മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച മലയാള സിനിമയുടെ ഗന്ധർവ്വൻ പി.പത്മരാജന്റെ 79-ാം ജന്മവാർഷികം

മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായ… അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വനായിരുന്ന പത്മരാജൻ. പ്രണയത്തെ തന്റേതായ രീതിയിൽ ഇത്ര മനോഹരമായി നിർവചിച്ച… അതിന്റെ അനന്തമായ സാധ്യതകൾ കണ്ടെത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടായിരുന്നില്ല. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച പ്രതിഭാശാലി. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ആ കാലഘട്ടത്തിലെ ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഏത് കാലത്തെയും അതിജീവിക്കുന്ന പ്രമേയങ്ങളിലൂടെ കഥകളും സിനിമകളും ഒരുക്കിയ ഗന്ധർവ്വൻ. തന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശക്തമായ ഒരു വ്യക്തിത്വം കൊടുത്ത് നിരവധി സ്ത്രീപക്ഷ സിനിമകൾ സമ്മാനിച്ച, മഴയെ പ്രധാന കഥാപാത്രമാക്കി കാമത്തെയും പ്രണയത്തെയും നമ്മുടെയൊക്കെ ഹൃദയത്തിൽ ഒരു നൊമ്പരമാക്കിയ പപ്പേട്ടൻ.

പ്രതീക്ഷകൾക്കുമപ്പുറമുള്ള പ്രതീക്ഷകൾ തീർക്കാനാകാതെ, അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തീരാനഷ്ടമായി അവശേഷിക്കുന്ന, മാഞ്ഞ് പോകാത്ത ഒരുപാട് കഥകളും സിനിമകളും സംഭാഷണങ്ങളും കാഴ്ചപാടുകളുമൊക്കെ സമ്മാനിച്ച കഥാകാരന്‍, സാഹിത്യകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിശേഷങ്ങളാല്‍ മൂന്ന് പതിറ്റാണ്ടോളം ഈ മേഖലകളിൽ നിറഞ്ഞ് നിന്നു. ഒട്ടനവധി ചെറുകഥകള്‍, 30 ൽ അധികം നോവലുകൾ, സ്വന്തം തിരക്കഥയില്‍ 18 സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി 20 ഓളം തിരക്കഥകളും ചെയ്തിട്ടുണ്ട്. 1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭ പിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും മകനായി ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും സ്വായത്തമാക്കി. പഠിക്കുന്ന കാലത്തു തന്നെ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആ കാലത്തെ ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്തെ അതിജീവിക്കുന്ന ആശയങ്ങളായിരുന്നു പത്മരാജൻ ചിത്രങ്ങൾ.

മഴയെകൂടി പ്രധാന കഥാപാത്രമാക്കി കാമത്തിന്റെയും പ്രണയത്തിന്റെയും ത്യാഗത്തിന്റെയും വഴികളിലൂടെ സഞ്ചരിപ്പിച്ച്, മലയാളിക്ക് ജയകൃഷ്ണനെയും ക്ലാരയെയും സമ്മാനിച്ച തൂവാനത്തുമ്പികൾ, സോളമനെയും സോഫിയയെയും സമ്മാനിച്ച നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഇന്നലെയിലെ നരേന്ദ്രനെയും മായയെയും നൽകിയ പ്രണയമെന്നാൽ എപ്പോഴും ഒടുവിലൊന്നിക്കുകയെന്നതല്ല, മറിച്ച് വിട്ടുകൊടുക്കുന്നതും കൂടിയാണെന്ന് പഠിപ്പിച്ച സിനിമാക്കാരൻ.

സ്വവർഗ്ഗരതിയെ കുറിച്ച് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു തലമുറയുടെ ദേശാടനകിളികൾ കരയാറില്ല,തീരെ പ്രതീക്ഷിക്കാത്ത കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന അപരൻ ഉൾപ്പെടെ എല്ലാ സിനിമകളും ജനങ്ങൾക്ക് സമ്മാനിച്ചത് മാറ്റമായിരുന്നു. തന്റെ സിനിമകളിലൂടെ കാണിച്ച ധൈര്യം എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. “വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക… ചുംബിച്ച ചുണ്ടുകൾ വിടതരിക…!”
പ്രതീക്ഷകൾക്കുമപ്പുറമുള്ള പ്രതീക്ഷകൾ തീർക്കാനാകാതെ, അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തീരാനഷ്ടമായി അവശേഷിക്കും.

1971-ല്‍ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും കരസ്ഥമാക്കി. വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, രതിനിര്‍വ്വേദം, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയവയാണ് ശ്രദ്ധേയ രചനകളില്‍ ചിലത്.നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പത്മരാജന്റെ സിനിമാ ജീവിതത്തെ തേടിയെത്തി. പെരുവഴിയമ്പലം (1979), തിങ്കളാഴ്ച നല്ല ദിവസം (1986) എന്നിവയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1978-ല്‍ രാപ്പാടികളുടെ ഗാഥയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 1979ല്‍ പെരുവഴിയമ്പലത്തിന് മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും കിട്ടി. 1983-ലെ ജനപ്രീതി നേടിയതും കലാമൂല്യമുള്ളതുമായ ചിത്രമായി കൂടെവിടെ തിരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍ കാണാമറയത്തും 1988-ല്‍ അപരനും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. മറ്റ് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രചാരണപരിപാടികള്‍ക്കിടെ 1991 ജനുവരി 24 ന് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.

കടപ്പാട്. വിവിധ മാധ്യമങ്ങൾ.
Saji Abhiramam 📝

You May Also Like

‘മൃദുലയുടെ കയ്യൊപ്പ്’ ഫസ്റ്റ് ലുക്ക്

”മൃദുലയുടെ കയ്യൊപ്പ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുമുഖങ്ങളായ നിഷാൻ, രാകേഷ് കാർത്തികേയൻ പവിത്ര വികാസ്…

“അയ്യേ എന്തൊരു വൃത്തികേട് “, സോഷ്യൽ മീഡിയയിലെ അധിക്ഷേപ കമന്റിന് മറുപടിയുണ്ട് ഫെനിലയ്ക്ക്

വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചു കൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് fenella.…

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി ഇപ്പോൾ സിനിമകളുടെ…

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘സാറ്റർഡെ നൈറ്റ്’ ഒഫീഷ്യൽ ടീസർ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘സാറ്റർഡെ നൈറ്റ്’ ഒഫീഷ്യൽ ടീസർ. ചിത്രം…