1സന്ധ്യയോടെ, ആസ്സാമിലെ ഗ്വാഹാട്ടിയിലേയ്ക്കുള്ള ട്രെയിനില്‍ എറണാകുളം ജങ്ഷനില്‍ നിന്നു കയറാനുള്ളതാണ്. വീട്ടില്‍ നിന്ന് എറണാകുളത്തേയ്‌ക്കെത്താന്‍ ബസ്സില്‍ രണ്ടു മണിക്കൂറോളം വേണം. ഉച്ചയൂണു കഴിഞ്ഞ്, ഒരു മൂന്നു മണിയോടെ യാത്ര തിരിയ്ക്കാമെന്നു കരുതി.

രണ്ടര ദിവസത്തോളം വേണം ഗ്വാഹാട്ടിയിലെത്താന്‍. അവിടുന്നു രാ!ത്രിയിലുള്ള ഏതെങ്കിലും സൂപ്പര്‍ ബസ്സിന് മുന്നൂറ്റിപ്പത്തു കിലോമീറ്ററകലെയുള്ള ജോര്‍ഹാട്ടിലേയ്ക്ക്. മൂന്നര ദിവസം കൊണ്ട് ആകെ ഏകദേശം മൂവായിരത്തെഴുന്നൂറു കിലോമീറ്റര്‍ താണ്ടണം.

എത്രനാള്‍ കഴിഞ്ഞാണു തിരികെ വരാന്‍ പറ്റുകയെന്നറിയില്ല. ചിലപ്പോള്‍ ഏതാനും മാസം. അല്ലെങ്കില്‍ ഒരു വര്‍ഷം. അതില്‍ കൂടുതല്‍ വേണ്ടി വരില്ല. എങ്കിലും മടങ്ങിവരവ് എന്ന് എന്ന ഒരനിശ്ചിതത്വം നിലവിലുണ്ട്.

വീട്ടില്‍ പ്രായമായ അമ്മ, പിന്നെ ശാരിയും രണ്ടു കുഞ്ഞുങ്ങളും. അവരിലൊരാള്‍ക്ക് ഒന്നര വയസ്സ്, മറ്റെയാള്‍ക്ക് നാലു മാസവും. രണ്ടു കുഞ്ഞുങ്ങളേയും എടുത്തു താലോലിച്ചും കളിപ്പിച്ചും കൊതി തീര്‍ന്നിട്ടില്ല. അതിന്നിടയിലാണ് മൂന്നര ദിവസത്തിലേറെ യാത്ര വേണ്ടി വരുന്ന അകലത്തേയ്ക്കുള്ളൊരു പറിച്ചു നടല്‍.

പോകുന്നതിനു മുന്‍പ് അടുത്ത കുറേദിവസങ്ങളില്‍ ആവശ്യമായി വന്നേയ്ക്കാവുന്ന പലചരക്കുപച്ചക്കറിയിനങ്ങള്‍ വാങ്ങിക്കൊടുക്കാമെന്ന ഉദ്ദേശത്തോടെ പറവൂരുള്ള കടകളില്‍ കയറിയിറങ്ങുകയായിരുന്നു ഞാന്‍. പച്ചക്കറി വാങ്ങിക്കൊണ്ടു നില്‍ക്കെ ആരോ വിളിച്ചു പറഞ്ഞു:

‘ഇന്ദിരാഗാന്ധിയ്ക്കു വെടിയേറ്റു !’

അന്നു തീയതി 1984 ഒക്ടോബര്‍ 31.

ഞാന്‍ സ്തബ്ധനായിപ്പോയി. ചുറ്റുമുണ്ടായിരുന്ന മിയ്ക്കവരുടേയും മുഖത്തു ഭീതി, ഉത്കണ്ഠ. ഉത്തരം കിട്ടാത്ത നൂറു നൂറു ചോദ്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ഇതെങ്ങനെ സംഭവിച്ചു? ഇന്ദിരാഗാന്ധി രക്ഷപ്പെടില്ലേ? പരിക്കേറ്റ പ്രധാനമന്ത്രിയെ രക്ഷിയ്ക്കാന്‍ കഴിവുള്ള ഡോക്ടര്‍മാര്‍ ഡല്‍ഹിയിലുണ്ടാവില്ലേ? ആരായിരിയ്ക്കും അവരോട് ഈ കടുംകൈ ചെയ്തത്?

അതിന്നിടെ സമീപത്തുള്ള കടകള്‍ അടയ്ക്കാന്‍ തുടങ്ങി. വാങ്ങലുകള്‍ വേഗം തീര്‍ത്ത്, സഞ്ചികളുമായി ഞാന്‍ തൊട്ടടുത്തുള്ള ബസ് സ്റ്റാന്റില്‍ ചെന്ന് തിരിച്ചു വീട്ടിലേയ്ക്കുള്ള ബസ്സില്‍ കയറി. ബസ്സിലും എല്ലാവരും ഉത്കണ്ഠാകുലര്‍. സംസാരവിഷയം വെടിയേറ്റ ഇന്ദിരാഗാന്ധി തന്നെ.

ബസ്സില്‍ തൊട്ടടുത്തിരുന്ന ഒരു വയോധികന്‍ പറഞ്ഞു,

‘വീണ്ടുമൊരു ഗാന്ധി കൂടി രാജ്യത്തിനു വേണ്ടി വെടിയേറ്റു !’

എന്നെക്കണ്ടപാടെ അമ്മ പകപ്പോടെ ചോദിച്ചു, ‘കൊച്ചേ, ഇന്നു പോയാല്‍ ശരിയാവോ?’ കണ്ണു നിറഞ്ഞൊഴുകുന്നു.

വെടിയുണ്ടയുടെ മുന്നിലൊന്നും മുട്ടുമടക്കുന്നയാളല്ല ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിത. ‘അമ്മേ, ഇന്ദിരാഗാന്ധി രക്ഷപ്പെടും,’ ഞാന്‍ അമ്മയെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു.

അകത്ത്, റേഡിയോയുടെ മുന്നില്‍ ശാരി. ‘കഴിഞ്ഞു, ചേട്ടാ. ന്യൂസില്‍ പറഞ്ഞു.’ ശാരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ശാരി ഇന്ദിരാഗാന്ധിയുടെ ആരാധികയായിരുന്നു. ആഴ്ചപ്പതിപ്പുകളിലും പത്രങ്ങളിലും നിന്നു പലപ്പോഴായി ശേഖരിച്ച ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും മറ്റും നിരവധി ഫോട്ടോകള്‍ പഴയൊരു ഡയറിയിലൊട്ടിച്ച്, തടിച്ച ഒരാല്‍ബം അവളുണ്ടാക്കിയിരുന്നു. കൌതുകമുണര്‍ത്തുന്ന ആ ആല്‍ബം ഒട്ടുവളരെപ്പേര്‍ കണ്ടാസ്വദിച്ചിട്ടുണ്ട്.

‘ചേട്ടാ, ഹര്‍ത്താലാണെന്നു പറയുന്നുണ്ട്. ബസ്സുകളുണ്ടാവില്ല. ചേട്ടനെങ്ങനെ പോകും?’

‘അതു സാരമില്ല. പ്രൈവറ്റ് ബസ്സുകള്‍ മുടക്കിയാലും ട്രാന്‍സ്‌പോര്‍ട്ടുണ്ടാകും. ഊണു തന്നോളിന്‍. ഊണു കഴിഞ്ഞയുടനെ ഇറങ്ങിയേയ്ക്കാം.’

അന്നു സെല്‍ഫോണുകളില്ല. ടീവി നേരില്‍ കണ്ടിട്ടില്ല. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അന്നില്ല. ഇതിനൊക്കെപ്പുറമേ, വീട്ടില്‍ ഫോണ്‍ പോലുമില്ല. ട്രെയിന്‍ ഓടുമോ അതോ കാന്‍സലായിട്ടുണ്ടാകുമോ എന്നറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

ഞാന്‍ ഊണു കഴിയ്ക്കുന്നതിന്നിടയില്‍ ശാരി ചുവന്ന നിറത്തിലുള്ള ഒരു ചെറിയ സൂട്ട് കേസ്, ഇളം നീല നിറത്തിലുള്ളൊരു ബ്രീഫ് കേസ്, കറുത്ത ഒരെയര്‍ ബാഗ് – ഇവ തൊട്ടടുത്തുള്ള കട്ടിലില്‍ നിരത്തി വച്ചു കൊണ്ടു പറഞ്ഞു,

‘എല്ലാം പായ്ക്കു ചെയ്തിട്ടുണ്ട്. ചേട്ടനൊന്നു നോക്ക്.’

ഊണു കഴിഞ്ഞയുടനെ പായ്ക്കിംഗ് നടത്താനായിരുന്നു, എന്റെ പ്ലാന്‍. അതിന്നിടയില്‍ അവളതു മുഴുവന്‍ ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. അവള്‍ സൂട്ട്‌കേസും ബ്രീഫ്‌കേസും തുറന്നു മലര്‍ത്തി വച്ചു.

‘ദാ, ചേട്ടന്റെ ഫയല്.’ ബ്രീഫ് കേസിലെ ഫയല്‍ അവള്‍ ചൂണ്ടിക്കാണിച്ചു. ബ്രീഫ് കേസില്‍ രണ്ടു ജോടി പാന്റും ഷര്‍ട്ടും ചുളുങ്ങാതിരിയ്ക്കാന്‍ വേണ്ടി വെവ്വേറെ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ കടത്തി ഭദ്രമായി വച്ചിരിയ്ക്കുന്നു.

സൂട്ട്‌കേസില്‍ മറ്റു വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, പുതപ്പ്, അങ്ങനെ പലതും.

എയര്‍ബാഗില്‍ ടൂത്ത് ബ്രഷ്, പേസ്റ്റ്, ഷേവര്‍, ചെറിയൊരു കണ്ണാടി, ഈരെഴത്തോര്‍ത്തുകള്‍ മൂന്നെണ്ണം.

‘തലയില്‍ത്തേയ്ക്കാന്‍ കാച്ചിയ വെളിച്ചെണ്ണ, ദാ.’ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി, ബലമുള്ള നൂലുകൊണ്ടു ഭദ്രമായി കെട്ടി, സൂട്ട്‌കേസിന്റെ ഒരരികില്‍ വച്ചിരുന്ന കുപ്പിയെടുത്ത് അവള്‍ ഉയര്‍ത്തിക്കാണിച്ചു. ‘ഇതു തലയില്‍ത്തേയ്ക്കാന്‍ മറക്കരുത്.’

അമ്മ നിര്‍ന്നിമേഷയായി നോക്കിയിരുന്നു.

‘കുളി കഴിയുമ്പോ, തോര്‍ത്ത് ഒന്നൂരിപ്പിഴിഞ്ഞു വിരിയ്ക്കണം.’ ശാരി നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നു.

‘ഞായറാഴ്ച രാവിലേ തന്നെ എല്ലാം അലക്കണം. മുഷിഞ്ഞത് കൂട്ടിയിട്ടേയ്ക്കരുത്.’ സണ്‍ലൈറ്റ് വാഷിംഗ് പൌഡറിന്റെ ഒരു പാക്കറ്റ് മറ്റൊരു പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞു വച്ചിരിയ്ക്കുന്നതു കാണിച്ചുകൊണ്ടായിരുന്നു അടുത്ത നിര്‍ദ്ദേശം. ആസ്സാമില്‍ വാഷിംഗ്‌പൌഡര്‍ കിട്ടില്ലെന്നല്ല, അതു വാങ്ങാന്‍ ഞാന്‍ മിനക്കെടില്ല എന്നായിരുന്നു, അവളുടെ ഭയം.

വിവാഹം കഴിഞ്ഞിട്ട് മൂന്നിലേറെ വര്‍ഷമായി. ആ കാലയളവിന്നുള്ളില്‍ത്തന്നെ എന്റെ വൃത്തിയും വെടിപ്പും എത്രത്തോളമുണ്ടെന്ന് അവള്‍ നിര്‍ണ്ണയിച്ചു കഴിഞ്ഞിരുന്നു. ആദ്യമായാണ് അകന്ന്, തനിച്ച്, താമസിയ്‌ക്കേണ്ടി വരുന്നത്. തനിച്ചു താമസിച്ചാല്‍ ഞാനെന്തെങ്കിലും രോഗങ്ങള്‍ വരുത്തിവയ്ക്കുമെന്ന് അവള്‍ ഭയപ്പെട്ടു.

‘നീയൊരു പണി ചെയ്യ്. അവിടെച്ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങളൊക്കെ ഒരു കടലാസ്സിലെഴുതിത്താ. അല്ലെങ്കില്‍ പകുതിക്കാര്യങ്ങള്‍ ഞാന്‍ മറന്നു പോകും.’

ഞാന്‍ പറഞ്ഞു തീര്‍ന്നില്ല, അവള്‍ ബ്രീഫ് കേസില്‍ നിന്ന് അരപ്പായക്കടലാസിലെഴുതിയ ഒരു ലിസ്‌റ്റെടുത്ത് ഉയര്‍ത്തിക്കാണിച്ചു. നീണ്ടൊരു ലിസ്റ്റ്.

അവളിവിടെ വന്നു കയറിയ ശേഷം പേന കൈകൊണ്ടു തൊട്ട ഓര്‍മ്മയില്ല. അങ്ങനെയുള്ള ആള്‍ എനിയ്ക്കുള്ള നിര്‍ദ്ദേശങ്ങളുടെ ലിസ്റ്റ് കുത്തിപ്പിടിച്ചിരുന്നെഴുതി തയ്യാറാക്കിയിരിയ്ക്കുന്നു! അകത്തിയകത്തിയെഴുതിയ, ഉരുണ്ടു വ്യക്തമായ അക്ഷരങ്ങള്‍ ദൂരെയിരുന്നു ഞാന്‍ കണ്ടു.

‘ജോര്‍ഹട്ടില്‍ ചെന്നയുടനെ ഈ ലിസ്റ്റു നോക്കണം. മറക്കരുത്.’

അവള്‍ പറഞ്ഞതിന് അമ്മയും അടിവരയിട്ടു.

ഊണു ധൃതിയില്‍ കഴിച്ചു കൈ കഴുകുമ്പോള്‍ മുറ്റത്തൊരു സ്‌കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. ‘ഏയ്, കേശൂ!’

‘ചേട്ടന്‍!’ എന്നു പറഞ്ഞുകൊണ്ട് ശാരി ഇറയത്തേയ്‌ക്കോടിച്ചെന്നു. അവളുടെ ജ്യേഷ്ഠന്‍, മോഹനന്‍ സ്‌കൂട്ടറില്‍ത്തന്നെയിരുന്നുകൊണ്ടു ചോദിച്ചു, ‘കേശൂനെപ്പൊഴാ പോണ്ടത്?’

‘എടോ, ചേട്ടാ, കേശുച്ചേട്ടനെ താനൊന്നു കൊണ്ടാക്ക്വോ?’ ശാരി സ്വഭര്‍ത്താവിനു വേണ്ടി ശുപാര്‍ശ ചെയ്തു ! സ്വന്തം ചേട്ടനെ അവള്‍ ‘എടോ’, ‘താന്‍’ എന്നൊക്കെയാണു വിളിയ്ക്കാറ്. അതില്‍ മോഹനന്നൊരു പരാതിയുമില്ല. അങ്ങനെയാണ് അവര്‍ വളര്‍ന്നത്.

‘എടീ, അതിനാ ഞാന്‍ വന്നത്.’ മോഹനന്‍ ചിരിച്ചുംകൊണ്ടു പറഞ്ഞു. എന്നിട്ടെന്നോടായി, ‘കേശൂ, എപ്പൊഴാ പോകണ്ടത്?’

സ്‌കൂട്ടറിന്നാണെങ്കില്‍ എറണാകുളത്തേയ്ക്ക് ഒരു മണിക്കൂര്‍ മതി. സന്ധ്യയ്ക്കാണു ട്രെയിന്‍. ‘ഒരു മൂന്നു മണിയ്ക്കിറങ്ങിയാല്‍ മതി.’ ഞാന്‍ പറഞ്ഞു.

‘ഞാന്‍ മൂന്നു മണിയ്ക്കു വരാം. റെഡിയായി നിന്നോ.’

മോഹനന്‍ വന്നതോടെ അമ്മയ്ക്കും സമാധാനമായി.

മൂന്നുമണിയ്ക്കു മുന്‍പേ തന്നെ മോഹനന്‍ വന്നു. മോഹനന്‍ മാത്രമല്ല, കൂടെ, ഒരു ബൈക്കില്‍ അജയനുമുണ്ടായിരുന്നു. അജയന്‍ മോഹനന്റെ കസിനാണ്, ഇളയമ്മയുടെ മകന്‍.

എന്റെ സൂട്ട്‌കേസും ബ്രീഫ്‌കേസും എയര്‍ബാഗും അവര്‍ പങ്കിട്ടെടുത്തു. എന്നെ അജയന്റെ പുറകിലിരുത്തി.

ബൈക്കു വിടുമ്പോള്‍ ഒന്നരവയസ്സുകാരി ബൈക്കിന്റെ അടുത്തു വന്നു നിന്നു കൈവീശി റ്റാറ്റാ പറഞ്ഞുകൊണ്ടിരുന്നു. ഞാനവളുടെ തലയില്‍ തടവി. ഞാന്‍ തിരിഞ്ഞു നോക്കി. അമ്മ കരയുന്നു. ശാരിയുടെ ഇടത്തു കൈയില്‍ കുഞ്ഞ്. വലതുകൈകൊണ്ട് അവള്‍ അമ്മയെ ചേര്‍ത്തു പിടിച്ച്, ‘ധൈര്യമായിപ്പോയ് വരൂ’ എന്ന അര്‍ത്ഥത്തില്‍ ശിരസ്സുകൊണ്ട് ആംഗ്യം കാട്ടി. അവളുടെ ധൈര്യം എനിയ്ക്കും കിട്ടി.

പറവൂര്‍പ്പട്ടണം നിശ്ചലമായിരുന്നു. സാധാരണ തിരക്കൊഴിയാത്ത നിരത്തുകള്‍ പ്രേതബാധയുണ്ടായ പോലെ വിജനം. കടകള്‍ ഒന്നൊഴിയാതെ അടഞ്ഞു കിടന്നു. ബസ്സുകള്‍ ഓട്ടം നിര്‍ത്തിയിരുന്നു. ആലുവയിലെത്തുന്നതു വരെ കെ എസ് ആര്‍ ടി സി ബസ്സുകളെപ്പോലും വഴിയില്‍ കണ്ടില്ല.

മോഹനനും അജയനും വന്നിരുന്നില്ലെങ്കില്‍ മൂന്നര ദിവസം നീണ്ട ആസ്സാം യാത്ര മുടങ്ങിപ്പോകുമായിരുന്നു, തീര്‍ച്ച.

പിന്നെയും പല ആപത്തുകളില്‍ നിന്നും മോഹനന്‍ എന്നെ രക്ഷിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ശാരിയെ വിവാഹം കഴിച്ചപ്പോള്‍ എനിയ്ക്കുണ്ടായ പല നേട്ടങ്ങളിലൊന്ന് മോഹനന്‍ എന്ന സ്‌നേഹസമ്പന്നനായൊരു സഹോദരനെ കിട്ടിയതാണ്.

എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ ഗ്വാഹാട്ടി എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ എന്ന വിവരം കിട്ടി. പക്ഷേ, ആ വിവരം ഒരാശ്വാസമായിരുന്നു: ട്രെയിന്‍ കാന്‍സലായിട്ടില്ലല്ലോ. പലയിടങ്ങളിലും പലതരത്തിലുള്ള ബഹളങ്ങള്‍ നടക്കുന്നെന്ന സൂചന പരോക്ഷമായെങ്കിലും വാര്‍ത്തകളില്‍ അടങ്ങിയിരുന്നു. ട്രെയിന്‍ കാന്‍സലാകാഞ്ഞത് അതിശയമായിത്തോന്നി.

വൈകിയാണെങ്കിലും ട്രെയിന്‍ ഓടും എന്നറിഞ്ഞയുടനെ, മോഹനനേയും അജയനേയും നിര്‍ബന്ധിച്ചു മടക്കി അയച്ചു. അവര്‍ വെറുതെയെന്തിനു കാത്തു നില്‍ക്കണം. എറണാകുളം ജങ്ഷനിലും തിരക്കു തീരെക്കുറവായിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ നോട്ടീസ് ബോര്‍ഡില്‍ റിസര്‍വേഷന്‍ ചാര്‍ട്ടു വന്നു, അതില്‍ എന്റെ പേരും ബോഗി നമ്പറും സീറ്റ് നമ്പറും കണ്ടുപിടിച്ചു. അതോടെ ട്രെയിന്‍ ഓടുമെന്ന് ഉറപ്പായി.

മണിക്കൂറുകള്‍ വൈകിയാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടം പിടിച്ചത്. ഒന്നാംക്ലാസ് കമ്പാര്‍ട്ടുമെന്റും അതില്‍ റിസര്‍വു ചെയ്തിരുന്ന സീറ്റും എളുപ്പം കണ്ടു പിടിയ്ക്കാന്‍ പറ്റി. സഹയാത്രികനായി ഒരേയൊരാള്‍ മാത്രം. ഇന്ത്യന്‍ ഓയിലില്‍ കൊച്ചിയിലൊരു ഓഫീസറായ റെഡ്ഡിയെന്നൊരു ചെറുപ്പക്കാരന്‍ മാത്രമാണ് എന്റെ കൂപ്പെയില്‍ ഉണ്ടായിരുന്നത്. ആ ഒന്നാംക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ ആകെത്തന്നെ എട്ടോ പത്തോ യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞു കിടന്നു.

റെഡ്ഡി വിജയവാഡയിലേയ്ക്കായിരുന്നു. ഞാന്‍ വിജയവാഡയും വോള്‍ട്ടയറും (ഇന്നത്തെ വിശാഖപട്ടണം) ഭുവനേശ്വറും കല്‍ക്കട്ടയും കടന്ന് ട്രെയിന്‍ ചെന്നവസാനിയ്ക്കുന്ന ഗ്വാഹാട്ടി വരേയും.

വണ്ടി പുറപ്പെട്ടയുടനെ ടിക്കറ്റു പരിശോധനയ്ക്കായി വന്ന ടി ടി ആര്‍, കല്ലേറുണ്ടായേയ്ക്കാം, ജനലുകളിലെ ലോഹഷട്ടറുകള്‍ വലിച്ചു താഴ്ത്തിയിടുന്നതാവും നല്ലതെന്ന് ഞങ്ങളെ ഉപദേശിച്ചു. ജനത ക്ഷുഭിതരാണ്. ക്ഷുഭിതരായ ജനത പല അക്രമങ്ങളും ചെയ്‌തെന്നു വരാം. കരുതലോടെയിരുന്നാല്‍ നന്ന്. റെഡ്ഡിയും ഞാനും ചേര്‍ന്ന് ഷട്ടറുകള്‍ താഴ്ത്തി. ഒന്നാംക്ലാസ് കൂപ്പെയ്ക്കുള്ളിലേയ്ക്കു കടക്കാനുള്ള വാതിലും അടച്ചു ഭദ്രമാക്കി.

രാത്രിഭക്ഷണത്തിന്നുള്ള ഓര്‍ഡറുകളെടുക്കാന്‍ ആരെങ്കിലും വരുമെന്നു കരുതി. ആരും വന്നില്ല.

കുറേ സമയം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി വധിയ്ക്കപ്പെട്ട നിലയ്ക്ക് രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്നായിരുന്നു, ഞങ്ങളുടെ ഉത്കണ്ഠയും പ്രധാന ചര്‍ച്ചാവിഷയവും. മറ്റു യാത്രക്കാരില്ലാഞ്ഞതുകൊണ്ട് താഴത്തെ ബെര്‍ത്തുകളില്‍ത്തന്നെ ഞങ്ങള്‍ കിടന്നു. കിടന്ന ശേഷവും കുറേ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു. പിന്നീടെപ്പൊഴോ ഉറങ്ങിപ്പോയി. ഇടയ്ക്ക് ട്രെയിന്‍ എവിടെയൊക്കെയോ വളരെ സമയം ഓട്ടം നിര്‍ത്തി, സിഗ്‌നലും കാത്തു കിടന്നു.

ആറു മണിക്കൂറിലേറെ വൈകി ഉച്ചയോടെയാണു ചെന്നൈയിലെത്തിയത്. കുടിയ്ക്കാന്‍ വെള്ളവും കഴിയ്ക്കാന്‍ ആഹാരവുമില്ലാതെ ചെന്നൈയിലെത്തി. കുറഞ്ഞൊരു നാള്‍കൊണ്ട് ശാരിയുടെ കൈകൊണ്ടു വിളമ്പിയ ആഹാരം മൂന്നുനേരം മൂക്കുമുട്ടെ കഴിച്ചു ശീലിച്ചുപോയിരുന്നു. അതുകൊണ്ട് രണ്ടു നേരം പട്ടിണി കിടന്നപ്പോഴേയ്ക്കും വിശപ്പും ദാ!ഹവും കൊണ്ടു വലഞ്ഞു.

ട്രെയിന്‍ മദ്രാസ് സെന്‍ട്രല്‍ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ തുടക്കത്തില്‍ത്തന്നെ ഏതാനും മിനിറ്റു നിര്‍ത്തിയിട്ടു. കുറേപ്പേര്‍ അപ്പോള്‍ത്തന്നെ ഇറങ്ങി പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോയി. അല്പനേരത്തിനു ശേഷം ട്രെയിന്‍ ടെര്‍മിനലിനുള്ളിലേയ്ക്കു കടന്നു ചെന്നു നിന്നു. അതിലേ നടന്നുപോയ ഗാര്‍ഡിനോടു ചോദിച്ചപ്പോള്‍, ‘ട്വെന്റി മിനിട്ടിരുക്ക്’ എന്നു പറഞ്ഞു. റെഡ്ഡിയും ഞാനും പ്ലാറ്റ്‌ഫോമിലിറങ്ങി ആഹാരം കഴിയ്ക്കാനും വെള്ളം കുടിയ്ക്കാനും വേണ്ടി അക്ഷമരായി കാത്തിരിയ്ക്കുകയായിരുന്നു. റെഡ്ഡിയ്ക്കാവശ്യമുള്ളതെല്ലാം വാങ്ങിവരാന്‍ ഞാന്‍ പറഞ്ഞതനുസരിച്ച് ആദ്യം റെഡ്ഡി പുറത്തിറങ്ങി ആഹാരം കഴിച്ചു വന്നു.

റെഡ്ഡി തൃപ്തിയോടെ ആഹാരം കഴിച്ചു വന്നപ്പോള്‍ ‘ദാ, അവിടെപ്പോയി കഴിച്ചോളൂ, നല്ല ശാപ്പാടു കിട്ടും’ എന്ന ഉപദേശം എനിയ്ക്കു തന്നു. റെഡ്ഡി ചൂണ്ടിക്കാണിച്ച ഭക്ഷണശാലയിലേയ്ക്കു പോയി ഞാനും ആഹാരം കഴിച്ചു തിരികെ വന്നു. തൊട്ടടുത്ത കൂപ്പെകളില്‍നിന്നു സംഭാഷണങ്ങള്‍ കേട്ടു. കമ്പാര്‍ട്ടുമെന്റില്‍ ഏതാനും പേര്‍ കൂടി കയറിയ ലക്ഷണമുണ്ട്.

ശാരിയെഴുതിവച്ചിരിയ്ക്കുന്ന ദൈനംദിനകൃത്യങ്ങളുടെ ലിസ്റ്റു വായിയ്ക്കാമെന്നു കരുതി ബ്രീഫ്‌കേസ് തുറക്കാനൊരുങ്ങിയപ്പോഴാണു കുടിയ്ക്കാന്‍ വെള്ളം വാങ്ങിയില്ലെന്ന കാര്യമോര്‍ത്തത്. ഒന്നാംക്ലാസ് കമ്പാര്‍ട്ടുമെന്റാണെങ്കിലും നല്ല ചൂടായിക്കഴിഞ്ഞിരുന്നു.

വാച്ചു നോക്കിയപ്പോള്‍ ഗാര്‍ഡു പറഞ്ഞതനുസരിച്ച് ട്രെയിന്‍ വിടാനായി നാലു മിനിറ്റു കൂടി ബാക്കിയുണ്ട്. ടെര്‍മിനലിന്റെ ഉള്ളില്‍ ധാരാളമായുള്ള കടകളില്‍ നിന്നു രണ്ടു ബോട്ടില്‍ വെള്ളം വാങ്ങിക്കൊണ്ടുവരാന്‍ ഒരു മിനിറ്റോ അങ്ങേയറ്റം രണ്ടു മിനിറ്റോ മാത്രമേ വേണ്ടൂ. ബ്രീഫ് കേസ് അടച്ചുവച്ച്, വെള്ളം വാങ്ങിവരാമെന്നു പറഞ്ഞു ഞാനിറങ്ങി.

രണ്ടു കുപ്പി വെള്ളവും അതോടൊപ്പം അന്നത്തെ ഹിന്ദുപ്പത്രവും വാങ്ങി ഞാന്‍ തിരക്കിട്ടു മടങ്ങി വന്നപ്പോള്‍ ട്രെയിന്‍ കിടന്നിരുന്ന സ്ഥലം ശൂന്യം !

നോക്കിയപ്പോള്‍ കുറച്ചകലെയായി ട്രെയിനിന്റെ പുറകിലത്തെ ബോഗി കാണാം. അതു മെല്ലെ അകന്നു പൊയ്‌ക്കൊണ്ടിരിയ്ക്കുന്നെന്ന സത്യം എനിയ്ക്കു വിശ്വസിയ്ക്കാന്‍ സാധിച്ചില്ല. നിശ്ശബ്ദമായി, ഞാനറിയരുതെന്ന ഭാവത്തില്‍ അതു പൊയ്‌ക്കൊണ്ടിരിയ്ക്കുന്നു ! ട്രെയിന്‍ മുന്നോട്ടു പോകുക തന്നെയാണ്.

ഇതിന്നിടയില്‍ ഞാനറിയാതെ തന്നെ ഓടാന്‍ തുടങ്ങിയിരുന്നു. വെള്ളക്കുപ്പികള്‍ രണ്ടും നിലത്തിട്ടുകൊണ്ട് ഞാന്‍ ട്രെയിനിന്റെ പിന്നാലെ പാഞ്ഞു. കൈയിലെ ഹിന്ദുപ്പത്രം ഉയര്‍ത്തി വീശി, ‘ഏയ് സ്‌റ്റോപ്പ്, സ്‌റ്റോപ്പ്’ എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു ഞാനോടി.

ജീവിതത്തില്‍ അത്രയും വേഗത്തില്‍ അതിനു മുന്‍പും അതിനു പിന്‍പും ഞാനോടിയിട്ടില്ല.

പക്ഷേ, എന്റെ ശബ്ദം ആരു കേള്‍ക്കാന്‍ ! ഗാര്‍ഡ് പുറകോട്ടു നോക്കാതെ പച്ചക്കൊടി നീട്ടി വീശിക്കൊണ്ടിരുന്നു. എന്റെ ഓട്ടം കണ്ട് ‘ഓടാതയ്യാ, അതു പോയാച്ച്’ എന്ന് ഒരു പോര്‍ട്ടര്‍ എന്നോടു വിളിച്ചു പറഞ്ഞു.

ഓട്ടത്തിനിടയില്‍ ഒരേയൊരാഗ്രഹമാണു മനസ്സില്‍ പൊന്തിവന്നത്: ശാരിയുടെ ലിസ്റ്റു വായിയ്ക്കണം. ബാക്കിയൊക്കെ പൊയ്‌ക്കോട്ടെ, പക്ഷേ, അവളെഴുതിയ ലിസ്റ്റു വായിയ്ക്കണം, അതെങ്ങനെയെങ്കിലും വായിയ്ക്കണം…

എന്റെ ഓട്ടത്തിനു ശക്തി കൂടി. ഓട്ടം മൂലം എന്റെ ശ്വാസകോശങ്ങള്‍ പുകഞ്ഞു.

പക്ഷേ, അധികം ദൂരം താണ്ടും മുന്‍പേ, എന്റെ കാലുകള്‍ തളര്‍ന്നു. ട്രെയിനില്‍ ഓടിയെത്താനുള്ള ശ്രമം വിഫലമാണെന്നു ഞാന്‍ മനസ്സിലാക്കി. ഞാനോട്ടം നിറുത്തി.

ഞാനെങ്ങനെ ട്രെയിന്‍ മിസ്സായി? വാച്ചില്‍ നോക്കി. സമയം 12:19. ഗാര്‍ഡു പറഞ്ഞ സമയത്തിന് ഒരു മിനിറ്റു കൂടി ബാക്കിയുണ്ട് ! പക്ഷേ ട്രെയിന്‍ അങ്ങകലെ മറഞ്ഞു കഴിഞ്ഞിരുന്നു.

കൈയിലെ ഹിന്ദുപ്പത്രവുമായി ഞാന്‍ സമീപത്തുകണ്ട ഒരു വലിയ പെട്ടിയുടെ മേല്‍, വിയര്‍ത്തു കിതച്ചു തളര്‍ന്നിരുന്നു…

(അനുഭവകഥ. പേരുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.)

You May Also Like

വേദന

വേദന. ഭയങ്കര വേദന. ദേഹം ആസകലം വല്ലാതെ വേദനിക്കുന്നു. പൊതുവേ സെന്സിറ്റീവ്. ഇത് താങ്ങാന്‍ ആവുന്നതിലധികം ആണല്ലോ ദൈവമേ. എന്താണ് പറ്റിയത്? എവിടെയാണ്? ഗള്‍ഫില്‍ ജോലിചെയ്തു താമസിക്കുന്ന സ്ഥലത്ത്? അല്ല. നാട്ടിലെ വീട്ടിലാണോ? അല്ലല്ലോ. ഏതെങ്കിലും ആശുപത്രി ആണോ ഇത്? ഇന്നേവരെ ദൈവകൃപയാല്‍ അതിനിടവന്നിട്ടില്ല.

ലൈംഗികച്ചുവയോടെ സംശയം ചോദിച്ച വിദ്യാര്‍ത്ഥിക്ക് മിഥില എന്ന അധ്യാപിക നല്‍കിയ മറുപടി

കുറച്ചു വര്ഷങ്ങള്ക്കു മുൻപ് നടന്ന കാര്യമാണ്… സിബിഎസ്ഇ സ്കൂളിലെ അദ്ധ്യാപന കോലാഹലങ്ങൾ മനസ്സുമടുപ്പിച്ചപ്പോൾ പെട്ടന്ന് ഉണ്ടായ തീരുമാനത്തിൽ അവിടം വിട്ടു.

കൂട്ടുകാരന്‍

ദിനപ്പത്രത്തിലെ ഒരു ദയനീയ ചിത്രം ഞാന്‍ ശ്രദ്ധിച്ചു. കിഡ്‌നി തകരാറിലായ ഒരു രോഗി. അഞ്ചു ലക്ഷത്തിലേറെ രൂപ വേണം ചികിത്സിക്കാന്‍. യുവത്വം വിട്ടു മാറിയിട്ടില്ല. സഹതാപം തോന്നി. പണം അയക്കാനായി അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ട്. എങ്ങനെ സഹായിക്കാനാണ്. നമുക്ക് ചുറ്റും എത്ര ആളുകള്‍ ഇങ്ങനെയുണ്ട്. മനസ്സ് കൈമലര്‍ത്തി. എന്തിനു ഒരു പിച്ചക്കാരന്‍ മുന്നില്‍ വന്നാല്‍ അമ്പത് പൈസ കൊടുക്കാന്‍ തോന്നാറില്ല. അത് വല്ല തട്ടിപ്പുകാരുമായിരിക്കും എന്ന് ന്യായം നിരത്തും. കുറ്റ ബോധം തോന്നി സ്വന്തത്തോട്. ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ പാടില്ല. സ്വന്തം ജീവിതം തന്നെ ഒരാള്‍ക്ക് കടപ്പെട്ടിരിക്കയാണല്ലോ..?

ഇതാണ് നമ്മ പറഞ്ഞ ‘ഡാന്‍സ്’..!!!

ഈ ചൈനീസ് ബാലന്റെ പ്രായം 3..!!!