മികച്ച ലേസ്ബിയന്‍ പ്രണയ ചലചിത്രമാണ് റൂം ഇന്‍ റോം

0
207

𝗥𝗼𝗼𝗺 𝗶𝗻 𝗿𝗼𝗺𝗲 -𝟮𝟬𝟭𝟬

ഞാന്‍ കണ്ട ഏറ്റവും മികച്ച ലേസ്ബിയന്‍ പ്രണയ ചലചിത്രമാണ് റൂം ഇന്‍ റോം. രണ്ടു പെണ്‍കുട്ടികള്‍ പാരീസില്‍ വെച്ച് കണ്ടുമുട്ടുന്നു. ഒരുത്തി നേരത്തെ അവളുടെ സെക്ഷ്യാലിറ്റിയെ പറ്റി കൃത്യമായ ധാരണയുള്ളവളാണ്. മറ്റെയാള്‍ പുതിയ സാഹസികതകളെ സ്വീകരിക്കാന്‍ തക്ക കെല്‍പുള്ളവളും. ഇവര്‍ക്കിടയിലെ അനുരാഗത്തിന്റെ അതി തീവ്രമായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന് മുന്നില്‍ വേറിട്ട സാധ്യതകള്‍ തുറക്കുന്നു.

പരസ്പര സ്നേഹവും, പ്രണയവും കരുതലും, ബഹുമാനവും ഇഴ ചേര്‍ന്ന് കിടക്കുന്ന നിമിശങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. പരസ്പര പരിഗണനയുടെയും പങ്ക് വെക്കലിന്റെയും ക്ഞാനോദയ കാലത്തെ കവിതയാണ് റും ഇന്‍ റോം. ചിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ഏതോ നിമിഷത്തില്‍ നമ്മുടെ ഹൃദയത്തിലും അനുരാഗത്തിന്റെ നദി ഉറവയെടുക്കും. നിങ്ങളൊരിക്കലും സങ്കല്‍പിച്ചിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു ലോകത്തേക്ക് ഇവര്‍ നിങ്ങളെ കൂട്ടി കൊണ്ടു പോയി സാഹസികരാക്കുന്നു.

ഡേറ്റിംഗിന്റെ സമയത്ത് പങ്കാളികള്‍ പരസ്പരം എല്ലാം തുറന്ന് പറയണമെന്ന് ശഠിക്കുന്നവരുണ്ട്. അത്തരം മര്‍ക്കടമുഷ്ടിക്കാരുമായി ഡേറ്റ് ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം. ഐഡിയലിസ്റ്റിക്കായ അത്തരക്കാരുടെ വിശ്വാസങ്ങളുടെ മേല്‍ പരിക്കുകളേല്‍പിച്ച് കൊണ്ടാണ് ഈ ചലചിത്രം അവസാനിക്കുന്നത്. ശരീരത്തിന്റെതായ ദാഹങ്ങള്‍ അവസാനിക്കുന്ന വേളയില്‍ ഹൃദയങ്ങള്‍ ഒന്നിച്ച് മിടിക്കുന്ന വേളയില്‍ പങ്കാളിയോട് പറഞ്ഞ കള്ളങ്ങളെ തിരുത്തുന്നതും സ്‌നേഹത്തിന്റെ അഗാധമായ മറ്റൊരു അനുഭവമായിതീരുന്നു. കഥാപാത്രങ്ങള്‍ തികച്ചും നഗനരായി പ്രത്യക്ഷപ്പെടുന്നതിനാല്‍ പലരും ഇതിനെ ഒരു സോഫ്റ്റ് പോണ്‍ മൂവിയായി വിലയിരുത്തുന്നുണ്ട്.

ഇതില്‍ നഗ്നത മാത്രം കാണുന്നവര്‍ സിനിമയെ പറ്റിയല്ല സംസാരിക്കുന്നത്, പറയുന്നവന്റെ രതിവൈകൃതത്തെയാണത് സൂചിപ്പിക്കുന്നു. സിനിമയുടെ ആദ്യാവസാനം ഒരു മുറിക്കകത്ത് നടക്കുന്ന വൈകാരികവും രതിജന്യവുമായ കൈമാറ്റ പ്രക്രിയകള്‍ അതിസൂക്ഷ്മമായും ഹൃദയ സ്പര്‍ശിയായും വരച്ച് കാട്ടുന്ന ഗംഭീര ചലചിത്രമാണ് റും ഇന്‍ റോം. റും ഇന്‍ റോമില്‍ നാം പ്രവേശിച്ച് കഴിഞ്ഞാല്‍, വിവരണങ്ങള്‍ക്കതീതമായ കരുതലും അനുരാഗവും നമ്മെ പൊതിഞ്ഞ് നില്‍ക്കുന്നതായി അനുഭവപ്പെടും.

എന്റെ റേറ്റിംഗ് 9.5/10