ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ ( ജൂൺ 21 ) നടക്കും

71

TR ശിവകുമാർ

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ ( ജൂൺ 21 ന്) നടക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം’. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനു നേരെ മുന്നിൽ വരുന്ന സന്ദർഭങ്ങളുണ്ടാകാം. ആ സമയത്ത് ചന്ദ്രൻ സൂര്യനെ ഭാഗികമായോ പൂർണമായോ മറച്ചേക്കാം. ഇതാണ് സൂര്യഗ്രഹണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രൻ ഭൂമിയെ അപേക്ഷിച്ച് ചെറുതായതിനാൽ ചന്ദ്രന്റെ നിഴൽ ഭൂമിയെ ഭാഗികമായി മാത്രമായിരിക്കും മറയ്ക്കുക. അതിനാൽ ആ ഭൂഭാഗങ്ങളിൽ മാത്രമാണ് സൂര്യഗ്രഹണം അനുഭവപ്പെടുക. അവിടങ്ങളിൽ ആ സമയത്ത് സൂര്യന്റെ വെളിച്ചം കുറയും.

നാളെ നടക്കുന്ന ഗ്രഹണത്തിന്റെ തോത് പലയിടത്തും വ്യത്യസ്ത രീതിയിലാകും അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ ഇത് ഒരു വലയ സൂര്യഗ്രഹണമാകും, എന്നാൽ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാഗിക സൂര്യ ഗ്രഹണം മാത്രമേ ദൃശ്യമാകൂ. ഭാഗിക സൂര്യഗ്രഹണത്തിൽ ചന്ദ്രൻ ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുമെങ്കിലും സ്ഥാനം നേർ രേഖയിൽ അല്ലാത്തതിനാൽ ചന്ദ്രന് സൂര്യനെ പൂർണമായും മറയ്ക്കാൻ കഴിയില്ല. ഒരു വശം മാത്രം മറയ്ക്കുന്നു. ഇതാണ് ഭാഗിക സൂര്യ ഗ്രഹണം.എന്നാൽ വലയ സൂര്യ ഗ്രഹണത്തിൽ ചന്ദ്രൻ സൂര്യന്റെ മധ്യഭാഗം പൂർണമായും മറയ്ക്കുകയും സൂര്യന്റെ ചുറ്റുമുള്ള വശം വൃത്താകൃതിയിൽ പ്രകാശിക്കുകയും ചെയ്യും. ഇത് ഒരു തീ ഗോളം പോലെ ദൃശ്യമാകും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും നാളെ വലയ സൂര്യ ഗ്രഹണം ദൃശ്യമാകും.

കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ രാവിലെ 10.14- ന് തുടങ്ങി 11.40- ന് വ്യക്തമായി കാണാനാകും.എറണാകുളം ജില്ലയിൽ 10.11 ന് തുടങ്ങി 11.38 ന് പൂർണതയിലെത്തും. മധ്യകേരളത്തിൽ തൃശൂർ ജില്ലയിൽ സൂര്യ ഗ്രഹണം ആരംഭം മുതൽ സമാപിക്കുന്നത് വരെ കാണാനാകും. രാവിലെ 10.10 നാണു തൃശൂരിൽ ഗ്രഹണം ആരംഭിക്കുക. പാരമ്യതയിലെത്തുന്നത് 11.39 നും, പൂർത്തിയാകുന്നത് 01.19 നുമായിരിക്കും.വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിൽ രാവിലെ 10.05 ന് ഗ്രഹണം തുടങ്ങും. പാരമ്യതയിലെത്തുന്നത് 11.37-നും അവസാനിക്കുന്നത് 1. 21-നു മായിരിക്കും. മലപ്പുറം ജില്ലയിൽ 10.09ന് ആരംഭിക്കുന്ന ഗ്രഹണം 11.39 ന് വ്യക്തമായി കാണാനാകും. പാലക്കാട്‌ ജില്ലയിൽ രാവിലെ 10.11 ന് തുടങ്ങി 11.41 ന് പാരമ്യതയിലെത്തും.

ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുന്നതിനുമുമ്പ് പല അബദ്ധധാരണകളുമുണ്ടായിരുന്നു അതിലൊന്നാണ് ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്നുള്ളത്. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പലതരം രശ്മികൾ ഭൂമിയിലെത്തും, ഇത് ഭക്ഷണത്തെ വിഷമയമാക്കും, ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം ഇത്തരം നിരവധി ധാരണകൾ പ്രചാരത്തിലുണ്ടായിരുന്നു. അതൊക്കെ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുന്നതിനുമുമ്പ് ഉണ്ടായിരുന്ന കഥകൾ മാത്രമാണ്. ഇന്നോ ഗ്രഹണമെന്താണെന്ന് നമുക്ക് കൃത്യമായി അറിയാം. അല്പസമയം സൂര്യപ്രകാശം ഭൂമിയിലെ കുറച്ചുപ്രദേശത്ത് (ഗ്രഹണപാതയിൽ) ലഭിക്കില്ല. നല്ല മഴക്കാറുള്ളപ്പോഴും രാത്രിയിലും സൂര്യപ്രകാശമില്ലല്ലോ? അപ്പോഴും നമ്മൾ ഭക്ഷണം കഴിക്കാറില്ലേ? ആ സമയത്ത് ഭക്ഷണം കഴിച്ചാലുണ്ടാകുന്നതിനേക്കാൾ കൂടുതലൊന്നും പ്രശ്നങ്ങൾ ഗ്രഹണസമയത്ത് കഴിച്ചാലും ഉണ്ടാകുന്നില്ല. അതുകൊണ്ട് വിശപ്പുണ്ടെങ്കിൽ നല്ല ഭക്ഷണം ധൈര്യമായി കഴിക്കാം.

ഒരു പ്രദേശത്ത് പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റാണ്‌. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈർഘ്യം. 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പത്തിൽ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തിൽ ഉണ്ടാകൂ എന്നതാണ്‌ കണക്ക്. അവസാനമായി 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂൺ 30-നാണ്‌ (7 മിനിറ്റ് 3 സെക്കന്റ്). ഏഴ് മിനിറ്റിലധികം ദൈർഘ്യമുള്ള അടുത്ത ഗ്രഹണം 2150 ജൂൺ 25-നേ നടക്കൂ. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22-ലെ സൂര്യഗ്രഹണമായിരുന്നു. 6 മിനിറ്റ് 39 സെക്കന്റായിരുന്നു ഇതിന്റെ കൂടിയ ദൈർഘ്യം. ഇനി 2132-ലാകും ഇത്തരത്തിലൊരു ഗ്രഹണം ദൃശ്യമാകുക. നമ്മളാരും അന്ന് അത് കാണാനുണ്ടാകില്ല.