പുരുഷന്റെ നോട്ടം എന്തുകൊണ്ട് പെണ്ണിന്റെ മുലകളിലേക്കും മറ്റു മിനുപ്പുള്ള അവയവങ്ങളിലേക്കും കൂർത്തുപോകുന്നു ?

3198

Umer Kutty

ഒരു പെൺകുട്ടിയുടെ മുഖത്തേക്കാണോ നാം ആദ്യം നോക്കുക ? തീർച്ചയായും ആണായാലും പെണ്ണായാലും നാമൊരു വ്യക്തിയെആദ്യമായി അഭിമുഖീകരിക്കുമ്പോൾ തിരിച്ചറിയാനായി അവരുടെ മുഖത്തേക്ക് തന്നെയാണ് നോക്കുക . പിന്നെ എന്ത് സംഭവിക്കുന്നു , ആ വ്യക്തിയെ നാം മൊത്തത്തിൽ ഒന്ന് നോക്കുന്നു വീണ്ടും മുഖത്തേക്ക് തന്നെ നോട്ടം തിരിച്ചെത്തി സംസാരിച്ചു തുടങ്ങുന്നു ..

ഇത് സ്വാഭാവിക പ്രക്രിയയാണ് , പക്ഷെ നമ്മളിൽ പലരും പെൺകുട്ടികളുടെ മുഖത്തു നോക്കി കഴിഞ്ഞു പിന്നെ നെഞ്ചിലേക്ക് തുറിച്ചു നോക്കുന്നു , അവിടെ മുഴച്ചു നിൽക്കുന്ന മുലകളുടെ ഇടയിൽ കണ്ണുകൾ കുരിങ്ങിപ്പോകുന്നു ചിലരോ അരക്കെട്ടിൽ മാത്രമാണ് ദൃഷ്ടി പായിക്കുന്നത് , ചിലർക്ക് കാലുകളാണ് പഥ്യം .

പക്ഷെ ഒരു സ്ത്രീയെ അറിയുവാൻ അവരുടെ ഉള്ളിലേക്ക് കടക്കുവാൻ അവരുടെ വ്യക്തിത്വം സ്പുരിക്കുന്ന കണ്ണുകളിലേക്കു ആണ് നോക്കേണ്ടത് കണ്ണുകളിലാണ് ഓരോ വ്യക്തിയും താനെന്താണെന്ന് രേഖപ്പെടുത്തി വയ്ക്കുക . ആത്മവിശ്വാസമുള്ള പെൺകുട്ടി നിങ്ങളുടെ നോട്ടത്തെ ചാഞ്ചല്യമില്ലാതെ നേരിടുകയും , എതിരിൽ നിൽക്കുന്ന ആളിന്റെ ഓരോ ചലനവും നിരീക്ഷിക്കുകയും അതിനു അനുസാരം പ്രതികരിക്കുകയും ചെയ്യും . അവരുടെ നെഞ്ചിലേക്കോ മറ്റവയവങ്ങളിലേക്കോ നിങ്ങളുടെ കണ്ണുകൾ പോകുന്നു എന്നവർക്ക് തോന്നിയാൽ അത് തടയുന്ന തരത്തിൽ ഒരു നോക്ക് കൊണ്ടുതന്നെ പ്രതികരിക്കാൻ അവർക്കു ആകുകയും ചെയ്യും . ആത്മവിശ്വാസമില്ലാത്ത കുട്ടികൾ അപരന്റെ നോട്ടത്തെ നേരിടാനാകാതെ പതറിപ്പോകുകയും ചെയ്യും , ചിലരെല്ലാം പുരുഷൻ തന്റെ ഉടലിലേക്കാണ് നോട്ടമയക്കുന്നത് എന്ന് മനസ്സിലാക്കി വ്രീളാവിവശയായി നിന്ന് എന്നും വരാം അത്തരം ചാഞ്ചല്യങ്ങൾ കാണിക്കുന്നത് നമ്മുടെ സോഷ്യൽ കണ്ടീഷനിംഗ് കാരണമാണ് , താൻ തലകുനിച്ചു ലജ്ജാലുവായി നിൽക്കേണ്ടവൾ ആണെന്നുള്ള ബോധം കുത്തിവയ്ക്കപ്പെടുകയും പുരുഷന് വേണ്ടുന്ന ഒരു കമ്മോഡിറ്റിയാണ്‌ താനെന്നും സാമൂഹികമായി പുരുഷന് മേൽക്കൈ ഉണ്ടെന്നും താൻ അവർക്കു വിധേയയായിനിലകൊള്ളേണ്ടവൾ ആണെന്നുമൊക്കെ ഒരു പൊതുബോധം അവരിൽ സമൂഹം കുത്തിവയ്ക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ ആണത് . അപ്പോഴും മനസിലാക്കുക ഭയപ്പെട്ടു പോകുന്ന പെണ്ണിനും ലജ്‌ജാവിവശയും നമ്രമുഖിയും ഒക്കെയായി നിൽക്കുന്ന പെൺകുട്ടിക്കും ഒരു തലച്ചോറും ബോധവും വ്യക്തിത്വവും ഉണ്ടെന്ന് . കുടുംബവും സമൂഹവും അവരുടെ വ്യക്തിത്വത്തെപ്രകടിപ്പിക്കാനുള്ള അവസരങ്ങളെ തെറ്റായപാഠങ്ങൾ നൽകി തിരിച്ചു വിട്ടത് മൂലമുള്ള നിസ്സഹായതയാണ് അതെന്ന് .

പരുഷന്റെ നോട്ടം എന്ത് കൊണ്ട് പെണ്ണിന്റെ മുലകളിലേക്കും മറ്റു മിനുപ്പുള്ള അവയവങ്ങളിലേക്കും കൂർത്തു പോകുന്നു ? അത് മറ്റൊരു നിസ്സഹായതയാണ് . വളർച്ചയുടെ ഘട്ടങ്ങളിൽ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വ്യതിരിക്തത ഒരു കൗതുകമായി ഉള്ളിൽ വളരുമ്പോൾ അത് സ്വാഭാവിക പ്രകൃതിയാണ് എന്നും തന്റെ അവയവങ്ങൾ വളർന്നു ഉരം വയ്ക്കുന്നതുപോലെ പെൺകുട്ടികളുടെ ശരീരാവയവങ്ങളും വളർന്നു കനംവയ്ക്കുമെന്നും അത് കേവലം കൗതുകത്തിന് അപ്പുറം അതിനെല്ലാം പ്രാകൃതിക ധർമ്മങ്ങൾ ഉണ്ടെന്നും പഠിച്ചെടുക്കാൻ ഉതകുന്ന വിധം സാമൂഹിക അന്തരീക്ഷം നിലനിൽക്കുന്നില്ല എന്ന് മാത്രമല്ല കുട്ടികളായിരിക്കെ ഇടപഴകിയതു പോലെ സ്വാഭാവികമായി ഇടപെടാനും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പരസ്പ്പരം അടുത്തറിഞ്ഞു പെരുമാറാൻ ഉതകുന്ന വിധം ഇടപഴക്കാനുള്ള കുട്ടികളുടെ അവസരങ്ങളെ നിഷേധിക്കുകയും അകറ്റപ്പെടുകയും ചെയ്യുന്നത് മൂലം ശരിയായ അറിവുകൾ ആർജ്ജിക്കാൻ ആൺകുട്ടികൾക്ക് ആവാതെ വരികയും പിന്നീട് പൊതു സമൂഹം നൽകുന്ന തെറ്റായ അറിവുകൾ മൂലം തന്നെ പോലെത്തന്നെ വ്യക്തിബോധവും സാമൂഹിക തുല്യതയും ഒക്കെയുള്ള മറ്റൊരു വ്യക്തിയാണ് ഞാൻ നെഞ്ചിലേക്ക് തുറിച്ചു നോക്കുന്ന പെണ്കുട്ടിയെന്നു മനസ്സിലാക്കാൻ ആവാതെ വരികയും ചെയ്യുന്ന നിസ്സഹായാവസ്ഥ തന്നെയാണ് അത് .

നാം നിരന്തരം ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നല്കേണ്ടുന്നതിനെ കുറിച്ച് ,സമൂഹത്തിൽ ആണും പെണ്ണും തുല്യരാണെന്ന ബോധം വളർത്തുന്നതിന് ആവശ്യമായ സാമൂഹിക ക്രമംഉണ്ടായിവരേണ്ടതിനെ കുറിച്ചെല്ലാം നാം സംസാരിച്ചു കൊണ്ടിരിക്കുന്നു . പക്ഷെ ഒന്നും സംഭവിക്കുന്നില്ല നമ്മുടെ കൂർത്ത നോട്ടം ഇപ്പോഴും പെണ്ണിന്റെ മുലകളിലേക്കാണ് അവരുടെ കുളിക്കടവുകളിൽ പതിയിരിക്കുക തന്നെയാണ് നാം . അവരുടെ താക്കോൽ പഴുതുകളിൽ കൂടി ഒളിഞ്ഞു നോക്കുക തന്നെയാണ് നാം . സോഷ്യൽ മീഡിയാ സ്ഥലികളിൽ അവരുടെ ചന്തികളിൽ വട്ടം വരച്ചു കളിക്കുകയും മാറിടങ്ങളിൽ കുത്തിട്ട് കളിക്കുകയും ചെയ്യുക എന്നതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല .

എന്താണ് പരിഹാരം ? നമ്മുടെ മുന്നിൽ വന്നു നിൽക്കുന്ന പെണ്ണിനെ ഒരുടലാണ് എന്നതിനപ്പുറം എനിക്ക് തുല്യമായ ഒരു മനസ്സാണ് വ്യക്തിത്വമാണ് എന്ന് അംഗീകരിച്ചു കണ്ണുകളിൽ കൂടി അവരോടു സംവദിക്കുക പകരം അവരുടെ നെഞ്ചുകളെ വെറുതെ വിടുക . നമുക്കതു പെട്ടെന്ന് സാധ്യമായി എന്ന് വരില്ല നിത്യശീലം മൂലം കണ്ണുകൾ അങ്ങോട്ട് ഓടിപ്പോയി എന്ന് വരും അപ്പോൾ നമ്മുടെ ബോധത്തോടു നാം നരന്തരം പറയണം കണ്ണേ മടങ്ങുക എന്ന് ..

Advertisements