രണ്ട് ദിനോസറുകൾ രാജ്യത്തെ നാശത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്

0
173

Vino Bastian

രണ്ട് ദിനോസറുകൾ രാജ്യത്തെ നാശത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്..

പൗരത്വ ബിൽ മുസ്ലീങ്ങൾക്ക് മാത്രം എതിരാണ് എന്ന് പലരും ഉന്നയിക്കുന്നത് തെറ്റായ നിലപാടാണ്.

സവർണ്ണ ഹിന്ദുത്വത്തെ മാത്രം ആശ്ലേഷിച്ചും, മറ്റു ഹിന്ദു സമുദായങ്ങളേയും, ഹിന്ദു ഇതര സമൂഹങ്ങളേയും ശത്രുക്കളായി കണ്ടും തന്നെയാണ് സംഘപരിവാർ ആശയങ്ങളുടെ അടിത്തറ കെട്ടിപടുത്തിരിക്കുന്നത്. ഈ വിഷയം കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കണം എങ്കിൽ പൗരത്വ ബില്ലിലെ 2(I) ക്ലോസിലേക്ക് ഒന്നു പോകേണ്ടതുണ്ട്.

ഇന്ത്യാവിഭജനത്തിന്റെ ബാക്കിപത്രമായി പാക്കിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ അവിഭക്ത ഇന്ത്യയുടെ ഭാഗങ്ങളിൽ നിന്നും അവർണ്ണ ഹിന്ദുസമുദായങ്ങളിൽ പെട്ട നിരവധി ആളുകൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജീവിച്ചുവരികയും ചെയ്യുന്നു. എന്നാൽ പൗരത്വ ബില്ലിൽ ഇത്തരം ആളുകളേയും ഇന്ത്യൻ പൗരൻമാരായി അംഗീകരിക്കുന്നതിന് ബില്ലിന് തുടക്കമിട്ട കോൺഗ്രസ്സ് നേതൃത്വം നൽകിയ രണ്ടാം യുപിഎ സർക്കാരോ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകർന്ന് പൗരത്വ ബില്ലിന് പുതിയ മാനം നൽകിയ ബിജെപി നേതൃത്വം നൽകിയ ഒന്നാം എൻഡിഎ സർക്കാരോ ശ്രമിച്ചിരുന്നില്ല.

അത് മനസ്സിലാക്കാനായി 2012 ഏപ്രിൽ 4 മുതൽ 9 വരെ കോഴിക്കോട് നടന്ന സിപിഎം ഇരുപതാം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി പാർട്ടികോൺഗ്രസ്സ് പാസ്സാക്കി പബ്ലിഷ് ചെയ്ത കേന്ദ്രസർക്കാരിനോടുള്ള പ്രമേയം വായിച്ചാൽ മാത്രം മതിയാകും. ലിങ്ക് ചുവടെ
https://cpim.org/content/rights-bengali-refugees

2003ലെ സിറ്റിസൻഷിപ്പ് അമന്റ്മെന്റ് ആക്ടിൽ, ക്ലോസ് 2 വിൽ ബംഗ്ലാദേശി കുടിയേറ്റക്കാരെ കുറിച്ച് പറയുന്നു. അതിൽ പല വിഭാഗങ്ങളുടെ വിഷയം കൃത്യമായി എടുത്തുപറയുന്ന വിവിധ ക്ലോസുകൾ ഉണ്ടായിട്ടും, ബംഗ്ലാദേശിൽ നിന്നും അവിഭക്ത ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യൻ റിപ്പബ്ലിക്കിലേക്ക് കുടിയേറിയ നമശൂദ്ര വിഭാഗത്തെ എവിടേയും പരാമർശിക്കുകയോ അവർക്ക് പൗരത്വം നൽകുന്നതിനെ കുറിച്ച് ബില്ലിൽ വ്യവസ്ഥ ചെയ്യുകയോ ചെയതിട്ടില്ല.

നമശൂദ്ര എന്ന വിഭാഗത്തെ നമ്മളൊക്കെ അറിയും മറ്റൊരു പേരിൽ, ആ പേര് ചണ്ഡാളർ എന്നതാണ്. ശൂദ്രരോട് പൊതുവിലും, ചണ്ഡാളരോട് രൂഢമൂലമൂലമായും സവർണ്ണവിഭാഗത്തിനുള്ള എതിർപ്പും, അവരെ അകറ്റിനിർത്തലും, ആട്ടിയകറ്റലും കാലങ്ങളായി തുടർന്നുവരുന്ന സവർണ്ണ ഹിന്ദുത്വ വക്താക്കൾ, അവരെ മനുഷ്യരായി പരിഗണിക്കാൻ പോലും തയ്യാറല്ലാത്തിടത്ത് അവർക്ക് പൌരത്വം നൽകുന്നത് ഇതേ സവർണ്ണർക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാനാകില്ല. ഈ സവർണ്ണ ഹിന്ദുത്വത്തിന്റെ വക്താക്കളിൽ കോൺഗ്രസ്സും ബിജെപിയുൾപ്പെട്ട സംഘപരിവാരവും ഒക്കെ പെടും.

എന്നാൽ മനുഷ്യരെ മനുഷ്യരായി കാണുന്ന സിപിഎം എന്ന പാർട്ടിക്ക് ഈ വിഷയം കാണാതെ പോകാനാകില്ല. കോൺഗ്രസ്സ് തുടങ്ങിവെച്ച പൗരത്വ ബില്ലിൽ നിന്നും മറ്റു പല വിഭാഗങ്ങളേയും പോലെ നമശൂദ്ര എന്ന ചണ്ടാള വിഭാഗത്തെ ഒഴിവാക്കിയത് ആ ബില്ല് ആഴത്തിൽ പഠിച്ച സിപിഎം 2012 ൽ തന്നെ മനസ്സിലാക്കുകയും, ഇവർക്ക് കൂടി പൗരത്വം നൽകണം എന്നും ബില്ലിലെ 2(i)(b) ക്ലോസിൽ അമന്റ്മെന്റ് വരുത്തുകയും വേണം എന്ന് പാർട്ടികോൺഗ്രസ്സ് കേന്ദ്രസർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്വപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ പൗരത്വ ബില്ലോ, രാജ്യത്തെ ഭരണഘടനയോ ഇന്നുവരെ വായിച്ചുപോലും നോക്കാത്ത കോൺഗ്രസ്സ് ലീഗ് നേതാക്കളും അണികളും ഈ ബില്ലിന്റെ ദോഷവശങ്ങളെ പാർശ്വവൽക്കരിച്ച്, സിപിഎമ്മിനെ ആക്രമിക്കാനുള്ള അവസരം തേടുമ്പോൾ, അവരുടെ കാൽ ചവുട്ടിനിൽക്കുന്ന മണ്ണ് ഇല്ലാതാകുന്നത് അവർക്ക് മനസ്സിലാക്കാനാകുന്നില്ല എന്നതാണ് സത്യം. ഭാവിപ്രധാനമന്ത്രിയെന്ന് വാഴ്ത്തി അമേഠിയിൽ നിന്നും അഭയാർത്ഥിയായി കേരളത്തിലെ ഒരു ‌കോണിൽ വന്ന് സുരക്ഷിത താവളത്തിൽ അഭയം തേടിയ രാഹുൽഗാന്ധിക്കോ, രാഹുൽ ഗാന്ധിയെ ഇരുട്ടിന് മറവിലൂടെ കടത്തികൊണ്ടുവന്ന കോൺഗ്രസ്സിനും ലീഗിനും അവരുടെ അണികൾക്കും അഭയാർത്ഥിത്വം എന്തെന്ന് മനസ്സിലാക്കാനാകില്ല എങ്കിലും, രാഹുലെന്ന ഇന്ത്യയുടെ “ഭാവി പ്രധാനമന്ത്രിയെ” വരെ അഭയാർത്ഥിയാക്കിമാറ്റി പാലായനം ചെയ്യിക്കാൻ കഴിവുള്ള സംഘപരിവാർ എല്ലാം മനസ്സിലാക്കി തന്നെയാണ് അവരുടെ “ഹിന്ദുരാഷട്ര” സങ്കൽപ്പത്തിലേക്ക് നടന്നടുക്കുന്നതെന്ന് ഇനിയും തിരിച്ചറിയാൻ വൈകിയാൽ ഞാനും നിങ്ങളുമൊക്കെ നാള പാലായനം ചെയ്യേണ്ടിവരികയോ, വല്ല കോൺസൻറേഷൻ ക്യാമ്പുകളിൽ അഭയം തേടേണ്ടിയും വരാം.

കാരണം ഹിന്ദുരാഷ്ട്രം ഹിന്ദുത്വ സ്വത്വം പേറുന്നവർക്കും, സ്വന്തം സ്വത്വമുപേക്ഷിച്ച് ഹിന്ദുത്വ സ്വത്വം സ്വീകരിക്കുന്നവർക്കും മാത്രം അവകാശപ്പെട്ടതാണ്. മറിച്ചൊരു സ്വത്വം സ്വന്തമായുള്ളവരും അതുപേക്ഷിച്ച് ഹിന്ദുത്വ സ്വത്വം പേറാൻ തയ്യാറല്ലാത്തവരും പാലായനത്തിന് തയ്യാറെടുക്കുകയോ ഒഴുകി വരുന്ന ചോരപ്പുഴയുടെ ഭാഗമാകാൻ തയ്യാറെടുക്കുകയോ ചെയ്യുക. അപ്പോഴും ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരും, കെട്ടബില്ലിന് തുടക്കം കുറിച്ചവരും ചോദിച്ചുകൊണ്ടേയിരിക്കും “സിപിഎം ബില്ലിനെതിരായി ചറുവിരലങ്കിലും അനക്കിയിരുന്നോ” എന്ന്. ആ ചോരപ്പുഴയുടെ ഉറവച്ചാട്ടത്തിന് മുകളിൽ നിന്നുകൊണ്ട് ചോരപ്പുഴയെ പരിഹസിച്ച് നടുവിരലുകളുയർത്തിക്കാട്ടി സംഘപരിവാരം ആർത്തട്ടഹസിക്കുമ്പോളും ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരും, കെട്ടബില്ലിന് തുടക്കം കുറിച്ചവരും ചോദിച്ചുകൊണ്ടേയിരിക്കും “സിപിഎം ബില്ലിനെതിരായി ചറുവിരലങ്കിലും അനക്കിയിരുന്നോ” എന്ന്.