രാവിലെ സൂര്യന് ഉദിക്കും മുന്‍പേ തന്നെ എണീറ്റ് ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട ഭാവം നടിചിരിക്കില്ല. ഒടുവില്‍ മണ്ണും ചാരി നിന്നവന് പെണ്ണിനേയും കൊണ്ട് പോയി എന്ന് പറഞ്ഞപോലെ നമ്മളെക്കാള്‍ സമ്പത്തിലും ജീവിതനിലവാരത്തിലും കുറഞ്ഞവര്‍ എല്ലായിടത്തും വിജയിക്കുമ്പോള്‍ നമുക്കന്നു മാതാപിതാക്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാവും.
2009 ല്‍ യൂനിവേഴ്സിറ്റി ഓഫ് ലൈപ്സിഗ് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അതായത് അതിരാവിലെ എഴുന്നേറ്റ് കാര്യങ്ങള്‍ ആരംഭിക്കുന്നവര്‍ മൂടിപ്പുതച്ചു കിടന്നുറങ്ങി നട്ടുച്ചക്ക് എണീക്കുന്നവരേക്കാള് പ്രൊ ആക്ടീവ് ആണെന്നാണ് അവര്‍ കണ്ടെത്തിയത്.
എന്നാല്‍ ഇതില്‍ ഫലപ്രദമായ കാര്യം അതിരാവിലെ എഴുന്നേല്ക്കുക എന്നതില്‍ മാത്രമല്ല. ആ സമയത്ത് എഴുന്നേറ്റ് ഒരു പോസിറ്റീവ് മാനസികാവസ്ഥയില്‍ മറ്റുള്ളവരേക്കാള്‍ മുന്‍പ് പ്രാധാന്യമുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക എന്നതിലാണ്. അല്ലാതെ സൂര്യനുദിക്കും മുന്‍പേ അലാറം വെച്ച് ചാടി എഴുന്നേറ്റ് സിസ്റ്റം ഓണ്‍ ചെയ്ത് ടോറന്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ വെച്ച് ശേഷം ടിവി ഓണ്‍ ചെയ്ത് ചടഞ്ഞു കൂടി അമ്മ പ്രാതല്‍ ഉണ്ടാക്കും വരെ ഇരിക്കുന്നതിനെ കുറിച്ചല്ല പറഞ്ഞു വരുന്നത്.
അത് കൊണ്ട് തന്നെ നിങ്ങളുടെ ഒരു ദിവസം ചില നല്ല കാര്യങ്ങള്‍ ചെയ്തു കൊണ്ട് ആരംഭിക്കണം. അത്തരം തിരഞ്ഞെടുത്ത ഏഴു നല്ല കാര്യങ്ങള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം. നടപ്പില്‍ വരുത്തുവാന്‍ പ്രയാസം ഉള്ളതും എന്നാല്‍ ജീവിതത്തില്‍ അത് കൊണ്ട് വന്നാല്‍ ഒട്ടേറെ നന്മകള് ഉള്ളതുമായ ആ ഏഴു കാര്യങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ നിന്നറിയാം.
തലേന്ന് രാത്രി തന്നെ തീരുമാനങ്ങള്‍ എടുക്കുക
ഇതൊരു പ്രഭാത കൃത്യം അല്ല എങ്കിലും വിജയകരമായ ഒരു ദിനത്തിന് പ്രേരകമായി തീരുന്ന ഒരു ഹാബിറ്റ് ആണിത് എന്നതില്‍ ആരും സംശയം പ്രകടിപ്പിക്കേണ്ട.
അത് കൊണ്ട് തന്നെ ഒരു വിജയകരമായ പ്രഭാതം സൃഷ്ടിക്കുന്നതിന് തലേന്ന് രാത്രി തന്നെ നല്ലൊരു ഗെയിം പ്ലാന്‍ ഉണ്ടാക്കി വെക്കുക. തലേന്ന് രാത്രി എല്ലാം റെഡി ആക്കി പിറ്റേന്ന് എണീക്കുമ്പോള്‍ കൂടുതല്‍ ചിന്തിക്കാതെ നിങ്ങള്‍ തീരുമാനിച്ചുറച്ച കാര്യങ്ങള്‍ ആരംഭിക്കുക എന്നതിലാണ് വിജയം ഇരിക്കുന്നത്. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് എന്ത് വേണം എന്ന് വരെ തീരുമാനിച്ചുറച്ച ശേഷം മാത്രം ഉറങ്ങുക.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ വളരെ സിമ്പിള്‍ ആണെന്ന് തോന്നും. എന്നാല്‍ രാത്രി വീട്ടിലെത്തി സോഫയില്‍ ഇരുന്ന് ടിവിയും ഓണ്‍ ചെയ്തു അത് കണ്ടു ഇരിക്കുമ്പോള്‍ ഈ പറഞ്ഞത് പിറ്റേന്നത്തെക്ക് മാറ്റി വെക്കാനാകും നിങ്ങളുടെ മടി നിങ്ങളെ കൊണ്ട് പറയുക.
എത്ര വിഷമകരം ആണെങ്കിലും അതിരാവിലെ എഴുന്നേല്ക്കുക
ക്ഷമിക്കണം നിങ്ങള്‍ എത്ര മാത്രം രാത്രിയെ പകലാക്കുന്നവര്‍ ആണെങ്കിലും ഈ ഹാബിറ്റ് ജീവിതത്തില്‍ കൊണ്ട് വരേണ്ടിയിരിക്കുന്നു.
20 ഓളം ടോപ് എക്സിക്യുട്ടീവ്സിനെ വെച്ച് കൊണ്ട് ടൈം മാനേജ്മെന്റ് വിദഗ്ധയായ ലോറ വാണ്ടെര്‍കാം നടത്തിയ പഠനത്തില്‍ 90% വും പറഞ്ഞത് അവരുടെ പ്രവര്‍ത്തി ദിനങ്ങളില്‍ അവര്‍ രാവിലെ 6 മണിക്ക് മുന്‍പേ എഴുന്നെല്‍ക്കുന്നവര്‍ ആണെന്നാണ്. പെപ്സി സിഇഒ ഇന്ദ്ര നൂയി അതിരാവിലെ 4 മണിക്ക് എഴുന്നേല്ക്കുന്ന സ്വഭാവക്കാരിയാണ്. രാവിലെ 7 നു മുന്‍പേ അവര്‍ ഓഫീസിലെത്തുകയും ചെയ്യും. ഡിസ്നി സിഇഒ ബോബ് ഐഗെര്‍ രാവിലെ 4 30 ന് എണീറ്റ് വായിക്കാന്‍ ഇരിക്കുന്ന കക്ഷിയാണ്. ട്വിറ്റെര്‍ സിഇഒ ജാക്ക് ഡോര്സിയാവട്ടെ 5 30 നു എണീറ്റ് ജോഗിങ്ങിന് പോകുന്നയാളാണ്.
അതെ ഇങ്ങനെയെല്ലാം ജീവിതത്തില്‍ കൊണ്ട് വരുന്നതിനു നിങ്ങള്‍ തലേന്ന് രാത്രി അത്യാവശ്യം നേരത്തെ ബെഡിലെക്ക് പോവേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നേരത്തെ പൊങ്ങാന്‍ സാധിക്കൂ. അല്ലാതെ ഉറക്കം കളയാന്‍ ആരും ആവശ്യപ്പെടുന്നില്ല.
നിങ്ങളുടെ പ്രഭാതം വ്യായാമം കൊണ്ട് ആരംഭിക്കുക
സൂര്യോദയത്തിനു മുന്‍പേ ഉഗ്രന്‍ വര്‍ക്കൌട്ട് ചെയ്ത് ഒരു മസില് മാന്‍ ആവണം എന്ന അത്യാഗ്രഹവുമായി നടക്കുന്ന ചിലരെ കാണാം. ആ ആഗ്രഹവും മനസ്സില്‍ വെച്ച് ഉച്ചവരെ മൂടിപ്പുതച്ചു കിടന്നുറങ്ങി ദിനങ്ങള്‍ തള്ളി നീക്കുകയാകും അവരുടെ പ്രധാന പണി.
അങ്ങിനെ അത്യാഗ്രഹം ഒന്നുമില്ലാതെ നിങ്ങളുടെ പ്രഭാതം ചെറിയൊരു എക്സര്‍സൈസ് കൊണ്ട് ആരംഭിക്കുക. ടൈം മാനേജ്മെന്റ് വിദഗ്ധയായ ലോറ വാണ്ടെര്‍കാം പറയുന്നത് സെരോക്സ് സിഇഒ ഉര്‍സുല ബേണ്‍സ് ആഴ്ചയില്‍ രണ്ടു ദിവസം ഒരു മണിക്കൂര്‍ വീതം എക്സര്‍സൈസ് എടുക്കാറുണ്ട് എന്നാണ്.
യു എസ് പ്രസിഡന്റ് ഒബാമയാവട്ടെ ഓരോ ദിനവും ആരംഭിക്കുന്നത് ശാരീരികാഭ്യാസം കൊണ്ടാണ്. ട്വിറ്റെര്‍ സിഇഒ ജാക്ക് ഡോര്‍സി 7 മിനുട്ട് വര്‍ക്കൌട്ട് മൂന്നു തവണയാണ് നടത്താറുള്ളത്. ഇവരെല്ലാം വളരെ തിരക്കുള്ള ആളുകള്‍ ആണെങ്കിലും അവരതിനും കൂടി സമയം കണ്ടെത്തുന്നു എന്നതാണ് അവരെ ആ സ്ഥാനത്തേക്ക് എത്തുവാന്‍ സഹായിച്ചത് എന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി ടൈം മാനേജ്മെന്റ് വിദഗ്ധയായ ലോറ വാണ്ടെര്‍കാം പറയുന്നു.
മുന്‍ഗണന ക്രമം അനുസരിച്ച് പ്രൊജക്റ്റുകള്‍ ചെയ്യുക
യാതൊരു തടസ്സങ്ങളും ഇല്ലാതെ ജോലി ചെയ്യാന്‍ പറ്റിയ സമയം ആണ് എല്ലാരും കൂര്‍ക്കം വലിച്ചുറങ്ങുന്ന പ്രഭാത സമയം. അത് കൊണ്ട് തന്നെ ആ സമയത്ത് നമ്മുടെ ഏറ്റവും പ്രാധാന്യം ഉള്ള പ്രോജക്റ്റ് തന്നെ എടുത്തു അത് ചെയ്തു തീര്‍ക്കുവാന്‍ ശ്രമിക്കുക.
ലോറ വാണ്ടെര്‍കാം ഒരു ബിസിനസ് വിദഗ്ടയുടെ ഉദാഹരണം നമ്മോടു പറയുന്നു. ഓരോ ദിവസവും ബിസിനസ് മീറ്റിങ്ങുകളും ആയി നടക്കുന്ന ഇവര്‍ക്ക് തന്റെ ജോലി ചെയ്തു തീര്‍ക്കുവാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് അവരുടെ മനസ്സില്‍ അതിരാവിലെ എന്ത് കൊണ്ട് ഈ ജോലികള്‍ ചെയ്തു തീരത്തുകൂട എന്ന ചിന്ത ഉദിക്കുന്നത്. തന്റെ പുതിയ തീരുമാനം വിജയകരം ആണെന്നാണ് ഈ ബിസിനസ് വിദഗ്ധ പറയുന്നത്.
നിങ്ങളുടെ പേഴ്സണല്‍ ഹോബികള്‍ക്കും പ്രഭാതത്തില്‍ മുന്‍ഗണന കൊടുക്കുക
ദിനേന മീറ്റിങ്ങുകളും മറ്റുമായി നടക്കുന്ന ആളുകള്‍ക്ക് ഹോബികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ടൈം കാണില്ല. അത് ക്രിയേറ്റീവ് ആയ വല്ലതും ആണെങ്കില്‍ ജീവിതത്തിന്റെ അവസാന കാലത്തായിരിക്കും നമ്മള് ഖേദിക്കുക. അത് കൊണ്ട് തന്നെ അതിനും നിങ്ങളുടെ പ്രഭാതത്തിലെ കുറച്ചു സമയം കൊടുക്കാം.
ലോറ വാണ്ടെര്കാമിനോട് യൂനിവേഴ്സിടി ഓഫ് ചിക്കാഗോയിളെ ഒരു ഹിസ്റ്ററി ടീച്ചര്‍ പറഞ്ഞത് രാവിലെ 6 മണിക്കും 9 നും ഇടയില്‍ താന്‍ തന്റെ ഇഷ്ട വിഷയമായ ചരിത്രം വായിക്കുവാന്‍ സമയം കണ്ടെത്തുന്നു എന്നാണ്. അത് വഴി അതെ സമയത്ത് തന്നെ താന്‍ ഒട്ടേറെ പേജുകള്‍ ഈ വിഷയത്തെപ്പറ്റി എഴുതുകയും ചെയ്യുന്നു എന്നും അവര്‍ ലോറ വാണ്ടെര്കാമിനോട് വെളിപ്പെടുത്തി.
അത് കൊണ്ട് നിങ്ങളൊരു ബ്ലോഗ്ഗര്‍ ആണെങ്കില്‍ ദിനേന പ്രഭാതത്തില്‍ ഒരു ബ്ലോഗെങ്കിലും എഴുതുക. അത് വഴി നിങ്ങള്‍ക്കും നിങ്ങളുടെ വായനക്കാര്‍ക്കും ഗുണം ലഭിക്കട്ടെ.
ബെഡില്‍ നിന്നും എണീക്കും മുന്‍പുള്ള പ്രണയം
ടൈറ്റില്‍ വായിച്ചു നിങ്ങള്‍ നെറ്റി ചുളിക്കേണ്ട, കാരണം അതിരാവിലെ നിങ്ങളുടെ ഇണയുമായി പ്രണയത്തില്‍ ഏര്‍പ്പെടുന്നത് ഒരാളെ ആ ദിനം മുഴുവന്‍ സന്തോഷവാനാക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വിജയികള്‍ അവരുടെ പങ്കാളികളെ തങ്ങളുടെ വിജയവുമായി എപ്പോഴും ബന്ധപ്പെടുത്തി പറയുന്നത് അത് കൊണ്ടാണ്.
നിത്യേന ബെഡില്‍ നിന്നും എണീക്കും മുന്‍പേ സെക്സ് ചെയ്യുന്നത് നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കും, നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കും, കലോറി ബേണ്‍ ചെയ്യുവാനും അത് സഹായിക്കും.
നിശബ്ദതയെ പ്രണയിക്കുവാന്‍ ഒരു നിമിഷം നീക്കി വെക്കുക.
പ്രഭാതം കഴിഞ്ഞാല്‍ പിന്നെ ഓഫീസ് ജോലികളും, ബോസിന്റെ തെറിവാക്കുകളും മീറ്റിങ്ങുകളും ഒക്കെയായി ജീവിതം തിരക്കാകും. അത് കൊണ്ട് പ്രഭാതത്തില്‍ അല്പസമയം നിശബ്ദതയെ പ്രണയിക്കുക. അത് യോഗയുടെ രൂപത്തിലോ അല്ലെങ്കില്‍ നമസ്കാരത്തിന്റെ രൂപത്തിലോ അല്ലെങ്കില്‍ വെറുതെ ഇരിക്കുന്ന തരത്തിലോ അങ്ങിനെ ഏതു തരത്തിലും ആവാം. മെഡിക്കെഷന്‍ നിങ്ങള്‍ക്ക് ആ ദിനം സുന്ദരമാക്കി തരും. ആ ദിനത്തിലെ ബാക്കിയുള്ള സമയം വിജയകരമാക്കി നിങ്ങള്‍ക്ക് മുന്‍പിലേക്ക് തരുകയും ചെയ്യും.