റൈറ്റ് സഹോദരന്മാര്‍ ആദ്യ വിമാനം പറപ്പിച്ചിട്ട് 116 വർഷം

161
മിൽട്ടൺ റൈറ്റിനും ബിഷപ്പിനും ഭാര്യ സൂസൻ കാതറിൻ കൊർണറിനും ഏഴു മക്കളിൽ സഹോദരന്മാരായി ഇന്ത്യാനയിലെ മില്‍വില്ലില്‍ 1867-ല്‍ വില്‍ബര്‍ റൈറ്റും (1867 1912) നാലുവര്‍ഷത്തിന് ശേഷം ഓഹിയോയിലെ ഡേയ്റ്റണില്‍ ഓര്‍വില്‍ റൈറ്റും (1871 1948) ജനിച്ചു.മതപ്രഭാഷണവും മറ്റുമായി മില്‍ടണ്‍ പല സ്ഥലത്തും യാത്രചെയ്യും. അങ്ങനെ ഒരു യാത്ര കഴിഞ്ഞുവരവേ അയാള്‍ തന്റെ മക്കള്‍ക്ക് ഒരു ചെറിയ പറക്കുന്ന കളിപ്പാട്ടം കൊണ്ടുവന്നു കൊടുത്തു. രണ്ടുപേരും മൂത്തവനായ വില്‍ബറും, ഇളയവനായ ഓര്‍വല്ലും പഠിപ്പില്‍ തനി മടിയന്മാരായിരുന്നു. വില്‍ബര്‍ ഹൈസ്‌കൂള്‍ വരെ എത്തിപ്പെട്ടു. രണ്ടുപേരുടെയും സ്വപ്നം ബിസിനസ്സ് ചെയ്യലായിരുന്നു. പഠിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും രണ്ടാള്‍ക്കും യന്ത്രങ്ങളില്‍ വലിയ താല്‍പ്പര്യമായിരുന്നു. അച്ഛന്‍ കൊണ്ടുവന്ന കളിപ്പാട്ടം പറപ്പിച്ച് കളിച്ച് പൊട്ടിച്ചുവെങ്കിലും അത് റിപ്പേര്‍ ചെയ്യാനും അവര്‍ ശ്രമിച്ചു.
കാലം കടന്നുപോയി. വില്‍ബര്‍ പഠിപ്പുനിര്‍ത്തി. രോഗിയായ അമ്മയെ സഹായിക്കാന്‍ വീട്ടില്‍ നിന്നു. എട്ടാംക്ലാസ് കഴിഞ്ഞപ്പോള്‍ ഓര്‍വെല്ലും പഠിപ്പു നിര്‍ത്തി. ഇനി എന്തു ചെയ്യണം എന്നായി അവരുടെ ആലോചന. വില്‍ബറിന്റെ സഹായത്തോടെ ഓര്‍വെല്‍ ഒരു പ്രിന്റിംഗ് പ്രസ് നിര്‍മിച്ച്, ബിസിനസ്സ് തുടങ്ങി. നോട്ടീസുകള്‍ പ്രിന്റ് ചെയ്തു കൊടുക്കലായിരുന്നു പ്രധാന പണി. പിന്നീട് ഒരു ആഴ്ചപ്പത്രം തുടങ്ങിയെങ്കിലും വായനക്കാരില്ലാതെ അത് ക്രമേണ നിന്നുപോയി.
അക്കാലത്താണ് അമേരിക്കയില്‍ രണ്ട് ചക്രമുള്ള ആധുനിക സൈക്കിള്‍ പ്രചാരത്തില്‍ വന്നത്. ”ബൈസൈക്കിള്‍” എന്ന പേര് തന്നെ വന്നത് രണ്ട് ചക്രമുള്ളതുകൊണ്ടാണല്ലോ. അത് ഒഹായോവിലും എത്തി. സൈക്കിള്‍ ഓട്ടക്കാരുടെ എണ്ണം കൂടിയതോടെ റൈറ്റ് സഹോദരന്മാര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു സൈക്കിള്‍ റിപ്പേറിംഗ് കട തുടങ്ങി. ക്രമേണ അവര്‍ സൈക്കിള്‍ നിര്‍മാണവും വില്‍പ്പനയും തുടങ്ങി. ഇതൊക്കെ ചെയ്യുമ്പോഴും ചെറുപ്പത്തില്‍ അച്ഛന്‍ കൊണ്ടുവന്ന് കൊടുത്ത കളിപ്പാട്ടം തന്നെയായിരുന്നു അവരുടെ മനസ്സില്‍. സൈക്കിള്‍ നിര്‍മാണവും വില്‍പ്പനയും റിപ്പേറിംഗും നടത്തി പൈസ ഉണ്ടാക്കി വിമാന ഗവേഷണം നടത്താനായിരുന്നു അവരുടെ പ്ലാന്‍.
പക്ഷേ, വിമാനമുണ്ടാക്കുന്നതിലേക്ക് എടുത്തുചാടുകയല്ല അവര്‍ ചെയ്തത്. ഈ കാര്യത്തിലാണ് റൈറ്റ് സഹോദരന്മാര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായത്. അവര്‍ ഓട്ടോ ലിലിയന്‍ഥാലിന്റെ ഗ്ലൈഡര്‍ പറക്കലിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് പഠിച്ചു. ഗ്ലൈഡര്‍ നിര്‍മിച്ച ലാംഗ്ലേയുടെ ഡിസൈനുകളും ചിത്രങ്ങളും ശേഖരിച്ച് പഠിച്ചു. ഒക്‌ടേവിയൊ ചാന്യൂട്ട് എന്നൊരു എന്‍ജിനീയര്‍ക്ക് കത്തെഴുതി അയാളുടെ ”പറക്കും യന്ത്രങ്ങളുടെ പുരോഗതി” എന്ന പുസ്തകം വരുത്തി. ഇവയെല്ലാം രണ്ടുപേരും മനസ്സിരുത്തി വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ ചില പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കി. ലിലിയന്‍ഥാള്‍ ഗ്ലൈഡര്‍ നിയന്ത്രിച്ചിരുന്നത്, ഗ്ലൈഡറില്‍ തൂങ്ങി നിന്ന്, ഇടത്തോട്ടും വലത്തോട്ടും പിന്നോട്ടുമൊക്കെ ചരിഞ്ഞിട്ടായിരുന്നു. ഇത് ശരിയായ രീതി അല്ലെന്നും, അതാണ് അദ്ദേഹത്തിന്റെ അപകട മരണത്തിന് കാരണമെന്നും അവര്‍ മനസ്സിലാക്കി. ലാംഗ്ലേ കരുതിയതുമാതിരി ശക്തിയേറിയ യന്ത്രം ഉപയോഗിച്ചാല്‍ മാത്രം പറക്കാനാവില്ല. അയാളുടെ ഗ്ലൈഡര്‍ എന്തുകൊണ്ട് പറന്നില്ലെന്നും അവര്‍ ശരിയായി ഊഹിച്ചു. അങ്ങനെ രണ്ടുപേരും ഐതിഹാസികമായ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു: ”പറക്കുന്ന യന്ത്രങ്ങളുടെ ഗതിനിയന്ത്രിക്കുന്നത് ചിറകുകള്‍ ഉപയോഗിച്ചിട്ടായിരിക്കണം.”
വിമാനത്തിന്റെ രൂപകല്‍പന വികസിപ്പിക്കാന്‍ നിശ്ചയിച്ചുറച്ച വില്‍ബറും ഓര്‍വെലും ശക്തമായ കാറ്റിന് പേരുകേട്ട നോര്‍ത്ത് കരോളിനയിലെ കിറ്റി ഹ്വാക്കിലേക്ക് തിരിച്ചു. വിമാനത്തിന് എങ്ങനെ ചിറകുകള്‍ ഘടിപ്പിക്കാം എന്നതിലാണ് ആദ്യം വില്‍ബറും ഓര്‍വലും പരീക്ഷണങ്ങള്‍ നടത്തിയത്.സന്തുലനവും നിയന്ത്രണവും ലഭിക്കുന്നതിനായി പക്ഷികള്‍ തങ്ങളുടെ ചിറകുകള്‍ ചരിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ നിരീക്ഷിച്ചു. ഇതിനെ പകര്‍ത്താന്‍ ശ്രമിച്ച അവര്‍ ‘ചിറക് സങ്കോചിപ്പിക്കല്‍’ എന്നൊരു സങ്കല്‍പം വികസിപ്പിച്ചെടുത്തു. ചലിപ്പിക്കാവുന്ന ഒരു പങ്കായം കൂട്ടിച്ചേര്‍ത്തതോടെ തങ്ങള്‍ക്ക് ഒരു മാന്ത്രിക സൂത്രവാക്യം ലഭ്യമായതായി റൈറ്റ് സഹോദരന്മാര്‍ തിരിച്ചറിഞ്ഞു. പരീക്ഷണ വിമാനങ്ങള്‍ കണ്ടുപിടിക്കുകയും പറത്തുകയും ചെയ്യുന്നത് ആദ്യമായല്ലെങ്കില്‍, ഉറപ്പിച്ച ചിറകുകളുടെ ശക്തയില്‍ പറക്കുന്ന വിമാനങ്ങള്‍ സാധ്യമാക്കിയ വൈമാനിക നിയന്ത്രണങ്ങള്‍ റൈറ്റ് സഹോദരന്മാരുടെ സംഭാവനയായിരുന്നു.
1903 ഡിസംബര്‍17ന് സമയം രാവിലെ പത്തുമണി. നാട്ടുകാര്‍’ഹില്‍ ഡെവിള്‍’ (ചെകുത്താന്‍ കുന്ന്) എന്നു വിളിക്കുന്ന ചുറ്റും മരങ്ങള്‍ തീരെയില്ലാത്ത ചെറിയൊരു മണല്‍ക്കുന്ന്. ഇളയ സഹോദരന്‍ ഓര്‍വില്‍ റൈറ്റ് ജ്യേഷ്ഠന്‍ വില്‍ബറിന് കൈകൊടുത്ത് പറക്കല്‍ യന്ത്രത്തില്‍ കയറി കമിഴ്ന്നുകിടന്നു.
കാണികള്‍ അഞ്ചു പേര്‍ മാത്രം. രണ്ടുപേര്‍ തൊട്ടടുത്ത ജീവരക്ഷാകേന്ദ്രത്തിലെ(ലൈഫ് സേവിങ് സ്റ്റേഷന്‍) ഗാര്‍ഡുകള്‍. ജോണ്‍ ഡാനിയലും, ഡബ്ല്യൂ,എസ് ഡോവും പിന്നെ ജോണി മൂര്‍ എന്ന പതിനേഴുകാരനെ കൂടാതെ രണ്ടുനാട്ടുകാരും. ‘ഒഹിയോയിലുള്ള ‘ഡെയ്ട്ടണില്‍’നിന്നുവന്ന രണ്ടു സഹോദരന്മാരിലും അവരുണ്ടാക്കിയ ‘പറക്കല്‍ യന്ത്ര’ത്തിലുമാണ് കാണികളഞ്ചുപേരുടേയും ശ്രദ്ധ. അവര്‍ ശ്വാസം വിടാതെ നോക്കിനിന്നു. സ്പ്രൂ മരവും തുണിയും കൊണ്ടാണ് മൂന്നുദിവസം മുന്‍പേ പറക്കാന്‍ ശ്രമിക്കവേ താഴെവീണ’പറക്കല്‍ യന്ത്രം’ ശരിയാക്കിയെടുക്കാനായത്. വലതു ചിറകിന്റെ അറ്റം പിടിച്ചുനിന്ന വില്‍ബര്‍ റൈറ്റ് ആശങ്കയോടെ ഓര്‍വിലിനെ പ്രോത്സാഹിപ്പിക്കാന്‍ കാണികളോട് ആവശ്യപ്പെട്ടു. സഹോദരന്മാരുടെ സാഹസപ്പറക്കല്‍ ക്യാമറയില്‍ പകര്‍ത്താമെന്ന് ഏറ്റിരുന്ന ജോണ്‍ ഡാനിയേല്‍ മുക്കാലിയില്‍ സ്ഥാപിച്ച ക്യാമറയുടെ സമീപത്തേയ്ക്ക് നീങ്ങി.
പത്ത് മുപ്പത്തിയഞ്ചിന് ‘പറക്കല്‍ യന്ത്ര’ത്തിന്റെ എന്‍ജിന്‍ മുരള്‍ച്ചയോടെ സ്റ്റാര്‍ട്ടായി. വിമാനത്തിന്റെ രണ്ട് പ്രൊപ്പല്ലറുകള്‍ തിരിഞ്ഞു തുടങ്ങി. മണ്ണില്‍ സ്ഥാപിച്ചിരുന്ന ഒരു പാളയത്തിലൂടെ വിമാനം (റൈറ്റ് ഫ്‌ളൈയര്‍-1) മുന്നോട്ട് നീങ്ങി പൊന്തിയുയര്‍ന്നത് ധൃതഗതിയിലായിരുന്നു. ഡാനിയേല്‍ ക്യാമറ ക്ലിക്കു ചെയ്തു. ഒരു മൂന്നുമീറ്റര്‍ പൊങ്ങിയ വിമാനം പന്ത്രണ്ട് സെക്കന്‍ഡ് കഴിഞ്ഞ് 36 മീറ്റര്‍ ദൂരെ ശക്തിയോടെ നിലത്തിറങ്ങി! അന്നവിടെ വിജനപ്രദേശമായ കിറ്റിഹോക്കില്‍ സാധിച്ചത് നൂറ്റാണ്ടുകളായി പലരും കണ്ട സ്വപ്നത്തിന്റെ സാഫല്യമായിരുന്നു. കാണികള്‍ ആഹ്ലാദത്തിലാറാടി. വിമാനം ആരംഭസ്ഥാനത്തേക്ക് തള്ളിനീക്കി വീണ്ടും പറക്കാന്‍ ശ്രമം. അടുത്ത ഊഴം വില്‍ബറിന്റേത്. അന്നവര്‍ മാറി മാറി മൂന്നുപ്രാവശ്യം കൂടി പറന്നു. വില്‍ബര്‍ പറപ്പിച്ച നാലാമത്തെ പറക്കല്‍ അന്നത്തെ റെക്കോര്‍ഡായിരുന്നു. 59 സെക്കന്‍ഡില്‍ 261 മീറ്ററോളം ദൂരം! സമയം ഉച്ചയ്ക്ക് 12 മണി.
റൈറ്റ് സഹോദരന്മാര്‍ നിര്‍മിച്ച ഫ്‌ളയര്‍-1 എന്ന് പേരിട്ട വിമാനം അറ്റ്‌ലാന്റിക് തീരത്ത് നോര്‍ത്ത് കരോളിനയിലെ കിറ്റിഹോക്കില്‍ ആകാശത്തേക്ക് പറത്തി 12 മിനിട്ടുകൊണ്ട് 37 മീറ്റര്‍ ദൂരം ഇരുവരും വിമാനത്തില്‍ സഞ്ചരിച്ചു. മനുഷ്യന്റെ നൂറ്റാണ്ടുകളായുള്ള മോഹം അതോടെ പൂവണിഞ്ഞു. വിജയകരമായ ആദ്യയാത്രയ്ക്കു തുടക്കം കുറിച്ചു.
വിമാനം പറത്തുമ്പോള്‍ അതിന്റെ മൂന്നു ദിശകളിലുമുള്ള ചലനം കൃത്യമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടായാല്‍ മാത്രമേ പറക്കല്‍ വിജയിക്കൂ എന്ന് ഇവര്‍ മനസ്സിലാക്കി. പിന്നെ അതിനുള്ള സംവിധാനത്തെക്കുറിച്ചുമാത്രമായി ചിന്ത. റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ രണ്ടാമത്തെ പറക്കലിന് ഫ്‌ളയര്‍-2 എന്ന യന്ത്രവുമായി വീണ്ടും പരീക്ഷണം നടത്തി. ഇപ്രാവശ്യം 38 മിനിട്ട് അവര്‍ ആകാശത്തുസഞ്ചരിച്ചു. ഇതോടുകൂടി അവര്‍ വിമാനത്തിന്റെ പിതാക്കന്മാരായി.അതിനെ അനുകരിക്കാന്‍ കുറെപ്പേര്‍ മുന്നോട്ടുവന്നു. 1908-ല്‍ ഓര്‍വില്‍ റൈറ്റ് പറത്തിയ വിമാനം തകര്‍ന്ന് അദ്ദേഹത്തിന്റെ കാലൊടിഞ്ഞു.
ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ തോമസ്, ആ അപകടത്തില്‍ മരണപ്പെട്ടു. പിന്നേയും വിമാനം പറത്താന്‍ ശ്രമിച്ച പലരും അപകടത്തില്‍ പെട്ടതോടെ റൈറ്റ് സഹോദരന്മാരുടെ കണ്ടെത്തലിനെ ‘അപകടകരം’ എന്നു പലരും വിശേഷിപ്പിച്ചു. ചിലര്‍ ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോയി. അതിമഹത്തായ നേട്ടം കൈവരിച്ചിട്ടും ഇവരെ സാമ്പത്തിക പ്രശ്‌നങ്ങളും നിയമപ്രശ്‌നങ്ങളും വേട്ടയാടി. 1912-ല്‍ വില്‍ബര്‍ റൈറ്റ് ടൈഫോയിഡ് പിടിപെട്ട്് മരിക്കുകയും ചെയ്തു.
എന്നിട്ടും ഓര്‍വില്‍ റൈറ്റ് പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. നാസയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചു. 1948 ജനുവരി 30. അന്നാണ് ഓര്‍വില്‍ ഹൃദയാഘാതം മൂലം മരിച്ചത്. അപ്പോഴേക്കും വിമാനം ലോകപ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു.നീല്‍ ആംസ്‌ട്രോങ് 1969ല്‍ ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍, അദ്ദേഹത്തിന്റെ സ്‌പേസ് സ്യൂട്ടിന്റെ പോക്കറ്റില്‍ 1903ല്‍ റൈറ്റ് സഹോദരന്മാര്‍ പറത്തിയ യഥാര്‍ത്ഥ വിമാനത്തിന്റെ ഇടത്തെ ചിറകില്‍ നിന്നുള്ള മസ്ലിന്‍ തുണിയും വിമാനത്തിന്റെ ഇടത്തെ പ്രൊപ്പല്ലറില്‍ നിന്നുള്ള ഒരു തടിക്കഷ്ണവും ഉണ്ടായിരുന്നു.