ശവമുറിയിലെ 358 – ആം നമ്പര്‍ പെട്ടി
കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ് മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്റെ സുഗന്ധം മുറിയില്‍ നിറഞ്ഞു.
‘ഇതാകുമോ മരണത്തിന്റെ ഗന്ധം?’
132 total views

കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ് മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്റെ സുഗന്ധം മുറിയില്‍ നിറഞ്ഞു.
‘ഇതാകുമോ മരണത്തിന്റെ ഗന്ധം?’
ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്റെ ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?
‘റോസയ്യ, വേഗം ആ ട്രേ വൃത്തിയാക്കു’, അടുത്തുകൂടി പോയ സൂപ്പര്‍വൈസര്‍ ഓര്‍മ്മിപ്പിച്ചു.
അയാള്‍ ക്ലീനിംഗ് ടവ്വല്‍ കൊണ്ട് സ്റ്റീല്‍ ട്രേ വൃത്തിയാക്കാന്‍ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗാളി പയ്യന് കേട്ടുമറന്ന ഒരു ഗാനം പതുക്കെ മൂളുന്നു. ഇന്നത്തെ സ്പെഷ്യല്‍ അലവന്‍സിന്റെ സന്തോഷം!
സൂപ്പര്‍വൈസറുടെ മുറിവാതില്ക്കല് മോര്‍ച്ചറി ക്ലീനിംഗ് ഡ്യുട്ടി ചോദിച്ചു വാങ്ങാന്‍ നില്ക്കുന്നവരുടെ ചെറിയ നിര കാണുമ്പോഴൊക്കെ തോന്നാറുണ്ട് അവരെല്ലാം സെമിത്തേരിയില്‍ നിന്നും എണീറ്റ് വന്നു നില്‍ക്കുകയാണെന്ന്.. അത്രയ്ക്കും നിര്‍വ്വികാരമായിരുന്നു ആ മുഖങ്ങള്‍!
കഴിഞ്ഞ കുറെ ദിവസങ്ങളായി വേദന കൊണ്ട് പുളയുന്ന അമ്മയുടെ ദയനീയ രൂപം ഉറക്കം കെടുത്തിയപ്പോഴാണു തൊട്ടടുത്ത് കിടക്കുന്ന റാംസിംഗ് ധൈര്യം തന്നത്,
‘നീ ഈ മാസം മോര്‍ച്ചറി ഡ്യുട്ടി എടുക്കു. അമ്മയുടെ ഓപ്പറേഷന് കൊടുക്കേണ്ട കൈക്കൂലിക്കുള്ള തുക കൂടുതല്‍ കിട്ടും. നമുക്ക് രാവിലെ സൂപ്പര്‍വൈസറെ പോയി കാണാം. ഇപ്പോള്‍ കുറച്ച് ഉറങ്ങാന്‍ നോക്ക്.’
പിറ്റേ ദിവസം അതിരാവിലെ തന്നെ സൂപ്പര്‍വൈസറുടെ മുറിവാതില്ക്കലെത്തി. ആ കസേരയില്‍ ഇരിക്കേണ്ട ആളായിരുന്നു താനും. പക്ഷെ തന്നത് ക്ലീനിംഗ് ജോലി. ആറു മാസം കഴിയുമ്പോള്‍ ജോലി മാറ്റി തരാമെന്നു മാനേജര്‍ പറയുന്നു… പ്രതീക്ഷയില്‍ കുരുക്കിയിടുന്ന വെറും പാഴ്വാക്ക്!
‘ഭാഗ്യം ഇന്ന് ക്യു ഇല്ല…’, റാംസിങ്ങിന്റെ ആത്മഗതം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ റോസയ്യ നിന്നു.
ക്ലീനിംഗ് വര്‍ക്കെഴ്സിന്റെ ഇടയിലെ ഏക ബിരുദാനന്തര ബിരുദക്കാരനായ തന്നോടു അല്പം പരിഗണന ഉള്ളത് കൊണ്ട് വേഗം ഡ്യുട്ടി ശെരിയായി. സൂപ്പര്‍വൈസര്‍ ജോലി വിവരിച്ചു കൊണ്ട് മോര്‍ച്ചറിയിലേക്ക് തനിക്കൊപ്പം നടന്നു. തൊണ്ട വരളുന്നു… കാലുകള്‍ മരവിക്കുന്ന പോലെ.
നിരനിരയായി ബാങ്ക്ലോക്കറുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന പെട്ടികള്‍. ഓരോ പെട്ടിയുടെ മുന്‍വശത്തും രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങള്‍ … സൂപ്പര്‍വൈസര്‍ ഒരു വശത്തെ പെട്ടികള്‍ ചൂണ്ടിക്കാട്ടി.
‘ഇതിലെ ബോഡികളെല്ലാം കൊണ്ടുപോകുന്നതുവരെ ആഴ്ചയിലൊരിക്കല്‍ അവ മാറ്റി ട്രേ വൃത്തിയാക്കണം. ഇപ്പോള്‍ ആ ട്രേ വൃത്തിയാക്കു’
ശെരി സര് എന്നുപറയാന്‍ പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇന്നലെവരെ താന്‍ ഇതിന്റെ വാതിലിനു നേരെ പോലും നോക്കുകയില്ലായിരുന്നു. കുറെ നിര്‍ദ്ദേശങ്ങള്‍ തന്നും, ചെയ്യേണ്ട ജോലികള്‍ കാണിച്ചു തന്നും അയാള്‍ പോയി.
ആദ്യം വൃത്തിയാക്കേണ്ട പെട്ടി നോക്കി റോസയ്യ നിന്നു, 358 … ജീവിതത്തിന്റെ കണക്ക് തെറ്റിയവരുടെ അക്കങ്ങള്‍! അയാള്‍ വീണ്ടും ആ നമ്പരിലെയ്ക്ക് ഒന്നുകൂടി നോക്കി. എന്തോ മനസ്സില്‍ കൊള്ളുന്നതുപോലെ… അല്ലെങ്കിലും തനിക്കുള്ളതാണ്, ചില കാര്യങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സില്‍ എന്തോ ഒരുതരം കാഴചകള്‍ നിറയുന്നതുപോലെ…
അന്നത്തെ വേനലവധിയക്ക് കോളേജില്‍ നിന്നും വന്നപ്പോള്‍ ഗ്രാമത്തില്‍ മുഴുവന്‍ പുതിയ കമ്പനിയുടെ സൌജന്യ പരുത്തി വിത്തും, വളവും വിതരണം ചെയ്യുന്നതിന്റെ വിശേഷങ്ങള്‍ ആയിരുന്നു.
‘എന്തോ കുഴപ്പുമുണ്ട് അപ്പാ, നമുക്കിത് വേണ്ട’ എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ വിളവില്‍ നല്ല ലാഭം കിട്ടിയവരുടെ കാര്യം അദ്ദേഹം പറഞ്ഞു.
‘എന്നാലും വേണ്ടപ്പാ … വലിയവരുടെ സൌജന്യങ്ങളുടെ പിന്നില്‍ പലപ്പോഴും ഒളിച്ചിരിക്കുന്ന ചതി ഉണ്ടാകും’
‘ഇപ്പോള്‍ ഞാനും ബസയ്യയും മാത്രമേ കമ്പനിവിത്ത് വാങ്ങാതെ കൃഷി ചെയ്യുന്നവരായിട്ടുള്ളു, എന്നാലും നീ പറയുന്നതില്‍ കാര്യം ഉണ്ടാകും… അപ്പനറിയാം.’
അപ്പന് അഭിമാനത്തോടെ തന്നെ നോക്കി.
അദ്ദേഹത്തിനറിയാത്ത കാര്യങ്ങളില്‍ തന്റെ വാക്കുകള്‍ ആയിരുന്നു അപ്പന് അവസാന തീരുമാനം. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു രണ്ടു കുടുംബങ്ങള്‍ക്കും. കമ്പനിയുടെ താല്പര്യങ്ങള്ക്ക് വഴങ്ങാതെ നിന്നതിനു തനിക്ക് അപ്പനും, ബസയ്യക്ക് തന്റെ മകളും നഷ്ടമായി. പിച്ചിച്ചീന്തിയ ബസന്തി ഒരുപകല്‍ മുഴുവന്‍ ഒറ്റമരക്കൊമ്പില് തൂങ്ങി ആടി.
കൃഷിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോള്‍ അന്തകന്‍ വിത്തു നല്കി അവര്‍ എല്ലാവരെയും ചതിച്ചു. പരുത്തി കൃഷിയില്‍ നഷടം വന്നു ആത്മഹത്യ ചെയ്തവര്‍ എന്ന പേരില്‍ തന്റെ ഗ്രാമത്തിലെ മിക്കവാറും കൃഷിക്കാര്‍ സര്‍ക്കാര്‍ കണക്കുപുസ്തകത്തിലെ വെറും അടയാളങ്ങള്‍ മാത്രമായി. ഇരകള്‍ മാത്രമാകാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അതില്‍ കൂടുതല്‍ എന്ത് മേല്‍വിലാസം ഉണ്ടാകാനാണ്!
സര്‍ക്കാര്‍ ദുരിതാശ്വാസം ഇടനിലക്കാരിലൂടെ പലരുടെയും കയ്യിലെത്തിയപ്പോള്‍ ശവമടക്കിന്റെ കടം വീട്ടാന്‍ പോലും തികയാതായി. കമ്പനിക്കെതിരെ പ്രതിഷേധജ്വാലകളുമായി ഇറങ്ങിത്തിരിച്ചവരെ അന്തകന്‍ വിത്ത് കമ്പനിയുടെ ബിനാമിയായ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആള്ക്കാര് തൊഴില്‍ വാഗ്ദാനങ്ങള്‍ നല്കി വശത്താക്കി. വരണ്ടുണങ്ങിയ പരുത്തി പാടങ്ങള്‍ ഉപേക്ഷിച്ചു നാട് വിട്ടവര്‍ക്കൊപ്പം ജീവിതം നെയ്തെടുക്കാന്‍ ഈ മണല്നഗരത്തില് ഒരുപാടുപേര് എത്തി. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരും. അവര്‍ക്കൊപ്പം താനും.
‘ആഹാ, താന്‍ ഇതുവരെ അത് വൃത്തിയാക്കിയില്ലേ? ഇങ്ങനെ ആലോചിച്ചു നിന്നാല്‍ പണി തീരില്ല…’
സൂപ്പര്‍വൈസര്‍ അല്പം ഈര്‍ഷ്യയോടെ നോക്കി. പിന്നെ 358ആം നമ്പര്‍ പെട്ടിയുടെ മൂടി തുറന്നു. കട്ടിയുള്ള വെള്ളത്തുണിയില്‍ പൊതിഞ്ഞിരുന്ന രൂപത്തില്‍ നിറയെ ഐസ് പറ്റിപിടിച്ചിരുന്നു…. നാവു കുഴയുന്നു … ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.. അയാള്‍ വേഗം കണ്ണുകള്‍ ഇറുക്കി അടച്ചു. റാംസിങ്ങിന്റെ സഹായത്തോടെ ട്രേയില്‍ നിന്നും ബോഡി എടുത്ത് വൃത്തിയാക്കിയ മറ്റൊരു ട്രെയിലേക്ക് മാറ്റി.. ഗ്ലൌസുകള്‍ക്കുള്ളിലും കൈ വിരലുകള്‍ തണുത്തു മരവിച്ചു.
ആരായിരിക്കും ഇതില്‍… ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയതാണോ? അതോ ഇഷ്ടത്തോടെ മരണത്തിനോപ്പം പോയതാണോ? ഒന്ന് മുഖം കണ്ടിരുന്നെങ്കില്‍..
അയാളുടെ ചിന്തയില്‍ മിന്നല്‍ പിണരുകള്‍ പോലെ ഒരു രൂപം മിന്നി മറഞ്ഞു. അടച്ചു വെച്ചിരിക്കുന്ന പെട്ടിയില്‍ നിന്നും ഒരു സുതാര്യമായ നിഴല്‍രൂപം തന്റെ മുന്നില്‍ വന്നു നില്‍ക്കുന്നപോലെ… അതിന്റെ വയറിന്റെ ഭാഗത്ത് പതിച്ചിരിക്കുന്ന നമ്പര്‍ 358! ആ രൂപത്തിന്റെ ചുണ്ടുകള്‍ പതുക്കെ അനങ്ങി
‘ഹേയ്.. എന്തിനാ എന്നെപറ്റി ഇങ്ങനെ ആലോചിക്കുന്നത്, ഞാന്‍ ആരെന്നറിയണോ .. അതാ നോക്ക്.. ‘
അയാളുടെ ബോധമണ്ഡലങ്ങളുടെ പാളികള്‍ ഒന്നൊന്നായി അടര്‍ന്നു വീണു. ഗോദാവരിയുടെ കരയിലെ ആശ്രമ മണ്പാതയില് പുലര് മഞ്ഞില്‍ നടന്നു പോകുന്ന ഗുരുജി… കയ്യില്‍ താന്‍ വരച്ച ബസന്തിയുടെ ചിത്രം… അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ തന്നോട് സംസാരിക്കുന്നുണ്ട്…
‘നിന്റെ ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്… കല കച്ചവടം ചെയ്യാനുള്ളതല്ല, പക്ഷെ കലയും കണക്കും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ഇത് ‘ഗോള്‍ഡന്‍ റേഷ്യോയിലുള്ള’ ചിത്രമാണ്. നീ കേട്ടിട്ടുണ്ടോ,3,5.8,13 … ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി. അതിലെ സംഖ്യകള്‍ക്ക് നിയതമായ ഒരു താളമുണ്ട്, ദൂരമുണ്ട്. ഭൂമിയിലെ അതിമനോഹരമായവ എല്ലാം ഈ ക്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്… നിന്റെ ബസന്തിയും. ഈ അനുപാതത്തില്‍ അവയവങ്ങള്‍ ഉള്ളവള്‍ ആരെയും മോഹിപ്പിക്കുന്നവള്‍ ആയിരിക്കും…’
‘ചിത്രകലയില്‍ മാത്രമല്ല എല്ലാ മേഖയിലയിലും ഇതിന്റെ സിദ്ധാന്തം പ്രയോഗിക്കുന്നുണ്ട്. വ്യവസായത്തില്‍, ആര്‍ക്കിടെക്ചറില്‍, എന്തിനു ഫിനാന്‍സില്‍ പോലും ഉപയോഗിക്കുന്നു. നീ ചരിത്രം പഠിക്കാനുള്ളവന്‍ അല്ല, നിന്റെ ലോകം ചിത്രകലയാണ്. ദരിദ്രന്റെ ശരീരഭാഷ നീ ആദ്യം മാറ്റ്… നിന്റെ കഴിവുകള്‍ വില്ക്കാന് പഠിക്ക് കുഞ്ഞേ…’
തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നും, ഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറില്‍ എന്തോ എഴുതി വെച്ചിരിക്കുന്നു… റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു .. അയാള്‍ അലറിക്കരഞ്ഞു…
‘റോസയ്യാ … കണ്ണ് തുറക്കു..’
ആരാണ് തന്നെ കുലുക്കി വിളിക്കുന്നത്? ചുണ്ടില്‍ തണുത്ത വെള്ളത്തിന്റെ നനവ്… ബസന്തി ചൂടാറുള്ള കൊളുന്തിന്റെ മണം.
‘താന്‍ എന്റെ ജോലി കൂടി കളയുമല്ലോ’.
താഴെ വീണുകിടന്ന അയാളെ താങ്ങി എഴുനേല്‍പ്പിച്ച് സൂപ്പര്‍വൈസര്‍ പറഞ്ഞു.
‘നാശം … ഇനി ഡ്യുട്ടി മാറ്റാനും പറ്റില്ല.’
‘ഇല്ല സര്, ഞാന്‍ … ഇനി ഇങ്ങനെ ഉണ്ടാവില്ല’
റോസയ്യ തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി.
ജീവിതത്തിന്റെ നോവും വേവുമായി ഭൂമിയുടെ അങ്ങേ തലയ്ക്കലോളം നടന്നു തളര്‍ന്നവനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കുന്ന റോസയ്യയുടെ മുഖത്തേയ്ക്ക് നോക്കുവാനാവാതെ അയാള്‍ കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി നീട്ടി. പിന്നെ അവന്റെ ശോഷിച്ച ചുമലില്‍ തട്ടി ചോദിച്ചു…
‘ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?’
റോസയ്യ വേച്ച് വേച്ച് എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. 358ആം നമ്പര്‍ ശവപ്പെട്ടിയില്‍ നിന്നും ഇറങ്ങിയ രൂപരഹിതമായ ഒരു നിഴല്‍ അപ്പോഴും അയാള്‍ക്ക് ചുറ്റും ഒഴുകുന്നുണ്ടായിരുന്നു
133 total views, 1 views today
