4 years of petta
✒️അഭിഷേക് എം ;
സൂപ്പർ സ്റ്റാർ രജനിയുടെ ടൈറ്റിൽ കാർഡും, സിനിമയുടെ ടൈറ്റിലും കഴിഞ്ഞ് നേരെ പോകുന്നത് ഒരു ആക്ഷൻ സീനിലേക്കാണ്. അടിയേറ്റു വീണ ഗുണ്ടകൾക്കും,ഉടഞ്ഞും തകർന്നും കിടക്കുന്ന മേശകൾക്കും കസേരകൾക്കും ഇടയിലൂടെ ക്യാമറ ചെന്നു നിൽക്കുന്നത് ഒരു ചർച്ചിൻ്റെ മുന്നിലേയ്ക്കാണ്.
“കോളേജ് പസങ്ക പഞ്ചായത്ത്ക്ക് എത്ക്ക് ഡാ ഇത്തന പേര്?”
എണ്ണം പോരാതെ വന്നതിനാൽ ഹോസ്റ്റലിലേക്ക് പുതുതായി അയക്കപ്പെട്ട ഗുണ്ടകളിലൊരാൾ സന്ദേഹത്തോടെ ചോദിച്ചു.
“ഇല്ലണ്ണ നാങ്ക പോണാ, ദിഡീന്ന് നടൂല് പൂന്ത് ഒരു ഹോസ്റ്റൽ വാർഡൻ എല്ലാത്തെയും കലൈച്ചുടന്ന… സെമ്മ അടി”
നായകനിലേക്കുള്ള ബിൽഡ് അപ്പ് അവിടെയാരംഭിക്കുന്നു.
“ഇത്തന പേര് എരുമ കണക്ക ഉള്ള ഇരുക്കാങ്ക. ഒരുത്തനെ മുടിക്ക വാക്കി ഇല്ല ?”
“ഇല്ലണ്ണാ ഇന്നേരമാ മുടിച്ചിട്ട് ഇരുപ്പാങ്ക”
ഗുണ്ടകളിലൊരാൾ അടച്ചിട്ട ചർച്ചിട്ട വാതിൽപ്പഴുതിലൂടെ ഉള്ളിലേയ്ക്ക് നോക്കുന്നു. അകത്തു നടക്കുന്നത്, താൻ കണ്ടത് വിശ്വസിക്കാനാവാതെ അയാൾ അലറിവിളിച്ചു.
“അണ്ണേ നമ്മ ആള്ങ്ക താൻ ഉള്ള അടി വാങ്കിട്ടേ ഇരുപ്പാങ്ക””
കാളിയുടെ, പേട്ടയുടെ, സർവോപരി സാക്ഷാൽ രജനിയുടെ ഇൻട്രോയതാണ്, തലൈവരവിടെ അവതരിക്കുകയാണ്. ചർച്ചിനുള്ളിൽ തന്നിലേയ്ക്ക് ഓടിയടുക്കുന്ന ഗുണ്ടകളെ,എതിരാളികളെ ഓരോരുത്തരെയും നിർദാക്ഷിണ്യം വിളക്കുകാൽ കൊണ്ടയാൾ നേരിടുന്നു. ഇടയ്ക്കെപ്പോഴോ ശത്രുക്കളിലൊരാൾ തലയ്ക്കടിച്ചു വീഴ്ത്തുന്നുണ്ടെങ്കിലും ഉയിർത്തെഴുന്നേറ്റു കൊണ്ട് ക്യാമറയിലേക്ക് നോക്കി തലൈവർ ചോദിക്കുകയാണ് –
“നാൻ വീഴ്വേൻ എണ്ട്ര് നിന്നൈത്തായോ?”
പടം തുടങ്ങി ഒന്നാം സെക്കൻ്റിൽ തന്നെ ടോപ്പ് ഗിയറിലേക്ക്,പീക്ക് രജനിയിസത്തിലേക്ക് ഷിഫ്റ്റ് ചെയ്തുകൊണ്ട് കാർത്തിക് സുബ്ബരാജ് എന്ന രജനി ഫാൻബോയ് സംവിധായകൻ ഗെറ്റ് രജനിഫൈഡ് എന്ന വാഗ്ദാനം പാലിക്കുകയാണ്.
റാഗിങ്ങിന് പേരു കേട്ട കോളേജിൽ സ്പെഷ്യൽ റെക്കമൻഡേഷനിൽ ഹോസ്റ്റൽ വാർഡനായി ചാർജെടുക്കുന്ന കാളി ഒരു സാംപിൾ വെടിക്കെട്ടായി
“പാക്ക താനേ പോറേ ഇന്ത കാളിയോടെ അട്ടത്തെ”
എന്ന് പ്രഖ്യാപിച്ചു കൊണ്ട് തുടങ്ങുകയാണ്. അവിടെ നിന്നങ്ങോട്ട് അവസാന സെക്കൻഡിൽ പ്രേക്ഷകനോട്
“ഇന്ത ആട്ടം പോതുമാ കുളന്തൈ” എന്ന് ചോദിക്കുന്നത് വരെ ഒരു കംപ്ലീറ്റ് രജനികാന്ത് ഷോ ആണ് പേട്ട.
പീറ്റർ ഹെയ്ൻ്റെ ആക്ഷൻ കൊറിയോഗ്രഫി,വിവേക് ഹർഷൻ്റെ എഡിറ്റ്, തിരുനാവുക്കരസിൻ്റെ ഫ്രെയ്മുകൾ, നവാസുദ്ദീൻ സിദ്ദിഖിയും മക്കൾ സെൽവനും സിമ്രാനും തൃഷയുമടക്കമുള്ള സ്റ്റാർ കാസ്റ്റും അവരുടെ പെർഫോമൻസും, അനിരുദ്ധിൻ്റെ വൺ ഓഫ് ദ ബെസ്റ്റ് എന്ന് പറയാവുന്ന സൗണ്ട് ട്രാക്ക്, പറയാനുള്ളതൊക്കെ വെടിപ്പായിട്ട് പറയുന്ന എൻഗേജ് ചെയ്യിക്കുന്ന കാർത്തിക് സുബ്ബരാജിൻ്റെ എഴുത്തും മേക്കിങ്ങും, എല്ലാത്തിനും മുകളിൽ തലൈവർ താണ്ഡവം.
എസ്.പി.ബിയുടെ ശബ്ദത്തിൽ ആടിത്തിമിർക്കുന്ന എനർജി ലെവലിൽ യുവാക്കളെ മറികടക്കുന്ന രജനി, കൂളിംഗ് ഗ്ലാസും ഗണ്ണും സിഗററ്റും ഒക്കെ വെച്ച് വിൻ്റേജ് രജനിയെ ഓർമിപ്പിക്കുന്ന സ്റ്റൈലിഷ് രംഗങ്ങൾ, ആരെയും ഭസ്മമാക്കി കളയുന്ന തീവ്രമായ നോട്ടം, കംഫേർട്ടബിൾ ആയി ചെയ്ത് തീർക്കുന്ന-കൈയ്യടി വാങ്ങിക്കുന്ന ആക്ഷൻ സീക്വൻസുകൾ അതിൽ തന്നെ Nunchaku ഫൈറ്റ്, കൊലപാതകത്തിന് മുൻപ് കൊട്ടിനൊപ്പം നൃത്തം ചെയ്യുന്ന പക്കാ സ്വാഗ് മൊമൻ്റ്സ് പിന്നെ “കൊല ഗാണ്ടിലെ ഇരുക്ക് മവനേ കൊല്ലാതെ വിടമാട്ടേ” പോലുള്ള ഡയലോഗ്സ്…. 100% ശതമാനം രജനി പടമായിരിക്കുമ്പോഴും കാർത്തിക്ക് സുബ്ബരാജിൻ്റെ കൈയ്യൊപ്പും സിനിമയിലുടനീളം പതിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല.
റാഗിങ്ങിന് ഒരുമ്പെട്ടിറങ്ങിയ സീനിയർ സ്റ്റുഡൻ്റ്സിനോട് ” യെവന്ക്ക് യെവൻഡാ അടിമൈ” എന്ന് രജനിയെക്കൊണ്ട് ഗർജിപ്പിക്കുന്നതും,”സോത്തിലെ കൈ വെച്ചാ സുമ്മാവ വിട മുടിയാത്” എന്ന ഡയലോഗും, അടിയന്തിരാവസ്ഥ റഫറൻസും, ട്രാൻസ്ജെൻഡേഴ്സിനെ റെപ്രസെൻ്റ് ചെയ്യുന്ന രീതിയുമൊക്കെ കാർത്തിക്ക് ടച്ചാണ്. ചുരുക്കി പറഞ്ഞാൽ തലൈവർ ഷോയെ കാർത്തിക് സുബ്ബരാജ് മോൾഡിൽ രൂപപ്പെടുത്തിയാൽ എങ്ങനെ ഇരിക്കുമോ അതാണ് പേട്ട. തന്നെ ത്രസിപ്പിച്ച, പ്രചോദിപ്പിച്ച, ആർപ്പു വിളിയ്ക്കാൻ പ്രേരിപ്പിച്ച, അണ്ണാമലയിലും പടയപ്പയിലും ബാഷയിലും ആടിത്തിമിർത്ത തൻ്റെ ആരാധനമൂർത്തിയുടെ വിശ്വരൂപം അത്രമേൽ പരിചിതമല്ലാത്ത പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്ത പേട്ട എല്ലാ അർത്ഥത്തിലും ഒരു പെർഫെക്ട് ഫാൻബോയ് സംഭവമാണ്.
പേട്ടയുടെ പ്ലോട്ടിനെ പറ്റി, സെക്കൻഡ് ഹാഫിനെയും ക്ലൈമാക്സിനെയും പറ്റി വിഭിന്നാഭിപ്രായങ്ങളും വിമർശനങ്ങളും പലപ്പോഴും കണ്ടിട്ടുണ്ട്.അവരോട് പറയാനുള്ളത് അൾട്ടിമേറ്റ്ലി കാർത്തിക്ക് സുബ്ബരാജ് ഒരു രജനി ആരാധകനാണ്, കഥാന്ത്യത്തിൽ തലയുയർത്തി നിൽക്കേണ്ടത്,സുപ്രീമസി കാണിക്കേണ്ടത് രജനി തന്നെയാണെന്നതാണ് അയാളുടെ ബോധ്യം. അതിനാൽ തന്നെ വിജയ് സേതുപതിയ്ക്ക് ക്ലൈമാക്സിൽ കൂടുതൽ ഇംപാക്റ്റ് നൽകാൻ അയാൾ ശ്രമിക്കില്ല. സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് ഖുറേഷി അബ്രാമിലേക്കുള്ള കംപ്ലീറ്റ് ട്രാൻസ്ഫോർമേഷൻ സീൻ ടെയ്ൽ എൻഡിൽ പ്ലേയ്സ് ചെയ്യുന്നതിലൂടെ പൃഥിയും റോളക്സെന്ന പവർഫുൾ വില്ലനെ പത്തു മിനുട്ട് അഴിഞ്ഞാടാൻ വിട്ടിട്ട് പത്ത് സെക്കൻ്റ് ഷോട്ടിൽ റോളക്സ് പോലും വിക്രമിന് താഴെയാണെന്ന് കാണിക്കുന്നതിലൂടെ ലോക്കിയും പറഞ്ഞുവെയ്ക്കുന്നത് ഇതേ ബോധ്യമാണ്.കാർത്തിക്ക് സുബ്ബരാജിൻ്റെ ഒരേയൊരു വാഗ്ദാനം ഗെറ്റ് രജനിഫൈഡ് എന്നതായിരുന്നു, അതയാൾ ഭംഗിയായി പാലിച്ചു.