വളരെ ക്ളീഷേ ആയ ഒരു ബാക്ക്ഡ്രോപ്പിൽ, ഒട്ടും ക്ളീഷേ അല്ലാത്ത അവതരണം കൊണ്ട് ഞെട്ടിച്ച ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. അതിന്റെ സംവിധായകനായ സെന്ന ഹെഗ്ഡെയുടെ അടുത്ത ചിത്രം എന്ന ലേബൽ കൊണ്ട് മാത്രം കാത്തിരുന്നു തീയേറ്ററിൽ നിന്ന് കണ്ട ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. ഫിക്ഷണൽ എന്ന് തോന്നിയേക്കാവുന്ന കേരളത്തിലെ ഒരു ഗ്രാമത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില കുറ്റകൃത്യങ്ങളും, അതിന്റെ പോലീസ് ഇടപെടലുമാണ് ചിത്രത്തിൽ കാണിക്കുന്നത്.
തീർത്തും റെഗുലർ ആയ ഒരു കഥാ പശ്ചാത്തലത്തെ എങ്ങനെ ഔട്ട് ഓഫ് ദി ബോക്സിൽ അവതരിപ്പിക്കാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 1744 വൈറ്റ് ആൾട്ടോ. സംവിധായകനും ശ്രീരാജ് രവീന്ദ്രനും ചേർത്തൊരുക്കിയ ചിത്രത്തിന്റെ ഗംഭീര തിരക്കഥയ്ക്ക് മുകളിൽ നിൽക്കുന്ന അതിഗംഭീര മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ കാതൽ. ഓരോ ഷോട്ടിലും വന്ന് പോകുന്ന കഥാപാത്രങ്ങൾ നമ്മളെ രസിപ്പിക്കുന്നത് മനസ്സിലാക്കാം, എന്നാൽ ഓരോ ഷോട്ടിലും വരുന്ന ചെറിയ ഒബ്ജെക്റ്റ്സ് പോലും ചിത്രത്തിന്റെ കഥയ്ക്കും, ആ സീനിലെ നർമ്മത്തിനും അത്രമേൽ പ്രാധാന്യം നൽകുന്നുണ്ട്. ക്രാഫ്റ്റ് എന്ന് തന്നെ വിശേഷിപ്പിക്കാം.
സിനിമയുടെ വിഷ്വൽ ലാൻഗ്വേജും, ഒപ്പം സൗണ്ട് ഡിസൈനുമൊക്കെ അസാധ്യം. തിരക്കഥാകൃത്ത് കൂടിയായ ശ്രീരാജിന്റെ ക്യാമറയും, മുജീബിന്റെ പശ്ചാത്തല സംഗീതവും, ഹരിലാലിന്റെ കട്ടുകളും, അവിനാശിന്റെ ഗ്രേഡിങ്ങും, ഉല്ലാസിന്റെ പ്രൊഡക്ഷൻ ഡിസൈനുമെല്ലാം ചിത്രത്തിന്റെ എസ്തെറ്റിക്സിന് ഒരു ഇന്റർനാഷണൽ അപ്പീൽ കൊണ്ട് വരുന്നുണ്ട്.ഹാസ്യത്തിൽ പൊതിഞ്ഞ് ചിത്രം പറയാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ആശയങ്ങളും, അതിനോടൊത്തു പോകുന്ന ത്രില്ലിങ് ഇലമെന്റ്സുമെല്ലാം എന്നിലെ പ്രേക്ഷകന് പൂർണ്ണമായും വർക്കായിട്ടുണ്ട്. അൽപ്പം സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചിത്രത്തെ കൂടുതൽ ആസ്വദിക്കാനും കഴിയും.
ശറഫുദ്ധീൻ, രാജേഷ് മാധവൻ, ആനന്ദ് മന്മഥൻ, അരുൺ കുര്യൻ, നവാസ് വള്ളിക്കുന്ന്, സജിൻ ചെറുകയിൽ, രഞ്ജി കങ്കോൽ, വിൻസി അലോഷ്യസ് തുടങ്ങി ചിത്രത്തിൽ ഒരു സീനിൽ വന്ന് തല കാണിച്ചു പോകുന്ന ഓരോ കഥാപാത്രത്തിന്റെയും പ്രകടനം കൂടിയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
ആകെത്തുകയിൽ, എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ, പുതുമയുള്ള ഒരു സിനിമാസ്വാദനം നൽകിയ, പല സീനുകളിലും പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത സിനിമാറ്റിക്ക് എക്സ്പീരിയൻസായിരുന്നു 1744 വൈറ്റ് ആൾട്ടോ. തീയേറ്ററിൽ നിന്ന് തന്നെ കാണുക.
മൂവി മാക് 1744 വൈറ്റ് ആൾട്ടോയ്ക്ക് നൽകുന്ന റേറ്റിങ്- 8.5/10..സ്നേഹത്തോടെ, മാക്.