മാമാങ്കം മികച്ച സാങ്കേതികതയുള്ള കണ്ടിരിക്കാൻ ആവുന്ന സിനിമ തന്നെയാണ് , പിന്നെ എന്താണ് പ്രശ്നം ?

174

Umer Kutty

മാമാങ്കം മികച്ച സാങ്കേതികതയുള്ള കണ്ടിരിക്കാൻ ആവുന്ന സിനിമ തന്നെയാണ് . പിന്നെ എന്താണ് പ്രശ്നം ?

ചരിത്രവും പോരാട്ടങ്ങളുമായി ബന്ധമുള്ള ഒരു സിനിമയെ കൈകാര്യം ചെയ്യുമ്പോൾ അതിനു ചന്തം ചാർത്തുന്ന തരത്തിൽ സഭാഷണങ്ങളും ചടുലമായിരിക്കണം . പോട്ടെ ഒരു കമേഴ്‌സ്യൽ സിനിമ എന്ന നിലയിൽ ചരിത്ര പശ്ചാത്തലങ്ങൾ അതെ പോലെ പകർത്തിയാൽ ഭംഗി ഉണ്ടാവില്ല , പക്ഷെ പതിനേഴാം നൂറ്റാണ്ടിലെ പേച്ചെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന ഭാഷാ പ്രയോഗങ്ങൾ ആധുനികമോ പ്രാകൃതമോ എന്ന് മനസ്സിലാവാത്തത് കൊണ്ടാവണം കഥാപാത്രങ്ങൾ സംഭാഷണങ്ങൾ ഉരുവിടുമ്പോൾ വലിഞ്ഞു നീണ്ടുപോകുക മാത്രമല്ല എന്താണ് അർത്ഥമാക്കുന്നത് എന്ന് പോലും അവർക്കു തന്നെ മനസ്സിലാവുന്നുണ്ടോ എന്ന് സംശയം തോന്നും .
കേരളീയ സാമാന്യ ജനതയുടെ വേഷമെന്നത് വെറും കോണകം മാത്രമായിരുന്ന ഒരു കാലഘട്ടത്തെ അവതരിപ്പിക്കുമ്പോൾ അതിനോട് അൽപ്പമെങ്കിലും സാമ്യം തോന്നുന്ന വേഷമെങ്കിലും ആയിരിക്കണം കാണിക്കേണ്ടത് . അന്നത്തെ രാജാക്കന്മാർക്കു പോലും കേവലം മുക്കാൽ മുണ്ടും ഉത്തരീയം പോലൊരു മേൽ മുണ്ടുമായിരുന്നു വേഷമായി ഉണ്ടായിരുന്നത് എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് . അപ്പോൾ പൊതു ജനത്തെ തിരശീലയിൽ കൊണ്ട് വരുമ്പോൾ കോണകം മാത്രമായി കൊണ്ടുവരണം എന്നില്ലായെങ്കിലും ഒരു ചുട്ടി തോർത്തും തലയിൽ കെട്ടും എന്ന പിൽക്കാല കേരളീയ വേഷമെങ്കിലും ആയിരിക്കണമായിരുന്നു കാണിക്കേണ്ടിയിരുന്നത് എന്ന് തോന്നുന്നു . എങ്കിലും കമേഴ്‌സ്യൽ വർണ്ണവിന്യാസത്തിനായി വരുത്തിയ അത്തരം വ്യതിയാനങ്ങളെ അവഗണിക്കാവുന്നതാണ് .
എങ്ങിനെയെല്ലാം ഗിമ്മിക്കുകൾ കാണിച്ചാലും സാങ്കേതിക തികവിൽ ഒഴിച്ച് മറ്റെല്ലാ മേഖലയിലും ഈ ചിത്രം ഒരു വൻപരാജയമാണ്‌ എന്നുതന്നെ പറയേണ്ടിവരും . ഓർമ്മയിൽ നിൽക്കാവുന്ന പാട്ടുകളോ മനോഹരമായ പശ്ചാത്തല സംഗീതമോ ഒരുക്കാനായില്ല എന്ന് മാത്രമല്ല എന്റെ മുക്കുത്തി മുക്കുത്തി എന്ന് ആവർത്തിക്കുന്ന പാട്ടും അതോടൊപ്പം ഉള്ള കാബറെ ഡാൻസും ആളുകളിൽ ഒരുതരം കോമഡി കാണുന്ന വികാരമേ ഉണർത്തുകയുള്ളൂ എന്ന് പറയാം .. പൊതുവെ മെയ് വഴക്കമില്ലാത്ത നടനെന്ന് വിളിപ്പേരുള്ള മമ്മൂട്ടിക്ക് പറ്റിയ ഒന്നല്ല സ്ത്രൈണ ഭാവമുള്ള കഥാപാത്രങ്ങൾ എന്നിരിക്കെ എന്തിനാണ് മരപ്പാവയ്ക്കു കാതിൽ കമ്മലും പട്ടുകുപ്പായങ്ങളും ഇടുവിച്ചതു പോലെ ഒരമ്മായി വേഷമായി അയാളെ ആടിക്കുന്നത് എന്തിനെന്നു സംവിധായകനോ കഥാകൃത്തിനോ മാത്രമേ പറയാനാകൂ ..
ഈ ചിത്രം കണ്ടു പുറത്തിറങ്ങുമ്പൊൾ ഓർമ്മയിൽ സൂക്ഷിക്കനാകുന്ന ഒരു കഥാപാത്രം മാത്രമേ ഉണ്ടാകുകയുള്ളൂ അത് ആ കുട്ടിചാവേർ മാത്രമായിരിക്കും .
വടക്കൻവീരഗാഥ പോലുള്ള സിനിമകളിൽ നിന്ന് നാം ഇന്നും ഓർത്തെടുത്തു പറയുന്ന സംഭാഷണങ്ങളും പാട്ടുകളും അഭിനയ മുഹൂർത്തങ്ങളും ഉണ്ടായത് ആ തിരക്കഥയുടെ മേൻമകൊണ്ടും സംവിധാന മികവുകൊണ്ടുമൊക്കെയാണ് . ചരിത്രത്തെ തിരശീലയിൽ എത്തിക്കുമ്പോൾ അത് പുസ്തകത്താളുകളിലേത് പോലെ നേർചിത്രമായി പകർത്തണം എന്നൊന്നും വാശിപിടിക്കേണ്ടതില്ല , പക്ഷെ പ്രേക്ഷർക്കായി വരുത്തുന്ന കാഴ്ചാ മാറ്റങ്ങൾ മനോഹരമായിരിക്കണം മൂല കഥയുമായി അത് ബന്ധിതമാണ്‌ എന്ന് തോന്നണം .കഥാ നൈരന്തര്യത്തിനു ഭംഗം വരാതെ കഥപറയാൻ ആകണം അത്തരം കാര്യങ്ങളിലെല്ലാം ഈ സിനിമ പരാജയപ്പെട്ടിരിക്കുന്നു . ഏറ്റവും അസഹ്യമായി തോന്നിയത് ഇതിലെ വലിഞ്ഞു നീണ്ടുപോകുന്ന സംഭാഷണം തന്നെ, പൊരുളും ഉരുളും പോലുള്ള വാക്കുകൾ ചേർത്തു മലയാളം പയറ്റിയാൽ അതിനു പഴമ രചിക്കനാവും എന്ന് ആരാണ് ഇവർക്ക് പറഞ്ഞു കൊടുത്തത് . വെറും നാട്ടു മലയാളം മാത്രം മതിയാകും പഴയകാല ചരിത്രം പറയാനും ആധുനിക ചരിത്രം പറയാൻ ആയാലുമെന്ന് മലയാള സിനിമയിലെ അല്പബുദ്ധികൾക്ക് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുത്തെങ്കിൽ നന്നായിരുന്നു .

പിന്നെ പ്രത്യേകം പറയണമല്ലോ ഇതിൽ മതേതരം ഉണ്ട്, തൊപ്പിയിട്ട കഴുത്തിൽ താവീസ് കെട്ടിയ [ ഉറുക്ക് ] കെട്ടിയ മാപ്ല വരുന്നുണ്ട് തന്റെ നായർ ചങ്ങാതിക്കു വേണ്ടി ജിഹാദ് നടത്തി ശഹീദാകാൻ , അയാളുടെ അച്ഛൻ താടിക്കാരനും സൈതായവർ തന്നെ …