റിച്ചാർഡ് നിക്സൻറെ മന്ത്രവാദിനി 

265

Umer Kutty 

റിച്ചാർഡ് നിക്സൻറെ മന്ത്രവാദിനി 

റിച്ചാർഡ് നിക്സണെ നിങ്ങൾക്ക് അറിയാം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്നു . പക്ഷെ അയാൾ ആരെയാണ് മന്ത്രവാദിനി എന്ന് വിളിച്ചിരുന്നത് ?

അത് ലോകത്തെ സ്വാധീനിച്ച ആയിരം വനിതകളുടെ ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ച മഹതിയായ ഇന്ദിരാ ഗാന്ധിയെ ആയിരുന്നു . ഇന്ത്യയിൽ മാത്രമായിരുന്നില്ല ഈ മന്ത്രവാദിനിക്ക് സ്വാധീനം ഉണ്ടായിരുന്നത് . ആഫ്രിക്കയിൽ യൂറോപ്പിൽ യു എസ് എസ് ആറിൽ ആസിയാൻ രാജ്യങ്ങളിൽ അറബ് ദേശങ്ങളിൽ ഇറാനിൽ അഫ്‌ഗാനിൽ ഒക്കെ അവർ ആദരിക്കപ്പെട്ടു . ഇന്ത്യയിലെ ജഗജില്ലികൾ ആയ മൊറാർജി നിജലിംഗപ്പ കാമരാജുമാരെ വരച്ച വരയിൽ നിർത്താൻ അവർക്കായി . അതിനുള്ള നേതൃപാടവവും ഭരണ പരിചയവും നെഹ്രുവിനു ഒപ്പം ചേർന്ന് നടന്നു ഭരണത്തിൻറെയും രാഷ്ട്രീയത്തിന്റെയും ഇടനാഴികളിൽ നിന്നവർ പഠി ച്ചെടുത്തിരുന്നു . പാകിസ്താനുമായി നടന്ന 1965 ലെ യുദ്ധം ഇന്ദിരയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നു അതൃത്തിയിൽ യുദ്ധം നടക്കുമ്പോൾ മറ്റെല്ലാ മന്ത്രിമാരും ഡൽഹിയിൽ കമ്പിളി മൂടിപ്പുതച്ചു എന്ത് ചെയ്യേണ്ടൂ എന്നറിയാതെ ഭയന്നിരുന്നപ്പോൾ ഇന്ദിരാഗാന്ധി മാത്രം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു . ഭാവിയിലെ പ്രധാനമന്ത്രിയായി ഇന്ത്യൻ സമൂഹത്തിന്റെ മനസിൽ അവരന്നു ഇടം നേടുകയായിരുന്നു , തുടർന്ന് നെഹ്രുവിന്റെ നിര്യാണത്തെ തുടർന്ന് തനിക്കു ലഭിക്കുമായിരുന്ന പ്രധാനമന്ത്രിപദം നിരാകരിച്ചു ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ മന്ത്രിയായി ചുമതലയേൽക്കുകകയും നിരക്ഷര ഗ്രാമീണ സമൂഹത്തിൽ വാർത്തകൾ എത്തിക്കുന്ന തരത്തിൽ ഇന്ത്യൻ റേഡിയോയെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ എത്തിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തു, തുടർന്ന് പ്രധാനമന്ത്രി ആയപ്പോൾ വളരെ വിലക്കുറവിൽ ഗ്രാമീണർക്ക് റേഡിയോ ലഭ്യമാക്കുവാനും റേഡിയോ വഴി ഭരണകൂട സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുവാനും വാർത്തകൾ എത്തിക്കുവാനും റേഡിയോ വഴിപ്രധാന മന്ത്രിയുടെ പ്രതിമാസ പ്രഭാഷണം ജനങ്ങളിൽ എത്തിക്കുവാനും അവർക്കായി . ജനം തങ്ങളുടെ പ്രധാനമന്ത്രി തങ്ങളോട് സംസാരിക്കുന്നു എന്ന് തന്നെ കരുതി . അത്തരം പരിപാടികളിൽ കൂടി അവർ ജനത്തിന് പ്രിയങ്കരിയായി .

ഇതേ ഇന്ദിര തന്നെയാണ് അടിയന്തിരാവസ്ഥകാലത്ത് റേഡിയോയ്ക്കു ലൈസൻസ് നിർബന്ധമാക്കിയതും അല്ലാത്തവ പിടിച്ചെടുത്തതും എന്നത് ഒരു വലിയ വൈരുദ്ധ്യം തന്നെ ..

നെഹ്‌റു തുടങ്ങി വച്ച പഞ്ച വല്സര പദ്ധതികളുടെ പൂർത്തീകരണം , പ്രധാനമന്ത്രിയുടെ പത്തിന പരിപാടികൾ [അതിൽ ഉൾപ്പെട്ടതാണ് പ്രവിപേഴ്‌സ്‌ നിർത്തലാക്കലും വാണിജ്യ ബാങ്കുകളുടെ ദേശസാൽക്കരണവും ] തുടങ്ങി അനേകം പരിപാടികൾ അവർ നടപ്പാക്കി ആരോഗ്യ രംഗത്തും കുടുംബാസൂത്രണ രംഗത്തും വിദ്യാഭ്യാസ രംഗത്തും അത്യധികമായ പരിഷ്‌കാരങ്ങളും പദ്ധതികളും വന്നു കൊണ്ടിരുന്നു . വൻകിട ജല വൈദ്യുത പദ്ധതികൾ ജലസേചന പദ്ധതികൾ വളം ഫാക്റ്ററികൾ എന്നിവ രാജ്യത്തിന്റെ നാനാഭാഗത്തും നിർമ്മിച്ചു . ധവള വിപ്ലവം വഴി ക്ഷീര വികസനവും ഹരിത വിപ്ലവവും വഴി രാജ്യത്തിലെ കാർഷിക മേഖലയെ അവർ പോഷിപ്പിച്ചു . അതി ശക്തമായ സോവിയറ്റ് ബന്ധം വഴി രാജ്യത്തിന്റെ പ്രതിരോധ സംവിധാനം അവർ ഇരട്ടിപ്പിച്ചു . ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വം തന്നിൽ വന്നു ചേരും വിധം അവർ മറ്റു അംഗ രാജ്യങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുകയും തന്നെ മന്ത്രവാദിനി എന്ന് വിളിച്ച നിക്സൻറെ രാജ്യത്തു നിന്ന് ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി ഗോതമ്പും ആരോഗ്യരംഗത്ത് വേണ്ടുന്ന മരുന്നുകളും നേടിയെടുത്തു .

പ്രവിപേഴ്‌സ്‌ , ബാങ്ക് ദേശസാൽക്കരണം എന്നിവ യാഥാസ്ഥികരായ കോൺഗ്രസ്സ് ബ്രാഹ്മണ ഭൂസ്വാമി രാജാധികാര വിധേയരായ മൊറാർജി പ്രഭൃതികളെ പ്രകോപിപ്പിച്ചു പത്തും പതിനാലും മക്കളുണ്ടായിരുന്ന വി വി ഗിരിമാരെയും നന്ദമാരെയും കൊണ്ടുനടക്കേണ്ടുന്ന ഗതികേടും കുടുംബാസൂത്രണത്തെകുറിച്ച് പ്രഭാഷണം നടത്തുകയും അതിനായി ശ്രമങ്ങൾ തുടരുകയും ചെയ്തിരുന്ന ഇന്ദിരയ്ക്കു ഉണ്ടായിരുന്നു .

ഞാനിതു കാലഗണന ഒന്നുമില്ലാതെ പറഞ്ഞു പോകുന്നു എന്ന് മാത്രം . അവരുടെ പ്രശസ്തി ലോക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന കാലഘട്ടം ബംഗ്ളാദേശ് യുദ്ധ കാലമാണ് . ആ യുദ്ധത്തിൽ അമേരിക്ക പാകിസ്ഥാനെ സയായിക്കിച്ചേക്കാം എന്ന് അറിയാമായിരുന്നിട്ടും അവർ ധീരമായ നിലപാടുകളോട് മുന്നോട്ടു പോയി , തന്റെ സ്വാധീന ശക്തികൊണ്ട് സോവിയറ്റ് പിന്തുണ നേടിയെടുക്കുകയും ഈജിപ്തിലെ നാസറിനെ പോലുള്ളവരുടെ സഹായത്തോടെ അമേരിക്കൻ നീക്കത്തിന് തടയിടാനും അവർക്കായി കേവലം പതിനെട്ടു ദിവസങ്ങൾകൊണ്ട് ബംഗ്ളാദേശിൽ പാക്കിസ്ഥാൻ പട്ടാളത്തെ അടിയറവ് പറയിക്കാനും തുടർന്ന് ബംഗ്ളാദേശ് എന്ന രാജ്യം രൂപീകരിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്തു . യുദ്ധത്തിന് മാത്രമല്ല സമാധാനത്തിനുമവർ മുൻകൈ എടുത്തിരുന്നു ചൈനീസ് കടന്നു കയറ്റങ്ങളെയും പ്രകോപനങ്ങളെയും അവർ ചർച്ചകളിൽ കൂടി തടയിട്ടു . സോവിയറ്റ് യൂണിയനുമായി നല്ല സൗഹൃദം തുടരുമ്പോഴും അഫ്‌ഗാനുമായി നല്ല ബന്ധം നില നിർത്തുകയും അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തെ എതിർക്കുകയും ചെയ്തു . പാകിസ്താനയുമായി ബന്ധം നില നിർത്തിയിരുന്ന ഇറാനെ ക്രമേണ ഇന്ത്യൻ പക്ഷത്തു കൊണ്ട് വരികയും രാജ്യത്തിനു ആവശ്യമായിരുന്ന ഇന്ധനത്തിന്റെ എഴുപത്തി അഞ്ചു ശതമാനവും അവിടെ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തു . അപ്പോഴേക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരുന്ന ഇന്ത്യയിൽ നിന്ന് എണ്ണയ്ക്ക് പകരം ഭക്ഷ്യ വിഭവങ്ങൾ നൽകുക എന്ന മികച്ച കാരാരും അവർ ഇറാനിൽ നിന്ന് നേടിയെടുത്തിരുന്നു .

പാകിസ്ഥാനുമായി നല്ല ബന്ധം ഉണ്ടായിരുന്ന കശ്മീർ ബംഗ്ളാദേശ് വിഷയങ്ങളിൽ ഇന്ത്യക്കു എതിരിൽ ആയിരുന്ന അറബ് രാജ്യങ്ങളുമായി ക്രമേണ അടുപ്പം സ്ഥാപിക്കുകയും പിന്നീട് അവരുടെ സന്ദർശനങ്ങളിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമായി അവർ മാറുകയും ചെയ്തു . ഇങ്ങിനെ സങ്കീർണ്ണമായ വ്യക്തിത്വത്തിന് ഉടമയും രാഷ്ട്രീയ ഇച്ഛാശക്തിയുംനേതൃ ശേഷിയും ഭരണ പാടവവും ഒത്തിണങ്ങിയ ഈ സ്ത്രീ രത്നത്തെ മന്ത്രവാദിനി എന്ന് നിക്‌സൺ വിളിച്ചുവെങ്കിൽ അയാളുടെ ഉള്ളിൽ ഒരു തരം ആരാധനയാണ് ഉണ്ടായിരുന്നത് എന്ന് കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് .

ഞാൻ ഒരിക്കലും ഇന്ദിരാഗാന്ധിയെ കുറിച്ച് നല്ലതു പറയാറില്ല , അതിനു കാരണം അടിയന്തിരാവസ്ഥയാണ് , അടിയന്തിരാവസ്ഥ ഒരു വിദ്യാർത്ഥിയായിരുന്ന എന്റെ ഓർമ്മകളിലെ ചീത്തകാലം ആയിരുന്നത് കൊണ്ട് കൂടിയാണത് . ഇന്ന് ഞാൻ വിചാരിക്കുന്നു ജയപ്രകാശ് നാരായണൻ എന്ന സോഷ്യലിസ്റ്റു വരുത്തി വച്ച പാപഫലമാണ് ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഫാസിസ്റ്റു ഭരണകൂടമെന്ന് . മൊറാർജ്ജി പക്ഷ സിണ്ടിക്കേറ്റിന്റെ കുത്തിത്തിരിപ്പുകൾ , ഇന്ത്യൻ പട്ടാളത്തോടു പോലും ആയുധം എടുത്തു ഇന്ദിരയ്ക്കു എതിരെ പോരാടാൻ ഉള്ള ജയപ്രകാശിന്റെ ആഹ്വാനം ജനസംഘത്തിന്റെ കലാപങ്ങൾ തുടങ്ങിയ കാരണങ്ങൾ കൂടിയുണ്ട് അടിയന്തിരാവസ്ഥയ്ക്കു പിന്നിൽ, ഇന്ദിരയുടെ അധികാരം നില നിർത്തുക എന്നൊരു അജൻഡ മാത്രമായിരുന്നില്ല . നിവൃത്തി കേടു കൊണ്ടായിരിക്കണം അവർ അടിയന്തിരാവസ്ഥയിലേക്കു എത്തിപ്പെട്ടത് എന്ന് തന്നെ ഞാനിപ്പോൾ വിചാരിക്കുന്നു .

പക്ഷെ അവരുടെ മകൻ സജ്ഞയ് ഗാന്ധിയും അവരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥ വർഗ്ഗങ്ങളും [ ഹക്സറിനെ പോലെ ] ഗുണ്ടാ വർഗ്ഗ സ്വഭാവത്തിൽ എത്തിപ്പെട്ട കോൺഗ്രസ്സ് അനുയായികളും അടിയന്തിരാവസ്ഥയെ ദുരുപയോഗപ്പെടുത്തി എന്ന് വിശ്വസിക്കനാണ് ഞാൻ ശ്രമിക്കുന്നത് . ആളുകൾ പറയും അടിയന്തിരാവസ്ഥ കേരളത്തിൽ എങ്കിലും നന്നായിരുന്നു എന്ന് , അത് തെറ്റായ ധാരണയാണ് കോൺഗ്രസ്സ് ഗുണ്ടകൾ പോലീസ് രാജിനൊപ്പം അഴിഞ്ഞാടിയ സംസ്ഥാനങ്ങളിൽ ഒന്നമതാണ് കേരളം അനേകം യുവാക്കളുടെ ജീവനുകൾ അധികാരി വർഗ്ഗങ്ങളാൽ കെടുത്തിക്കളയപ്പെട്ട ശപ്തകാലമായിരുന്നു അത് .

ഞാൻ വിശ്വസിക്കുന്നു ബിന്ദ്രൻ വാലയെയും കൂട്ടരെയും തുരത്താൻ സുവർണ്ണ ക്ഷേത്രത്തിൽ അവർ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തിയതു ശരിയായിരുന്നു എന്ന് . ഇന്ദിര ആയിരുന്നു അധികാരത്തിൽ എങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടുകയില്ലായിരുന്നു എന്ന് ഞാൻ കരുതുന്നു . സത്യമായിരുന്നു പെണ്ണുങ്ങൾക്ക് അധിക്ഷേപമായി തോന്നാമെങ്കിലും അന്ന് പാക് യുദ്ധകാലത്ത് മന്ത്രി സഭയിൽ ഉണ്ടായിരുന്ന മന്ത്രിമാരിൽ ഒരു ആണ് മാത്രമേ ഉണ്ടായിരുന്നുള്ളു അത് ഇന്ദിരയാണ് എന്ന് അന്നത്തെ പത്രങ്ങൾ എഴുതിയിരുന്നു . അതെ കുത്തക പത്രങ്ങൾ തന്നെ അവർ ബാങ്ക് ദേശ സാൽക്കണവും പ്രവിപേഴ്‌സ്‌ നിർത്തലാക്കലുമായി മുന്നോട്ടു പോകുകയും ചെയ്തപ്പോൾ എതിർപ്പുമായി വരികയും ചെയ്തു . ഇന്ത്യൻ പത്രങ്ങളും ഇന്ത്യൻ ബാങ്കുകളും അന്ന് നിയന്ത്രിച്ചിരുന്നത് കുത്തകകൾ ആയിരുന്നു . പത്രങ്ങളെ ഇന്നും നിയന്ത്രിക്കുന്നത് അവർ തന്നെ ..

എനിക്ക് ഇന്ദിരാഗാന്ധി ആരാധ്യയല്ല എന്നിട്ടും ഇന്ദിരയെ ഞാനിന്നു ആഗ്രഹിച്ചു പോകുന്നു . അത്രമേൽ മോശം കാലത്തിലൂടെ ഭരണത്തിലൂടെ അടിയന്തിരാവസ്ഥയെക്കാൾ ഭയമുള്ള അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ആരാണ് ധീരയായ ആ വനിതാ നേതാവിനെ ആഗ്രഹിക്കാതെയിരിക്കുക ?