ഒരു ജീവൻ പൊലിഞ്ഞാൽ മാത്രമാണ് റോഡിലെ കുഴിപോലും നികത്തൂവെന്നതാണ് നമ്മുടെ പാരമ്പര്യം. കുറേ ബോധവൽക്കരണത്തിനും നടപടികൾക്കും ഇത്തവണ ഒരു പത്തുവയസ്സുകാരിയെ ബലിദാനിയായി കിട്ടിയിട്ടുണ്ട്. ഇനിയെങ്കിലും സ്കൂളും പരിസരവും സുരക്ഷിതമാക്കുക. അധ്യാപകർക്കു കിട്ടുന്ന എല്ലാ സൗകര്യങ്ങളും; കുടിവെള്ളത്തിന്‍റെ കാര്യം മുതൽ വൃത്തിയുള്ള ടോയ്‌ലെറ്റിന്‍റെ കാര്യത്തിൽ വരെ, കുട്ടികൾക്കും കിട്ടണം.
ചെരുപ്പ് അഴിച്ചു വെയ്ക്കാനല്ല, എപ്പോഴും ചെരുപ്പിട്ട് നടക്കാൻ കുട്ടികളെ ശീലിപ്പിക്കുക. കുട്ടികൾ ഒരു കാര്യം പറയുമ്പോൾ അതു പറയാൻ അനുവദിക്കാതെ, അതു കേൾക്കാൻ നിൽക്കാതെ വടിയെടുത്തു ഓടിക്കുന്ന പരിപാടി അവസാനിപ്പിക്കുക. പ്രതികരിക്കാനുള്ള അവകാശവും ബഹുമാനമെന്നതും കുട്ടികൾക്കും കൂടി അർഹതപ്പെട്ടതാണ്.
മീഡിയയോട് പ്രതികരിച്ച കുഞ്ഞുങ്ങളിൽ നിന്നു വേണം അവരെ വടിയെടുത്തു ഓടിച്ച നിങ്ങൾ അധ്യാപകർ സഹജീവി സ്നേഹവും അനുകമ്പയും കരുതലും പഠിക്കാൻ. ശാസ്ത്രബോധം ശാസ്ത്രജ്ഞർക്ക് പോലുമില്ലാത്ത രാജ്യത്തു നിങ്ങൾ അദ്ധ്യാപകർക്ക് അതുണ്ടാവണമെന്നു പറയുന്നതിൽ അർത്ഥമില്ല, എങ്കിലും പറയട്ടെ, സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിലെങ്കിലും അവർ പറയുന്നത് വിശ്വസിക്കാനും ഓരോ സെക്കന്റും ഒരു ജീവൻ നിലനിർത്താൻ വിലപ്പെട്ടതാണെന്ന ബോധം ഉണ്ടാവണം.
കലാലയ ജീവിതം കഴിഞ്ഞിറങ്ങിയ ഓരോരുത്തർക്കും കാണും അധ്യാപകദിനത്തിൽ ഓർമ്മിക്കാൻ നിങ്ങൾ സമ്മാനിച്ച ഇനിയും ഉണങ്ങാത്ത മുറിവുകൾ. മുപ്പതു കുട്ടികളെയും മുപ്പതു തരത്തിൽ പരിഗണിക്കുന്ന, അവരിൽ സദാചാര ചിന്തയും പാട്രിയാർക്കൽ പൊതുബോധ നിലപാടുകളും കുത്തിവെയ്ക്കുന്നതിൽ മാത്രം നിങ്ങൾ അധ്യാപകർ നിസ്തുലസേവനം അർപ്പിക്കുന്നുണ്ട്, അതിനു പ്രത്യേക നന്ദി അറിയിക്കുന്നു.
“ആണി കുത്തിയാൽ രണ്ട് ഭാഗത്ത് കുത്തുവോ? കല്ല് കുത്തിയതാണെങ്കിലും ആണി കുത്തിയതാണെങ്കിലും ഒന്നാശുത്രിയില് എത്തിച്ചൂടെ?”
ഇതിൽ കൂടുതലൊന്നും നിങ്ങളോട് പറയാനില്ല. ആ കുട്ടികളെ കണ്ടെങ്കിലും നന്നായിക്കൂടെ മാഷുമാരെ?