ആരാണത് ?

209

Umer Kutty

ആരാണത് ?

വെളുപ്പിന് കളരി പഠിക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു എനിക്ക് മീശ കരുത്തു വരുന്ന കാലത്ത് . ഏഴര വെളുപ്പിന് ഉണർന്ന് [ ഏഴരമണിക്കല്ല അവസാനയാമം എന്ന് പറയും ] ഒരുതലയിൽ കെട്ടൊക്കെ കെട്ടി മർമ്മാണി തൈലത്തിന്റെ കുപ്പിയും കരുതി നാട്ടു വെളിച്ചത്തിന്റെ സഹായത്തോടെയാണ് പോകുക . മഴക്കാലത്തു ആണെങ്കിൽ മാത്രമേ കയ്യിൽ വെളിച്ചം കരുതുകയുള്ളൂ ..
വീട്ടിൽ നിന്ന് ഒരിടവഴി താണ്ടിവേണം പഞ്ചായത്തു റോഡിൽ എത്താൻ , ഇടഴിക്കു രണ്ടു വശത്തും ഉള്ള കയ്യാലകളിൽ [കെള എന്നാണ് ഞങ്ങൾ പറയുക ] നിറയെ മുള്ളുകൾ നിറഞ്ഞ കോളാമ്പി പൂക്കളുടെ ചെടികളാണ് , ഒരാളിന് ഒരിക്കലും ചാടിക്കടക്കാൻ ആവില്ല മുള്ളുകൾ ഉള്ളത് കൊണ്ട് അവയ്ക്കു ഇടയിൽ കൂടി നൂണ്ടു കയറാനും ആവില്ല ഇടവഴി ഒരു മുന്നൂറു മീറ്റർ അങ്ങിനെ കിടക്കുന്നു . അതായത് വല്ല കാളയോ വന്നാൽ തിരിച്ചു ഓടുക മാത്രമേ നിർവാഹമുള്ളൂ .. ആ ഇടവഴിയിൽ കൂടിയാണ് ഞാൻ ഗുഷ്തി പഠിക്കാൻ പോകുക , അങ്ങിനെ ഒരു ദിവസം ഇടവഴിയിൽ എന്റെ പിറകിൽ ഒരാൾ നടന്നു വരുന്നതിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അൽപ്പം മുന്നോട്ടു കുനിഞ്ഞു തലയിൽ കൂടി നീളൻ ഷാളിട്ട ഒരാളാണ് വരുന്നത് എന്ന് കണ്ടു . സ്വാഭാവികമായും ഞാനയാളെ കാര്യമാക്കിയില്ല , സാധാരണമാണ് ആളുകൾ ദൂര ദിക്കുകളിലോ മറ്റോ പോകാൻ ഉണ്ടെങ്കിൽ വളരെ നേരത്തെ തന്നെ ബസ്സ് പിടിക്കാനോ ട്രെയിൻ കയറാനോ ആയി പുറപ്പെടുക എന്നത് . പക്ഷെ പെട്ടെന്ന് എനിക്ക് ഉള്ളിൽ ഒരു സംശയം ഇങ്ങിനെ ഒരാളെ കണ്ടു പരിചയം ഇല്ലല്ലോ നാട്ടിൻ പുറങ്ങളിൽ ആളുകൾ പരസ്പ്പരം അറിയുന്നവർ ആയിരിക്കും , പക്ഷെ ഇയാളെ കണ്ടു പരിചയമില്ലല്ലോ എന്ന് തോന്നിയത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി പക്ഷെ അങ്ങിനെ ഒരാൾ അവിടെ ഇല്ലായിരുന്നു . കേവലം ഒന്നോ രണ്ടോ ചുവടുകൾ നടക്കുന്ന സമയം കൊണ്ട് അയാൾ എങ്ങോട്ടു പോയി ?
ഉറപ്പാണ് കയ്യാല ചാടിക്കടക്കാൻ അയാൾക്ക് ആവില്ല അയാൾ തിരിഞ്ഞോടിയതാണ് എങ്കിൽ ഓടുന്ന ശബ്ദം ഞാൻ കേൾക്കും മുന്നൂറു മീറ്റർ ഓടി മറയാൻ ഞാൻ രണ്ടു ചുവടുകൾ വയ്ക്കുന്നതിന് ഇടയിൽ അയാൾക്ക് ആവില്ല , ഞാൻ ആദ്യം ഒന്ന് അമ്പരന്നു . പിന്നീട് തിരിച്ചു നടന്നു ഇടവഴികൾ തുടങ്ങുന്ന ഇടം വരെ നടന്നു ആരുമില്ലായിരുന്നു അവിടെ ഇടവഴികൾ ചേർന്നൊരു ജങ്ഷൻ ആണ് മറ്റു രണ്ടു ഇടവഴികളും പരിശോധിച്ചു . വീട്ടിലേക്കു തിരിച്ചു ചെന്ന് വലിയ ടോർച്ചുമായി വന്നു ഇടവഴികളിൽ അരിച്ചു പെറുക്കി ആരുമില്ല . ആ തണുത്ത വെളുപ്പാൻ കാലത്ത് ഞാൻ വിയർത്തു കുളിച്ചു , ഞാൻ ടോർച്ചുമായി ഇറങ്ങുന്നതും വളപ്പിലും ഇടവഴിയിലും ഒക്കെ അരിച്ചു പെറുക്കുന്നതും എല്ലാം വെളുപ്പിന് തന്നെ ഉണരുന്ന എന്റെ ഉമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവരോടു ഞാൻ കാര്യം പറഞ്ഞു അവര് പറഞ്ഞു വല്ല ജിന്നോ ശൈതാനോ ആയിരിക്കും നീ കണ്ട കാര്യം ആരോടും പറയേണ്ട .
എനിക്ക് ഉറപ്പായിരുന്നു അത് ജിന്നല്ല ശൈത്താനും അല്ല , അതൊരു മനുഷ്യൻ തന്നെ ആയിരുന്നു . കാരണം പിന്നീട് ശരിക്കു വെളിച്ചം വീണപ്പോൾ ഇടവഴി ഞാൻ പരിശോധിച്ചു മണ്ണിൽ എന്റെ കാൽപാടുകൾ തലങ്ങും വിലങ്ങും കിടപ്പുണ്ട് മറ്റൊരു കാൽപാടും അവിടെ ഉണ്ട് . ഞാൻ തന്നെ ഒന്ന് രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് കാരണം അത് കൂടിക്കുഴഞ്ഞു കിടക്കുന്നു . ഞാനൊരു കോട്ടയം പുഷ്പനാഥാണ്‌ എന്ന് സ്വയം സങ്കല്പ്പിക്കുന്ന കാലമാണ്, ഇടവഴിയുടെ രണ്ടു ഭാഗവും പരിശോധിച്ചതിൽ നിന്ന് അയാളെ കണ്ടിടത്തു നിന്ന് കയ്യാല മറികടക്കാനോ നൂണ്ടുകയറാനോ മാർഗ്ഗമില്ല ചെടികൾ ഉലഞ്ഞു കാണുന്നില്ല . പിന്നെ ഒന്നോ രണ്ടോ ചുവടുകൾ നടന്നു തിരിഞ്ഞു നോക്കിന്നുന്നതിനു ഇടയിൽ അയാൾ എങ്ങിനെ അവിടെ നിന്ന് മറഞ്ഞു ?!! ഇന്നും അതൊരു സമസ്യയായി തന്നെ കിടക്കുന്നു .
ഇനി സാധ്യതകൾ പരിശോധിക്കാം ..
ഒന്ന് അങ്ങിനെ ഒരാൾ ഉണ്ടായിരുന്നില്ല , മനസ്സിൽ അത്തരം ഒരു രൂപം എപ്പോഴോ രൂപം കൊണ്ടിരുന്നിരിക്കാം, വെളുപ്പിന്റെ നിശബ്ദതയും നാട്ടു വെളിച്ചവും ഏകാന്തയിൽ ഒരാൾക്ക് ഉണ്ടാകാവുന്ന വിഭ്രമവും കാരണം വല്ല ചെറു ജീവികളുടെ ശബ്ദവും പിന്നിൽ നിന്ന് കേട്ടപ്പോൾ മനസ്സു അങ്ങിനെ ഒരു രൂപത്തെ റിഫ്ളക്ക്ട് ചെയ്തു കാണിച്ചതാവാം . പക്ഷെ എനിക്ക് ഭയം ഉണ്ടായിരുന്നില്ല സാധാരണ നടന്നു പോകുന്നതാണ് വളരെ പരിചിതമായ വഴിയാണ് ,ആളെ കണ്ടതിനു ശേഷവും ഭയന്നില്ല അവഗണിച്ചു നടന്നു നീങ്ങുക ആയിരുന്നു . എന്റേതല്ലാതെ മറ്റൊരു കാൽപാടും അവിടെ ഉണ്ടായിരുന്നു .
രണ്ടാമത് സാധ്യത ഞാൻ തിരിഞ്ഞു നോക്കും എന്നുറപ്പുള്ള അയാൾ കയ്യാലയോടു ചേർന്ന് അമർന്നു നിൽക്കുകയും പുല്ലുകളും വള്ളികളും നിറഞ്ഞ അവിടെ പതുങ്ങിയ ആളെ ശ്രദ്ധിക്കാതെ ഞാൻ ഇടവഴി തുടങ്ങുന്ന ഇടത്തേക്ക് വരെ തിരിച്ചു നടക്കുന്നതിനു ഇടയിൽ അയാൾ മുന്നോട്ടു പോയതായിരിക്കാം ..
മറ്റൊരു സാധ്യതയും അവിടെയില്ല , നിന്നിടത്തു നിന്ന് ഇൻവിസിബിൾ ആകാനുള്ള ശേഷിയുള്ള ഏതെങ്കിലും ജീവി ഈ ഭൂമിയിൽ ഉണ്ടെന്നു ഞാൻ കരുതുന്നില്ല . രണ്ടാം ദിവസം ഞാൻ നേരത്തെ എഴുന്നേറ്റ് റെഡിയായി ഇടവഴി ഞങ്ങളുടെ പറമ്പിലേക്ക് സന്ധിക്കുന്ന ഇടത്തു ഒരു തെങ്ങിന് താഴെ കാത്തിരുന്നു ഇടവഴി മുഴുവൻ കാണാൻ പാകത്തിൽ പക്ഷെ വെളിച്ചം വരുന്നതുവരെ കാത്തിരുന്നിട്ടും ആരും അത് വഴി കടന്നു പോയില്ല ഒരു കുറുക്കൻ പോലും …
ഞാൻ നൽകിയ രണ്ടു സാധ്യതകൾക്കു പുറമെ നിങ്ങളുടെ തോന്നൽ എന്താണ് എന്ന് പറയൂ .. എന്തായിരിക്കാം അങ്ങിനെ ഒരാളുടെ സാന്നിദ്ധ്യം തോന്നാൻ കാരണം ? യഥാർത്ഥത്തിൽ അങ്ങിനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ അയാൾ എങ്ങിനെ മറഞ്ഞു ? ആരാണയാൾ ..