1971: Beyond Borders – വെക്കടാ വെടി

1502

ശ്രീ രോഹിത് കെപി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത സര്‍ക്കാസം റിവ്യൂ

തുടർവിജയങ്ങൾക്കു ശേഷം മോഹൻലാൽ മേജർ രവിയുമായി ഒന്നിക്കുന്ന സിനിമയാണ് 1971. മേജർ മഹാദേവന്റെ അച്ഛൻ മേജർ സഹദേവൻ തൻ്റെ കൊച്ചുമക്കൾക്ക് 1971 ലെ യുദ്ധത്തിന്റെയും തന്റെ കയ്യാൽ വധിക്കപ്പെട്ട പാകിസ്ഥാൻ പട്ടാളക്കാരന്റെ കഥയും വിവരിക്കുന്നിടത്തുനിന്ന് സിനിമ ആരംഭിക്കുന്നു. (അതിനു മുൻപേ മേജർ മഹാദേവൻ പാക്കിസ്ഥാനി പട്ടാളക്കാരുടെ ജീവൻ രക്ഷിക്കുന്ന സീനൊക്കെയുണ്ട്.ടൈപ്പ് ചെയ്യാൻ വയ്യാത്തതിനാൽ വിവരിക്കുന്നില്ല.)

മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയിട്ടുള്ള യുദ്ധപശ്ചാത്തലത്തിലുള്ള സിനിമകളിലെ ക്ളീഷേ സീനുകളെല്ലാം ഉൾപ്പെടുത്തി വിചിത്രമായ ഒരു പുത്തൻ സിനിമാനുഭവമാണ് 1971 സമ്മാനിക്കുന്നത്. (അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം). സിനിമയെ എങ്ങനെ വിലയിരുത്തണം എന്ന കാര്യത്തിൽ ഞാൻ കുറച്ച് ആശങ്കയിലായതിനാൽ മനസ്സിൽ തോന്നിയ കാര്യങ്ങൾ ചുവടെ പോയന്റുകളായി കുറിക്കുന്നു.

# നാട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മേലുദ്യോഗസ്ഥരുടെയും എന്തിനേറെ പറയുന്നു. ശത്രു സൈന്യത്തിന്റെ വരെ കണ്ണിലുണ്ണിയും ആരാധനാമൂർത്തിയുമാണ് മേജർ മഹാദേവൻ. സിനിമയിലെ ഒരു രംഗത്തിൽ ഒരു പാകിസ്ഥാനി പട്ടാളക്കാരൻ വെടികൊണ്ട് വീഴുന്നതുവരെ പുള്ളിയെ സല്യൂട്ട് ചെയ്തിട്ടാണ്. ആ സീൻ കണ്ട് എഴുന്നേറ്റ് നിന്ന രോമങ്ങൾ ഇതുവരെ താഴ്ന്നിട്ടില്ല.

# പുള്ളി അധികവും ഇന്ത്യൻ പട്ടാളത്തെ മുഴുവനായി അഭിസംബോധന ചെയ്ത് സംസാരിക്കാറ് മലയാളത്തിലാണ്. മേലുദ്യോഗസ്ഥർ മുതൽ കുശിനിക്കാരന് വരെ മലയാളം കേട്ടാൽ മനസ്സിലാകും. എന്തിനേറെ പറയുന്നു സിനിമയിലെ ഒരു തമിഴൻ കഥാപാത്രത്തിന് കാമുകി അയക്കുന്ന കത്തുകൾ വരെ മഹാദേവൻ സാർ വായിച്ച് മനസ്സിലാക്കാറുണ്ട് .

# പാക്കിസ്ഥാൻ പട്ടാളത്തിന്റെ അവസ്ഥ ഇതിലും ഭീകരമാണ്. അധിക പട്ടാളക്കാർക്കും മീശയൊന്നുമില്ല. പ്രധാന പട്ടാളക്കാരൻ വൻ കോമഡിയാണ്. എരിവുള്ള കറിയുടെ കൂടെ ചൂടുള്ള വെള്ളം കുടിച്ചതുപോലെ ഓരോരോ ശബ്ദങ്ങൾ ഉണ്ടാക്കി വഴിയേ പോകുന്നവരോടൊക്കെ ചൂടായി പുള്ളിയിങ്ങനെ നടക്കും. പിന്നെ വെറുതെ ഇരിക്കുമ്പോ തടവിൽ വെച്ചിരിക്കുന്ന ഇന്ത്യൻ പട്ടാളത്തെ വെടിവെച്ചു കളിക്കും. പുള്ളിക്ക് അതൊക്കെ ഭയങ്കര ഇഷ്ടാ. പാവം മനുഷ്യൻ.

# അല്ലു അർജുന്റെ അനിയൻ അല്ലു സിരീഷ് ഒരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. മഹദേവൻ സാറിനെ ഒന്ന് വീതം മൂന്ന് നേരം ദിവസേന പുകഴ്ത്തലാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് അല്ലു അർജുനോട് കൂടുതൽ ബഹുമാനം തോന്നിത്തുടങ്ങി. ഈ സിനിമയിൽ കോമഡി ഇല്ല എന്ന പരാതി തീർക്കാൻ പുള്ളിയുടെ ഒരു ലവ് ട്രാക്ക് ഉള്ള ഒരു ഗാനം വേണ്ടി വന്നു ..

# എല്ലാ പട്ടാള സിനിമയിലും പോലെ നായക കഥാപാത്രത്തിന് ഇഷ്ടപ്പെട്ട ഒരു സഹനടൻ ഇതിലും ബലിമൃഗമാണ്. അങ്ങേരുടെ മരണശേഷമാണ് മേജർ മുഴുവൻ ഊർജ്ജവുമെടുത്ത് യുദ്ധം ചെയ്ത് ഇന്ത്യയെ ജയിപ്പിക്കുന്നതും. അതും ഒരൊറ്റ രാത്രികൊണ്ട് .. ( ഒരൊറ്റ രാത്രികൊണ്ട് പണ്ട് നമ്മുടെ ജഗന്നാഥനും മുംബൈ തെരുവുകൾ ഒഴിപ്പിച്ചതാണല്ലോ … ) ഈ സഹനടൻ കഥാപാത്രം സിനിമയുടെ തുടക്കത്തിലേ മരിച്ചിരുന്നെങ്കിൽ ഒരു അര മണിക്കൂർ കൊണ്ട് സിനിമ തീർക്കാമായിരുന്നു.

# യുദ്ധ സീനുകൾ കാണുമ്പോൾ എനിക്ക് ഓർമ്മ വന്നത് അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ലാലേട്ടന്റെ ഡയലോഗ് ആണ് …” എന്താണ് ഇവിടെ സംഭവിച്ചത് ?ആരാണ് അങ്ങോട്ടും ഇങ്ങോട്ടും വെടി വെച്ചത് ?? ”

# എനിക്കിപ്പോഴും മനസ്സിലാകാത്തത് എന്താണെന്ന് വെച്ചാൽ ഈ പാക്കിസ്ഥാൻ പട്ടാളത്തെ കാണിക്കുമ്പോൾ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി ”അല്ലാഹു അക്ബർ ” എന്ന് കേൾപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശം എന്താണ് എന്നതാണ്. അത് മാത്രവുമല്ല ഒരു രംഗത്തിൽ ഇന്ത്യൻ പട്ടാളത്തിന്റെ വണ്ടി കാണിക്കുമ്പോൾ ”ഓം” മ്യൂസിക്കും കേട്ടു .. ഇതിപ്പോ എന്താ സംഭവം ??

# ഇന്ത്യ -പാക് യുദ്ധങ്ങളിലെ അമേരിക്കയുടെ പങ്ക് സംഭാഷണങ്ങളിൽ കേൾക്കാൻ സാധിച്ചു . അതൊരു നല്ല കാര്യമായി തോന്നി. ഇത് അധികം സിനിമകളിൽ പറഞ്ഞിട്ടില്ല …

അവസാന വാക്ക് : ഇതിൽ കൂടുതലൊന്നും എനിക്ക് ഈ സിനിമയെക്കുറിച്ച് പറയാനില്ല. ചിലപ്പോ എനിക്കും പാക്കിസ്ഥാനിൽ പോകേണ്ടി വരും … നന്ദി