“കലാകാരന്മാര്‍ ഏറ്റവും ഭയക്കുന്നത്”

201

new

പ്രശസ്ത നടനും നിരുപകനുമായ കൊല്ലനൂര്‍ ഫ്രാന്‍സിസ് ഇന്ന് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇവിടെ ചര്‍ച്ച വിഷയം. കലാകാരന്മാരെ കുറിച്ചും അവരുടെ വികാരങ്ങളെ കുറിച്ചും ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച ഇന്ന് അദ്ദേഹം സംസാരിക്കുന്നു…

അദ്ദേഹത്തിന്റെ വരികളിലൂടെ…

“കലാകാരന്മാര്‍ ഏറ്റവും ഭയക്കുന്നത് അവര്‍ വിസ്മൃതിയില്‍ ആണ്ടു പോകുന്ന ദിനങ്ങളെക്കുറിച്ചാണ്. പണത്തെക്കാള്‍ കല വച്ച് നീട്ടുന്ന പ്രശസ്തിയാണ് അവരെ ജീവിപ്പിച്ചു കൊണ്ട് പോകുന്നത്. പ്രത്യേകിച്ച് സിനിമാ നടീനടന്‍മാരുടെ കാര്യത്തില്‍.
തങ്ങളുടെ പേര് ഗോസ്സിപ്പ് കോളങ്ങളില്‍ നിന്നും അപ്രത്യ്ക്ഷമാകുന്ന കാലത്തെ ഭയക്കുന്നവരാണ് മിക്ക നടീനടന്മാരും. പലരും അവരുടെ കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ കയ്യിലുള്ള പണമെടുത്തു സ്വന്തം സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുന്നതും വന്‍ പരാജയങ്ങള്‍ നേരിട്ട് നിര്‍ധനരായി മറഞ്ഞു പോകുന്നതും നാം കണ്ടിട്ടുണ്ട്.മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ‘ബേര്‍ഡ്മാനി’ല്‍ നായക കഥാപാത്രമായ റിഗ്ഗന്‍ തോംസനോട് മകള്‍ സാം പൊട്ടിത്തെറിക്കുന്ന ഒരു രംഗം ഉണ്ട്. ഒരു ഫേസ്ബുക്ക് പേജ് പോലുമില്ലാത്ത റിഗ്ഗന്‍ എന്ന പഴയ സൂപ്പര്‍ ഹീറോ ഇന്ന് ലോകത്തിനു ആരുമല്ല എന്ന് സാം പറയുന്നു. ഇപ്പോള്‍ അയാള്‍ ചെയ്തു കൂട്ടുന്നതെല്ലാം താന്‍ ജീവിച്ചിരിക്കുന്നു എന്നും തനിക്കു ഇപ്പോഴും കലാ ലോകത്ത് പ്രാധാന്യം ഉണ്ട് എന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ആണെന്നും സാം അയാളോട് പറയുന്നു. മറ്റൊരവസരത്തില്‍ സാമിന്റെ അമ്മയുമായുള്ള സംഭാഷണത്തിനിടയില്‍ ഒരു വിമാന യാത്രയെക്കുറിച്ചും റിഗ്ഗന്‍ വാചാലനാകുന്നുണ്ട്. തന്റെ കൂടെ ജോര്‍ജ് ക്ലൂണിയും സഞ്ചരിച്ചിരുന്ന
ആ വിമാനം അപകടത്തില്‍ പെടുകയാണെങ്കില്‍ പിറ്റേന്നത്തെ പത്രങ്ങളുടെ ഒന്നാം പേജില്‍ സാം കാണാന്‍ പോകുന്നത് തന്റെ മരണ വാര്‍ത്തയല്ല  മറിച്ചു ക്ലൂണിയുടെതാകും എന്നതും അയാളെ ഭയപ്പെടുത്തുന്നുണ്ട്. ‘ഫറാ ഫൗസറ്റ്’ എന്ന ഹോളിവുഡ് നടി മരണപ്പെട്ടത് ‘മൈക്കേല്‍ ജാക്ക്‌സണ്‍’ മരിച്ച അതെ ദിവസം തന്നെയാണ് എന്ന് റിഗ്ഗന്‍ അവളോട് പറയുന്നുണ്ട്.
പക്ഷെ ആരാണ് അവരുടെ മരണം ഓര്‍ത്തിരിക്കുന്നത്? കലാകാരന് എന്ന് അംഗീകാരവും പ്രശസ്തിയും തന്നെയാണ് ഏറ്റവും വലിയ ലഹരി ആ ലഹരി തന്നെയാണ് നമ്മള്‍ ഓരോരുത്തരെയും കലാകാരന്മാര്‍ ആകാന്‍ കൊതിപ്പിക്കുന്നത് ആ ലഹരി തന്നെയാണ് നമ്മെ തളരാതെ മുന്നേറാന്‍ പ്രാപ്തരാക്കുന്നത്. ആ ലഹരി തേടിയാണ് നാം ഇപ്പോഴും അലയുന്നത്.”