2022 ഖത്തര്‍ ലോകകപ്പ് ഇന്ത്യാന്‍ തൊഴിലാളികളുടെ ജീവന്‍ അപഹരിക്കും

  164

  Construction_Dubai_3C--621x414

  2022ലെ ഖത്തര്‍ ലോകകപ്പ് അതില്‍ പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇന്ത്യാക്കാരുടെ ജീവന്‍ അപഹരിക്കും.

  ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനേത്തുടര്‍ന്ന് രാജ്യാന്തര തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ശരണ്‍ ബറോയുടെതാണ് ഈ പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളില്‍ ബോംബ് വര്‍ഷമുണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യക്കാരെ നാം രക്ഷിക്കാറുള്ളത്. പ്രവാസികള്‍ നേരിടുന്ന ദുരനുഭവങ്ങളെ ആരും കാണാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

  2013ല്‍ മാത്രം കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആയിരം തൊഴിലാളികളെ തങ്ങളുടെ ട്രോമായൂണിറ്റില്‍ പ്രവേശിപ്പിച്ചതായി ദോഹ ആശുപത്രി വെളിപ്പെടുത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും മരിച്ചു. ദിവസം പന്ത്രണ്ട് മണിക്കൂര്‍ 50 ഡിഗ്രി ചൂടില്‍ പണിയെടുക്കുന്നതാണ് പലരെയും തളര്‍ത്തുന്നത്. കുടിയ്ക്കാന്‍ ആവശ്യത്തിന് വെളളം പോലും ഇവര്‍ക്ക് കിട്ടാറില്ല. ന്യായമായ കൂലി പോലും കിട്ടാതെ ജോലിയെടുക്കുന്ന ഇവര്‍ക്ക് ഉളള തുച്ഛമായകൂലിയും സമയത്തിന് കിട്ടില്ല. എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.

  മൃഗങ്ങളെ പോലെയാണ് ഇവര്‍ ജീവിക്കുന്നത്. മധ്യപൂര്‍വ്വ രാജ്യങ്ങളിലെ ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമായ എസി പോലും ഇല്ലാതെ ഏറെ പേര്‍ തിങ്ങി ഞെരുങ്ങിയാണ് ഇവിടെ കഴിയുന്നത്. പലരും നിറഞ്ഞൊഴുകുന്ന ഓടകള്‍ക്കും സെപ്റ്റിക് ടാങ്കുകള്‍ക്കും മേലെയാണ് കിടക്കുന്നത്. ഒരു ദിവസം അവധിയെടുത്താല്‍ രണ്ട് ദിവസത്തെ ശമ്പളം കുറയ്ക്കും. രോഗം വന്നാലും ഇത് തന്നെ അവസ്ഥ. തൊഴിലെടുക്കുമ്പോള്‍ പോലും മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല. ഇവരെ പലരെയും പട്ടിണിയ്ക്കിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ശമ്പളം കിട്ടാത്തത് കൊണ്ട് പലര്‍ക്കും ഭക്ഷണം കഴിയ്ക്കാനും ആകുന്നില്ല.

  ഇന്ത്യയില്‍ നിന്നുളള ഇത്രയധികം തൊഴിലാളികള്‍ മരിച്ചിട്ടും ഇന്ത്യന്‍ എംബസിയ്ക്ക് യാതൊരു കുലുക്കവും ഇല്ല. ഇത് സാധാരണമാണെന്നാണ് എംബസിയുടെ പ്രതികരണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു.

  ഖത്തര്‍ രാജകുമാരന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ തമനി കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റികള്‍ക്കായി ഒരുലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മോഡി സര്‍ക്കാരിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ വലിയ നേട്ടത്തിന് വേണ്ടിയാകാം ഒരുപക്ഷേ ദരിദ്രനാരായണന്‍മാരായ ഇന്ത്യാക്കാരുടെ ജീവന് സര്‍ക്കാര്‍ പുല്ലുവില പോലും കല്‍പ്പിക്കാത്തതെന്നും വിമര്‍ശനമുണ്ട്.