ശ്രീനിവാസിനെ ജീവനോടെ വച്ചിരുന്നാൽ തന്റെ സാമ്രാജ്യം നിലംപതിക്കാൻ അധികനാൾ വേണ്ടി വരില്ലെന്ന് വീരപ്പന് മനസ്സിലായി.എന്ത് വില കൊടുത്തും ശ്രീനിവാസിനെ വധിക്കാൻ വീരപ്പൻ ഉറപ്പിച്ചു.കാട്ടുകൊള്ളക്കാരൻ എന്നതിലുപരി കുടിലബുദ്ധിയായ ഒരു കൗശലക്കാരൻ കൂടിയായിരുന്നു വീരപ്പൻ.താൻ കീഴടങ്ങാൻ സന്നദ്ധനാണെന്ന വിവരം മലയിറങ്ങിയ തന്റെ അനുയായികളിലൊരുവൻ വഴി വീരപ്പൻ,ശ്രീനിവാസിനെ ധരിപ്പിച്ചു.വീരപ്പനെ വിശ്വസിച്ച ശ്രീനിവാസ് അങ്ങനെ വീരപ്പൻ വിരിച്ച ചതിയുടെ വലയിലേക്ക് നിരായുധനായി..നിഷ്കളങ്കനായി കയറിചെന്നു

എന്നാൽ വീരപ്പനെ കാണുന്നതിനും മുൻപ് തന്നെ വീരപ്പന്റെ ഇരട്ടക്കുഴൽത്തോക്കിലെ വെടിയുണ്ട ശ്രീനിവാസിന്റെ നെഞ്ചകം തകർത്ത് കടന്നുപോയിക്കഴിഞ്ഞിരുന്നു.സത്യമംഗലത്തെ നിബിഡവനത്തിനുള്ളിൽ സത്യസന്ധനും കർമനിരതനുമായ ആ ഫോറസ്റ്റ് കൺസർവേറ്റർ വെടിയേറ്റ് മരിച്ചുവീണു.അതുകൊണ്ടും കലിയടങ്ങാതിരുന്ന വീരപ്പൻ ശ്രീനിവാസിന്റെ തല വെട്ടിമാറ്റി.അതിനു ശേഷം അയാളുടെ കൈകൾ കൊത്തിയരിഞ്ഞു.തന്നോടൊപ്പമുള്ളവരെയെല്ലാം ശത്രുപക്ഷത്താക്കിയ..അതിന് വേണ്ടി രാപ്പകലില്ലാതെ പണിയെടുത്ത ആ കൈകളോട് വീരപ്പന് അത്രയ്ക്ക് ദേഷ്യമുണ്ടായിരുന്നു.ശ്രീനിവാസിന്റെ ശിരസ്സ് പൊലീസിന് പോലും വിട്ടുകൊടുക്കാതെ ഒരു ട്രോഫി കണക്ക് പോലെ വീരപ്പൻ തന്റെ കൂടെ സദാ കൊണ്ടുനടന്നിരിന്നുവെന്നും പറയപ്പെടുന്നു!!

ഗ്രാമീണരോട് അടുപ്പം സ്ഥാപിച്ചുകൊണ്ടുള്ള ശ്രീനിവാസിന്റെ രീതികളോട് സേനക്കുള്ളിൽ തന്നെ പരസ്യമായി അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.കൂടാതെ വീരപ്പന്റെ സഹോദരി മാലയുമായി ശ്രീനിവാസിന് അടുപ്പമുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ സേനാംഗങ്ങളിൽ പലരും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ആ അപവാദപ്രചാരണങ്ങളിൽ മനംനൊന്ത് മാല ആത്മഹത്യ ചെയ്തതാണ് വീരപ്പനെ ചൊടിപ്പിച്ചതും ശ്രീനിവാസിനെ കൊല്ലാനുള്ള പ്രധാനകാരണമായി വീരപ്പനിൽ വന്നു ഭവിച്ചതും.മുപ്പത് വയസ്സ് മാത്രമേ മരിക്കുമ്പോൾ ശ്രീനിവാസിന് പ്രായമുണ്ടായിരുന്നുള്ളൂ.കർമപഥത്തിൽ അകാലത്തിൽ പൊലിഞ്ഞ ആ ധീരനെ രാഷ്ട്രം ‘കീർത്തിചക്ര’ നൽകിയാണ് ആദരിച്ചത്

1993 മേയിലും ഓഗസ്റ്റിലുമായി വീരപ്പന് സംഘത്തിലേയും പൊലീസിലെയും ഒട്ടേറെപ്പേര് ഏറ്റുമുട്ടലില് മരിച്ചു.1994 ല് തമിഴ്നാട് എസ്.പി ചിദംബരനാഥന് ഉള്പ്പടെ ആറു പേരെ വീരപ്പന് തട്ടിക്കൊണ്ടുപോയി.പൊതുമാപ്പ് തന്നാല് കീഴടങ്ങാമെന്ന് വീരപ്പൻ കർണാടക സര്ക്കാരിനെ അറിയിച്ചു,പക്ഷേ നിബന്ധനകള് കര്ണ്ണാടക തള്ളി.പിന്നീട് 1997 മാര്ച്ചില് വീരപ്പന്റെ അടുത്ത അനുയായി ബേബി വെടിയേറ്റുമരിച്ചു.ഇതിന് മറുപടിയെന്ന വണ്ണം 1998 മെയില് മൂന്ന് പത്രപ്രവര്ത്തകരെ വീരപ്പന് റാഞ്ചി.കൂടാതെ അക്കൊല്ലം ഡിസംബറില് വെള്ളിപ്പുത്തൂരിലെ പൊലീസ് സ്റ്റേഷന് ആക്രമിച്ച് ആയുധങ്ങള് എടുത്തുകൊണ്ടുപോയി.വീരപ്പന് തന്റെ ആവശ്യങ്ങളും നിബന്ധനകളുമെല്ലാം നക്കീരൻ എന്ന മാസികയിലൂടെ ലോകത്തെ അറിയിച്ചപ്പോള് പല വീരപ്പന് കഥകളും ലോകമറിയുകയും ചെയ്തു.രാഷ്ട്രപതിയുടെ മുന്നില് ഉപാധികളോടെ കീഴടങ്ങാമെന്ന് വീരപ്പന് അറിയിച്ചതും നക്കീരന് മാസികയുടെ പത്രാധിപർ ഗോപാലൻ മുഖേനയാണ്.ഒരുപക്ഷേ നക്കീരന് ഗോപാലന് എന്ന പത്രലേഖകന് ഇല്ലായിരുന്നുവെങ്കില് വീരപ്പന് ഒരിക്കലും ഇത്തരമൊരു പരിവേഷം കിട്ടുകയില്ലായിരുന്നു.

ഒളിഞ്ഞും മറഞ്ഞും വനവിഹാരങ്ങളിൽ അക്രമങ്ങൾ തുടരുന്ന വേളയിലാണ് ഇന്ത്യയെ ഒന്നടങ്കം ഞെട്ടിച്ച ആ കുപ്രസിദ്ധ സംഭവം അരങ്ങേറുന്നത്.2000 ജൂലൈ 30ന് തമിഴ്നാട്-കർണാടക അതിർത്തിയിലെ ഗഞ്ചനൂറിലെ ഫാം ഹൗസിലേക്ക് രാത്രി 9 മണികഴിഞ്ഞു. തോക്കുധാരികളായ പന്ത്രണ്ടുപേർ ഇരച്ചു കയറി.ഫാമിലുണ്ടായിരുന്ന കന്നഡ സിനിമയിലെ ഇതിഹാസനടൻ രാജ്കുമാറിനേയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മരുമകൻ ഗോവിന്ദരാജ്,ബന്ധു നാഗേഷ്,സഹ സംവിധായകൻ നാഗപ്പ എന്നിവരെയും വീരപ്പനും കൂട്ടരും ബന്ദികളാക്കി.രാജ്കുമാറിന്റെ ഭാര്യ പാർവമ്മയുടെ കയ്യിൽ ഒരു കാസറ്റ് നൽകി,അത് അന്നത്തെ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയെ ഏൽപ്പിക്കണം എന്ന് സംഘങ്ങളിൽ ഒരാൾ നിർദേശിച്ചു.ബന്ദികളേയും കൊണ്ട് വീരപ്പനും സംഘവും അതിവേഗം കാടുകയറി.പുലർച്ചെ രണ്ടു മണിയോടെ ബംഗളൂരുവിലെത്തിയ പാർവതമ്മ മുഖ്യമന്ത്രിയെക്കണ്ട് സംഭവം പറഞ്ഞു.പിറ്റേന്ന് പുലർച്ചെ ഇരുവരും ചേർന്ന് വാർത്താ സമ്മേളനം നടത്തി.കാസറ്റിൽ പറഞ്ഞ കാര്യങ്ങൾ അവർ മാധ്യമങ്ങളോട് വിശദീകരിച്ചു.കാസറ്റിൽ വീരപ്പൻ പറഞ്ഞത് ഇപ്രകാരം ആയിരുന്നു👇👇

”ഇപ്പോൾ ഞാൻ തട്ടിക്കൊണ്ടുപോയിട്ടുള്ള വ്യക്തികളെ മോചിപ്പിക്കണമെങ്കിൽ ഒരു പ്രധാനപ്പെട്ട ദൂതനെ എട്ടു ദിവസത്തിനുള്ളിൽ അയച്ചിരിക്കണം.ആ ദൂതൻ മുഖേന ബന്ദി മോചനത്തിനുള്ള എന്റെ നിബന്ധനകൾ പറഞ്ഞയയ്ക്കുന്നതാണ്.ഉപാധികൾ നിറവേറ്റിയശേഷം ബന്ദികളെ നിങ്ങൾക്ക് മോചിപ്പിക്കാം.ഇതിനു പകരം കർണാടക-തമിഴ്നാട് പോലീസിനെ നിയോഗിച്ച് ബന്ദി മോചനത്തിന് ശ്രമിച്ചാൽ അത് സാഹസമായിരിക്കും.കാരണമെന്തെന്നാൽ ഇതുവരെ വീരപ്പൻ ബന്ദികളെയാരെയും കൊന്നിട്ടില്ലെന്നതും ഉപാധികളില്ലാതെ അവരെ മോചിപ്പിക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടാവും.ഈ ബന്ദി പ്രശ്നം വീരപ്പന്റെ ഒരു അടവായി ഒരിക്കലും കാണാതിരിക്കുക.അവരെ ഞങ്ങൾ അത്ര പെട്ടെന്ന് വിട്ടയയ്ക്കുമെന്ന് ആരും കരുതേണ്ട.പണ്ട് ഞങ്ങൾ ബന്ദികളോട് കാണിച്ച മൃദുസമീപനമൊന്നും ഇപ്പോൾ നടക്കുകയില്ല.” വീരപ്പൻ നിലപാട് വ്യക്തമാക്കി.

തങ്ങളുടെ ആരാധനാ മൂർത്തിയെ വീരപ്പൻ റാഞ്ചിയതറിഞ്ഞ കന്നടസമൂഹം തെരുവുകളെ കലാപഭൂമിയാക്കി.ബംഗളൂരുവിൽ തമിഴർക്കെതിരെ വ്യാപകമായി അക്രമം പൊട്ടിപ്പുറപ്പെട്ടു.കർണാടകത്തിൽ വിദ്യാലയങ്ങൾ ഒരാഴ്ചയോളമാണ് അടഞ്ഞു കിടന്നത്.സിനിമ ഉൾപ്പെടെയുള്ള വ്യവസായമേഖലകൾ പൂർണ്ണമായും സ്തംഭിച്ചു.അന്ന് വരെ കർണാടകത്തിൽ നിന്ന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് വാങ്ങിയ ഒരു നടനേ ഉണ്ടായിരുന്നുള്ളൂ.അത് ഡോ:രാജ്കുമാറാണ്.ലക്ഷക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ നെഞ്ചേറ്റിയത്.തമിഴ്നാട്ടിൽ വച്ച് തങ്ങളുടെ പ്രിയപ്പെട്ട രാജ്കുമാറിനെ വീരപ്പൻ റാഞ്ചിയത്,പ്രതിഷേധത്തിന്റെ ചൂട് തമിഴർക്കെതിരെ തിരിയാനും കാരണമായി.

ഇതിനിടെ വീരപ്പനുമായി സന്ധി സംഭാഷണത്തിനുള്ള ശ്രമങ്ങൾ കർണാടക- തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ആലോചിക്കുന്നുണ്ടായിരുന്നു.നക്കീരൻ ഗോപാലനെ വീരപ്പനുമായുള്ള സന്ധി സംഭാഷണത്തിന്റെ ദൂതനായി തിരഞ്ഞെടുത്തു.വീരപ്പനുമായി ഗോപാലിനുള്ള ആത്മബന്ധം തങ്ങൾക്ക് ഗുണകരമാവുമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ.അങ്ങനെ ആഗസ്ത് മൂന്നിന് ഗോപാലൻ കാട്ടിലേക്ക് തിരിച്ചു.10 ആവശ്യങ്ങളടങ്ങിയ ഒരു ടേപ്പ് വീരപ്പൻ ഗോപാലിന്റെ കയ്യിൽ തിരികെ കൊടുത്തുവിട്ടു.കർണാടകയിൽ തടവിൽ കഴിയുന്ന 121 ടാഡ തടവുകാരെയും തമിഴ്നാട്ടിലെ ജയിലിലുള്ള 5 തമിഴ് തീവ്രവാദികളേയും പുറത്തുവിടണം എന്നതായിരുന്നു ടേപ്പിലെ പ്രധാനആവശ്യം.

കാവേരി നദീജല കരാർ നടപ്പിലാക്കുക,തമിഴ്നാട്ടിലെ സ്കൂളുകളിൽ തമിഴ്മാധ്യമം നിർബന്ധമാക്കുക,കർണാടകയിൽ തമിഴ് രണ്ടാം ഭാഷയാക്കുക തുടങ്ങിയവയായിരുന്നു അതിലുന്നയിച്ച പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങൾ.വ്യക്തിയധിഷ്ഠിതമായ നേട്ടങ്ങൾക്കപ്പുറത്ത് രാഷ്ട്രീയ ആവശ്യങ്ങൾ കൂടി വീരപ്പൻ മുന്നോട്ടുവച്ചത് കാര്യങ്ങളെ തീവ്രതയേറിയ ചർച്ചകളിലേക്ക് കൊണ്ടുപോയി.തീവ്ര തമിഴ് സംഘടനകളായ തമിഴ് ലിബറേഷൻ ആർമി,തമിഴ് ലിബറേഷൻ ഫോഴ്സ് എന്നിവയുമായി വീരപ്പന് ബന്ധമുണ്ട് എന്ന കാര്യവും ഇതിനാൽ വെളിവാക്കപ്പെട്ടു.

എന്നാൽ രാജ്കുമാറിനെ മോചിപ്പിക്കാൻ കമാൻഡോ ഓപ്പറേഷൻ വേണമെന്ന ആവശ്യം ഇരു സംസ്ഥാനസർക്കാരുകളും ആദ്യമേ തള്ളിക്കളഞ്ഞിരുന്നു.കാരണം സംഭവം നടക്കുന്നതിന് കുറച്ച് കാലം മുൻപായിരുന്നു എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.കമാൻഡോ ഓപ്പറേഷനിടെ രാജ്കുമാറിന് എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ താഴെ വീഴുമെന്ന ബോധ്യമാണ് സർക്കാർ സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കാനുള്ള കാരണം.ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും എസ്.എം കൃഷ്ണയും പലതവണ സാഹചര്യം വിലയിരുത്തി.കമാൻഡോ ഓപ്പറേഷൻ തന്നെ വേണമെന്ന് ജയലളിത രാഷ്ട്രീയആവശ്യമായി ഉന്നയിച്ചുകൊണ്ടിരുന്നു.പക്ഷേ ഒരാഴ്ച പിന്നിട്ടിട്ടും നടപടികൾ കാര്യമായി മുന്നോട്ടു പോകാതായതോടെ ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വീണ്ടും പ്രശ്നങ്ങൾ ആരംഭിച്ചു.തമിഴർക്കെതിരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറി.വീരപ്പന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കരുണാനിധി തീരുമാനിച്ചു.സമാധാന ദൂതുമായി നക്കീരൻ ഗോപാൽ ആഗസ്ത് 13ന് വീണ്ടും കാടു കയറി.വീരപ്പൻ അയഞ്ഞില്ല.ഒടുവിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ വീരപ്പന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായി.എന്നാൽ ടാഡ കേസിലെ തടവുകാരെ പുറത്തുവിടാനുള്ള തീരുമാനം വലിയ തോതിൽ വിമർശനത്തിന് ഇടയാക്കി.പ്രതികളെ പുറത്തുവിടാനുള്ള വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി വന്നു.മുൻപ് വീരപ്പൻ വെടിവെച്ചു കൊന്ന ഷക്കീൽ അഹമ്മദ് എന്ന പോലീസുകാരന്റെ അച്ഛൻ അബ്ദുൾ കരീമാണ് സുപ്രീം കോടതിയെ സമീപിച്ചത്.ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.വാദപ്രതിവാദങ്ങൾ ആരംഭിച്ചു.

അതിനിടെ ആഗസ്ത് 16,24 തിയതികളിൽ ഗോപാൽ വീണ്ടും വീരപ്പനെ കണ്ടു. അതിനുശേഷം വീരപ്പനെതിരായ എല്ലാ കേസും പിൻവലിക്കാൻ പോകുന്നുവെന്ന വാർത്ത പരന്നു.എന്നാൽ അതുണ്ടായില്ല.സുപ്രീംകോടതിയിൽ നിന്ന് കർണാടക സർക്കാരിന് രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്നു.സെപ്റ്റംബർ ആദ്യം കർണാടകയിൽ സർവ്വകക്ഷി യോഗം ചേർന്നു.തീരുമാനങ്ങൾ അറിയിക്കാൻ സെപ്റ്റംബർ 21ന് ഗോപാൽ വീണ്ടും വീരപ്പനെ കണ്ടു. പക്ഷേ നിർദേശങ്ങൾ വീരപ്പൻ തള്ളി.ഇതിനിടെ ബന്ദികളിലൊരാളായ നാഗപ്പ സപ്തംബർ 26ന് കാട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ വീരപ്പന്റെ കൂട്ടാളികളെ വിട്ടയയ്ക്കാനുള്ള സന്നദ്ധത കേന്ദ്ര സർക്കാരും പ്രകടിപ്പിച്ചു.

നാല്തവണ വീരപ്പനെ കണ്ടിട്ടും ഗോപാലിന് ഫലമുണ്ടാക്കാൻ കഴിയാത്തതിനാൽ അഞ്ചാം തവണ ദൗത്യം പി.നെടുമാരനാണ് ഏറ്റെടുത്തത്.തമിഴ് ദേശീയ ഇഴക്കം നേതാവും എൽ.ടി.ടി.യുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയ ആളുമായിരുന്നു നെടുമാരൻ.എല്ലാ അർത്ഥത്തിലും വീരപ്പന് സ്വീകാര്യനുമായിരുന്നു അദ്ദേഹം.മനുഷ്യാവകാശ പ്രവർത്തകരായ കല്യാണ വില്ലുപുരവും പുതുവൈ.ജി.സുകുമാറും അദ്ദേഹത്തോടൊപ്പം വീരപ്പനെ കണ്ടു.കൂടെയുണ്ടായിരുന്ന ഭാനു എന്ന ഡോക്ടർ രാജ്കുമാറിനെ പരിശോധിച്ചു.അവർ ചർച്ച നടത്തി.പക്ഷേ ഫലമുണ്ടായില്ല.ആവശ്യങ്ങൾ എല്ലാം അംഗീകരിക്കണം എന്ന നിലപാടിൽ വീരപ്പൻ ഉറച്ചു നിന്നത് കീറാമുട്ടിയായി.കാട്ടുവാസം കൊണ്ട് രോഗശയ്യയിലായ രാജ്കുമാറിന്റെ മരുമകൻ ഗോവിന്ദരാജുവിനെ ഒക്ടോബർ 16ന് വീരപ്പൻ വെറുതെ വിട്ടു.തൊട്ടടുത്ത ദിവസം കർണാടക-തമിഴ്നാട് സർക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.കൊള്ളക്കാരന് വഴങ്ങി എന്തും ചെയ്ത് കൊടുക്കുമോ എന്ന് കോടതി ഇരു സർക്കാരുകളോടും ചോദിച്ചു. അനിശ്ചിതത്വം തുടർന്നു.ഒടുവിൽ നവംബർ ഏഴിന് സുപ്രീംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു.വീരപ്പന്റെ കൂട്ടാളികളെ വെറുതെ വിട്ടയയ്ക്കില്ലെന്ന വിധിയിൽ കർണാടക,തമിഴ്നാട് സർക്കാരുകൾ ഞെട്ടി.ഇനിയെന്ത് എന്ന് അവർ ആലോചിച്ചു തുടങ്ങി.തമിഴ്നാട് നിയമസഭയിൽ ടി.എം.സി നേതാവ് ബാലകൃഷ്ണൻ തന്നെ ദേശദ്രോഹി എന്ന് വിളിച്ചതിനാൽ നെടുമാരൻ തന്റെ രണ്ടാം ദൗത്യം റദ്ദാക്കുക കൂടി ചെയ്തത് സർക്കാരുകൾക്ക് ഇരുട്ടടിയായി.എന്നാൽ രാജ്കുമാറിന്റെ കുടുംബത്തിന്റേയും നടൻ രജനീകാന്തിന്റേയും അഭ്യർത്ഥന മാനിച്ച് വീണ്ടും കാടു കയറാൻ നെടുമാരൻ തീരുമാനിച്ചു.പക്ഷേ ഇത്തവണ ഗോപാൽ ഒപ്പമുണ്ടായിരുന്നില്ല.കല്യാണി വില്ലുപുരവും ജി സുകുമാരനും അദ്ദേഹത്തോടൊപ്പം പോയി.രാജ്കുമാറിന്റെ മോചനം ഇത്തവണ ഉറപ്പാണെന്ന് പുറപ്പെടും മുൻപേ നെടുമാരൻ പറഞ്ഞിരുന്നു.ഒടുവിൽ അനിശ്ചിതത്വങ്ങളുടെ 108 ദിവസങ്ങൾക്കുശേഷം 2000 നവംബർ 15ന് രാജ്കുമാറിനെ ഉപാധികളൊന്നുമില്ലാതെ വീരപ്പൻ വെറുതെവിട്ടു.

രാജ്കുമാർ രക്ഷപെട്ട വിവരം മുഖ്യമന്ത്രിമാർ മാധ്യമങ്ങളെ അറിയിച്ചു.കലാപകലുഷിതമായിരുന്ന ബംഗളൂരു തെരുവുകളിൽ ആളുകൾ ആഹ്ലാദ നൃത്തം ചവിട്ടാൻ തുടങ്ങി. സർക്കാരയച്ച ഹെലിക്കോപ്റ്ററിൽ രാജ്കുമാർ ബംഗളൂരുവിലെത്തി. മാധ്യമങ്ങളെകണ്ടുഅദ്ദേഹം പറഞ്ഞു.’കഴിഞ്ഞ മൂന്നുമാസത്തിലേറെയായി എനിക്ക് വീരപ്പനും അനുയായികളുമായിരുന്നു ബന്ധുക്കൾ.അവർ നല്ലവണ്ണം എന്നെ നോക്കി.
പക്ഷേ വീട്ടിലെ മക്കളേയും കുഞ്ഞുകുട്ടികളേയും ഓർത്ത് പ്രയാസം തോന്നി. ഓരോ രാത്രിയും പകലും എങ്ങനെയോ തള്ളിനീക്കുകയായിരുന്നു.പത്തു-പന്ത്രണ്ട് ദിവസം കഴിയുമ്പോൾ വിട്ടയയ്ക്കുമെന്നായിരുന്നു കരുതിയത്.പക്ഷേ മൂന്നു മാസങ്ങൾ കടന്നുപോയി. കാട്ടിൽ അറുപതോളം സ്ഥലങ്ങളിലാണ് മാറിമാറി താമസിച്ചത്.”

2003-04 കാലഘട്ടത്തിൽ കര്ണ്ണാടകവും തമിഴ്‌നാടും സംസ്ഥാനാതിര്ത്തികളിൽ അരിച്ചുപെറുക്കി വീരപ്പന് വേട്ട ശക്തിപ്പെടുത്തി.ഒടുവിൽ 2004 ഫിബ്രവരിയില് മലയാളിയായ വിജയകുമാറിനെ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനയുടെ തലവനായി ജയലളിത
ചുമതലയേല്പിച്ചു.

തമിഴ്നാടിന്റെ പ്രത്യേകദൗത്യസേനയുടെ എസ്പിയായിരുന്ന ശെന്താമരകണ്ണന് വിജയകുമാറിന് വലിയൊരു സഹായമായിരുന്നു.ഏതാനും വര്ഷങ്ങളായി വീരപ്പനെതിരെ ഒരു സമാന്തരസംഘത്തെ വളര്ത്തിയെടുക്കുകയായിരുന്നു.വീരപ്പനെതിരെ ഒട്ടേറെ വിവരങ്ങള് ശേഖരിയ്ക്കാനും ശെന്താമരകണ്ണന് കഴിഞ്ഞു.ഈ വിവരങ്ങളെല്ലാം വിജയകുമാറിന്റെ നീക്കങ്ങള്ക്ക് കരുത്തായി.

സാമ്പത്തിക ഞെരുക്കങ്ങള് ഉള്ളതിനാല് ദൗത്യസേനയുടെ ഇന്റലിജന്സ് വിഭാഗത്തെ വേണ്ടത്ര ശക്തിപ്പെടുത്താന് ശെന്താമരകണ്ണന് കഴിഞ്ഞിരുന്നില്ല.ജയലളിതയുടെ വലംകൈയായ വിജയകുമാറിന്റെ വരവോടെ ഈ പ്രശ്നം പരിഹരിച്ചു.ഇന്റലിജന്സ് പ്രവര്ത്തനങ്ങളെ സഹായിക്കാനുള്ള പുതിയ യന്ത്രങ്ങള് വാങ്ങാന് ജയലളിത ആവോളം ഫണ്ട് നല്കി.ഇസ്രയേലില് നിന്നും പുതുമയാര്ന്ന ഇലക്ട്രോണിക്സ് നീരീക്ഷണ യന്ത്രങ്ങള് പ്രത്യേകദൗത്യസേന ഇറക്കുമതി ചെയ്തു.കാട്ടിനുള്ള നല്ലൊരു സര്വെലന്സ് സംവിധാനവും സേന ഒരുക്കി.കാട്ടിനുള്ളിലെ മനുഷ്യരുടെ ചലനത്തെ അപ്പപ്പോള് പിടിച്ചെടുക്കാന് ശേഷിയുള്ളതായിരുന്നു ഈ നിരീക്ഷണസംവിധാനം

ദൗത്യസേനയിലെ രണ്ട് ഉദ്യോഗസ്ഥരായ മുരുകേശനും വെള്ളതുറൈയും ഇതിനകം വീരപ്പന്റെ വിവരങ്ങള് ശേഖരിയ്ക്കാവുന്ന നിലകളില് എത്തി.മുരുകേശന് വീരപ്പന് സംഘത്തിലെ അംഗമായി.വെള്ളതുറൈയ്ക്ക് വീരപ്പന്റെ അടുത്ത അനുയായികളുമായി ബന്ധമുണ്ടായിരുന്നു.വീരപ്പന്റെ അടുത്ത സഹായിയായ കനകരാജിനെ ലഭിച്ചത് ദൗത്യസേനയുടെ നീക്കങ്ങളില് മറ്റൊരു നാഴികക്കല്ലായി. കനകരാജിനെ നിരന്തരമായി ദൗത്യസേന പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഈ പ്രലോഭനങ്ങളിലും ഭീഷണികളിലും കനകരാജ് വീണു.പ്രായമേറുന്തോറും വീരപ്പന്റെ ശാരീരിക അവശതകള് വര്ധിച്ചതും സേനയ്ക്ക് ഗുണകരമായി. കാട്ടിലെ സ്ഥിരവാസം അദ്ദേഹത്തിന്റെ ആസ്തമരോഗം വര്ധിപ്പിച്ചു.ഒപ്പം കണ്ണിനെ തിമിരവും ബാധിച്ചു.വീരപ്പന് ചികിത്സ അത്യാവശ്യമായി.ഈ സമയത്താണ് കനകരാജിന്റെ സഹായം ദൗത്യസേന ശരിയ്ക്കും ഉപയോഗിച്ചത്.കനകരാജാണ് വീരപ്പന് വേണ്ടി ആംബുലന്സ് അയയ്ക്കാന് വേണ്ട മുന്കയ്യെടുത്തത്. അദ്ദേഹം ഈ വിവരം അപ്പോഴപ്പോള് ദൗത്യസേനയെ അറിയിക്കുകയും ചെയ്തു. താന് ധര്മ്മപുരിയിലെ ഡോക്ടറെ കാണാന് വരാമെന്ന് വീരപ്പന് കനകരാജിന് വാക്ക് കൊടുക്കുകയും ചെയ്തു.സംഭവദിവസം ആംബുലന്സ് ഓടിയ്ക്കാന് വിജയകുമാര് നിയോഗിച്ചത് സ്വന്തം കാര് ഡ്രൈവറായ ശരവണനെത്തന്നെയാണ്.ആശുപത്രിയിലേക്കുള്ള വഴിയിൽ,ധർമ്മപുരിക്കടുത്തുള്ള പാടി എന്ന സ്ഥലത്തുവെച്ച് ആളൊഴിഞ്ഞ ഒരിടത്ത് വാഹനം നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാലുപാടുനിന്നും ആംബുലൻസ് വളഞ്ഞ എസ്ടിഎഫ് സംഘം തുരുതുരാ വെടിയുതിർത്തു.വെടിവെപ്പിൽ വീരപ്പൻ കൊല്ലപ്പെട്ടു