-Spoiler Warning-
Na Vas
നാലുവർഷത്തെ കോളേജു ജീവിതത്തിലെ അവസാന ദിവസം കളിതമാശകൾ പറഞ്ഞിരിക്കുന്ന കൂട്ടുകാർക്കിടയിൽ വെറുതെ ഒരു വ്യത്യസ്തത കാണിക്കാൻ ഡെസ്ക്കിൽ നഖംവെച്ചു ചുരണ്ടി നടക്കുകയാണ് പഠിപ്പിസ്റ്റ് ഗായത്രി. അവളെ എന്തോ അലട്ടുന്നുണ്ടെന്ന ചിന്തകൾ കാടുകയറിപ്പോകുന്ന നേരത്താണ് സ്ക്രീനിൽ അവന്റെ എൻട്രി. ങ്ഹാ, അവൻ തന്നെ!. ഏറെനാളായി കോളേജിൽ പോകാതെ, മുടിയും താടിയും വളർത്തി വീട്ടിലെ അടച്ചിട്ട റൂമിൽ ഡിസ്കോ ഗാനമിട്ട് തുള്ളി കലിപ്പടക്കിയിരുന്ന ഉഴപ്പൻ വിശാൽ (അർജുൻ റെഡ്ഢി lite). അത്യാവശ്യത്തിന് താടി വളർന്നപ്പോൾ അതിന്റെ ആവേശത്തിൽ കുറച്ചു കലിപ്പ് വാരി മുഖത്തിട്ടു തന്റെ വികാരവാഹനമായ ബുള്ളറ്റിൽ വായനശാലയിലേക്ക് പുറപ്പെടുകയാണ് അദ്ദേഹം.
ഇനി എന്തായിരിക്കും ആ വായനശാലയിൽ സംഭവിക്കുകയെന്ന ടെൻഷനിൽ ഇമവെട്ടാതെ ഇരുന്നപ്പോൾ ദാണ്ടെ, മേശപ്പുറത്തുനിന്നും പത്രമെടുത്തു ചരമകോളത്തിൽ തന്റെ പേരില്ലെന്ന് ഉറപ്പാക്കുകയാണ് ഈ വിശാൽ. താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവിന്റെ സന്തോഷത്തിൽ ലൈറ്റ് കലിപ്പൻ വിശാൽ മുഖത്തുള്ള കലിപ്പ് സ്ട്രോങ്ങാക്കാൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. വായനശാലയിൽ സ്മോക്കിങ് പാടില്ലെന്ന് മുരണ്ട ലൈബ്രേറിയനെ നോക്കി കലിപ്പെടുക്കാൻ പല്ലുകടിച്ചു മൂക്കിലെ തുളകളിൽ സമ്മർദ്ദം ചെലുത്തി നാസൽ ട്രിഗ്ഗർ വലിക്കാൻ ശ്രമിച്ചെങ്കിലും 31 സപ്ലികളുടെ ഓർമ്മ അവനെ ദുർബ്ബലനാക്കി.
അപ്പോഴാണ് കോളേജിൽ നിന്നും അവന്റെ മൊബൈലിലേക്ക് ഗായത്രിയുടെ ഫോൺകാൾ വന്നത്. അവളുടെ ഒരു വിളി പ്രതീക്ഷിച്ചിരുന്നപോലെ വിശാൽ പരസ്പര ബന്ധമില്ലാത്ത ചില പ്രധാന സമവാക്യങ്ങൾ ഗായത്രിയോട് വെളിപ്പെടുത്തി. അവയ്ക്ക് അവളുമായി ബന്ധമില്ലെങ്കിൽ കൂടിയും അതാലോചിച്ചു വിഷമിക്കുകയാണ് പാവം ഗായത്രി. 31 സപ്ലി ഉള്ളോണ്ട് പാസ്സായവരുടെ കൂടെനിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്താൽ പതിയില്ലെന്നും തനിക്കിനി സപ്ലി ക്ലിയർ ചെയ്യാതെ Higher Studies ന് പോകാൻ പറ്റില്ലെന്നും പറഞ്ഞു സെന്റിയിറക്കി വിശാൽ സംസാരം കട്ടുചെയ്യുന്നു. കാരണമറിയാതെ ഗായത്രി അപ്പുറത്തിരുന്ന് വിതുമ്പി.
ഇപ്പുറത്ത് വിശാൽ ഒരു സിഗരറ്റ് കത്തിച്ചു ലേശം കലിപ്പെടുത്തു. തത്സമയം വിശാലിന്റെ കോളേജിൽ എക്സാമിനറായി വന്നുപോയിരുന്ന അസിസ്റ്റന്റ് പ്രൊഫസർ ഊലാലാ സിങ്ങിന്റെ അച്ഛനും എക്സ് ഏജന്റുമായിരുന്ന ലക്കിസിങ് ചാരുകസേരയിൽ കിടന്നു പലവട്ടം തുമ്മി. Viva ക്ക് മാർക്ക് നൽകാത്ത ഊലാലാ എന്ന ഊള കാരണം ഇനിയെത്രകാലം തുമ്മിയിരിക്കണം എന്നറിയാതെ, ഓരോ തുമ്മലിലും തെറിച്ചു താഴെവീഴുന്ന തന്റെ Turban എടുത്തു വീണ്ടും തലയിൽ കെട്ടുന്ന ലക്കിസിങ്ങിന്റെ കഷ്ടപ്പാടിനെ കുറിച്ചോർത്തിരുന്നപ്പോഴാണ് ഒരു കരച്ചിൽ കേട്ടത്.
അതെ, സിനിമയിൽ പിന്നീട് അങ്ങോട്ട് വിശാൽ& ഗായത്രി ടീമിന്റെ സംസാരവും കരച്ചിലുമാണ്. വിശാലമായ ഗ്രൗണ്ടിൽ പോയിരുന്ന് അതിവിശാലമായി അവർ സംസാരിക്കുന്നു. പിന്നെ കാന്റീനിലെ കസേരകളിൽ ഇരുന്ന് ഓർഡർ ചെയ്യാതെ ഓസിനു സംസാരിക്കുന്നു. ഒഴിഞ്ഞ ക്ലാസ്റൂമിലെ ബെഞ്ചിലിരുന്ന് രഹസ്യമായി സംസാരിക്കുന്നു. ബൈക്കിൽ കറങ്ങി തുപ്പൽ തെറുപ്പിച്ചു സംസാരിക്കുന്നു. മരച്ചുവട്ടിൽ ചെരിഞ്ഞിരുന്ന് സംസാരിക്കുന്നു. പിന്നെ ഒരു കുടക്കീഴിൽ സ്ലോമോഷനിൽ നടന്നു സംസാരിക്കുന്നു. ശ്ശെടാ.. ഇങ്ങനെയുണ്ടോ ഒരു സംസാരം. ഇതെല്ലാം എന്തിനായിരിക്കുമെന്ന ആലോചന തലവേദന സൃഷ്ടിച്ചെടുക്കുമെന്ന കൃത്യസമയത്താണ് ആ ട്രാൻസ്ഫോർമേഷൻ.
വിശാൽ കലിപ്പന്റെ കുപ്പായം ഊരിവെച്ചു ഗുൽമോഹർ ഗുലാനായി മാറുന്നു. പണ്ടൊരിക്കൽ ഗുണ്ടൽപേട്ട വഴി മൈസൂരിൽ പോയ അനുഭവത്തിന്റെ നഗ്നവെളിച്ചത്തിൽ അവൻ ഗായത്രിയോട് പറയുകയാണ്..
“തൊട്ടാൽ പൂക്കുമെന്ന് പേടിച്ചു നീ പൊത്തിവെച്ച ഇടങ്ങളിൽ ഞാനൊന്നു തപ്പിക്കോട്ടെ.. നല്ല ഫുഡും ബ്യൂട്ടിഫുൾ ടൈമും തരാം.!.”(പിന്നീട് നമ്മളിടങ്ങളിൽ നടന്നത് എന്തെന്നറിയാൻ സിനിമ കാണുക!)
ആത്മാർത്ഥ പ്രണയത്തിന്റെ ദൃശ്യാവിഷ്ക്കാരം.
-4 Years-