ചങ്കിലെ ചൈന
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ കുറിച്ച് ലോകത്തോട് ആദ്യം വിളിച്ച് പറഞ്ഞ ചാങ് ചാൻ എന്ന 37 കാരിയായ മാധ്യമ പ്രവർത്തകയാണ് ചിത്രത്തിലുള്ളത്.കോവിഡ് വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വിട്ടതിന് ചൈന ആദ്യമായി തടവിലാക്കിയ നാല് മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ചാങ് ചാൻ.തിങ്ങി നിറയുന്ന ആശുപത്രികളെ കുറിച്ചും ശൂന്യമാകുന്ന ചൈനീസ് തെരുവുകളെ കുറിച്ചും ലോകത്തോടാദ്യം വിളിച്ച് പറഞ്ഞവരിലൊരാൾ ചാങ് ചാൻ ആയിരുന്നു.”സമത്വ-സുന്ദര-സോഷ്യലിസ്റ്റ്-റിപ്പബ്ലിക്കായ” ജനകീയ ചൈനീസ് ഭരണകൂടത്തിന്റെ കിരാത നടപടികൾക്കെതിരെ അവരിപ്പൊ ജയിലിൽ നിരാഹാരമനുഷ്ഠിക്കുകയാണത്രെ…!!
ഇവിടെ നമ്മൾ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്.ലോകം തന്നെ ഒരു സഡൻ ബ്രേക്കിലേക്ക് വീണ് പോയ കോവിഡ് വൈറസിന്റെ ഉത്ഭവവും പടർച്ചയും അമേരിക്കയിൽ നിന്നാണ് സംഭവിച്ചിരുന്നതെങ്കിൽ എന്ന് വെറുതെയൊന്ന് ചിന്തിച്ച് നോക്കൂ…ആ വൈറസിനെ കുറിച്ചുള്ള സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ ഡോക്ടറേയും മാധ്യമ പ്രവർത്തകരെയും ജയിലിലടച്ചത് അമേരിക്കയായിരുന്നെങ്കിൽ എന്ന് കൂടി ചുമ്മാ സങ്കൽപ്പിച്ച് നോക്കൂ.എന്തൊക്കെയായിരിക്കും പുകില്….!!!
മുതലാളിത്വ-സാമ്രാജ്യത്വ-മൂലധന-കുത്തക-കോർപ്പറേറ്റ്-മൂരാച്ചി അമേരിക്കയുടെ കടുംകൈകളെ കുറിച്ചുള്ള,ചൈനയെ തകർത്ത് ലോക പോലീസ് ചമയാൻ വെമ്പുന്ന സാമ്രാജ്യത്വത്തിന്റെ ഒളിയജണ്ടകളെ കുറിച്ചുള്ള ഊഹാപോഹ സാഹിത്യം,ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, ഭീതി വ്യാപാരം,അമേരിക്കൻ ലാബുകളിൽ ജീൻ എഡിറ്റിങിലൂടെ നിർമിക്കപ്പെടുന്ന വൈറസുകളെ കുറിച്ചുള്ള പരമ്പരകൾ,സോഷ്യലിസ്റ്റ് രാജ്യങ്ങളെ കുറിച്ചുള്ള കാൽപ്പനിക കിനാക്കാൾ,സൈദ്ധാന്തിക തള്ളുകാരുടെ താത്വികമായ അലവലോകനങ്ങൾ… ഓഹ്… തകർത്തേനെ…”ആവേശത്താൽ ഞങ്ങൾ വിളിക്കും/മുതലാളിത്വം തുലയട്ടെ”.ഇതിപ്പോ എന്ത് ചെയ്യാനൊക്കും?
ചങ്കിലെ ചൈനയായി പോയില്ലേ. മിണ്ടാനൊക്കുമോ..ആയതിനാൽ അമേരിക്കയിലെ കോവിഡ് മരണങ്ങൾ ചൂണ്ടിക്കാണിച്ച് മുതലാളിത്വ സാമ്പത്തിക വ്യവസ്ഥിതിയുടെ പരാജയങ്ങളെ കുറിച്ച് സൈദ്ധാന്തിക പ്രബന്ധങ്ങളെഴുതിയും ഇറ്റലിയിലേക്ക് സഹായത്തിന് പോയ മധുര മനോജ്ഞ ക്യൂബയിലെ ഡോക്ടർമാരെ കുറിച്ച് വീരേതിഹാസ കാവ്യങ്ങൾ രചിച്ചും ഒരുവിധമങ്ങ് അഡ്ജസ്റ്റ് ചെയ്തു.അത്ര തന്നെ.