1967ലെ അബുദാബി എയർപോർട്ട് (അനുഭവം)

483

1967ലെ അബുദാബി എയർപോർട്ട് (അനുഭവം)
By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
*************
ഫോട്ടോ 1 – അബുദാബി എയർപോർട്ട് 1967 ജൂലൈ.
ഫോട്ടോ 2 – അബുദാബി എയർപോർട്ടിൽ 1967ല്‍ ഒരു ഫ്ലൈറ്റ് ഇറങ്ങുന്നു.
ഇത്തരം ഫോട്ടോകൾ അടങ്ങിയ ചരിത്രത്തിന്റെ വലിയൊരു ബുക്ക് എനിക്ക് തന്ന എന്റെ ബോസ് H.E. ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹിയാന്‌ എന്റെ നന്ദി, കൂടെ പ്രാർത്ഥനയും. അള്ളാഹ് തവീൽ ഉമ്രുക്ക് യാ അബൂശാബ്.
ഞാന്‍ ഗൾഫില്‍ എത്തിയത് 1969ലാണ്. ഈ എയർപോർട്ട് ആണ് ബുത്തീന്‍ എയർപോർട്ട് എന്ന് വിളിച്ചിരുന്ന അബുദാബി എയർപോർട്ട്. പിന്നീടത് പഴയ അബുദാബി എയർപോർട്ട് (Old Abu Dhabi Airport) ആയി. അതിന്റെയും മിലിട്ടറിയുടെയും റൺവെ ഒന്നായിരുന്നു. പിന്നീടത് റോയല്‍ എയർപോർട്ട് ആയി. രാജ്യകുടുംബാംഗമായ എന്റെ ബോസ്സ് H.E. പലപ്പോഴും ഈ എയർപോർട്ടില്‍ നിന്നും റോയല്‍ ഫ്ലൈറ്റില്‍ പോകുമ്പോള്‍ ഞാന്‍ അവിടെ യാത്ര അയക്കാനും സ്വീകരിക്കാനും പോയിട്ടുണ്ട്. ഈ എയർപോർട്ട് ബുത്തീന്‍ എന്ന് കരുതി ഇപ്പോഴുള്ള ഖാലിദിയക്കടുത്തുള്ള ബുത്തീനല്ല.
അന്നൊക്കെ ഓൾഡ് എയർപോർട്ട് റോഡില്‍ PWD റൌണ്ട് എബൌട്ട്‌ കഴിഞ്ഞാല്‍ റോഡിന്റെ ഇരുവശങ്ങളിലും രണ്ടു നില മാത്രമുള്ള കെട്ടിടങ്ങള്‍ മാത്രമേ പണിയാന്‍ മുനിസിപ്പാലിറ്റി അനുവാദം കൊടുക്കുമായിരുന്നുള്ളൂ. കാരണം ഫ്ലൈറ്റ് ലാന്റിങ്ങും ടേക്ക് ഓഫും.
അന്നൊക്കെ 1970കളില്‍ ബോംബെയില്‍ നിന്ന് കൊച്ചിയിലേക്ക് വന്നിരുന്നത് ഡക്കോട്ട, ഫോക്കര്‍ തരത്തിൽപെട്ട വീമാനങ്ങള്‍ ആയിരുന്നു. അതിന്റെ മുന്നില്‍ കോക്പിറ്റിന്റെ രണ്ടു സൈഡുകളിലായി വലിയ രണ്ടു പങ്കകള്‍ (Fan) ഉണ്ടായിരുന്നു. ടേക്ക് ഓഫിനു മുമ്പ് വളരെ സ്പീഡില്‍ ആ പങ്കകള്‍ കറക്കും. അന്നൊക്കെ ബോംബെയില്‍ നിന്ന് കൊച്ചിയിലെത്താന്‍ രണ്ടര മൂന്നു മണിക്കൂര്‍ എടുക്കും. സീറ്റുകള്‍ ഇടുങ്ങിയതായിരുന്നു. വീമാനവും ചെറുതായിരുന്നു. ഒരേ ഉയരത്തിലല്ല, ചിലപ്പോള്‍ താഴ്ന്നും ഉയന്നും കുലുങ്ങിയുമുള്ള യാത്ര. അതിൽ ഞാനും കുടുംബവും പലപ്പോഴും യാത്ര ചെയ്തിട്ടുണ്ട്.
ഈ ഫോട്ടോവില്‍ കാണുന്ന വീമാനവും ആ ഗണത്തില്‍ പെട്ടതാണ്. നല്ല കാറ്റ് അടിച്ചാല്‍ റൺവെയില്‍ പൊടിമണ്ണ് കേറും. ഈ വർഷത്തിന് മുമ്പ് ബോംബെയില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ മറൈന്‍ ഫ്ലൈറ്റ് ആയിരുന്നു. അത് ഇറങ്ങുന്നത് കടലില്‍ ആയിരുന്നു. കടലിന്റെ അടുത്താണ് മറൈന്‍ പോര്ട്ട് ‌. സീപോർട്ട് അല്ല. ആ ഫ്ലൈറ്റിന്റെ താഴെ ലാണ്ടിംഗ് ഗീര്‍ (ടയര്‍) അല്ല, പകരം വലിയ ഒരു വാക്ക്വം സിലിണ്ടര്‍ ആണ്. അതാണ്‌ ഫ്ലൈറ്റ് വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നത്. ബോംബയില്‍ നിന്ന് മണിക്കൂറുകള്‍ യാത്ര ചെയ്ത് ബഹ്‌റൈനിലാണ് ആദ്യത്തെ സ്റ്റോപ്പ്‌. അത് കഴിഞ്ഞാല്‍ കൈറോ (ഈജിപ്ത്). പിന്നെ ലണ്ടന്‍. എന്നൊക്കെ ടേക്ക് ഓഫും ലാൻഡിങ്ങും റൺവേയിലൂടെ കുറെ ഓടി തിരിച്ചു ബേയിലോ പാർക്കിങിലോ വരുന്ന പോലെ മറൈൻ ഫ്‌ളൈറ്റ് കുറെ കടലിലൂടെ ഓടി മറൈൻ പോർട്ടിൽ തിരിച്ചു വരും. അതിനെ കുറിച്ച് ദൈവം അനുഗ്രഹിച്ചാൽ ഫോട്ടോ അടക്കം ഞാൻ അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ഞാന്‍ ഗൾഫില്‍ എത്തിയപ്പോള്‍ കമ്പി അടിക്കുന്നതിനു ബ്രിട്ടീഷുകാരുടെ അബുദാബി ടെലിഫോണ്‍ ആന്റ് ടെലെഗ്രാഫ് (ADTT) കമ്പനി ആയിരുന്നു. ഇന്നത്തെ എമിർറ്റെലിന്റെ ആദ്യരൂപം. ദുബായില്‍ ദുബായ് ടെലിഫോണ്‍ കമ്പനിയും. ഗൾഫിലെ ഇതിന്റെയൊക്കെ ബ്രിട്ടീഷ് കേന്ദ്രം ബഹ്‌റൈന്‍ ആയിരുന്നു.
ഈ ഫോട്ടോവില്‍ ഒരു കോണി കണ്ടോ. അതാണ്‌ ആളുകൾക്ക് കയറാനും ഇറങ്ങാനുമുള്ള കോണി. അത് തള്ളിക്കൊണ്ട് പോവുകയാണ് ചെയ്യാറ്. അതിന്റെ അടുത്തുള്ള ഒരാളെ കണ്ടോ. ആ വ്യക്തിയാണ് ഇത് തള്ളി കൊണ്ട് പോവുക.അതിന്റെ അടുത്തുള്ള വാഹനം പോലീസ് വാഹനം ആണ്. ഇറങ്ങുന്നവരുടെ പാസ്പോർട്ട് സീല്‍ അടിക്കുന്നതും NOC (No Objection Certificate) – ഇന്നത്തെ വിസയുടെ പഴയ ബ്രിട്ടീഷ്കാർ കൊടുത്തിരുന്നത് – വാങ്ങുന്നതും ആ വാഹനത്തിൽ ഇരുന്നാണ് എന്നാണു ഞാൻ എന്റെ ബോസ്സിൽ മനസ്സിലാക്കിയത്. അന്നൊന്നും എയർപോർട്ടിനു ചുറ്റും ഫെൻസിങ് ഇല്ലായിരുന്നു. അതിന്റെ അടുത്തുള്ളത് അഗ്നിശമന സേനയുടെ വാഹനം.