Connect with us

ശ്രാദ്ധം

Published

on

ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്‌നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്‌പേയ്‌സിലെ സെക്യൂരിറ്റിക്കാരന്‍ റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിത്തരാന്‍ തുടങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ത്തന്നെ ശ്രീ ജനല്‍ താഴ്ത്തി, തയ്യാറായിരുന്നു കാണണം. കാരണം, കാര്‍ റോഡിലേയ്ക്കു കടന്നു മെല്ലെ വലത്തോട്ടു തിരിയുമ്പോള്‍ത്തന്നെ ശ്രീ സെക്യൂരിറ്റിക്കാരന് ഒരു നോട്ടു കൈമാറി. ഞാന്‍ മനസ്സില്‍ കണ്ടത് അവന്‍ മാനത്തു കണ്ടു!

സെക്യൂരിറ്റിക്കാരന്‍ നിലത്ത് ഉറച്ചു ചവിട്ടി, ഉഷാറിലൊരു സല്യൂട്ടു പാസ്സാക്കി. ശ്രീ രണ്ടു വിരല്‍ കൊണ്ടു നെറ്റിയില്‍ സ്പര്‍ശിച്ചു സല്യൂട്ടു സ്വീകരിച്ചതു ഞാന്‍ കണ്‍കോണിലൂടെ കണ്ടു.

അല്പം മുമ്പു ഞാന്‍ റൗണ്ടില്‍ നിന്നു കാറ് ഇറക്കിക്കൊണ്ടുവന്നപ്പോള്‍ ആ സെക്യൂരിറ്റിക്കാരന്‍ ഏറ്റവും മുന്നിലുള്ള പാര്‍ക്കിംഗ് സ്‌പോട്ടിലേയ്ക്കു നയിച്ച്, മറ്റു വാഹനങ്ങള്‍ മുന്നില്‍ പാര്‍ക്കു ചെയ്ത് എന്റെ വഴി ബ്ലോക്കാക്കില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. അപൂര്‍വം ചില സെക്യൂരിറ്റിക്കാര്‍ ഇങ്ങനെ സേവനമനസ്ഥിതിയുള്ളവരാകാറുണ്ട്.

റൗണ്ട് വെസ്റ്റില്‍ നിന്നു ഞാന്‍ എം ജി റോഡിലേയ്ക്കു തിരിഞ്ഞു. വീട്ടില്‍ നിന്നിറങ്ങിയ ശേഷം ഇതുവരെ, എവിടേയ്ക്കാണീപ്പോക്കെന്നു ശ്രീ ചോദിച്ചിട്ടില്ല. ഇത്തരം ഒഴിവുദിവസങ്ങളില്‍ കാറു ഞാനെടുക്കുമ്പോള്‍ അവനതു ചോദിയ്ക്കാറുമില്ല. ‘നീ എവിടേയ്ക്കു വേണമെങ്കിലും വിട്ടോ’ എന്ന നിലപാടാണ് അവന്‍ സ്വീകരിയ്ക്കാറ്. പൊതുനിലപാട് അങ്ങനെയാണെങ്കിലും, ഇന്നത്തെ യാത്രയുടെ പിന്നിലുള്ള എന്റെ ഗൂഢോദ്ദേശ്യം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ അവനെന്നെ പരിഹസിച്ചേനെ.

ശങ്കരയ്യര്‍ റോഡു ക്രോസ്സു ചെയ്തു പടിഞ്ഞാറേക്കോട്ട ജങ്ഷനില്‍ ഞാന്‍ സിഗ്‌നലിനായി കാത്തുകിടന്നു. സിഗ്‌നല്‍ കിട്ടിയപ്പോള്‍ ഞാന്‍ വണ്ടി വലത്തോട്ടു തിരിച്ചു. പോക്കു ഗുരുവായൂര്‍ക്കാണെന്ന് അവന്‍ കരുതിയിട്ടുണ്ടാകും. പെട്ടെന്നു ഞാന്‍ കാറ് ഫോര്‍ട്ട് ഹോസ്പിറ്റലിന്റെ ഗേറ്റിനുള്ളില്‍ കടത്തി. ഒരു സെക്യൂരിറ്റിക്കാരന്‍ ഒഴിവുള്ളൊരു പാര്‍ക്കിംഗ് സ്‌പോട്ടു കാണിച്ചു തന്നു. അവിടെ പാര്‍ക്കു ചെയ്തു ഞാന്‍ എഞ്ചിന്‍ ഓഫാക്കി.

ശ്രീ എന്നെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. മുഖത്ത് ആശങ്കയുടെ ചെറുനിഴല്‍. അവനറിയാത്ത, ആശുപത്രിയില്‍ വരാന്‍ തക്ക ശാരീരികമായ അസ്വാസ്ഥ്യങ്ങളെന്തെങ്കിലും എനിയ്ക്കുണ്ടായോ എന്ന ഉല്‍ക്കണ്ഠ.

‘കഴിഞ്ഞയാഴ്ച ഞാന്‍ വീട്ടില്‍ച്ചെന്നപ്പോള്‍ അമ്മയെന്നെ ശകാരിച്ചു. നിന്നെക്കൊണ്ടിതുവരെ ബലിയിടീയ്ക്കാത്തതിന്.’

Advertisement

ശ്രീയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. പക്ഷേ, അവന്‍ ബലിയിടാറില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വര്‍ഷങ്ങളായി. ഇതിനിടയില്‍ ഒരിയ്ക്കല്‍പ്പോലും അവന്‍ ബലിയിട്ടിട്ടില്ല.

ജനം ബലിയിട്ടെന്ന വാര്‍ത്ത കാണുമ്പോള്‍ ശ്രീ പരിഹസിയ്ക്കും: വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം കിട്ടുന്ന ഒരു പിടിച്ചോറുകൊണ്ടു പിതൃക്കളുടെ വിശപ്പെങ്ങനെ മാറും! മണ്‍മറഞ്ഞുപോയവര്‍ക്കുണ്ടോ ആഹാരത്തിന്റെ ആവശ്യം. ആഹാരം ജീവിച്ചിരിയ്ക്കുന്നവര്‍ക്കു കൊടുത്താല്‍ അവരുടെ ആയുസ്സ് അല്പം കൂടി നീട്ടാനാകും. അങ്ങനെ പോകും, അവന്റെ വാദഗതി.

‘ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ബലിയിടാനുള്ള സൗകര്യമുണ്ടെന്നു നീയെങ്ങനെയറിഞ്ഞു?’

അവന്റെ ചോദ്യത്തിലെ നര്‍മ്മം കേട്ട് എനിയ്ക്കു ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല. ‘ബലിയിട്ടേ തീരൂ എന്നില്ലെന്ന് അച്ഛന്‍ പറഞ്ഞു. പക്ഷേ, പിതൃക്കളെപ്പറ്റി ഓര്‍ത്തേ തീരൂ. നിന്നെക്കൊണ്ട് അവരെപ്പറ്റി ഓര്‍മ്മിപ്പിയ്ക്കണം. ആന്റിയെപ്പറ്റി പ്രത്യേകിച്ചും. അച്ഛനതാ പറഞ്ഞത്. ആന്റിയെപ്പറ്റിയോ അങ്കിളിനെപ്പറ്റിയോ നീയൊന്നും പറയാറില്ല. അവരെപ്പറ്റി ഞാനും ചോദിയ്ക്കാറില്ല. അവരെപ്പറ്റി ഓര്‍മ്മിപ്പിയ്ക്കാതിരുന്നത് എന്റെ തെറ്റാണ് എന്നാണമ്മ പറേണത്. അതു തെറ്റായിരുന്നെങ്കില്‍ എനിയ്ക്കതു തിരുത്തണം. ആലോചിച്ചപ്പൊ നിന്നെ ഇവിടെ കൊണ്ടുവരാനാ എനിയ്ക്കു തോന്നിയത്. നിനക്കിവിടത്തെ പല ഓര്‍മ്മകളൂണ്ടാകും. ആന്റിയെ അഡ്മിറ്റു ചെയ്തത്. ആന്റി ഐസിയൂവില്‍ കിടന്നത്. ഒന്നും നീ മറന്നിട്ടുണ്ടാവില്ലാന്ന് എനിയ്ക്കറിയാം. എന്നാലും, അന്നത്തെ സ്ഥലങ്ങളൊക്കെ ഒന്നു കൂടി കണ്ട്, ആന്റിയെപ്പറ്റിയോര്‍ത്ത്…’

‘നീയാണെന്റെ ലോകം.’ ശ്രീ എന്റെ കരം പിടിച്ചമര്‍ത്തി. ‘വിഷമിയ്ക്കണ്ടെടീ. ഞാനോര്‍മ്മകളൊക്കെയൊന്നു പുതുക്കീട്ടു വരാം.’ പുറത്തിറങ്ങി ഡോര്‍ മെല്ലെയടയ്ക്കുന്നതിനു മുമ്പ് അവനെന്റെ കണ്ണില്‍ നോക്കിക്കൊണ്ടു പറഞ്ഞു, ‘താങ്ക്‌സ്.’

SUNIL V PANICKER-54

എന്നോടു നന്ദി രേഖപ്പെടുത്തല്‍ അവനു പതിവില്ലാത്തതാണ്. വികാരപ്രകടനങ്ങളൊന്നും എനിയ്ക്കും പതിവില്ല; എന്നിട്ടുമെന്റെ കണ്ണു നിറഞ്ഞു. നടന്നു പോകും മുമ്പ്, അവന്‍ സെല്‍ഫോണ്‍ സ്വിച്ചോഫു ചെയ്ത് കാറില്‍ തന്നെയുപേക്ഷിച്ചു. ആശുപത്രിയ്ക്കകത്തു സെല്‍ഫോണ്‍ ഉപയോഗിയ്ക്കാന്‍ പാടില്ലായിരിയ്ക്കാം. അവന്റെ ഫോണെടുത്തു ഞാന്‍ എന്റെ ഫോണിനൊപ്പം വച്ചു. പത്തന്‍സില്‍ കയറിയത് ഒരു പ്രത്യേക ഉദ്ദേശ്യ ത്തോടെയായിരുന്നു. ശ്രീ ആന്റിയേയും കൂട്ടി പല തവണ പത്തന്‍സില്‍ കയറി മസാലദോശ കഴിച്ചിട്ടുണ്ട്. ആന്റിയ്ക്കു മസാലദോശ ഇഷ്ടമായിരുന്നെന്ന് അവന്റെ ഡയറിയില്‍ ഞാന്‍ വായിച്ചിട്ടുണ്ട്.

ആന്റിയുമൊത്തു പണ്ടു പത്തന്‍സില്‍ വരാറുണ്ടായിരുന്നത് അവനെക്കൊണ്ട് ഓര്‍മ്മിപ്പിയ്ക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു, ഞാനാദ്യം തന്നെ അവനേയും കൊണ്ടു പത്തന്‍സില്‍ കയറിയതും മസാലദോശ ഓര്‍ഡര്‍ ചെയ്തതും. പത്തന്‍സില്‍ കയറിയ ഉടന്‍ ജനലരികിലുള്ളൊരു മേശയിലേയ്ക്ക് അവനെന്നെ നയിച്ചിരുന്നു. അവിടെയായിരിയ്ക്കാം അവനും ആന്റിയും ഇരിയ്ക്കാറുണ്ടായിരുന്നത്. മസാലദോശ കഴിയ്ക്കുമ്പോള്‍ അവന്‍ ചിന്താവിഷ്ടനായിരുന്നു. പഴയ കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നിരിയ്ക്കണം. അതുമിതും പറഞ്ഞ് അവനെ ശല്യപ്പെടുത്തുന്ന പതിവു ഞാന്‍ തല്‍ക്കാലത്തേയ്ക്കു നിറുത്തി. ഓര്‍ക്കാനാകുന്നതൊക്കെ അവന്‍ ഓര്‍ത്തെടുക്കട്ടെ.

Advertisement

അവന്‍ സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ ഒരദ്ധ്യാപകന്‍ നിര്‍ദ്ദേശിച്ചതായിരുന്നു, ഡയറിയെഴുത്ത്. ആന്റി കാര്യങ്ങള്‍ അറുത്തുമുറിച്ചു പറയുന്ന കൂട്ടത്തിലായിരുന്നു: വെട്ടൊന്ന്, തുണ്ടം രണ്ട്. ആന്റി പറഞ്ഞു, നീ സത്യമേ എഴുതാവൂ, സത്യം മുഴുവനും എഴുതുകയും വേണം. അതിനാവില്ലെങ്കില്‍ നീ ഡയറിയെഴുതണ്ട.

ഇരുനൂറു പേജിന്റെ, ബയന്റിട്ട നോട്ടുബുക്കുകളായിരുന്നു അവന്റെ ഡയറികള്‍. കുറേയേറെക്കൊല്ലം അവന്‍ തുടര്‍ച്ചയായി ഡയറിയെഴുതി. ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമേ അവന്‍ ഡയറി എഴുതാതിരുന്നിട്ടുള്ളൂ.

ഞാനവന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്ന് അവന്റെ ദിനചര്യ മുഴുവന്‍ തകിടം മറിച്ചു. ഞാന്‍ വന്ന ശേഷം അവന്‍ ഡയറിയെഴുതിയിട്ടില്ല. അപരാധം എന്റേത്; ഞാനവനു സമയം – സ്വൈരവും – കൊടുത്തിട്ടില്ല.

കെട്ടിവച്ചിരിയ്ക്കുന്ന കുറേ നോട്ടുബുക്കുകള്‍ ശ്രീയുടെ ഡയറികളാണെന്നറിഞ്ഞപ്പോള്‍ അവ വായിച്ചുനോക്കാന്‍ എനിയ്ക്കു കൗതുകമായി. ചോദിയ്ക്കാതെ മറ്റൊരാളുടെ ഡയറി വായിയ്ക്കുന്നതു ശരിയല്ലാത്തതുകൊണ്ട് അതൊക്കെ വായിച്ചോട്ടേയെന്നു ഞാനവനോടു ചോദിച്ചു. അവന്‍ പറഞ്ഞു, ‘ജസ്റ്റ് ഗോ എഹെഡ്.’

വിവാഹപൂര്‍വജീവിതത്തില്‍ അവന്‍ എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടെന്നറിയാനുള്ള കുറ്റാന്വേഷണതല്‍പ്പരതയോടെയാണു ഞാനവന്റെ ഡയറികള്‍ വായിയ്ക്കാന്‍ തുടങ്ങിയത്. എനിയ്ക്കിരയായി അതില്‍ നിരവധി കാര്യങ്ങളുണ്ടായിരുന്നു. കുറ്റകൃത്യങ്ങള്‍, അവയ്ക്ക് ആന്റിയില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നുമൊക്കെയായി കിട്ടിയ ശിക്ഷകള്‍: ചെവിയ്ക്കു പിടിത്തം, തോളത്തു പിച്ച്, ആസനത്തിലടി, ക്ലാസ്സിനു പുറത്തു നിറുത്തല്‍. ക്രിക്കറ്റു കളിച്ചു നടന്ന്, ഒരു കാല്‍ക്കൊല്ലപ്പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ആറു മാര്‍ക്കു വാങ്ങിയത്.

അവിടം വരെ വായിച്ച്, ‘അപ്പോ, മഹാന്റെ സാക്ഷാല്‍ച്ചിത്രം ഇതൊക്കെയായിരുന്നൂല്ലേ’ എന്നു ചോദിച്ചു പരിഹസിയ്ക്കാന്‍ ഞാനൊരുങ്ങുമ്പോള്‍ ദാ വരുന്നൂ, അടിപൊളിച്ചരിതം: സ്‌കൂള്‍ ടോപ്പര്‍, ബീട്ടെക്കിനു കോളേജ് ടോപ്പര്‍, എംടെക്കിനു വീണ്ടും കോളേജ് ടോപ്പര്‍…ഞാനെന്റെ എമ്മെസ്സീഎംബീഏ ഡിസ്റ്റിങ്ഷനുകളുടെ പത്തി താഴ്ത്തി വച്ചു വിനയാന്വിതയായി.

ആന്റിയെപ്പറ്റിയുള്ള വിവരങ്ങളെനിയ്ക്കു കിട്ടിയത് ആ ഡയറിക്കുറിപ്പുകളില്‍ നിന്നാണ്. ശ്രീയുടെ ബാല്യത്തില്‍ത്തന്നെ അങ്കിള്‍ അവന്റെ അച്ഛന്‍ ചരമമടഞ്ഞിരുന്നു. അതുകൊണ്ടായിരിയ്ക്കണം, അങ്കിളിനെപ്പറ്റിയുള്ള പരാമര്‍ശം ഡയറികളിലില്ലാതിരുന്നത്. അക്കാലത്തവന്‍ ഡയറിയെഴുതാന്‍ തുടങ്ങിയിരുന്നും കാണില്ല. അങ്കിള്‍ പോയ ശേഷം ആന്റിയായിരുന്നു അവന്റെയെല്ലാം. ആന്റി വിടവാങ്ങിയപ്പോള്‍ അവന്റെ ഹൃദയം നുറുങ്ങിയിരിയ്ക്കണം. ആന്റിയുടെ ചരമശേഷമായിരുന്നു, എന്റെ കടന്നുകയറ്റം.

Advertisement

ഞങ്ങളുടെ വിവാഹം കഴിഞ്ഞു കുറച്ചു നാള്‍ക്കു ശേഷം ശ്രീയുടെ ഡീജീഎം ആയിരുന്ന യാക്കൂബ് സാറിനെ അവരുടെ ഒരു ഫാമിലി മീറ്റില്‍ വച്ചു കാണാനിടയായി. ‘കാഴ്ചയ്ക്ക് ഇവനൊരു തടിമാടനായിരിയ്ക്കാം,’ ശ്രീയുടെ തോളത്തു പിടിച്ചുകൊണ്ടു യാക്കൂബ് സാര്‍ എന്നോടു പറഞ്ഞു. ‘പക്ഷേ, ഇവനാളു സോഫ്റ്റാണ്.’ യാക്കൂബ് സാര്‍ വിശദീകരിച്ചു. ‘മദറിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്ത കാര്യം അറിയിയ്ക്കാന്‍ ഇവനെന്നെ വിളിച്ചിട്ട്, ഹി കുഡിന്റ് റ്റോക്ക്! ഹി വാസ് വീപ്പിംഗ് ബിറ്റെര്‍ലി.’

യാക്കൂബ് സാറു പറഞ്ഞതോര്‍മ്മിച്ചപ്പോള്‍ എന്റെ കുറ്റബോധം കൂടി. അവന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്ന ആന്റിയെ ഞാന്‍ വിസ്മരിപ്പിച്ചിരിയ്ക്കുന്നു.

വാസ്തവത്തില്‍ അവന്‍ ആന്റിയെ മറന്നു കാണുമോ? ആന്റിയെപ്പറ്റി അവന്‍ സംസാരിയ്ക്കാറില്ലായിരുന്നതുകൊണ്ട് ആന്റിയെ അവന്‍ ഓര്‍ക്കുന്നെന്ന സൂചനകളൊന്നും കുറേ കൊല്ലങ്ങളായുണ്ടായിട്ടില്ല. എന്റെ അതിപ്രസരം തന്നെ ഹേതു. ഇപ്പോഴാകട്ടേ, അഭിയുടേയും.

‘നീ കാരണം ശ്രീജിത്ത് സ്വന്തം അച്ഛനേയും അമ്മയേയും മറന്നു,’ എന്റെ അമ്മ എന്നെ കുറ്റപ്പെടുത്തി.

‘അവന്‍ പേരന്റ്‌സിനെ മറക്കാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ലമ്മേ,’ ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

അമ്മ പൊട്ടിത്തെറിച്ചു. അതു മറ്റൊരു കാര്യത്തിനായിരുന്നു. ‘നീ ശ്രീജിത്തിനെ അവന്‍ ന്നും ഇവന്‍ ന്ന്വൊക്കെ വിളിയ്ക്കണ കേട്ടിട്ട് എനിയ്ക്ക് കലി വരണ് ണ്ട്. എടീ, നിനക്കറിയ്യോ, പണ്ട് ഭാരതസ്ത്രീകള് വിദ്യാഭ്യാസമില്ലാഞ്ഞിട്ടും ഭര്‍ത്താക്കന്മാരുടെ പേരുച്ചരിയ്ക്കുക പോലും ചെയ്യില്ലായിരുന്നു. ഇവിടെ രണ്ടുമൂന്നു ഡിഗ്രീള്ള നീ…’

‘അമ്മേ, ഭാരതസ്ത്രീകളെപ്പോലെ ആര്യപുത്രാന്നൊക്കെ വിളിച്ചാ അവനെന്നെ കളിയാക്കിക്കൊല്ലും.’ ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

Advertisement

അമ്മ അച്ഛന്റെ നേരെ തിരിഞ്ഞു. അച്ഛന്‍ എല്ലാം കേട്ടുകൊണ്ടു ചാരുകസേരയില്‍ കിടക്കുകയായിരുന്നു. ‘അല്ലാ, മാഷിതൊന്നും കേള്‍ക്കണില്ലേ? ഭര്‍ത്താവിനെ എടാന്നും പോടാന്നും മറ്റും വിളിയ്ക്കാനായിരുന്നോ നമ്മളിവളെ പഠിപ്പിച്ചിരുന്നത്?’ അമ്മയിലെ അദ്ധ്യാപിക ധാര്‍മ്മികരോഷം പൂണ്ടു.

അമ്മ അച്ഛനെ ‘മാഷേ’ എന്നാണു വിളിയ്ക്കാറ്. രണ്ടു പേരും അദ്ധ്യാപകരായിരുന്നു. അച്ഛന്‍ അമ്മയേക്കാള്‍ സീനിയറായിരുന്നു. അമ്മ ഞങ്ങളോടാണെങ്കില്‍ ‘അച്ഛനോടു പറയ്’ അല്ലെങ്കില്‍ ‘അച്ഛനെ വിളിയ്ക്ക്’ എന്നെല്ലാം പറയും. അന്യരോടു ‘മാഷ്’ എന്നു പറയും. നേരിട്ട് ‘മാഷേ’ എന്നും.

‘പരസ്പരം എന്തു വിളിയ്ക്കണമെന്ന തീരുമാനം ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വയമെടുക്കേണ്ട ഒന്നാണ്.’ അച്ഛന്‍ ശാന്തനായി പറഞ്ഞു. ‘തന്നെയുമല്ല, ശ്രീജിത്തിന് ഇഷ്ടക്കുറവുള്ളതൊന്നും ഇവള്‍ ചെയ്യുന്നും തോന്നണില്ല.’ എനിയ്ക്കാശ്വാസമായി.

‘എന്നാലും ഭര്‍ത്താവിനെ എടാ പോടാന്നൊക്കെ വിളിയ്ക്കാമോ?’ അമ്മയുടെ മുഖത്തു നീരസം പ്രകടമായിരുന്നു. ‘ഇന്നത്തെ തലമുറേടെ പോക്കെവിടയ്ക്കാന്ന് എനിയ്ക്കറിഞ്ഞൂടാ!’

ഞാന്‍ ശ്രീയെ എന്നു മുതലാണു നീയെന്നും അവനെന്നും മറ്റും പരാമര്‍ശിച്ചു തുടങ്ങിയതെന്ന് എനിയ്‌ക്കോര്‍മ്മയില്ല. അവനും ഞാനും പരിചയപ്പെട്ട് അല്പകാലം കഴിഞ്ഞ ശേഷമാണു കാര്യം വിവാഹത്തിലേയ്ക്കു കടന്നത്. അതിനകം ഞങ്ങള്‍ക്കിടയില്‍ എടീയും എടായും നീയുമൊക്കെ സാധാരണയായിക്കഴിഞ്ഞിരുന്നു.

ഇത്രയുമായ നിലയ്ക്ക്, ഇനി ഞാനവനെ ശ്രീജിത്തെന്നോ, അവനെന്നെ സാവിത്രിയെന്നോ വിളിച്ചാല്‍ അതില്‍ ഒരന്യത്വം തോന്നും; അസുഖകരമായ ഒരകല്‍ച്ച. പോളീഷിത്തിരി കുറവുണ്ടെങ്കിലും, എടീയ്ക്കും എടായ്ക്കും നീയ്ക്കുമെല്ലാം ഹൃദയത്തോടു കൂടുതല്‍ അടുപ്പമുണ്ട്. അമ്മയ്ക്കതു മനസ്സിലാവില്ല. തലമുറവിടവ്. അമ്മയുടെ രോഷത്തോട് ഒരു ചിരി മാത്രമായിരുന്നു എന്റെ പ്രതികരണം.

‘ആട്ടേ, ശ്രീജിത്തിനെക്കൊണ്ട് ബലിയിടീയ്ക്കണ കാര്യത്തില് നീയെന്താ ചെയ്യാമ്പോണത്?’ അമ്മ വിടുന്ന മട്ടില്ല.

Advertisement

‘അവനോടു പറഞ്ഞുനോക്കാം.’

‘എന്തെങ്കിലുമൊന്നു വേഗം ചെയ്യ്. താമസിയ്ക്കണ്ട. പിതൃക്കളുടെ കോപം ക്ഷണിച്ചുവരുത്തണ്ട. നിന്റെ സമാധാനത്തിന് അതാവശ്യോണ്.’

എന്തുചെയ്യണമെന്ന് എനിയ്‌ക്കൊരു രൂപവുമുണ്ടായിരുന്നില്ല. ജീവിച്ചിരിയ്ക്കുന്നവരുടെ കോപത്തെപ്പറ്റി എനിയ്ക്കു ഭയമില്ല. ശ്രീയ്ക്കു ദേഷ്യം വന്നാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിയ്ക്കറിയാം. പക്ഷേ, മണ്‍മറഞ്ഞുപോയവരെ എങ്ങനെ പ്രീതിപ്പെടുത്താമെന്ന് എനിയ്‌ക്കൊരു പിടിപാടുമില്ല. പിന്നീടാലോചിപ്പോള്‍ ബുദ്ധിയിലുദിച്ച വഴിയാണ് ഇന്നത്തെയീ പരിപാടി.

രണ്ടു ദിവസം അടുപ്പിച്ചൊഴിവു കിട്ടിയതു കൊണ്ട് അതാഘോഷിയ്ക്കാനായി എന്റെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അവരുടെ മക്കളും എന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവരോടൊപ്പം കളിച്ചുതകര്‍ക്കാനായി അഭിയെ ഇന്നലെ വൈകീട്ടു തന്നെ അവിടെ കൊണ്ടുചെന്നാക്കിയിരുന്നു. ഇന്നത്തെ ഈ യാത്രയില്‍ അഭി കൂടെയുണ്ടായിരുന്നെങ്കില്‍ അവന്റെ കാര്യങ്ങള്‍ക്കായി ഓടാന്‍ മാത്രമേ ശ്രീയ്ക്കു നേരമുണ്ടാകുമായിരുന്നുള്ളൂ. അഭിയ്‌ക്കെന്തിനും ‘പപ്പ’ വേണം. അഭി അടുത്തുണ്ടെങ്കില്‍, ശ്രീയ്ക്കും ബാല്യം തിരിച്ചുകിട്ടിയ പോലെയാണ്. ഇന്നത്തെ പരിപാടി പിതൃക്കള്‍ക്കുള്ളതാണ്. അതില്‍ കുഞ്ഞുങ്ങള്‍ക്കു കാര്യമില്ല.

കുറച്ചുനേരം പാര്‍ക്കിംഗ് സ്‌പേസിലെ വെയിലില്‍ കിടന്നതേയുള്ളൂ, കാറിനകം ചൂടായിരിയ്ക്കുന്നു. പ്രഭാതത്തിലുള്ള യാത്രയായതു കൊണ്ട് ഏസി ഓണാക്കിയിട്ടില്ല. തന്നെയുമല്ല, പാര്‍ക്കു ചെയ്തിരിയ്ക്കുന്ന കാറിനകത്ത് ഏസി ഓണാക്കി അധികസമയം ഇരിയ്ക്കുന്നതു സുഖകരമല്ല. ഞാന്‍ വിന്റോകളുയര്‍ത്തി, പുറത്തിറങ്ങി, താക്കോല്‍ ഷോള്‍ഡര്‍ ബാഗിലിട്ടു. രണ്ടു സെല്‍ഫോണുകളും കാറിനുള്ളില്‍.

ഞാന്‍ മെല്ലെ ആശുപത്രിയുടെ ലൗഞ്ചിലേയ്ക്കു കടന്നു. അല്പം ഉള്ളിലേയ്ക്കു മാറി തിളങ്ങുന്ന സ്റ്റീല്‍ കസേരകളില്‍ കുറേപ്പേര്‍ ഇരിയ്ക്കുന്നതു കാണാം. അത് ഔട്ട് പേഷ്യന്റ് വിഭാഗമായിരിയ്ക്കും. ഡോക്ടര്‍മാരെ കാണാനുള്ള ഊഴവും കാത്തിരിയ്ക്കുന്നതാവും.

ഒരാംബുലന്‍സ് ഇരച്ചു വന്നു. പുറകിലുള്ളൊരു കെട്ടിടത്തിനു മുന്നിലേയ്ക്ക് അതു കടന്നുപോയി. അവിടെയാകാം കാഷ്വല്‍റ്റി. അവിടെ വച്ചാകണം പണ്ട് ആന്റിയെ പ്രാഥമികപരിശോധനയ്ക്കു വിധേയയാക്കിയത്. കാഷ്വല്‍റ്റിയില്‍ വച്ച് ആന്റിയെ പരിശോധിച്ചയുടന്‍ ‘ഐസിയൂ. റൈറ്റെവേ!’ എന്നു ഡോക്ടര്‍ കല്പിച്ചതായി ശ്രീയുടെ ഡയറിയിലുണ്ട്. ശ്വാസോച്ഛ്വാസം ചെയ്യാന്‍ പ്രയാസപ്പെട്ടിരുന്ന ആന്റിയ്ക്കു ഹാര്‍ട്ട് അറ്റാക്കാണെന്നു മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് അധികനേരം വേണ്ടിവന്നു കാണില്ല.

Advertisement

അതെല്ലാം ഞാന്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നു കൂടി വായിച്ച ശേഷമായിരുന്നു ഇങ്ങോട്ടുള്ള ഈ യാത്ര പ്ലാന്‍ ചെയ്തത്.

ആന്റി രണ്ടു ദിവസം ഐസിയൂവില്‍ കിടന്നിരുന്നു. ‘ക്രിറ്റിക്കലാണ്, അടുത്തു തന്നെയുണ്ടാകണം’ എന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. മുറിയെടുത്തിരുന്നെങ്കിലും, ഐസിയൂവിന്റെ മുന്നില്‍ നിന്നും ഇരുന്നുമായി ശ്രീ ആ രണ്ടു ദിവസം ചെലവഴിച്ചു. ഐസിയൂവിന്റെ വാതിലിലൊരു കിളിവാതിലുണ്ട്. അതിന്റെ പിന്നിലൊരു കര്‍ട്ടനും. രോഗികളെ കാണാവുന്ന സമയങ്ങളില്‍ കര്‍ട്ടന്‍ വശങ്ങളിലേയ്ക്കു വകഞ്ഞു മാറ്റിയിരിയ്ക്കും. അപ്പോഴൊക്കെ കിളിവാതിലിലൂടെ അവന്‍ ആന്റിയെ കണ്ടിരുന്നു. മൂന്നു തവണ അവന് ആന്റിയെ അകത്തുകയറി കാണാനും സാധിച്ചിരുന്നു. ആന്റി സദാ മയക്കത്തിലായിരുന്നു. സെഡേഷനിലായിരുന്നിരിയ്ക്കണം. ഓക്‌സിജന്‍ മാസ്‌കു ധരിച്ചിരുന്നു. ശരീരമാസകലം വയറുകളും ട്യൂബുകളും.

ഒരിയ്ക്കല്‍ മാത്രം ആന്റി കണ്ണുതുറന്നു നോക്കിയിരുന്നെന്നു ശ്രീ എഴുതിയിട്ടുണ്ട്. അവന്‍ കിളിവാതിലിലൂടെ നോക്കിനില്‍ക്കുമ്പോഴായിരുന്നു അത്. വാതില്‍ തുറന്ന് അകത്തുകടക്കാന്‍ അവനു തോന്നിപ്പോയ അവസരമായിരുന്നു അത്. സിസ്റ്ററുണ്ടായിരുന്നില്ല. നിസ്സഹായതയോടെ, അടക്കിപ്പിടിച്ച് പുറത്തുതന്നെ നോക്കിനിന്നു. ആ സമയത്ത് അടുത്തു ചെന്നിരുന്നെങ്കില്‍ ആന്റി എന്തെങ്കിലും സംസാരിച്ചേനേ എന്നാണവന്‍ വിശ്വസിയ്ക്കുന്നത്. ആന്റിയുടെ അവസാനവാക്കുകള്‍ കേള്‍ക്കാനായില്ലെന്ന സങ്കടം അവന്റെ വരികളിലുണ്ട്.

ഐസിയൂ ഇവിടെ എവിടെയായിരിയ്ക്കും? ശ്രീ ഇപ്പോള്‍ അതിന്റെ മുന്നിലുണ്ടാകും. അങ്ങോട്ടു ചെന്ന് അവനെക്കാണണമോ, അതോ അവന്‍ മടങ്ങിവരുന്നതു വരെ ഇവിടെത്തന്നെ കാത്തിരിയ്ക്കണമോ?

ലൗഞ്ചില്‍ അധികനേരം വെറുതേയിങ്ങനെ നില്‍ക്കാനാവില്ല. ആശുപത്രിയിലെ വിവിധബ്ലോക്കുകളിലുള്ളത് എന്തെല്ലാമെന്നു കാണിയ്ക്കുന്ന വിശാലമായൊരു ചാര്‍ട്ട് ലൗഞ്ചിലൊരിടത്ത്, ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഞാനതില്‍ ഐസിയൂവിനായി പരതി.

ഐസിയൂകള്‍ ഒന്നല്ല, മൂന്നെണ്ണം. മൂന്ന്, നാല് അഞ്ച് എന്നീ നിലകളില്‍. അവയില്‍, നാലാം നിലയിലുള്ളത് ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റാണ്: ഐസിസിയൂ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ ഐസിസിയൂവിലായിരിയ്ക്കും അഡ്മിറ്റാകുന്നത്. ആന്റി അവിടെയായിരിയ്ക്കും കിടന്നിരുന്നത്. അതിന്റെ മുന്നിലുണ്ടാകും ശ്രീ.

മുകളിലേയ്ക്കു കയറിച്ചെല്ലാന്‍ എനിയ്ക്ക് അധൈര്യം അനുഭവപ്പെട്ടു. അപകടനിലയില്‍, ആയാസത്തോടെ ശ്വാസം വലിച്ചുകൊണ്ട് ആന്റി കിടന്നിരുന്ന ഐസിസിയൂവിന്റെ മുന്നില്‍ ആശങ്കയോടെ ചെലവഴിച്ച ദിനങ്ങളെപ്പറ്റിയുള്ള ഓര്‍മ്മ ഇപ്പോള്‍ ശ്രീയുടെ മനസ്സിലേയ്ക്ക് ഇരച്ചുവരുന്നുണ്ടാകും. ഈ നേരത്തല്പം ഏകാന്തതയാണ് അവനാവശ്യം. ഇപ്പോള്‍ കയറിച്ചെന്ന് ഇടപെട്ടാല്‍, അതു വീണ്ടും ആന്റിയെ വിസ്മരിപ്പിയ്ക്കലാകും. ഈ വരവു തന്നെ വൃഥാവിലാകും.

Advertisement

കയറിച്ചെല്ലാനുള്ള വെമ്പല്‍ പ്രയാസപ്പെട്ടടക്കി ഞാന്‍ ലൗഞ്ചിന്റെ മുന്നിലുള്ള കസേരകളൊന്നില്‍ ഇരിപ്പുറപ്പിച്ചു.

മികച്ച പല ഡോക്ടര്‍മാരും ഈ ആശുപത്രിയിലുണ്ടെന്നുറപ്പ്. ഒഴിവുദിനമായിട്ടു പോലും ഡോക്ടര്‍മാരെക്കാണാന്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ കാത്തിരിക്കുന്നവര്‍ നിരവധി.

ശ്രീയും ഞാനും രോഗബാധ മൂലം ഒരാശുപത്രിയിലും ഇതുവരെ അഡ്മിറ്റായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അഭിയെ പ്രസവിയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നു, എന്റെ ഏക ആശുപത്രിവാസം. പനിയും ജലദോഷവും മാത്രമാണു വീട്ടില്‍ ഇടയ്ക്കിടെ കയറിയിറങ്ങാറുള്ള ഏകരോഗം. അഭിയാണ് അതിന്റെ ഉറവിടം. അവന്റെ സ്‌കൂളും. അവനുമായുള്ള കെട്ടിമറിച്ചിലില്‍ ഞങ്ങള്‍ക്കും അതു പകര്‍ന്നു കിട്ടുന്നു. രണ്ടു ദിവസം കൊണ്ടതു മാറുകയും ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അഭിയ്ക്കു പനി വന്നിട്ടില്ല. അതുകൊണ്ടു ഞങ്ങള്‍ക്കും. രോഗപ്രതിരോധത്തെപ്പറ്റിയുള്ളൊരു പ്രതിവാരക്ലാസ്സ് അവന്റെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു ഫലം കണ്ടിരിയ്ക്കുന്നു.

എല്‍ ഈ ഡി ബോര്‍ഡില്‍ തെളിയുന്നത് ടോക്കണ്‍ നമ്പറുകളായിരിയ്ക്കണം. സ്റ്റേറ്റ് ബാങ്കിലെപ്പോലെ. തങ്ങളുടെ നമ്പറുകള്‍ കണ്ടിട്ടാകാം, ചിലര്‍ എഴുന്നേറ്റു പോകുന്നത്. ഒരു വൃദ്ധയെ, അവരുടെ മകനായിരിയ്ക്കണം, താങ്ങിപ്പിടിച്ച്, ഡോക്ടറുടെ മുറിയിലേയ്ക്കു മെല്ലെ നടത്തിക്കൊണ്ടുപോയി.

എഴുപത്തിരണ്ടാം വയസ്സില്‍, ഹൃദയസ്തംഭനം മൂലം ചരമമടയുന്നതു വരെ ആന്റി ആരോഗ്യവതിയായിരുന്നു. സര്‍ക്കാര്‍ജോലിയില്‍ നിന്നു വിരമിയ്ക്കുന്നതിനു മുമ്പും പിമ്പും പാചകം ചെയ്തിരുന്നത് ആന്റി തന്നെ. ശ്രീ സഹായിച്ചുകൊടുത്തിരുന്നു. അവനുമറിയാം പാചകം. സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം കാര്യമായ പരസഹായമില്ലാതെ തന്നെ ആന്റി നടത്തിക്കൊണ്ടുപോയിരുന്നു.

ആന്റിയ്ക്ക് നെഞ്ചുവേദനയുണ്ടായതിന്റെ തലേന്ന്, ആന്റിയുടെ ചേച്ചിയുടെ ശ്രീയുടെ വലിയമ്മയുടെ മകള്‍, ജാനുച്ചേച്ചിയെത്തിയിരുന്നു. അതൊരു ഭാഗ്യമായെന്നു ശ്രീ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, ആന്റിയ്ക്കു നെഞ്ചുവേദന തുടങ്ങിയ ഉടന്‍ അക്കാര്യം ഓഫീസിലായിരുന്ന അവന് അറിയാനായി. ‘ചെറ്യമ്മ നെഞ്ചുപൊത്തിപ്പിടിച്ചിരിയ്ക്കണ് ണ്ട് ഡാ,’ ജാനുച്ചേച്ചി ഫോണിലൂടെ പറഞ്ഞു. ‘മിണ്ടാന്‍ പറ്റണില്ല. കണ്ണീരൊഴുകണു. നീയിപ്പൊത്തന്നെ വാ. വൈകല്ലേ.’

Advertisement

‘ഡോക്ടര്‍ കുര്യന്‍ ജേക്കബ് ടു ദി ഓപ്പറേഷന്‍ തിയേറ്റര്‍. ഡോക്ടര്‍ കുര്യന്‍ ജേക്കബ് ടു ദി ഓപ്പറേഷന്‍ തിയേറ്റര്‍.’ ലൗഞ്ചില്‍ മുഴങ്ങിക്കേട്ട ഒരനൗണ്‍സ്‌മെന്റ് എന്റെ ചിന്തകള്‍ക്കു വിരാമമിട്ടു. പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ സ്പീക്കറുകള്‍ ലൗഞ്ചില്‍ അവിടവിടെ ഘടിപ്പിച്ചിട്ടുണ്ടാകണം. അനൗണ്‍സ്‌മെന്റ് വ്യക്തമായി കേള്‍ക്കാം, എന്നാല്‍ ചെവി തുളയ്ക്കുന്നുമില്ല.

സമയമെത്രയായി? സെല്‍ഫോണുകള്‍ രണ്ടും കാറിലായതുകൊണ്ടു സമയമറിയാന്‍ പറ്റുന്നില്ല. സെല്‍ഫോണ്‍ സന്തതസഹചാരിയായ ശേഷം വാച്ചു കെട്ടാറില്ല. ഞാനെഴുന്നേറ്റ് ഒരു ക്ലോക്കിനായി പരതി. താമസിയാതെ ഒരെണ്ണം കണ്ടെത്തുകയും ചെയ്തു. ശ്രീ മുകളിലേയ്ക്കു പോയിട്ട് മണിക്കൂറൊന്നു കഴിഞ്ഞിരിയ്ക്കുന്നു.

ആന്റി കിടന്നിരുന്ന ഐസിയൂവിന്റെ മുന്നിലിരിപ്പുണ്ടാകും ശ്രീ. അവന്‍ കരയുകയായിരിയ്ക്കുമോ? ആന്റിയെപ്പറ്റിയുള്ള സ്മരണകളുടെ തിരതള്ളലില്‍പ്പെട്ടു പോയിട്ടുണ്ടാകും. ആന്റിയെപ്പറ്റിയുള്ള നിരവധിയോര്‍മ്മകള്‍ അവനുണ്ടാകും. മണ്‍മറഞ്ഞുപോയവരെപ്പറ്റിയോര്‍ത്ത് ആളുകള്‍ കണ്ണീരൊഴുക്കുന്നതു പതിവാണ്. ശ്രീയും കണ്ണീര്‍ വാര്‍ത്തുപോയാല്‍ അതിലശയിയ്ക്കാനില്ല.

ശ്രീയുടെ കണ്ണുനിറഞ്ഞു കാണുന്ന കാര്യം ആലോചിയ്ക്കാന്‍ പോലും വയ്യ. ഞാനുമായുള്ള സഹവാസത്തിനിടയില്‍ ഒരിയ്ക്കല്‍പ്പോലും അവന്‍ കരഞ്ഞിട്ടില്ല.

ശ്രീയുടെ ശിരസ്സു നെഞ്ചോടു ചേര്‍ക്കാനുള്ള വെമ്പല്‍ എന്റെയുള്ളിലുയര്‍ന്നു. കരയുന്ന ശ്രീയുടെ ശിരസ്സിനുള്ളതല്ലേ, എന്റെ മാറിടം!

ആന്റിയെപ്പറ്റി ഓര്‍മ്മിപ്പിയ്ക്കാനുള്ള ഈ ശ്രമം അല്പം കടന്നുപോയോ! ശങ്കയുണര്‍ന്നു. കരയിയ്ക്കാനായിരുന്നില്ല അവനെ ഇവിടെ കൊണ്ടുവന്നത്. കരയിയ്ക്കലായിരുന്നില്ല ഉദ്ദേശ്യം. ജീവിച്ചിരിയ്ക്കുന്നവരുമായുള്ള കെട്ടിമറിയലിനിടയില്‍, വിടവാങ്ങിയവരെപ്പറ്റി അല്പമൊന്ന് ഓര്‍മ്മിപ്പിയ്ക്കുക. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ.

ഇരിപ്പുറയ്ക്കാതെ ഞാനെഴുന്നേറ്റു. ലിഫ്റ്റു കണ്ടെത്തി. പക്ഷേ, അതിനടുത്തൊരു നോട്ടീസ്: ‘ലിഫ്റ്റില്‍ രോഗികള്‍ക്കു മുന്‍ഗണന’. നോട്ടീസു വായിച്ചു ശങ്കിച്ചു നിന്നപ്പോള്‍ പിന്നില്‍ നിന്നാരോ പറഞ്ഞു, ‘നോട്ടീസൊന്നും നോക്കണ്ട. വേഗം കയറിക്കോളിന്‍.’

Advertisement

ശ്രീ നോട്ടീസു കണ്ടിട്ടുണ്ടെങ്കില്‍ ലിഫ്റ്റില്‍ കയറിക്കാണാന്‍ വഴിയില്ല. ചില കാര്യങ്ങളില്‍ അവനല്പം വിചിത്രസ്വഭാവക്കാരനാണ്. കയറാവുന്നിടത്തേ കയറൂ. ഞാനും ലിഫ്റ്റില്‍ കയറേണ്ടെന്നു വച്ചു. സമീപം തന്നെ ഗോവണി കണ്ടു. പടവുകള്‍ മെല്ലെക്കയറി. നാലാമത്തെ നിലയിലെത്തിയപ്പോഴേയ്ക്കു കിതച്ചിരിയ്ക്കുന്നു! വീടിന്റെ പടിഞ്ഞാപ്പുറത്ത് ശ്രീയുമായി നടത്താറുണ്ടായിരുന്ന ഷട്ടിലുകളി എത്രയും വേഗം പുനരാരംഭിയ്‌ക്കേണ്ടതുണ്ടെന്ന സൂചന.

ഐസിസിയൂ കണ്ടുപിടിയ്ക്കാന്‍ പ്രയാസമുണ്ടായില്ല. മുന്നില്‍ കുറച്ചു സ്റ്റീല്‍ കസേരകള്‍. അവയില്‍ ചിലരിരിപ്പുണ്ട്. ഞാനുദ്വേഗത്തോടെ നോക്കി.

ഇല്ല, ശ്രീ അക്കൂട്ടത്തിലില്ല.

ഗോവണി കയറിവന്നതിന്റെ കിതപ്പു മാറാനായി കസേരകളിലൊന്നില്‍ അല്പനേരമിരുന്നു. രണ്ട് ഐസിയൂകള്‍ കൂടിയുണ്ട്. അവയിലേതിന്റെയെങ്കിലും മുന്നില്‍ ശ്രീയുണ്ടാകും. അഞ്ചാം നിലയില്‍ കയറിനോക്കിയിട്ട്, വേണ്ടിവന്നാല്‍, മൂന്നാം നിലയിലേയ്ക്കു പോകാം. കിതപ്പടങ്ങിയ ഉടന്‍ ഞാനെഴുന്നേറ്റു വീണ്ടും ഗോവണി കയറി.

അഞ്ചാം നിലയിലെ ഐസിയൂ ഒന്നാന്തരമായിരുന്നു. ഏറ്റവും അവസാനം നിര്‍മ്മിയ്ക്കപ്പെട്ടതായിരിയ്ക്കണമത്. അതിന്റെ മുന്നിലും ചിലരിരുന്നിരുന്നു. അവര്‍ക്കിടയിലും ശ്രീയുണ്ടായിരുന്നില്ല. അവന്‍ മൂന്നാം നിലയിലെ ഐസിയൂവിന്റെ മുന്നിലുണ്ടാകുമെന്നുറപ്പിച്ചു ഞാന്‍ ഗോവണിയിറങ്ങി.

ഏറ്റവും പഴയതു മൂന്നാം നിലയിലെ ഐസിയൂ തന്നെയെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാകും. ഐസിയൂവിന്റെ മുന്നില്‍ ഒരിടനാഴി. അതില്‍, ചുമരിനോടു ചേര്‍ത്ത് രണ്ടു ബെഞ്ചുകള്‍. രണ്ടുമൂന്നു പേര്‍ അവയിലിരിപ്പുണ്ട്. അവരുടെ കൂട്ടത്തിലും ശ്രീയില്ല!

ഞാനസ്വസ്ഥയായി. ആന്റിയെ ആദ്യം കൊണ്ടുവന്നതു കാഷ്വല്‍റ്റിയിലായിരുന്നു. അവിടന്നു നേരിട്ടിവിടേയ്ക്ക്. രണ്ടുദിവസത്തിനു ശേഷം ചൈതന്യമറ്റ മടക്കം…ആന്റി ഇവിടെ മറ്റെവിടേയും പോയിരുന്നില്ല. ശ്രീ ഈ ഐസിയൂവിന്റെ മുന്നില്‍ ഉണ്ടാകേണ്ടിയിരുന്നു. അവനെവിടെയാണ്.

Advertisement

ഞാന്‍ ഗോവണി കയറിയും ഇറങ്ങിയും ഐസിയൂകള്‍ തേടി അലയുന്നതിനിടയില്‍ ശ്രീ ലിഫ്റ്റില്‍ക്കയറി താഴേയ്ക്കു പോയിട്ടുണ്ടാകുമോ? ഒരു പക്ഷേ, കാറിനടുത്തു ചെന്നു നില്‍ക്കുന്നുണ്ടാകും. കാറിന്റെ താക്കോലാണെങ്കില്‍ എന്റെ ഷോള്‍ഡര്‍ ബാഗിലാണു താനും.

താഴേയ്ക്കിറങ്ങിച്ചെല്ലുക തന്നെ. കാറിനടുത്തു ശ്രീയുണ്ടാകുമെന്ന നിഗമനത്തില്‍. അവിടെയില്ലെങ്കില്‍ കാഷ്വല്‍റ്റിയില്‍ ചെന്നു നോക്കണം. ഏതാനും മിനിറ്റു മാത്രമാണെങ്കിലും, ആന്റി കാഷ്വല്‍റ്റിയിലും കിടന്നിരുന്നല്ലോ.

ഇറങ്ങിപ്പോകാനായി ഗോവണിയുടെ നേരേ നടന്നു തുടങ്ങിയതായിരുന്നു. പെട്ടെന്നു നിന്നു. ഐസിയൂവിന്റെ വാതിലിന്മേല്‍ മുട്ടിവിളിച്ചു ചോദിച്ചു നോക്കാം. ഒരു കാലത്ത് ആന്റി അകത്തുണ്ടായിരുന്നതാണ്. മൂന്നു തവണ ശ്രീ അകത്തു കയറി മയങ്ങിക്കിടന്നിരുന്ന ആന്റിയെ കണ്ടിരുന്നു. ആ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി അവനിന്ന് ഐസിയൂവിന്റെ അകത്തു കടന്ന്, അതിനുള്ളിലെവിടെയെങ്കിലുമൊക്കെ ഇരിയ്ക്കുകയോ നില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കിലോ?

ഞാന്‍ ഐസിയൂവിന്റെ നേരേ നടന്നു. വാതിലിന്മേലുള്ള കിളിവാതിലിലൂടെയുള്ള ദൃശ്യം അകത്തെ കര്‍ട്ടന്‍ മറയ്ക്കുന്നു. ഒന്നും കാണാനാകുന്നില്ല. രണ്ടും കല്പിച്ച് ഐസിയൂവിന്റെ വാതിലിന്മേല്‍ പതുക്കെ മുട്ടി.

മുട്ടു വളരെപ്പതുക്കെയായിപ്പോയെന്നു തോന്നി. വാതില്‍ തുറന്നില്ല. അകത്തുള്ളവരാരും കേട്ടുകാണില്ല. അല്പം കൂടി ശക്തിയില്‍ മുട്ടിയാലത് അകത്തുകിടക്കുന്ന രോഗികള്‍ക്കു ശല്യമായാലോ എന്നു ശങ്കിച്ചു പരുങ്ങിനില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ ഒരരികിലേയ്ക്കു നീങ്ങി, കിളിവാതിലില്‍ ഒരു സിസ്റ്ററുടെ മുഖം പ്രത്യക്ഷപ്പെട്ടു.

‘സിസ്റ്റര്‍, എന്റെ ഹസ്ബന്റ് അകത്തുണ്ടോ?’

‘ഹസ്ബന്റിന്റെ പേരെന്താ?’

Advertisement

‘ശ്രീജിത്ത്.’

‘അങ്ങനൊരു പേഷ്യന്റ് ഈ ഐസിയൂവിലില്ല.’

ഇതെങ്ങനെയൊന്നു പറഞ്ഞുമനസ്സിലാക്കും? പേഷ്യന്റല്ലാത്തയാളിനെ ഐസിയൂവില്‍ തിരക്കുന്നതെന്തിന് എന്നായിരിയ്ക്കും സിസ്റ്റര്‍ ചോദിയ്ക്കുക.

‘പണ്ട് ഈ ഐസിയൂവില്‍ ഹസ്ബന്റിന്റെ അമ്മ കിടന്നിരുന്നു.’ കാര്യം ചുരുക്കിപ്പറയാന്‍ ഞാനൊരു ശ്രമം നടത്തിനോക്കി. ‘ആ കാര്യങ്ങളൊക്കെയൊന്ന് ഓര്‍മ്മിപ്പിയ്ക്കാന്‍ വേണ്ടി കൂട്ടിക്കൊണ്ടു വന്നതാണു ഹസ്ബന്റിനെ. ഇപ്പഴ് ആളെക്കാണുന്നില്ല. ഞാന്‍ മറ്റേ ഐസിയൂകളുടെ മുന്നില്‍ച്ചെന്നു നോക്കിയിരുന്നു. ഇനി ഈ ഐസിയൂവിന്റെ അകത്തെങ്ങാനും…’

‘ഐസിയൂവിനകത്ത് അന്യരെ കടത്താറില്ല.’ സിസ്റ്റര്‍ കര്‍ട്ടന്‍ വലിച്ചിട്ടു, കിളിവാതിലടഞ്ഞു.

ഞാന്‍ ചുമരും ചാരി മരവിച്ചു നിന്നു. പണ്ട്, ആന്റിയെപ്പറ്റിയോര്‍ത്തു വിഷമിച്ച് ഇതേ ചുമരും ചാരി ശ്രീ നിന്നിരിയ്ക്കണം. അവനെക്കാണാതെ വിഷമിച്ചു ഞാനിപ്പോള്‍ അതേ ചുമരും ചാരി നില്‍ക്കുന്നു!

ഇനിയെന്തായാലും താഴേയ്ക്കു പോകുക തന്നെ. കാഷ്വല്‍റ്റിയിലും പോയി നോക്കാം. പക്ഷേ, നടക്കാന്‍ തോന്നുന്നില്ല. ഒരു തളര്‍ച്ച ബാധിച്ചതു പോലെ. ആന്റി ഇവിടെയാണല്ലോ കിടന്നിരുന്നത്. ശ്രീ ഇവിടെത്തന്നെ ഉണ്ടാകേണ്ടതായിരുന്നു. അവനെന്തുപറ്റിക്കാണും?

Advertisement

അല്പനേരം ഞാനങ്ങനെ ചുമരും ചാരി നിശ്ചലയായി നിന്നു. ഒടുവില്‍ പതുക്കെ നടക്കാന്‍ തുടങ്ങി. പെട്ടെന്നു പിന്നില്‍ ഐസിയൂവിന്റെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. ഞാന്‍ തിരിഞ്ഞുനോക്കി. അല്പം മുന്‍പു സംസാരിച്ച സിസ്റ്റര്‍ പുറത്തിറങ്ങി വന്നിരിയ്ക്കുന്നു. അവരെന്നെ കൈകൊണ്ടു മാടി വിളിച്ചു. ഞാനോടിച്ചെന്നു.

‘ഹസ്ബന്റിന്റെ ബ്ലഡ് ഗ്രൂപ്പ് ഏബി പോസിറ്റീവാണോ?’

ഇടിത്തീ വീണ പോലെ ഞാന്‍ തരിച്ചു നിന്നു. ഏബി പോസിറ്റീവു തന്നെ അവന്റെ ഗ്രൂപ്പ്. ശ്രീയ്‌ക്കെന്തോ പരിക്കു പറ്റിയിട്ടുണ്ട്. അല്ലെങ്കിലവന് രക്തത്തിന്റെ ആവശ്യം വരുമായിരുന്നില്ല. എന്റെ തൊണ്ട വരണ്ടു. ഗോവണി കയറുന്നതിനിടയില്‍ വീണു കാണുമോ? പിതൃക്കളേ, ഞങ്ങളിനി നിങ്ങളെ മുടങ്ങാതെ പ്രീതിപ്പെടുത്തിക്കോളാം; ശ്രീയ്ക്ക് ആപത്തൊന്നും വരാതെ കാക്കണേ!

‘എന്തെങ്കിലും… പറ്റിയോ…’ ഞാന്‍ വിക്കി.

മറുപടിയ്ക്കു പകരം സിസ്റ്റര്‍ മറ്റൊരു ചോദ്യമെറിഞ്ഞു: ‘ഒരു ചോന്ന ഷര്‍ട്ടായിരുന്നോ ഇട്ടിരുന്നത്? ചെക്ക്?’

ഭീതി മൂലം അതേയെന്നു തലയാട്ടാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ. അവന്റെയതേ ബ്ലഡ് ഗ്രൂപ്പ്, അവന്റെയതേ ഷര്‍ട്ട്… ഗുരുതരമായതെന്തോ ശ്രീയ്ക്കു പറ്റിയിട്ടുണ്ട്. അവനെയിങ്ങോട്ടു കൊണ്ടുവരികയേ വേണ്ടായിരുന്നു… തല കറങ്ങുന്നുണ്ടോ…

‘ആള് ബ്ലഡ് ഡൊണേറ്റു ചെയ്യാന്‍ പോയിട്ട് ണ്ട്. നേരേ ബ്ലഡ് ബാങ്കിലേയ്ക്കു വിട്ടോളിന്‍.’

Advertisement

ഞാന്‍ മിഴിച്ചുനില്‍ക്കെ സിസ്റ്റര്‍ വിശദീകരിച്ചു: ‘ഏബി പോസിറ്റീവ് ബ്ലഡ് കൊടുക്കാന്‍ തയ്യാറുള്ളവര് ബ്ലഡ് ബാങ്കില്‍ച്ചെല്ലാന്‍ പീയേ സിസ്റ്റത്തില് അനൗണ്‍സ്‌മെന്റു വന്നിരുന്നു. അത് കേട്ട്, ആ ബെഞ്ചിലിരുന്നിരുന്ന ഒരാള് ബ്ലഡ് ബാങ്കെവിട്യാന്ന് ഞാനതിലേ പോകുമ്പോ എന്നോടു ചോദിച്ചിരുന്നു. അത് നിങ്ങളു നോക്കണ ആളു തന്നെ.’ വാതിലടയ്ക്കും മുമ്പു സിസ്റ്റര്‍ വിരല്‍ മുകളിലേയ്ക്കുയര്‍ത്തിക്കാണിച്ചു: ‘സിക്‌സ്ത്ത് ഫ്‌ലോര്‍.’

കുളിര്‍മഴ പെയ്തു. ഇടിത്തീ പെട്ടെന്നണഞ്ഞു. ആ സിസ്റ്ററിനെ കെട്ടിപ്പിടിയ്ക്കാന്‍ തോന്നി!

വായ് മലര്‍ക്കെത്തുറന്നു ചിരിച്ചുകൊണ്ടു ഞാന്‍ ഗോവണിയുടെ നേരേ ഓടിയപ്പോള്‍ ബെഞ്ചിലിരുന്നിരുന്നവര്‍ കൗതുകത്തോടെ നോക്കി. മൂന്നില്‍ നിന്ന് ആറിലേയ്ക്കുള്ള പടവുകള്‍ ഞാനോടിക്കയറി.

പഴയൊരു ഡയറിക്കുറിപ്പില്‍ ശ്രീ വലിയ അക്ഷരത്തില്‍, കൊട്ടേഷനുകള്‍ക്കുള്ളില്‍ എഴുതിയിരുന്നൊരു വാക്ക് ഓര്‍മ്മയിലേയ്‌ക്കോടി വന്നു: ‘കൊടുക്കണം’.

ശ്രീ ബീട്ടെക്കിനു പഠിയ്ക്കുമ്പോള്‍ കോളേജിനടുത്തുണ്ടായിരുന്ന ഒരാശുപത്രി ഒരു രക്തദാനതീവ്രശ്രമം ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഭാഗമായി രക്തം കൊടുക്കട്ടേയെന്ന് അവന്‍ ഹോസ്റ്റലില്‍ നിന്നു ഫോണിലൂടെ ആന്റിയോടു ചോദിച്ചിരുന്നു. ആന്റി സംശയലേശമില്ലാതെ കൊടുത്ത, ഉറച്ച സ്വരത്തിലുള്ള ഉത്തരമായിരുന്നു അത്.

സിക്‌സ്ത്ത് ഫ്‌ലോറില്‍, ബ്ലഡ് ബാങ്കിന്റെ ഗ്ലാസ് പാനലിലൂടെ അകത്തു നടക്കുന്നതെല്ലാം കാണാനായി. മൂന്നു പേര്‍ ഒരേ സമയം രക്തം കൊടുക്കുന്നുണ്ടായിരുന്നു. അവയിലൊന്നു ശ്രീ തന്നെ. അവന്റെ മുഖം കാണാനാകുന്നില്ല. ഇടതുകൈ കാണാം. പാന്റ്‌സു ധരിച്ച കാലുകളും. ഞാന്‍ വാങ്ങിക്കൊടുത്ത ക്രീം കളറിലുള്ള പാന്റ്‌സ്. അവനെ തിരിച്ചറിയാന്‍ ഇത്രയൊന്നും വേണ്ട, ഒരു വിരലറ്റം മാത്രം മതിയെനിയ്ക്ക്!

ശ്രീയെ കണ്ടുകിട്ടിയതിലുണ്ടായ ആശ്വാസം, ട്യൂബിലൂടെ അവന്റെ രക്തമൊഴുകിപ്പോകുന്നതു കണ്ടപ്പോഴുണ്ടായ ആശങ്കയ്ക്കു വഴിമാറി. അകത്തു നിന്നു വന്ന സിസ്റ്ററിനോടു ഞാന്‍ വേവലാതിയോടെ ചോദിച്ചു, ‘രക്തം അധികം എടുക്ക്വോ?’

Advertisement

‘അര ലിറ്റര്‍. ആളേതാ?’

അര ലിറ്ററോ! എനിയ്‌ക്കൊരു മിനി ഹാര്‍ട്ടറ്റാക്കു തന്നെയുണ്ടായി. ചെറിയൊരു മുറിവില്‍ നിന്നു ചോര പൊടിയുമ്പോഴേയ്ക്ക് എനിയ്ക്കു ബോധക്ഷയം വരുമെന്നു തോന്നാറുണ്ട്. ഇവിടെ ശ്രീ കൊടുക്കുന്നതാകട്ടെ, അര ലിറ്റര്‍!

‘ആളു ഹെല്‍ത്തിയാ.’ ഞാന്‍ ശ്രീയെ ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു. ‘മുമ്പു ബ്ലഡ്ഡു ഡൊണേറ്റു ചെയ്തിട്ടൂണ്ട്. പിന്നെ, ഇതു കഴിയുമ്പൊത്തന്നെ ഫ്രൂട്ട് ജൂസും സ്‌നാക്‌സും കഴിപ്പിച്ചിട്ടേ ഞങ്ങളു വിടൂ. പേടിയ്ക്കാനൊന്നൂല്ല.’

ഇനിയുള്ള ഒന്നു രണ്ടാഴ്ച ശ്രീയ്ക്കു സ്‌പെഷ്യല്‍ ഡയറ്റുണ്ടാക്കിക്കൊടുക്കണമെന്നു ഞാന്‍ തീരുമാനിച്ചു. രക്തം ഒന്നോ രണ്ടോ തുള്ളിയല്ല, അര ലിറ്ററാണു നഷ്ടമായിരിയ്ക്കുന്നത്!

‘ഒരു പത്തു മിനിറ്റു കൂടി. അത്രേ വേണ്ടൂ. അതുവരെ അവിടെയിരുന്നോളൂ,’ സിസ്റ്റര്‍ പറഞ്ഞു.

ഞാനിരുന്നില്ല. ഇരിയ്ക്കാനായില്ല. പാനലിലൂടെ ഞാന്‍ ശ്രീയെത്തന്നെ നോക്കിക്കൊണ്ടു നിന്നു. ആന്റിയുടെ വാക്ക് ഒരു മോണിറ്ററിലെന്ന പോലെ, എന്റെ മുന്നില്‍ തെളിഞ്ഞു വന്നു: ‘കൊടുക്കണം.’

രക്തം കൊടുക്കട്ടേയെന്ന് ശ്രീയോ അഭിയോ എന്നോടു ചോദിച്ചാല്‍, വേണ്ടെന്നേ ഞാന്‍ പറയൂ. അവരിലാണ് എന്റെ ലോകം. അവരുടെ രക്തം നഷ്ടപ്പെടുന്നതു സഹിയ്ക്കാന്‍ എനിയ്ക്കാവില്ല. അവരുടെ രക്തത്തിനു പകരം ദാനം പണമായിച്ചെയ്യാന്‍ തയ്യാര്‍. ആയിരമോ രണ്ടായിരമോ രൂപ. അവരുടെ രക്തം മാത്രം ചോദിച്ചേയ്ക്കരുത്!

Advertisement

അതുകൊണ്ട്, ഇനിയൊരിയ്ക്കല്‍ക്കൂടി ശ്രീയേയും കൊണ്ടിവിടെ വരുന്ന പ്രശ്‌നമില്ല. പിതൃക്കളെപ്പറ്റി ഓര്‍മ്മിപ്പിയ്ക്കാന്‍ മറ്റെന്തെങ്കിലും വഴി കണ്ടെത്താം. എന്നില്‍ നിന്ന് അകന്നിരിയ്‌ക്കേണ്ടാത്ത വഴി. ഓരോ നിമിഷവും അവനെവിടെയെന്ന് എനിയ്ക്കറിയാനാകണം; ഒരിയ്ക്കലുമവന്‍ എന്റെ ‘പരിധിയ്ക്കു പുറത്ത്’ ആയിരിയ്ക്കരുത്; ആകുന്നതു സഹിയ്ക്കാനാവില്ല. ഇപ്പൊത്തന്നെ കണ്ടില്ലേ, ഞാന്‍ തല കറങ്ങി വീണേനേ!

ആന്റിയും ഞാനും തമ്മിലുള്ള വ്യത്യാസവും ഒരുപക്ഷേ ഇതു തന്നെ. ആന്റിയുടെ ലോകവും ശ്രീയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നെങ്കിലും, ലോകരെക്കൂടി നോക്കിക്കാണാന്‍ ആന്റിയ്ക്കായിരുന്നു, ലോകരുടെ ക്ഷേമം കൂടി ആന്റി കാംക്ഷിച്ചിരുന്നു. ലോകര്‍ക്കു രക്തം ദാനം ചെയ്യണം എന്ന് ആന്റി അവനോട് ഉറപ്പിച്ചുപറഞ്ഞത് അതുകൊണ്ടാണ്. ചിന്തയില്‍ ആന്റിയോളം ഉയരാന്‍ എനിയ്ക്കാവില്ല. സ്വാര്‍ത്ഥയെന്ന് എന്നെ വിളിച്ചോളൂ. വിരോധമില്ല. ശ്രീയും അഭിയും മാത്രമടങ്ങിയ ചെറിയൊരു കിണറാണ് എന്റെ ലോകം. അതില്‍ മറ്റാരുമില്ല. എന്റെ ഭാഗ്യത്തിന്, ശ്രീയതു മനസ്സിലാക്കുകയും പരോക്ഷമായെങ്കിലും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ കാരണം അര ലിറ്റര്‍ രക്തം ശ്രീയ്ക്കു നഷ്ടമായെന്ന സങ്കടം എന്നില്‍ ബാക്കിനില്‍പ്പുണ്ട്. എങ്കിലും അവന്‍ ആന്റിയെ ഓര്‍മ്മിയ്ക്കുക മാത്രമല്ല, ആന്റി പറഞ്ഞിരുന്നത് അനുസരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. പിതൃക്കളെപ്പറ്റി അവനോര്‍ത്തിരിയ്ക്കുന്നു. അവനെക്കൊണ്ടു ഞാനോര്‍മ്മിപ്പിച്ചിരിയ്ക്കുന്നു. എനിയ്ക്കത് അമ്മയോടു ധൈര്യമായിപ്പറയാം. അതിലെനിയ്ക്കു തൃപ്തിയുണ്ട്.

ഒരു പിടി ബലിച്ചോറു കാക്കകള്‍ക്കെറിഞ്ഞുകൊടുത്തു പിതൃക്കളെ എളുപ്പത്തില്‍ പ്രീതിപ്പെടുത്തുന്ന പതിവു രീതി പിന്തുടരുന്നതിനു പകരം, ശ്രീ സ്വന്തം രക്തം സമൂഹത്തിനു നല്‍കി പിതൃക്കളെ മാത്രമല്ല, സമൂഹത്തെയൊന്നാകെ പ്രീതിപ്പെടുത്തിയിരിയ്ക്കുന്നു. മനുഷ്യന്റെ പ്രത്യക്ഷദൈവം സമൂഹമാണെന്ന് ഒരിയ്ക്കലവന്‍ പറഞ്ഞിരുന്നു.

പരമ്പരാഗതമായ ബലിയിടലില്‍ക്കുറഞ്ഞ ഒന്നും തന്നെ പിതൃക്കള്‍ക്കുള്ള മതിയായ ശ്രാദ്ധമായി എന്റെ അമ്മ അംഗീകരിയ്ക്കുമെന്നു തോന്നുന്നില്ല; രക്തദാനമായാല്‍പ്പോലും. എങ്കിലും, അച്ഛനതു തീര്‍ച്ചയായും അംഗീകരിയ്ക്കും. എനിയ്ക്കതു മതി.

(ഈ കഥ തികച്ചും സാങ്കല്പികമാണ്. ശ്രാദ്ധം = പിതൃബലി)
sunilmssunilms@rediffmail.com

 45 total views,  3 views today

Advertisement
Advertisement
Entertainment20 hours ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment2 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment3 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment4 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment4 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment6 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment6 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Advertisement