ത്രീ ഡി പ്രിന്റിംഗ് ലോകം കീഴടക്കുകയാണ്. കൈയ്യിലൊതുങ്ങുന്ന വസ്തുക്കളില്‍ നിന്നും വലിപ്പം കൂടിക്കൂടി വലിയ കെട്ടിടങ്ങള്‍ വരെ നിര്‍മിക്കാം എന്ന നിലയിലേയ്ക്ക് ഈ പുത്തന്‍ സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞു. ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് വിന്‍സന്‍ എന്ന ചൈനീസ് കമ്പനി ഒരൊറ്റ ദിവസം കൊണ്ട് പത്ത് ഒരുനിലക്കെട്ടിടങ്ങള് ഈ സങ്കേതം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്.
നാല് കൂറ്റന്‍ പ്രിന്ററുകള്‍ ആണ് ഇതിനായി അവര്‍ ഉപയോഗിച്ചത്. സിമന്റും നിര്‍മാണ അവശിഷ്ടങ്ങളും ആണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇവ ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്തു ഓരോരോ ലെയര്‍ ആയിട്ടാണ് ഭിത്തികള്‍ ഉണ്ടാക്കിയിരിക്കുന്നത്.
പരിസ്ഥിതി അനുകൂല സാങ്കേതികവിദ്യ ആയതിനാല്‍ ഇതിനു ദൂഷ്യവശങ്ങള്‍ ഒന്നും ഇല്ല. ചെലവ് കുറവ്. പണിക്കൂലി ലാഭം. ഇത്തരം വീടുകള്‍ക്ക് മേന്മകള് അനവധിയാണ്. ഒരു വീട് നിര്‍മിക്കാന്‍ ആകെ 5000 ഡോളര്‍ മാത്രമേ ചെലവ് വന്നിട്ടുള്ളൂ. വളരെ ലളിതമായ വീടുകള്‍ ആണ് നിര്‍മിച്ചിരിക്കുന്നത് എങ്കിലും അംബരചുംബികള്‍ നിര്‍മിക്കാന്‍ പോലും പര്യാപ്തമാണ് ഈ സാങ്കേതികവിദ്യ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.