2000 രൂപ കൊടുത്ത് പിഷാരടി ആരാധകനെ വിളിച്ചു !

0
287

Ramesh250414_m

മലയാളത്തില്‍ ഇപ്പോള്‍ കത്തി ജ്വലിച്ചു നില്‍ക്കുന്ന താരമാണ് രമേശ്‌ പിഷാരടി. വമ്പന്‍ സിനിമ-സീരിയല്‍ താരം ഒന്നും അല്ലെങ്കിലും മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട ടിവി താരമാണ് പിഷാരടി. തന്റെ തമാശകളിലൂടെ മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയ രമേശ്‌ പിഷാരടി മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ നടത്തുന്ന കോമഡി പരിപാടിയുടെ അവതാരകന്‍ കൂടിയാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് ഈ ചാനല്‍ പരിപാടിക്കിടെ പിഷാരടിക്ക് അറിയാത്ത ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍. ഏതോ അത്യാവശ്യക്കാരനാണെന്ന് കരുതി ഷൂട്ട് കഴിഞ്ഞ് തിരിച്ചു വിളിച്ചു.

മറുതലയ്ക്കല്‍ ഒരു പുരുഷ ശബ്ദം. പിഷാരടിയല്ലേ, ഞാന്‍ പരിപാടികളൊക്കെ കാണാറുണ്ട്. പിഷാരടിയെ വലിയ ഇഷ്ടമാണ് എന്ന ആമുഖത്തോടെ കക്ഷി പറഞ്ഞു തുടങ്ങി. താങ്ക്‌സ പറഞ്ഞിട്ടും അയാള്‍ വിടുന്നില്ല. വീടെവിടെയാ നാടെവിടെയാ, വീട്ടിലാരൊക്കെയുണ്ട്, മോള്‍ക്കെത്ര വയസ്സായി എന്നിങ്ങനെ അന്വേഷണങ്ങള്‍ പുരോഗമിച്ചു. അങ്ങോട്ടൊന്നും ചോദിക്കാനാവസരം തരാതെ തുടര്‍ച്ചയായി ഇങ്ങോട്ട് ചോദ്യങ്ങള്‍.

സംഭാഷണം ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ കക്ഷി ഗിയര്‍ മാറ്റി. എന്റെ ഭാര്യയ്ക്കാണ് പിഷാരടിയെ കൂടുതലിഷ്ടം. ഞാന്‍ ഭാര്യക്ക് കൊടുക്കാം. ഏതാണ്ട് ഇതേ ചോദ്യങ്ങള്‍ തന്നെ ഭാര്യയും ചോദിച്ചു. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അടുത്ത ടേണ്‍. എന്റെ മോള്‍ക്ക് പിഷാരടിയെ വലിയ ഇഷ്ടമാണ്. അവളോടൊന്നും സംസാരിക്കണം. മൂന്നു മൂന്നര വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞു ശബ്ദം എന്നോട് എന്തെക്കെയോ ചോദിച്ചു. ഒടുവില്‍ ഫോണ്‍ കറങ്ങിത്തിരിഞ്ഞ് ആരാധകന്റെ കയ്യിലെത്തി.

മംഗളം പറഞ്ഞ് വെയ്ക്കാനൊരുങ്ങുമ്പോള്‍ കക്ഷിയുടെ അന്വേഷണം. അവിടെ ക്ലൈമറ്റ് എങ്ങനെയുണ്ട്. ഞാന്‍ പറഞ്ഞു. ഇവിടെ നല്ല ചൂടാണ്. ആണോ ഇവിടെ മൈനസ് ഡിഗ്രിയാണെന്ന് ആരാധകന്റെ മറുപടി.

എന്റെ തലയില്‍ കൂടി ഒരു മിന്നല്‍ കടന്ന് പോയി. അപ്പോള്‍ എവിടുന്നാണ് വിളിക്കുന്നത്? ഓ ഞാനോ, പറയാന്‍ മറന്നു. ഞാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് വിളിക്കുന്നത്. ഏകദേശം 2000 രൂപ ബില്ലായെന്നാണ് ഓര്‍മ. അങ്ങോട്ടു വിളിച്ച് വാങ്ങിയ പണിയായതുകൊണ്ട് ആരോടും പരാതിയില്ലെന്നും പിഷാരടി പറയുന്നു.