40 കഴിഞ്ഞ പുരുഷന്‍മാര്‍ മക്കള്‍ക്ക്‌ ജന്മം നല്കാതിരിക്കലാണ് ഉത്തമമെന്ന് പഠനം !

0
654

01

തങ്ങളുടെ ജീവിതത്തിലെ എല്ലാ അടിച്ചു പൊളിക്കലും ആഘോഷങ്ങളും കഴിഞ്ഞ ശേഷം നാല്‍പ്പതാം വയസ്സില്‍ അത് പോലെ നടന്നൊരു പെണ്ണിനേയും കെട്ടി ഒരു കുട്ടിയേയും ഉണ്ടാക്കി ഭാവി ജീവിതം ശോഭനമാക്കാം എന്ന് കരുതുന്നുവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ആ വയസ്സില്‍ വിവാഹം കഴിക്കുന്നതൊക്കെ കൊള്ളാം. ദയവായി കുട്ടികളെ ഉണ്ടാക്കരുത് എന്നൊരു അഭ്യര്‍ത്ഥന നടത്തുന്നത് നമ്മളല്ല, മറിച്ച് സ്റ്റോക്ക്‌ഹോമിലെ കാരോലിന്‍സ്‌ സര്‍വകലാശാലയും ഇന്ത്യാനാ സര്‍വ്വകലാശാലയും ആണ്. അവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത്തരക്കാര്‍ തങ്ങളുടെ നാല്‍പ്പതോ അതിനു മുകളിലോ ഉള്ള പ്രായത്തിലോ മക്കള്‍ക്ക്‌ ജന്മമേകാതിരിക്കുന്നതാണ്‌ ഉത്തമമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്.

തങ്ങളില്‍ യുവത്വം നിറഞ്ഞു നില്‍ക്കുന്ന വേളയില്‍ അച്ചനായില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കുട്ടികള്‍ മന്ദബുദ്ധികളോ മറ്റോ ബാധിച്ച മക്കള്‍ ആയിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 40 മുതല്‍ അങ്ങോട്ട്‌ ഈ സാധ്യത കാണുന്നുണ്ടത്രെ. 45 വയസ്സിനു മുകളിലാണ് മക്കള്‍ എങ്കില്‍ അവരില്‍ മനോരോഗം, ഓട്ടിസം , ശ്രദ്ധകുറവ്‌ തുടങ്ങിയ രോഗസാധ്യതകള്‍ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രായം കൂടുംതോറും പുരുഷ ബീജത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് ഈ തകരാറിന് കാരണമായി വിദഗ്ദ ഡോക്ടമാര്‍ അടങ്ങിയ സംഘം കണ്ടെത്തിയത്. പ്രായമേറും തോറും പുരുഷ ബിജത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന വിഷ പദാര്‍ത്ഥങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും ഇത്‌ പ്രത്യുല്‌പാദനത്തില്‍ ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.

അച്ഛനാവാന്‍ പറ്റിയ ഏറ്റവും നല്ല പ്രായവും ഇവര്‍ പറയുന്നുണ്ട്. ഒരു പുരുഷന് 20 മുതല്‍ 24 വയസാണത്രെ ഏറ്റവും നല്ല കാലം. ആദ്യ കുഞ്ഞ് ഈ കാലയളവില്‍ ജനിച്ചിരിക്കണം. തുടര്‍ന്ന്‍ 35 വയസ്സ് വരെ പുരുഷന്റെ സുവര്‍ണ്ണ കാലമായിരിക്കും. സ്ത്രീകള്‍ക്ക് ആദ്യത്തെ ഗര്‍ഭധാരണം 25 വയസ്സിനു മുന്‍പേ നടന്നിരിക്കണം എന്ന തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട്‌ മുന്‍പ് ബൂലോകം പ്രസിദ്ധീകരിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. 25 വയസ്സിനു മുകളില്‍ ആണ് ആദ്യ ഗര്‍ഭധാരണം എങ്കില്‍ അബോര്‍ഷന്‍ സാധ്യത കൂടുമെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്.

തല നരച്ച ശേഷം ഈ പണിക്ക് പോകുന്നവരുടെ കുട്ടികളില്‍ മുകളില്‍ പറഞ്ഞ പോലെ മനോരോഗം, ഓട്ടിസം, ശ്രദ്ധകുറവ്‌, ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്‌, പഠനവൈകല്യം എന്നീ പ്രശ്നങ്ങള്‍ ആണത്രേ ഉണ്ടാവുക.

എന്തായാലും പുതിയ പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നതോടെ സ്വാതന്ത്ര്യം ആഗ്രഹിച്ചു പോകുന്നവര്‍ക്കാണ് ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. ആയ കാലത്ത് എല്ലാ സൌഭാഗ്യവും വിവാഹം കഴിക്കാതെ തന്നെ അനുഭവിച്ച ശേഷം അവസാന കാലത്ത് നോക്കാന്‍ ആളുണ്ടാവില്ല എന്ന് കരുതി വിവാഹം കഴിക്കുന്ന കൊച്ചമ്മമാരും അപ്പൂപ്പന്മാരും ഈ വാര്‍ത്ത‍ ഒന് വായിച്ചാല്‍ നല്ലത് എന്നാണ് പറയുവാനുള്ളത്.

വിവാഹം നേരത്തെ കഴിഞ്ഞു വെങ്കിലും തങ്ങളുടെ സൌന്ദര്യത്തിനു തകരാര്‍ പറ്റുമോ എന്ന് പേടിച്ചു ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പത്തുമുപ്പത്തിയഞ്ചു വയസ്സ് വരെ പ്രയോഗിക്കുന്ന യുവതികളും ഈ പഠന ഫലത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. മധുവിധുവിന് വേണ്ടി ഏറെ കാലം നീട്ടി വെക്കുന്നവരും ഈ ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. പലര്‍ക്കും കുഞ്ഞിനെ നോക്കാനുള്ള മടി ആയിരിക്കും. മറ്റു ചിലര്‍ക്കാണെങ്കില്‍ ജോലിത്തിരക്കായിരിക്കും. എന്തായാലും ഇവരുടെ ജോലിയൊക്കെ കഴിയുമ്പോഴേക്കും ജനിക്കുന്ന കുഞ്ഞിന് ബുദ്ധിയില്ലെങ്കില്‍ പിന്നെ എന്തായിരിക്കും അവസ്ഥ? മറ്റാരെയും പഴിചാരി പോകുവാന്‍ ആകില്ലല്ലോ.