മരിക്കുമ്പോള്‍ കൂടെപ്പോകാത്ത ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ..

285

01

എഴുതിയത്: Josekutty Panackal, Chief Photojournalist, Malayala Manorama

യന്ത്രങ്ങള്‍ ശിലായുഗം മുതല്‍ മനുഷ്യന്റെ കൂടപ്പിറപ്പാണ്. മനുഷ്യനെ വേട്ടയാടാന്‍ സഹായിച്ച കല്‍ച്ചീളുമുതല്‍ തുടങ്ങുന്നു യന്ത്രങ്ങളുമായുള്ള നമ്മുടെ കൂട്ടുകെട്ട്. ഇപ്പോഴത് കവണ മുതല്‍ റോക്കറ്റ് വരെ എത്തിനില്‍ക്കുന്നു. തലമുറകളിലേക്ക് സ്‌നേഹം പകരുമ്പോള്‍ ഈ യന്ത്രങ്ങളും പിന്‍തലമുറക്കാരന് നല്‍കിവരുന്നത് നമ്മുടെ ശൈലി. പുതിയത് വാങ്ങി വരും തലമുറക്ക് നല്‍കുമ്പോള്‍ അതിനൊപ്പം പഴമയുടെ അറിവും കൂടി പകര്‍ന്നു നല്‍കേണ്ടതുണ്ട്.

02

ഇന്ന് പലകുട്ടികളും മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നത് സാദാ സൈക്കിള്‍ ഉപയോഗിക്കാതെയാണ്. ബാലന്‍സ് ചെയ്യുന്നതിനൊപ്പം പെഡല്‍ ചവിട്ടുകയും റോഡില്‍ സിഗ്‌നല്‍ കാണിക്കാനും മറ്റൊരാളെ പിന്നിലിരുത്തി കയറ്റം ചവിട്ടിക്കയറ്റാനുമെല്ലാം നല്ല കരുത്തും കരുതലും വേണം. ഈ ബാല പാഠങ്ങള്‍ അഭ്യസിക്കാതെ 250 സിസി മോട്ടോര്‍ സൈക്കിള്‍ ആദ്യമായി കിട്ടുന്ന ഒരു കുട്ടിക്ക് മാതാപിതാക്കള്‍ വാങ്ങിനല്‍കിയ ഈ സ്‌നേഹം പൂര്‍ണമാകുമോയെന്ന് എനിക്ക് സംശയം.

03

കഴിഞ്ഞദിവസമാണ് അങ്കമാലി കറുകുറ്റി എസ്‌സിഎംഎസ് കോളജിലെ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി 11ന് ഉണ്ടായ ഈ അപകടത്തില്‍ വഴിയാത്രക്കാരനായ ഒരാളും മരിച്ചിരുന്നു. പിറ്റേന്ന് വാര്‍ത്താസംബന്ധമായി അവരുടെ കോളജില്‍ എത്തിയ എനിക്ക് ഈ രണ്ട് വിദ്യാര്‍ഥികളുടെയും ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പരിശോധിക്കേണ്ടിവന്നു. അതില്‍ കാണാന്‍ കഴിഞ്ഞതെല്ലാം വാഹനത്തോടുള്ള സ്‌നേഹകാഴ്ചകളാണ്.

വിങ്ങിപ്പൊട്ടി നില്‍ക്കുന്ന ഇവരുടെ കൂട്ടുകാരെയും കടന്ന് ഈ യന്ത്രം അവരെ മരണത്തിന്റെ പിടിയിലേക്ക് തള്ളിവിട്ടപ്പോള്‍ നഷ്ടപ്പെട്ടത് ഇതുവാങ്ങാന്‍ പണം നല്‍കിയ മാതാപിതാക്കള്‍ക്കാണ്. അതുപോലെ തന്നെ ഫേസ്ബുക്കില്‍ തന്റെ ഇഷ്ടങ്ങളൊന്നും കുറിക്കാത്ത സെബാസ്റ്റ്യന്‍ പി. മാനുവല്‍ എന്ന ഒരു സാധുമനുഷ്യനും ഇതില്‍പ്പെട്ട് ജീവന്‍ കളയേണ്ടിവന്നു എന്നത് വേദനയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

അകാലത്തില്‍ പൊലിഞ്ഞ ആ മൂന്നുപേരുടെയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. ഇനി അപ്‌ഡേറ്റുകള്‍ നല്‍കാന്‍ കഴിയാത്ത ആ രണ്ട് വിദ്യാര്‍ഥികളുടെയും ഫേസ്ബുക്ക് പ്രൊഫൈലുകള്‍ താഴെ ചേര്‍ക്കുന്നു.

https://facebook.com/nithin.chand
https://www.facebook.com/rahidy2k

05